99 വയസുവരെ ജീവിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി തന്റെ ജീവിതകാലത്തില്‍ 25 -ല്‍ താഴെ ജന്മദിനങ്ങളെ ആഘോഷിച്ചിരുന്നുള്ളൂ. എന്തായിരുന്നു അതിനു കാരണം! അദ്ദേഹം ജനിച്ചത് 1896 ഫെബ്രുവരി 29 ന് ആയിരുന്നു. ദേശായിയെക്കുറിച്ചുള്ള കൗതുകരമായ കഥകളില്‍ ഒന്ന് അധിവര്‍ഷത്തിലുള്ള അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. ദേശായിയെക്കുറിച്ച് പറയുമ്പോള്‍ മറ്റൊരു കൗതുക കഥകൂടിയുണ്ട്. അതാണ് ‘മൊറാര്‍ജി കോള’. Urine therapy and morarji desai
മൊറാര്‍ജി ദേശായി സ്വന്തം മൂത്രം കുടിക്കുമെന്ന കഥയാണ് ‘മൊറാര്‍ജി കോള’ എന്ന ജനപ്രിയ സോബ്രിക്കെറ്റ്(കളിയാക്കി വിളിക്കുന്ന പേര്) ആയി മാറിയത്. പലപ്പോഴും തമാശകള്‍ക്കും ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും വഴി വക്കുന്ന ഈ ‘മൊറാര്‍ജി കോള’ക്കു പിന്നിലെ കഥയെന്താണ്? ദ ഇന്ത്യന്‍ എക്സ്പ്രസ് അതേക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
മൊറാര്‍ജി ദേശായിയുടെ ചരിത്രപരമായ അമേരിക്കന്‍ യാത്രയിലാണ് ഈ കഥ പുറംലോകം അറിയുന്നത്. 1978 -ലാണ് മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ താന്‍ സ്വപ്‌നം കണ്ടു നടന്നിരുന്ന പ്രധാനമന്ത്രി പദത്തില്‍ ദേശായി കയറിയിരിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 80 നോടടുത്തിരുന്നു. 1975 മുതല്‍ 1977 വരെ നീണ്ട അടിയന്തരാവസ്ഥയും കഴിഞ്ഞ് ഇന്ദിരാഗാന്ധിയുടെ നീണ്ട ഭരണം അവസാനിച്ചപ്പോഴാണ് മൊറാര്‍ജി ദേശായി ഇന്ത്യയുടെ നാലാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കുന്നത്. രാജ്യത്ത് വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന വാഗ്ദാനത്തോടെയായിരുന്നു ദേശായി അധികാരമേല്‍ക്കുന്നത്. 1971-ല്‍ ഇന്ത്യ-സോവിയറ്റ് ഉടമ്പടി ഒപ്പുവെച്ചതിന് ശേഷം പ്രത്യേകിച്ച് ശക്തമായിത്തീര്‍ന്ന ഇന്ത്യയുടെ സോവിയറ്റ് അനുകൂല ചായ്‌വില്‍ മാറ്റം വരുത്താനായിരുന്നു അദ്ദേഹം പ്രധാനമായി ലക്ഷ്യമിട്ടിരുന്നത്. അമേരിക്കയുമായുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കാനും മൊറാര്‍ജി ദേശായി പരിശ്രമിച്ചിട്ടുണ്ട്.
1978 ജനുവരിയില്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഇന്ത്യ സന്ദര്‍ശിച്ചു. ജൂണില്‍ മൊറാര്‍ജി അമേരിക്കയും സന്ദര്‍ശിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്രത്തിനും, ജനത പാര്‍ട്ടിയുടെ സ്വാധീനത്തിനും പകരം ദേശായിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏറ്റവും കൂടുതല്‍ ഓര്‍മിക്കപ്പെടുന്നത് ദേശായി വാചാലനായ ‘മൂത്രചികിത്സ’യുടെ പേരിലാണ്.
അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മൊറാര്‍ജി ദേശായിയെ, സിബിഎസിന്റെ പ്രതിവാര വാര്‍ത്ത മാസികയായ ’60 മിനിട്ടി’ന് വേണ്ടി പത്രപ്രവര്‍ത്തകനായ ഡാന്‍ റാതര്‍ അഭിമുഖം ചെയ്തിരുന്നു. 82 കാരനായ ദേശായിയുടെ ആരോഗ്യരഹസ്യം റാതര്‍ തിരക്കി. ഭക്ഷണരീതികളെക്കുറിച്ചാണ് ദേശായി ആദ്യം പറയുന്നത്, വെജിറ്റബിള്‍ ജ്യൂസ്, പാല്, തൈര്, തോന്‍, പഴങ്ങള്‍, ബദാം മുതലായ വിവിധതരം പരിപ്പുകള്‍, ദിവസേന കഴിക്കുന്ന അഞ്ച് അല്ലി വെളുത്തുള്ളി എന്നിങ്ങനെ ഭക്ഷണ വസ്തുക്കളെ കുറിച്ച് പറഞ്ഞശേഷമാണ്, ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ആരോഗ്യരഹസ്യം അദ്ദേഹം വെളിപ്പെടുത്തിയത്. ദിവസേന ഞാന്‍ വെറും വയറ്റില്‍ അഞ്ചോ എട്ടോ ഔണ്‍സ് മൂത്രവും കുടിക്കും!
മൊറാര്‍ജിയുടെ ആ വെളിപ്പെടുത്തല്‍ ഡാന്‍ റാതറിനെ അത്ഭുതപ്പെടുത്തി. ”നിങ്ങള്‍ മൂത്രം കുടിക്കുമോ? ഞാന്‍ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യമാണിത്”, ഡാന്‍ റാതറിന്റെ പ്രതികരണം പെട്ടന്നായിരുന്നു. ഡാനിന്റെ വാക്കുകളെ വളരെ സ്വാഭാവികമായാണ് മൊറാര്‍ജി നേരിട്ടത്. ഇതൊരു ‘സ്വാഭാവിക ചികിത്സയാണ്. നിങ്ങള്‍ മൃഗങ്ങളെ നിരീക്ഷിച്ചാല്‍, അവ ആരോഗ്യം നിലനിര്‍ത്താന്‍ അവയുടെ മൂത്രം കുടിക്കുന്നത് കാണാനാകും. എന്റെ നാട്ടില്‍ അമ്മമാര്‍ വയറുവേദനയാല്‍ ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങള്‍ക്ക് അവരുടെ സ്വന്തം മൂത്രം നല്‍കാറുണ്ടായിരുന്നു. ഹിന്ദു തത്ത്വചിന്തയില്‍ ഗോമൂത്രം വിശുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ചടങ്ങുകളിലും അത് നിര്‍ദ്ദേശിക്കുന്നുമുണ്ട്. ആളുകള്‍ അത് കുടിച്ചിരിക്കണം.” ഇതായിരുന്നു മൊറാര്‍ജിയുടെ വിശദീകരണം.
സ്വന്തം മൂത്രം കുടിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ഡാന്‍ റാതറിനോട് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അവസാനിപ്പിച്ചത്. ”നിങ്ങളുടെ മുഴുവന്‍ മൂത്രവും കുടിച്ചാല്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശരീരം ശുദ്ധമാകും. മൂന്നാം ദിവസം നിങ്ങളുടെ മൂത്രത്തിന് നിറമോ മണമോ രുചിയോ കാണില്ല പകരം, അത് വെള്ളം പോലെ ശുദ്ധമാകും. നിങ്ങളുടെ ശരീരഘടന മെച്ചപ്പെടുകയും ഗണ്യമായി ശുദ്ധീകരിക്കപ്പെടുകയും ചെയ്യും”: മൊറാര്‍ജി ദേശായി പറഞ്ഞു.
എല്ലാത്തരം രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണിത്, അതും യാതൊരു ചെലവുമില്ലാതെ, ഇക്കാര്യം കൂടി റാതറിനെ ദേശായി ഓര്‍മിപ്പിച്ചിരുന്നു എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് എഴുതുന്നത്.
Content Summary; Morarji Desai, former prime minister of india did really drink his own urine?