June 26, 2026 |
Share on

പരാജയത്തിലൂടെ ചരിത്രത്തിലേക്ക് നടന്നു കയറിയ അമ്പലപ്പുഴ; സ്വന്തം തട്ടകത്തിലൂടെ വിഎസിന്റെ മടക്കയാത്ര

വിഎസെന്ന രാഷ്ട്രീയ നേതാവ് ആ നാടിന്റെ ചരിത്രത്തിലും ഓർമ്മിക്കപ്പെടും

ചരിത്രത്തിലേക്ക് നടന്നുകയറിയ വഴികളിലൂടെ നിത്യതയിലേക്ക് മടങ്ങുകയാണ് തൊഴിലാളി വർ​ഗത്തിന്റെ പടത്തലവനായ സ. വിഎസ് അച്യുതാനന്ദൻ. വിഎസിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാനപ്പെട്ട ഏടുകളിലൊന്നാണ് അമ്പലപ്പുഴ മണ്ഡലം. വേലിക്കകത്ത് ശങ്കരൻ അച്യുതാന്ദൻ അഥവാ വിഎസ് അച്യുതാന്ദൻ എന്ന പേരിന് മുന്നിൽ ഒരു നാടാകെ കാലങ്ങളായി അർപ്പിച്ചിട്ടുള്ള ആവേശം ആ വിലാപയാത്രയിലും കാണാം.

വിഎസെന്ന രാഷ്ട്രീയ നേതാവ് ആ നാടിന്റെ ചരിത്രത്തിലും ഓർമ്മിക്കപ്പെടും. മുത്തശൻ പറഞ്ഞു തന്ന വിഎസിനെ ഒരു നോക്കു കാണാനായി കാത്തു നിൽക്കുന്ന പത്തു വയസുകാരി മുതൽ 13ാം വയസിൽ ചെങ്കൊടിയേന്തി വിഎസിനെ അനു​ഗമിച്ച 70 വയസുകാരി വരെ ആ തിക്കിലും തിരക്കിലുമുണ്ട്.

1965ലായിരുന്നു തന്റെ നാടുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ നിയമസഭയിലേക്ക് വിഎസ് മത്സരിക്കുന്നത്. നിയമസഭയിലേക്കുള്ള വിഎസിന്റെ ആദ്യ മത്സരമായിരുന്നു ഇത്. തോൽവിയായിരുന്നു ഫലം. കോൺ​ഗ്രസിലെ കെ എസ് കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്കായിരുന്നു വിഎസിന്റെ തോൽവി. അന്ന് തോറ്റായിരുന്നു മടക്കമെങ്കിലും പിന്നീട് കേരളത്തിലെ തൊഴിലാളി സമരങ്ങളുടെ മുഖമായി തീർന്നു ഈ പ്രിയ നേതാവ്. ഈ സമരവീഥിയിലേക്ക് വിഎസ് ഇനിയില്ലെന്നത് നാടിനെ വേദനിപ്പിക്കുന്നുണ്ട്. എന്നാൽ വിഎസ് കൊളുത്തിയ കനലുകൾ അവിടെ ഇനിയും ബാക്കിയാണ്.

1965ലെ തോൽവിയ്ക്ക് ശേഷം 1970, 1991, 2001, 2006, 2011, 2016 എന്നീ തിരഞ്ഞെടുപ്പുകളിൽ വിഎസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  പരാജയം ശക്തനാക്കിയ നേതാവെന്ന് വേണമെങ്കിൽ വിഎസിനെ വിശേഷിപ്പേക്കാം. അമ്പലപ്പുഴയിൽ പിന്നീട് വിഎസിന് തോൽക്കേണ്ടി വന്നിട്ടില്ല.  എന്നാൽ, വിഎസിനെ മാത്രമല്ല പാർട്ടിയെ മുഴുവനായി ഞെട്ടിച്ച മറ്റൊരു പരാജയമായിരുന്നു മാരാരിക്കുളത്തേത്. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അച്യുതാന്ദനെ അനൌദ്യോഗികമായി തീരുമാനിച്ചിരുന്ന സമയത്തായിരുന്നു ഈ തോൽവി. ആ പരാജയം പാർട്ടിയ്ക്ക് ഏറ്റ പ്രഹരമായിരുന്നുവെങ്കിലും വിഎസ് പാർട്ടിയ്ക്ക് ഒഴിച്ചു കൂട്ടാൻ പറ്റാത്ത പേരുകളിലൊന്നായി മാറി.

20 മണിക്കൂറിലധികം സമയമെടുത്താണ്  ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര അമ്പലപ്പുഴയിലെത്തിയത്. പെരുമഴയെ തോൽപ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്.

content summary; Ambalapuzha, once etched in history through defeat, now witnesses VS’s return

 

Leave a Reply

Your email address will not be published. Required fields are marked *

×