ശവകുടീരങ്ങളുടെ നഗരമെന്നറിയപ്പെട്ട ഡല്‍ഹിയെ നിര്‍മ്മിച്ച് ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കിയ ഒരു ബ്രിട്ടീഷ് വാസ്തു ശില്‍പ്പിയായ എഡ്വിന്‍ ല്യൂട്ട്യന്‍സ് പ്രതിമ അപ്രതൃക്ഷമാവുകയും ചക്രവര്‍ത്തി രാജഗോപാലാചാരിയെന്ന മഹാന്മാവിന്റെ പ്രതിമയിലൂടെ അദ്ദേഹത്തിന്റെ മഹത്വം ഓര്‍ക്കുകയും ചെയ്യുന്ന പുതിയ ചരിത്രം രാഷ്ട്രപതി ഭവനില്‍ ആരംഭിച്ചു.
ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ ജനറലും ഇന്ത്യാക്കാരനായ ആദ്യ ഗവര്‍ണര്‍ ജനറലുമായിരുന്നു രാജാജി എന്നറിയപ്പെട്ട ചക്രവര്‍ത്തി രാജഗോപാലാചാരി. സ്വാതന്ത്യസമര സേനാനി, കോണ്‍ഗ്രസ് നേതാവ്, മദ്രാസ് മുഖ്യമന്ത്രി, പശ്ചിമബംഗാള്‍ ഗവര്‍ണര്‍, കേന്ദ്രമന്ത്രി, ഗ്രന്ഥകാരന്‍, സമാധാന പ്രചാരകന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു. രാജാജിയുടെ പ്രതിമ അടുത്തിടെ രാഷ്ട്രപതി ഭവനില്‍ സ്ഥാപിക്കപ്പെട്ടു. ഈ സന്ദര്‍ഭത്തിലൂടെ ആ മഹാനായ നേതാവിന്റെ സംഭാവനകള്‍ രാഷ്ട്രവും ജനങ്ങളും ഓര്‍ക്കുകയും അംഗീകരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ആ ചടങ്ങിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ബ്രിട്ടീഷ് വാസ്തുശില്പിയായ എഡ്വിന്‍ ല്യൂട്ട്യന്‍സിന്റെ പ്രതിമ നീക്കം ചെയ്താണ് ആ ഇടത്തില്‍ രാജാജിയുടെ പുതിയ പ്രതിമ രാഷ്ട്രപതി ഭവനില്‍ സ്ഥാപിച്ചത്.

ഇന്ത്യാ ഗേറ്റ് പോലുള്ള ന്യൂഡല്‍ഹിയിലെ നിരവധി സ്മാരകങ്ങളുടെ പ്രധാന ശില്പി കൂടിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ രാജാജിയുടെ പ്രതിമ സ്ഥാപിക്കുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിയുടെ ഭവനമായ രാഷ്ട്രപതി ഭവന്‍ അദ്ദേഹം രൂപകല്‍പ്പന ചെയ്തതാണ്. ല്യൂട്ട്യന്‍സ് ഇപ്പോള്‍ ചരിത്രത്തില്‍ നിന്ന് മറയുകയാണ്.
ഇന്ത്യയുടെ ആദ്യത്തെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിഖ്യാതമായ ‘വിധിയുമായുള്ള കൂടിക്കാഴ്ച്ച’ കഴിഞ്ഞ് ഏഴ് പതിറ്റാണ്ടിന് ശേഷം ഒരിക്കല്‍ കൂടി ‘വിധിയുമായുള്ള കൂടിക്കാഴ്ച്ച’യായിരുന്നു അത്. ഒരിക്കല്‍ കൂടി ഒരു കൊളോണിയല്‍ സാന്നിധ്യത്തെ ഇല്ലാതാക്കല്‍.
അടുത്തിടെ, രാഷ്ട്രപതി ഭവനിലെ അശോക് മണ്ഡപത്തിനടുത്തുള്ള ഗ്രാന്‍ഡ് ഓപ്പണ്‍ സ്റ്റെയര്‍കേസില്‍ ചക്രവര്‍ത്തി രാജഗോപാലാചാരിയുടെ അര്‍ദ്ധകായ പ്രതിമ ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു. കറുത്ത നിറത്തിലുള്ള ഈ പ്രതിമ ഇനി ബ്രിട്ടീഷ് വാസ്തുശില്പിയായ എഡ്വിന്‍ ല്യൂട്ട്യന്‍സിന്റെ വെങ്കല പ്രതിമയ്ക്ക് പകരമായിരിക്കും. രാഷ്ട്രപതി ഭവനില്‍ നടന്ന ‘രാജാജി ഉത്സവ്’ പരിപാടിയിലാണ് അനാച്ഛാദനം നടന്നത്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനും, പ്രധാനമന്ത്രി മോദിയുടെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാരും പങ്കെടുത്തു.

നേരത്തെ, തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍, സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രതിമകള്‍ രാഷ്ട്രപതി ഭവനില്‍ അവശേഷിച്ചിരുന്നതായും ഇന്ത്യയിലെ മഹാന്മാരായ നേതാക്കളുടെ പ്രതിമകള്‍ ആദരിക്കപ്പെട്ടിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ‘ഇനി, രാജ്യം അടിമത്തത്തിന്റെ ചിഹ്നങ്ങള്‍ ഉപേക്ഷിക്കുകയും ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളെ വിലമതിക്കാന്‍ തുടങ്ങുകയും ചെയ്യണം’ അദ്ദേഹം പറഞ്ഞു.
പ്രതിമ അനാച്ഛാദന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് വായിച്ച സന്ദേശത്തില്‍, രാജഗോപാലാചാരിയുടെ പ്രതിമ ഗാന്ധിജിയുടെ അടുത്തായി സ്ഥാപിക്കുന്നത് ഉചിതമാണെന്ന് പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. മഹാത്മാഗാന്ധിയുടെ പ്രതിമയുടെ എതിര്‍വശത്താണ് രാജാജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. അത് ഉചിതമാണ്. കൂടാതെ, എഡ്വിന്‍ ല്യൂട്ട്യന്‍സിന്റെ പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലത്താണ് രാജാജിയുടെ പ്രതിമ സ്ഥാപിക്കുക എന്നത് കോളനിവല്‍ക്കരണത്തിന്റെ മുദ്രകള്‍ എന്നേക്കുമായി തൂത്തുമായ്ക്കുന്നു.
രാഷ്ട്രപതി ഭവന്‍ ഇന്നൊരു അധികാര കേന്ദ്രമായിട്ടല്ല, മറിച്ച് ഇന്ത്യന്‍ നാഗരികതയില്‍ വേരൂന്നിയ ജനാധിപത്യ ആത്മവിശ്വാസത്തിന്റെ ദൃശ്യരൂപമായിട്ടാണ് നിലകൊള്ളുന്നത്. ‘രാജാജി ഉത്സവ്’, ശ്രീ സി രാജഗോപാലാചാരി ജിയുടെ പ്രതിമ അനാച്ഛാദനം തുടങ്ങിയ സംരംഭങ്ങള്‍ ഈ സിദ്ധാന്തത്തെ ശക്തിപ്പെടുത്തുന്നു. രാഷ്ട്രനേതാക്കളെ അവര്‍ ആദരിക്കുകയും അവരുടെ ഓര്‍മ്മകള്‍ നിലനിറുത്തുകയും ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ പാരമ്പര്യം ഉല്‍കൃഷ്ടമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.’

രാജാജിയെ ആദരിക്കുന്നതിനായി ഒരു പ്രതിമ സ്ഥാപിക്കുന്നതിനെ എല്ലാ നേതാക്കളും പ്രശംസിച്ചു. കൊളോണിയല്‍ സ്വാധീനത്തില്‍ നിന്ന് മാറാനുള്ള ഇന്ത്യയുടെ ശ്രമത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ സ്ഥാപനമെന്ന് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ വിശേഷിപ്പിച്ചു, ‘ഭരണം, നിയമം, സംസ്‌കാരം എന്നിവയിലുടനീളം നടക്കുന്ന വിശാലമായ പരിവര്‍ത്തനത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ശശി തരൂരും മോദി സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ട് കുറിച്ചു: ”രാഷ്ട്രപതി ഭവനില്‍ ഒരു പ്രതിമ സ്ഥാപിച്ച് രാജാജിയെ ആദരിക്കുന്നത് കാണുന്നതില്‍ എനിക്ക് ശരിക്കും സന്തോഷമുണ്ട്. ഇന്ത്യ ഒരു റിപ്പബ്ലിക് ആകുന്നതിന് മുമ്പ്, ഇന്ത്യയുടെ ഏക ഇന്ത്യന്‍ ഗവര്‍ണര്‍ ജനറല്‍ എന്ന നിലയില്‍ അദ്ദേഹം അതിലെ ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു, അദ്ദേഹം തന്റെ സ്ഥാനം പുതിയ പ്രസിഡന്റിന് വിട്ടുകൊടുത്തു,” അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതി.
ഏറ്റവും മികച്ച ബ്രിട്ടീഷ് വാസ്തുശില്പി എന്ന്എഡ്വിന്‍ ലാന്‍ഡ്സീര്‍ ല്യൂട്ട്യന്‍സ് അറിയപ്പെടുന്നത്. കൂടാതെ ന്യൂഡല്‍ഹി എന്നറിയപ്പെടുന്ന ഡല്‍ഹി മെട്രോപോളിസിന്റെ ഒരു ഭാഗം രൂപകല്‍പ്പന ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ച അദ്ദേഹം അറിയപ്പെടുന്നത്, ‘ല്യൂട്ട്യന്‍സിന്റെ ഡല്‍ഹി’ എന്നുമാണ്. ഇന്ത്യാ ഗേറ്റ് പോലുള്ള ന്യൂഡല്‍ഹിയിലെ നിരവധി സ്മാരകങ്ങളുടെ പ്രധാന ശില്പി കൂടിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ രാഷ്ട്രപതി ഭവന്‍ എന്നറിയപ്പെടുന്ന വൈസ്രോയിയുടെ ഭവനവും അദ്ദേഹം രൂപകല്‍പ്പന ചെയ്തതാണ്. ല്യൂട്ട്യന്‍സ് ഇപ്പോള്‍ ചരിത്രത്തില്‍ നിന്ന് അപ്രതൃക്ഷമാവുകയാണ്.
കൊളോണിയല്‍ ആധിപത്യത്തിന്റെ മുദ്രകള്‍ നീക്കം ചെയ്ത് മോദി സര്‍ക്കാര്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പഴയ ശിലാലിഖിതങ്ങള്‍ ചരിത്രത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി മായ്ച്ചുകളയുന്നതിന്റെ ഏറ്റവും പുതിയ നീക്കമാണ് ല്യൂട്ട്യന്‍സ് പ്രതിമ നീക്കംചെയ്യല്‍ എന്നിരിക്കെ രാഷ്ട്രപതി ഭവനില്‍ നിന്ന് തന്റെ പൂര്‍വ്വികന്റെ പ്രതിമ നീക്കം ചെയ്തതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് വാസ്തുശില്പി എഡ്വിന്‍ ല്യൂട്ട്യന്‍സിന്റെ കൊച്ചുമകന്‍ മാറ്റ് റിഡ്ലി രംഗത്ത് വന്നു.

ഒരു ശാസ്ത്ര എഴുത്തുകാരനായ റിഡ്ലി, ല്യൂട്ട്യന്‍സിന്റെ പ്രതിമയ്ക്ക് അടുത്തായി Xല്‍ തന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് എഴുതി: ”ഡല്‍ഹിയില്‍ അദ്ദേഹം രൂപകല്‍പ്പന ചെയ്ത രാഷ്ട്രപതി കൊട്ടാരത്തില്‍ നിന്ന് ല്യൂട്ട്യന്‍സിന്റെ (എന്റെ പ്രപിതാമഹന്‍) പ്രതിമ നീക്കം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ ദുഃഖം തോന്നി. കഴിഞ്ഞ വര്‍ഷം ഞാന്‍ പ്രതിമയ്‌ക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്തിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് സ്തംഭത്തില്‍ നിന്ന് നീക്കം ചെയ്തതെന്ന് ഞാന്‍ ചിന്തിച്ചു.
തന്റെ പുസ്തക ഷെല്‍ഫിന്റെ മുകളില്‍ പ്രതിമയുടെ ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തു: ”ഡല്‍ഹിയില്‍ നിന്ന് ല്യൂട്ട്യന്‍സിന്റെ പ്രതിമയ്ക്ക് ഒരു വീട് വാഗ്ദാനം ചെയ്യാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക്, എന്റെ കൈവശം ഇതിനകം തന്നെ അതിന്റെ ഒരു പകര്‍പ്പ് ഉണ്ട്. ഇത് എഴുതുമ്പോള്‍ അത് എന്റെ മേശപ്പുറത്ത് ഉണ്ട്. സര്‍ വില്യം റീഡ്-ഡിക്കാണ് ഇതിന്റെ ശില്‍പി. കൊളോണിയല്‍ പ്രതിമകള്‍ നീക്കം ചെയ്യാനുള്ള ഇന്ത്യയുടെ ആഗ്രഹം എനിക്ക് മനസ്സിലാകും, പക്ഷേ അദ്ദേഹം ഒരു വൈസ്രോയി അല്ല, ഒരു വാസ്തുശില്പിയായിരുന്നു.” ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് പ്രകാരം വാര്‍ത്ത ശരിയാണെങ്കില്‍ ല്യൂട്ട്യന്‍സിന്റെ നീക്കം ചെയ്ത അര്‍ദ്ധകായ പ്രതിമ രാഷ്ട്രപതി ഭവന്‍ മ്യൂസിയത്തില്‍ സ്ഥാപിക്കും. അങ്ങനെ ചെയ്താല്‍ ഡല്‍ഹി നഗര ശില്‍പ്പിക്ക് പുരാവസ്തു മ്യൂസിയത്തിലെങ്കിലും അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് പ്രതീക്ഷിക്കാം.
ഡല്‍ഹി നഗരം നിര്‍മ്മിച്ച എഡ്വിന്‍ ലാന്‍ഡ്സീര്‍ ല്യൂട്ട്യന്‍സ് എന്ന പ്രതിഭാ സമ്പന്നനായ ബ്രിട്ടീഷ് വാസ്തുകലാശില്‍പ്പിക്ക് മഹത്തായ, കൂറ്റന്‍ സൗധങ്ങള്‍ നിര്‍മ്മിക്കമെന്നായിരുന്നു ബാലനായിരുന്നപ്പോഴേ സ്വപ്നം. ഒരിക്കല്‍ ഒരു അന്ധനുമായി ആ പയ്യന്‍ സൗഹൃദം സ്ഥാപിച്ചു. അന്ധനാണെങ്കിലും മനോഹരമായ ഒരുപള്ളി രൂപകല്‍പ്പന ചെയ്യുക എന്നൊരു ജീവിതാഭിലാഷം ആ അന്ധന്റെ മനസ്സിലുണ്ടായിരുന്നു.
ഒരു സായാഹ്നത്തില്‍ ആ അന്ധനായ മനുഷ്യന്‍ തന്നെ കാണാനെത്തിയ യുവസുഹൃത്തിനോട് തന്റെ മനസ്സിലുള്ള കത്തീഡ്രലിന്റെ ആശയം വിവരിച്ചു. പയ്യന്‍ തന്റെ സ്‌കെച്ച്-ബുക്ക് എടുത്ത് അന്ധന്‍ നിര്‍ദ്ദേശിച്ച പള്ളിയുടെ രൂപരേഖകള്‍ വരയ്ക്കാന്‍ തുടങ്ങി.
അതിനിടെ തന്റെ ഭര്‍ത്താവിന് ഒരു പിരിയിളകിയതാണെന്നും അയാള്‍ പറയുന്നത് ഗൗരവമായി എടുക്കരുതെന്നും അയാളുടെ ഭാര്യ പയ്യനോട് പറഞ്ഞു. . കുറച്ച് സമയം കഴിഞ്ഞ് അവര്‍ വന്നു നോക്കിയപ്പോള്‍ ആ പയ്യന്‍ വരച്ച മനോഹരമായ ഒരു കത്തീഡ്രലിന്റെ രേഖാചിത്രം കണ്ട് അവള്‍ അത്ഭുതപ്പെട്ടു.
അജ്ഞാതനായ ആ അന്ധന്‍ ആരാണെന്ന് ചരിത്രത്തില്‍ എവിടെയും ഇല്ല. പക്ഷേ കത്തീഡ്രലിന്റെ ചിത്രം അന്ധന്റെ വാക്കുകളില്‍ നിന്ന് പകര്‍ത്തി വരച്ച ആ പയ്യന്‍ പിന്നീട് തന്റെ കാലഘട്ടത്തിലെ ഏറ്റവും വലിയ വാസ്തുശില്പിയായി അറിയപ്പെട്ടു. പേര്, എഡ്വിന്‍ ലാന്‍ഡ്സീര്‍ ല്യൂട്ട്യന്‍സ് – ന്യൂഡല്‍ഹി നഗരത്തിന്റെ നിര്‍മ്മാതാവ് എന്ന് ലോകം അയാളെ വിളിച്ചു. സ്വന്തം മനസ്സില്‍ കെട്ടിപ്പൊക്കിയ മനോഹരമായ മണിരമ്യഹര്‍മ്മങ്ങള്‍ യൂറോപ്പിലും ഇന്ത്യയിലും യാഥാര്‍ത്ഥ്യമാക്കിയ പ്രഗല്‍ഭ വാസ്തു ശില്‍പ്പിയായിരുന്നു ല്യൂട്ട്യന്‍സ് എന്ന ഇംഗ്ലീഷുകാരന്‍.

ഡല്‍ഹിയെന്ന നഗരം രൂപകല്‍പ്പന ചെയ്യാന്‍ ല്യൂട്ട്യന്‍സിനെ ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാര്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തിന് നാല്പത്തിരണ്ട് വയസ്സായിരുന്നു. തന്റെ പ്രതിശ്രുത വധുവിനുള്ള വിവാഹനിശ്ചയത്തില്‍ വധുവിന് സമ്മാനിക്കാനായി അദ്ദേഹം രൂപകല്‍പ്പന ചെയ്ത ഒരു ചെറിയ പെട്ടിയില്‍ ‘വിശ്വസിക്കുകയാണെങ്കില്‍ വിധി അത് നടപ്പിലാക്കും’ എന്ന തന്റെ വിശ്വാസ വചനം ല്യൂട്ട്യന്‍സ് അതില്‍ ആലേഖനം ചെയ്തു.
ഇന്ത്യയിലെ വൈസ്രോയിയും പ്രശസ്ത നയതന്ത്രജ്ഞനുമായിരുന്ന ലോര്‍ഡ് റോബര്‍ട്ട് ലിറ്റന്റെ മകളായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ലേഡി എമിലി. തന്റെ ഭാര്യാ പിതാവിന്റെ സ്വാധീനം ല്യൂട്ട്യന്‍സിനെ അദ്ദേഹത്തിന്റെ കരിയറില്‍ സഹായിച്ചു. ന്യൂഡല്‍ഹി നിര്‍മ്മിക്കാനുള്ള അവകാശം ഉറപ്പാക്കാനും ഇത് അദ്ദേഹത്തെ സഹായിച്ചു. എന്നാല്‍ എല്ലാറ്റിനുമുപരി, വിജയത്തിലേക്കുള്ള വഴിയൊരുക്കിയത് സ്വതസിദ്ധമായ പ്രതിഭയും വിജയങ്ങള്‍ തന്റെ വിധിയുടെ ഭാഗമാണെന്ന ആത്മവിശ്വാസവുമാണ്.
1911 ഡിസംബര്‍ 12 ന്, ഷഹ്-മാബാദ് എന്ന പഴയ നഗരത്തിന് വടക്കുള്ള പെട്ടെന്ന് തിരഞ്ഞെടുത്ത സ്ഥലത്ത് ജോര്‍ജ്ജ് രാജാവും മേരി രാജ്ഞിയും ന്യൂഡല്‍ഹിയെന്ന പുതിയ നഗരത്തിന്റെ തറക്കല്ലിട്ടു.
ഈ പദ്ധതിക്കെതിരെ ഒരു പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ അത് ഇന്ത്യക്കാരില്‍ നിന്നായിരുന്നില്ല എന്നതാണ് വിചിത്രം. അതുവരെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കല്‍ക്കട്ടയിലെ വന്‍ സൗധങ്ങളുടെ ഉടമകളായ ഇംഗ്ലീഷുകാര്‍ കല്‍ക്കട്ടയുടെ പ്രാധാന്യം നഷ്ടപ്പെടുന്നതോര്‍ത്ത് പദ്ധതിയെ എതിര്‍ത്തു. കഴ്സണ്‍ പ്രഭു ഇതിനെ പാഴ്ചിലവ് എന്ന് അപലപിച്ചു. ഡല്‍ഹിയെ ‘രാജവംശങ്ങളുടെ ശ്മശാനം’ എന്ന പഴയ വിശേഷണം പലരും ഉയര്‍ത്തിയതും തടസ്സങ്ങള്‍ക്ക് ഒരു കാരണമായിരുന്നു. ഈ എതിര്‍പ്പുകളൊക്കെ തള്ളിക്കളയാന്‍ ശക്തനായിരുന്നു പുതിയ നഗര നിര്‍മ്മാണത്തിന്റെ ചുമതലക്കാരനായ വൈസ്രോയി ലോര്‍ഡ് ഹാര്‍ഡിഞ്ച്. അദ്ദേഹം ലണ്ടന്‍ കൗണ്ടി കൗണ്‍സിലിലെ ക്യാപ്റ്റന്‍ സ്വിന്റണ്‍ ന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ സ്ഥലം പരിശോധിക്കാന്‍ നിയമിക്കുകയും പുതിയ തലസ്ഥാനനഗരം രൂപകല്‍പ്പന ചെയ്യാന്‍ ആര്‍ക്കിടെക്റ്റുകളുടെ പേരുകള്‍ നിര്‍ണ്ണയിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റിസിനോട് ആവശ്യപ്പെടുകയും ചെയ്തു.
റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എഡ്വിന്‍ ല്യൂട്ട്യന്‍സിനെ ശുപാര്‍ശ ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ നാമനിര്‍ദ്ദേശം അംഗീകരിച്ചെന്ന് മാത്രമല്ല, ല്യൂട്ട്യന്‍സ് തെക്കന്‍ കാലിഫോര്‍ണിയയിലെ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്ത തന്റെ ഒരു സഹപ്രവര്‍ത്തകനായ ഹെര്‍ബര്‍ട്ട് ബേക്കറിന്റെ സഹകരണവും ഇതിനായി ആവശ്യപ്പെട്ടതും കമ്മറ്റി അംഗീകരിക്കുകയും ചെയ്തു
1912 ലെ വേനല്‍ക്കാലത്ത് സ്വിന്റണ്‍ കമ്മിറ്റി നിര്‍ദേശ പ്രകാരം ല്യൂട്ട്യന്‍സ് ഇന്ത്യയിലെത്തി. നേരത്തെ തിരഞ്ഞെടുത്ത ഭൂപ്രദേശം ഉപേക്ഷിച്ച് ഡല്‍ഹിയുടെ തെക്ക് മറ്റൊരു താഴ്ന്ന പാറക്കെട്ടുകളുള്ള റെയ്സിന സ്റ്റേ എന്നറിയപ്പെടുന്ന സ്ഥലം തിരഞ്ഞെടുത്തു.

വൈസ് റീഗല്‍ ലോഡ്ജ്, സെക്രട്ടറി, പാര്‍ലമെന്റ് എന്നിവയുടെ പ്രധാന കെട്ടിടങ്ങള്‍ പരമ്പരാഗത ഇന്‍ഡ്യന്‍ ശൈലിയിലായിരിക്കണമെന്ന് ഹാര്‍ഡിഞ്ച് പ്രഭു വിശ്വസിച്ചിരുന്നു. മുഗള്‍ വാസ്തുശില്പികളില്‍ നല്ല മതിപ്പുണ്ടായിരുന്ന ല്യൂട്ട്യന്‍സും ബേക്കറും ഇന്ത്യയിലെ പ്രശസ്തമായ സ്മാരകള്‍ സന്ദര്‍ശിച്ചു. സാന്ത്, സാഞ്ചി എന്നിവിടങ്ങളിലെ ബുദ്ധ സ്തൂപങ്ങള്‍, ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങള്‍, ആഗ്രയിലെ താജ്മഹല്‍, ബിക്കാനീറിലെ കൊട്ടാരങ്ങള്‍ എന്നിവ അവര്‍ കണ്ട് വിശദമായി വിലയിരുത്തി. ‘യഥാര്‍ത്ഥ ഇന്ത്യന്‍ വാസ്തുവിദ്യയ്ക്ക് മഹത്തായ പാരമ്പര്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,’ പിന്നീട് ല്യൂട്ട്യന്‍സ് ഇംഗ്ലീഷുകാരന്റെ ധാര്‍ഷ്ട്യത്തോടെ എഴുതി. ‘ഇവയെല്ലാം തുലോം ചെറുകിട രാജവംശങ്ങളുടെ സൃഷ്ടികളാണ്’ അദ്ദേഹം വിലയിരുത്തി. ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്ത് ഉണ്ടായ കുഴപ്പങ്ങള്‍ കാരണം ക്രമസമാധാനത്തിന്റെ ആശയം ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സൃഷ്ടിപരവും ജ്യാമിതീയവുമായ ഗുണങ്ങള്‍ ഇന്ത്യന്‍ വാസ്തുവിദ്യയ്ക്ക് ഇല്ലെന്നായിരുന്നു ല്യൂട്ട്യന്‍സിന്റെ നിഗമനം.
വൈസ്രോയിയെയും രാജാവിനെയും തന്റെ പ്ലാന്‍ അംഗീകരിപ്പിക്കേണ്ടത് ല്യൂട്ട്യന്‍സിന്റെ ഉത്തരവാദിത്തമായിരുന്നു. ആദ്യത്തെ രേഖാചിത്രങ്ങള്‍ ഉടനടി വൈസ്രോയി അംഗീകരിച്ചു. ഇംഗ്ലണ്ടിലേക്കുള്ള യാത്രയില്‍ ല്യൂട്ട്യന്‍സ് അവ രാജാവിന്റെ അനുമതിക്കായി വിശദമായി തയ്യാറാക്കി.
‘ബക്കിംഗ്ഹാം കൊട്ടാരത്തില്‍ രാജാവിന്റെ അത്താഴവിരുന്നില്‍ പങ്കെടുത്ത ല്യൂട്ട്യന്‍സിന് തന്റെ പദ്ധതിക്ക് രാജകീയ അംഗീകാരം ലഭിക്കുന്നതില്‍ ആദ്യം തടസ്സങ്ങള്‍ ഉയര്‍ന്നു. അതിന് കാരണം വൈസ്രോയിയായ ലോര്‍ഡ് ഹാര്‍ഡിഞ്ചായിരുന്നു. ല്യൂട്ട്യന്‍സിന്റെ പദ്ധതിയുടെ വന്‍ ചിലവ് അംഗീകരിക്കാന്‍ ഹാര്‍ഡിഞ്ചിന് കഴിഞ്ഞില്ല.

‘ഈ സമയത്ത് മറ്റൊരു മുന്‍കരുതല്‍ ഡല്‍ഹിയിലെ ആര്‍ക്കിടെക്റ്റുകളുടെ പദ്ധതികളായിരുന്നു. ഹെര്‍ബര്‍ട്ട് ബേക്കറുമായി ഒരു പ്രശ്‌നവുമില്ലായിരുന്നു. അദ്ദേഹത്തിന്റെ പദ്ധതികള്‍ പ്രശംസനീയവും എസ്റ്റിമേറ്റിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന കണക്കിനുള്ളിലും ആയിരുന്നു. പക്ഷേ ല്യൂട്ട്യന്‍സിന്റെ പദ്ധതികള്‍ മനോഹരമാണെങ്കിലും, ചെലവ് കണക്കിലെടുക്കാതെ, ഭീമമായിരുന്നു. അവ എല്ലാവിധത്തിലും കുറയ്‌ക്കേണ്ടി വന്നു. ഇത് ചില അസ്വസ്ഥതകള്‍ സൃഷ്ടിച്ചു.’ ലോര്‍ഡ് ഹാര്‍ഡിഞ്ച് തന്റെ ആത്മകഥയില്‍ എഴുതി (My Indian Years 1910-1916- (1948) )
വാസ്തു ശില്‍പ്പികളായ എഡ്വിന്‍ ല്യൂട്ട്യന്‍സും, ഹെര്‍ബര്‍ട്ട് ബേക്കറും അവരുടെ ജോലികള്‍ തുല്യമായി വിഭജിച്ചു. ഡല്‍ഹി നഗരം, ഇന്ത്യാഗേറ്റ്, വൈസ് റീഗല്‍ കൊട്ടാരം, എന്നീ രണ്ട് വലിയ കെട്ടിടങ്ങളും വൈസ്രോയിയുടെ കൊട്ടാരത്തിന്റെ രൂപകല്‍പനയും ല്യൂട്ട്യന്‍സ് ഏറ്റെടുത്തു.
രണ്ട് സെക്രട്ടറിയേറ്റുകളും പാര്‍ലമെന്റും ബേക്കര്‍ രൂപകല്‍പ്പന ചെയ്തു. സുപ്രീം കോടതിയിലെ മറ്റ് ബില്‍ഡിംഗുകള്‍, നാല് മ്യൂസിയങ്ങള്‍, ഓഫീസര്‍മാര്‍ക്കുള്ള ബംഗ്ലാവുകള്‍, ക്ലാര്‍ക്ക് ക്വാര്‍ട്ടേഴ്സ് മുതലായവ അവയില്‍ ഉണ്ടായിരുന്നു. പദ്ധതികളുടെ നിര്‍വ്വഹണം അന്നത്തെ പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍ ആയിരുന്ന സര്‍ ഹ്യൂ കീലിംഗിനെ ഏല്‍പ്പിച്ചു.
കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച്, ല്യൂട്ട്യന്‍സിന്റെ പദ്ധതികളില്‍ വൈസ്രോയിയായ ഹാര്‍ഡിഞ്ച് പ്രഭു കുഴപ്പങ്ങള്‍ കണ്ടുപിടിച്ച് വിമര്‍ശിക്കാന്‍ തുടങ്ങി. സഹികെട്ട ല്യൂട്ട്യന്‍സ് പറഞ്ഞു ”നഗരത്തിന്റെ മൂന്ന് വര്‍ഷത്തെ കാര്യമാണ് വൈസ്രോയി ചിന്തിക്കുന്നത്. എന്നാല്‍ ഞാന്‍ ചിന്തിക്കുന്നത് 300 വര്‍ഷത്തെ കാര്യമാണ്”.

അതിനിടെ ല്യൂട്ട്യന്‍സും ബേക്കറും അഭിപ്രായ വ്യത്യാസങ്ങള്‍ ആരംഭിച്ചു. സെക്രട്ടേറിയറ്റുകളെക്കാള്‍ കൂടുതല്‍ ‘പ്രാധാന്യവും നിലവാരവും വൈസ്രായിയുടെ കൊട്ടാരത്തിന് നല്‍കണമെന്ന്’ ല്യൂട്ട്യന്‍സ് ആഗ്രഹിച്ചു. ബേക്കര്‍ ഇതിനെതിരായിരുന്നു. ബേക്കര്‍ വിജയിച്ചു. വൈസ് റീഗല്‍ കൊട്ടാരം ദൂരെ നിന്ന് ദൃശ്യമാകുന്ന തരത്തില്‍ സെക്രട്ടേറിയറ്റുകള്‍ക്കിടയിലുള്ള റോഡ് ഒരു ചെരിവുള്ളതാക്കാന്‍ ല്യൂട്ട്യന്‍സ് തീരുമാനിച്ചതിനോട് ബേക്കര്‍ വിയോജിച്ചു. ഒടുവില്‍ ഈ കാര്യത്തില്‍ ബേക്കര്‍ തന്നെ വിജയിച്ചു. അതോടെ, രണ്ട് വാസ്തുശില്പികള്‍ കുറേനാള്‍ പരസ്പരം സംസാരിക്കാന്‍ പോലും തയ്യാറാവാത്ത വിധം അകന്നു.
നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ മുഗള്‍ ഭരണകാലത്ത് ഉപയോഗിച്ചിരുന്ന ശിലകളായിരുന്നു. ധോല്‍പൂരില്‍ നിന്ന് വെള്ളയും ബഫും; ഭരത്പൂരില്‍ നിന്ന് ചുവപ്പ്; അന, അല്‍വാര്‍, ജയ്‌സല്‍മര്‍, ബറോഡ, അജ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് മാര്‍ബിള്‍. മണലും അവശിഷ്ടങ്ങളും ദര്‍പൂരില്‍ നിന്ന്. നഗരത്തിലേക്ക് ഇതെത്തിക്കുന്നതിനായി ഇംപീരിയല്‍ ഡല്‍ഹി റെയില്‍വേക്ക് പതിനഞ്ച് മൈല്‍ ലൈറ്റ് പുതിയ റെയില്‍പ്പാളം നിര്‍മ്മിക്കേണ്ടി വന്നു. ഗതാഗത ചെലവുകള്‍ 10 മില്യണ്‍ പൗണ്ടിന്റെ (133 കോടി, ഇന്ത്യന്‍ രൂപ (1929) ല്യൂട്ട്യന്‍സിന്റെ ഏകദേശ കണക്കുകളെയും മറികടന്ന് തകിടം മറിഞ്ഞു.
ജോലി സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ല്യൂട്ട്യന്‍സിന്റെ നര്‍മ്മബോധം കാരണം അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ ആളുകള്‍ക്ക് കഴിഞ്ഞു. ഒരിക്കല്‍ അദ്ദേഹത്തോട് തൂണുകളില്‍ കല്ലുമണികള്‍ തൂക്കിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, ല്യൂട്ട്യന്‍സ് മറുപടി പറഞ്ഞു:
‘മുഗള്‍ ഭരണത്തിലെ ഒരു അന്ധവിശ്വാസമാണതിന് കാരണം. ‘മണികള്‍ മുഴങ്ങുന്നത് ഒരു രാജവംശത്തിന്റെ അവസാനമാണെന്ന്’ അവര്‍ വിശ്വസിച്ചു. അതുകൊണ്ടാണ് എന്റെ മണികള്‍ കല്ലില്‍ തന്നെ തീര്‍ത്തത്.’

ഒരു പുതിയ നഗരം കുന്നിന്‍ മുകളില്‍ ഉയരാന്‍ തുടങ്ങി. കല്ലിന്റെ ഭൂരിഭാഗവും എത്തിച്ചു കഴിഞ്ഞിരുന്നു. നിര്‍മാണ ശിലകള്‍ കുന്ന് കൂടിയ ലോകത്തിലെ ഏറ്റവും വലിയ മൈതാനമായി മാറി ന്യൂഡല്‍ഹിയിലെ ഈ നിര്‍മ്മാണ മുറ്റം. 3,500 കല്ല് പണിക്കാര്‍ അവിടെ ഷെഡുകളില്‍ ജോലി ചെയ്തു. കൂടാതെ, ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍ വീടുകള്‍ ഉയര്‍ന്നു.
ഭീമാകാരമായ 700 ദശലക്ഷം ശിലകള്‍ നിര്‍മാണത്തിന് ഉപയോഗിച്ചു. ല്യൂട്ട്യന്‍സ് നിര്‍മ്മാണത്തിന്റെ എല്ലാ വിശദാംശങ്ങളിലും താല്‍പ്പര്യം പ്രകടിപ്പിച്ചു. ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തിയത് നഗരത്തില്‍ മരങ്ങള്‍ നടുന്നതായിരുന്നു. ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പിലെ മേധാവി ഡബ്ല്യു. ആര്‍. മസ്റ്റോ സഫ്ദര്‍ജംഗില്‍ വിവിധതരം ചെടികളുടെ ഒരു നഴ്‌സറി സ്ഥാപിച്ചു. അവയില്‍ മിക്കതും തദ്ദേശീയമായിരുന്നു; ചില ചെടികള്‍ ഓസ്ട്രേലിയയില്‍ നിന്നോ ആഫ്രിക്കയില്‍ നിന്നോ ഇറക്കുമതി ചെയ്തു. റോഡുകള്‍ അടയാളപ്പെടുത്തിയ ഉടന്‍, അവ നട്ടുപിടിപ്പിച്ചു. പുതിയ കെട്ടിടങ്ങളോടും ബംഗ്ലാവുകളോടും ഒപ്പം അവ വളരാന്‍ തുടങ്ങി. ല്യൂട്ട്യന്‍സ് നേരിട്ട് വൈസ് റീഗല്‍മന്ദിരത്തിലെ മരത്തിലെ ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുത്തു. അതുപോലെ പരവതാനികള്‍, ചിത്രങ്ങള്‍, ചുവര്‍ചിത്രങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ചു. 1929 ല്‍ നിര്‍മ്മാണത്തിന്റെ അവസാന ദിവസം മുന്‍പ് മൂന്ന് പ്രധാന കെട്ടിടങ്ങളായ ഇന്ത്യാ ഗേറ്റിന്റെയും ഔപചാരികമായ ഉല്‍ഘാടന തീയതി നിശ്ചയിച്ചു.
അമര്‍ ജവാന്‍ ജ്യോതി (അനശ്വര സൈനികന്റെ ജ്വാല) എന്ന് വിശേഷിപ്പിക്കുന്ന ഡല്‍ഹിയിലെ യുദ്ധസ്മാരകം ‘ഇന്ത്യാഗേറ്റ്’ എഡ്വിന്‍ ല്യൂട്ട്യന്‍സ് മികച്ച രൂപകല്‍പ്പനയായി ഇന്ന് വിലയിരുത്തുന്നു.അദ്ദേഹം ന്യൂഡല്‍ഹിയുടെ പ്രധാന ശില്പി മാത്രമല്ല, ഇംപീരിയല്‍ വാര്‍ ഗ്രേവ്‌സ് കമ്മീഷന്റെ അംഗവും യൂറോപ്പിലെ മുന്‍നിര യുദ്ധ ശവകുടീരങ്ങളുടെയും സ്മാരകങ്ങളുടെയും വാസ്തു ശില്‍പ്പികളില്‍ ഒരാളുമായിരുന്നു. ലണ്ടനിലെ വളരെ പ്രശസ്തമായ സ്മാരകമായ ‘സെനോട്ടാഫ്’ ഉള്‍പ്പെടെ യൂറോപ്പിലെ അറുപത്തിയാറ് യുദ്ധസ്മാരകങ്ങള്‍ അദ്ദേഹം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. 1914 നും 1921 നും ഇടയില്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ ഫ്രാന്‍സ്, ഫ്‌ലാന്‍ഡേഴ്സ്, മെസൊപ്പൊട്ടേമിയ, പേര്‍ഷ്യ, കിഴക്കന്‍ ആഫ്രിക്ക, ഗാലിപ്പോളി, മൂന്നാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധം എന്നിവിടങ്ങളില്‍ മരിച്ച ഇന്ത്യന്‍ സൈന്യത്തിലെ 74,187 സൈനികരെ അനുസ്മരിക്കുന്ന ഒരു സ്മാരകമാണ് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റ്’. ചില ബ്രിട്ടീഷ് സൈനികരുടെയും ഓഫീസര്‍മാരുടെയും പേരുകള്‍ ഉള്‍പ്പെടെ ഏകദേശം 13,300 സൈനികരുടെ പേരുകള്‍ ഗേറ്റില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

1931 ജനുവരിയില്‍ ന്യൂഡല്‍ഹിയുടെ ഔപചാരിക ഉദ്ഘാടനം നടന്നു. വൈസ്രോയി ഇര്‍വിന്‍ പ്രഭു ഉദ്ഘാടനത്തിനായി ന്യൂഡല്‍ഹിയിലേക്ക് വരുന്നതിനിടെ ട്രെയിന്‍ ആക്രമിച്ച് തീവ്രവാദികള്‍ ബോംബാക്രമണം നടത്തി. ന്യൂഡല്‍ഹി സ്റ്റേഷനില്‍ നിന്ന് ഒരു മൈല്‍ അകലെ ഇര്‍വിന്‍ പ്രഭു സഞ്ചരിച്ച ട്രെയിനിന്റെ ഡൈനിംഗ് കാറിന്റെ ജനാലയിലൂടെ ഒരു ബോംബ് എറിയപ്പെട്ടു. ബോഗി തകര്‍ന്നു പൊട്ടിത്തെറിച്ചു. ആ സമയത്ത് അതില്‍ ആരും ഉണ്ടായിരുന്നില്ല, പക്ഷേ ഒരു പരിചാരകന് പരിക്കേറ്റു. ഡൈനിംഗ് കാറിന്റെ അറ്റത്ത് നിന്ന് മൂന്ന് ദൂരം മാത്രം അകലെയായിരുന്നു ലോര്‍ഡ് ഇര്‍വിന്റെ കമ്പാര്‍ട്ട്‌മെന്റ് എന്നതിനാല്‍, ലോര്‍ഡ് ഇര്‍വിന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു.
ല്യൂട്ട്യന്‍സ് വൈസ്രോയി കൊട്ടാരത്തിലേക്കുള്ള (ഇന്നത്തെ രാഷ്ട്രപതിഭവന്‍) തന്റെ ആദ്യത്തെ പ്രവേശനം ഓര്‍മ്മിക്കുന്നു. ‘ചടങ്ങ് തുടര്‍ന്നു. പിന്നെ വൈസ്രോയി വലിയ പോര്‍ട്ടിക്കോയിലേക്കുള്ള പടികള്‍ കയറി, ഞാനും മറ്റുള്ള വിശിഷ്ടാതിഥികളും അദേഹത്തെ പിന്‍തുടര്‍ന്നു. ഒരു നിശ്ചിത സിഗ്‌നല്‍ കിട്ടിയപ്പോള്‍ ഇര്‍വിന്‍ പ്രഭു മന്ദിരത്തിന്റെ വാതില്‍ തുറന്നു.
വൈസ്രോയി ആദ്യമായി നടത്തിയ ഔദ്യോഗിക വിരുന്നില്‍ ല്യൂട്ട്യന്‍സ് സന്നിഹിതനായിരുന്നു. ഇത് വൈസ്രോയി മന്ദിരത്തിലേക്കുള്ള തന്റെ അവസാന സന്ദര്‍ശനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞു, ‘ഇര്‍വിനോട് വിട പറയാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. ഞാന്‍ ഇറങ്ങിപ്പോയി, അതിന് മുന്‍പ് വൈസ്രായി മന്ദിരത്തിന്റെ ഭിത്തിയില്‍ ഞാന്‍ ചുംബിച്ചു.’

എന്നിരുന്നാലും, ‘അത് ല്യൂട്ട്യന്‍സിന്റെ അവസാന സന്ദര്‍ശനമായിരുന്നില്ല. സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട ലിഖിതങ്ങള്‍ക്കായി പലതവണ അദ്ദേഹത്തിന് വീണ്ടും വൈസ്രോയി മന്ദിരത്തില്‍ വരേണ്ടി വന്നു. അദേഹം ഇര്‍വിന്‍ പ്രഭുവിനോട് നിര്‍ദേശിച്ച ഒരു വചനം ഇങ്ങനെയായിരുന്നു:
”Endow your thought with faith
Four deed with courage
Four life with sacrifice
all men may know
The greatness of India.
ഇര്‍വിന്‍ പ്രഭു അത് ഇങ്ങനെ മാറ്റിയെഴുതി”
Thought faith; in word wisdom Indeed courage; in life service
So may India be great.
ന്യൂഡല്‍ഹിയുടെ വാസ്തുശില്പിയായ ല്യൂട്ട്യന്‍സിന്റ കഴിവുകളെക്കുറിച്ച് ഇന്ത്യാചരിത്രത്തില്‍ ധാരാളം പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ല്യൂട്ട്യന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ സാര്‍വത്രികമായി പ്രശംസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ബേക്കറിന്റെ കെട്ടിടങ്ങള്‍ക്കെതിരെ ധാരാളം വിമര്‍ശനങ്ങളാണ്. കെട്ടിടങ്ങളില്‍, പഴയ വൈസ്രോയിയുടെ കൊട്ടാരം അഥവാ പിന്നീട് രാഷ്ട്രപതി ഭവന്‍ എന്നറിയപ്പെട്ടത് ല്യൂട്ട്യന്‍സിന്റെ മാസ്റ്റര്‍പീസാണ്.

നിര്‍മ്മാണ കമ്മറ്റിയിലെ ലണ്ടന്‍ കൗണ്ടി കൗണ്‍സിലിലെ ക്യാപ്റ്റന്‍ സ്വിന്റണ്‍ ഇതിന്റെ പണി പൂര്‍ത്തിയായത് പിന്നീട് കണ്ടപ്പോള്‍ അത്ഭുതത്തോടെ പറഞ്ഞു: ‘there has now risen before us in all its majesty, the Viceroy-House- one look, one accepts, one marvel.! ‘
താന്‍ രൂപകല്‍പ്പന ചെയ്ത നഗരത്തിലേക്കുള്ള ല്യൂട്ട്യന്‍സിന്റെ അവസാന സന്ദര്‍ശനം 1938 ഒക്ടോബര്‍ മാസത്തിലെ ശരത്കാലത്തായിരുന്നു. താന്‍ രൂപകല്‍പ്പന ചെയ്ത പാര്‍ലമെന്റില്‍ സ്വതന്ത്യ ഇന്ത്യയിലെ ഇന്ത്യക്കാര്‍ അധികാരമേല്‍ക്കുന്നത് കാണാന്‍ ‘ല്യൂട്ട്യന്‍സിന് കഴിഞ്ഞില്ല. അതിന് മൂന്ന് വര്‍ഷം മുന്‍പ് 1944 ജനുവരി 1 ന് അര്‍ബുദം ബാധിച്ച് അദ്ദേഹം ഇംഗ്ലണ്ടില്‍ വെച്ച് അന്തരിച്ചു.
Content Summary: The statue of British architect Edwin Lutyens was removed and a statue of Rajaji was unveiled