UPDATES

ചാരിറ്റി സ്ഥാപനങ്ങളെ മറയാക്കി വളരുന്ന രാംദേവിന്റെ ബിസിനസ് സാമ്രാജ്യം

യോഗയും ജീവകാരുണ്യവും പേരില്‍ മാത്രം

തപസ്യ

തപസ്യ

                       

തങ്ങളുടെ സമ്പത്തും നിക്ഷേപങ്ങളും സമാഹരിക്കുന്നതിനായി ഒരു നികുതിരഹിത ജീവകാരുണ്യ പ്രസ്ഥാനം ബാബാ രാംദേവും കൂട്ടാളികളും ചേര്‍ന്ന് സ്ഥാപിച്ചു. ബാങ്കുകള്‍ അനുവദിച്ച വായ്പ്പകള്‍ ഉപയോഗിച്ച് അവര്‍ സ്വന്തമാക്കിയ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട, ഉപഭോക്തൃ വസ്തു നിര്‍മാണ കമ്പനി രുചി സോയയിലെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ പ്രസ്തുത ജീവകാരുണ്യ പ്രസ്ഥാനം വഴി സമാഹരിക്കുന്നതായാണ് രേഖകള്‍ പറയുന്നത്.

2016ല്‍ പതഞ്ജലി ഗ്രൂപ്പുമായി ബന്ധമുള്ള ഏതാനും പേര്‍ ചേര്‍ന്ന് യോഗ, ആയുര്‍വേദ കേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി യോഗക്ഷേം സന്‍സ്താന്‍ എന്ന പേരില്‍ ഒരു ജീവകാരുണ്യ സ്ഥാപനം സ്ഥാപിച്ചു. ജീവകാരുണ്യമെന്ന ലേബലിന്റെ പുറത്ത് അവര്‍ക്ക് നികുതി ഒഴിവ് ലഭിക്കുകയും ചെയ്തു. എന്നാല്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കഴിഞ്ഞ ആറ് വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ലെന്ന് മാത്രമല്ല, രുചി സോയ ഏറ്റെടുത്തതിലൂടെ ശേഖരിച്ച കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിക്കാനാണ് ഈ പ്രസ്ഥാനത്തെ ഉപയോഗിച്ചതെന്നാണ് അന്വേഷണത്തിനിടെ ലഭിച്ച കമ്പനി രേഖകള്‍ വെളിപ്പെടുത്തുന്നത്.

ഇത്തരം ജീവകാരുണ്യ സംഘടനകള്‍ ബിസിനസ് നിക്ഷേപങ്ങളില്‍ നിന്നും കച്ചവട പ്രവര്‍ത്തനങ്ങളില്‍ നിന്നും വരുമാനം നേടുന്നതും നികുതി അടയ്ക്കാതെ ലാഭമുണ്ടാക്കുന്നതും തടയുന്നതിനായി നികുതി നിയമങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങളുണ്ട്. മുന്‍കാലങ്ങളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ നിസ്സാര കുറ്റങ്ങള്‍ക്ക് പോലും നികുതി വകുപ്പ് അധികൃതരുടെ അന്വേഷണങ്ങള്‍ക്ക് വിധേയരാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രാംദേവിന്റെ ചാരിറ്റബിള്‍ കമ്പനി അതിന്റെ പ്രഖ്യാപിത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും പകരം നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തിട്ടും ഇത്തരം പരിശോധനകളില്‍ നിന്നും നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെടുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

പരിസ്ഥിതിലോലമായ ആരവല്ലി വനഭൂമിയില്‍ നിഗൂഢവും വരുമാനങ്ങളൊന്നുമില്ലാത്തതുമായ നിരവധി കമ്പനികള്‍ പതഞ്ജലി ഗ്രൂപ്പ് ആരംഭിക്കുകയും അമിത ലാഭം നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി ഞങ്ങളുടെ മുന്‍ അന്വേഷണത്തില്‍ (ബാബ രാംദേവ് എന്ന റിയല്‍ എസ്റ്റേറ്റ് മുതലാളിയും മംഗര്‍ വനമേഖലയില്‍ നടത്തുന്ന ലാഭകരമായ ഭൂമിക്കച്ചവടവും) കണ്ടെത്തിയിരുന്നു. ആയുര്‍വേദ മരുന്നുകളും ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നതിനുള്ള ഫാക്ടറികളാണ് നിയമവിരുദ്ധമായി അവര്‍ ഉപയോഗപ്പെടുത്തിയ ഈ ഭൂമിയില്‍ പ്രവര്‍ത്തിപ്പിച്ചത്.

ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് പിന്നിലെ ലക്ഷ്യം സങ്കീര്‍ണമാണെന്നതിനൊപ്പം തങ്ങളുടെ പ്രഖ്യാപിത പ്രവര്‍ത്തനങ്ങള്‍ നടത്താത്ത ഇത്തരം കടലാസ് സ്ഥാപനങ്ങള്‍ കൊണ്ട് ശ്രമിക്കുന്നത് യഥാര്‍ത്ഥ ഉടമസ്ഥത പുറത്തു വരാതിരിക്കാനും പണം ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യുമ്പോള്‍ അവ്യക്തതകള്‍ സൃഷ്ടിക്കാനും അതിലൂടെ നികുതി വെട്ടിപ്പിന് അവസരമൊരുക്കാനുമാണ്. അക്കൗണ്ടന്റുമാര്‍ ഇതിനെ ടാക്സ് പ്ലാനിംഗ് എന്ന് വിളിക്കുന്നു.

ഇപ്പോള്‍ പതഞ്ജലി ഫുഡ്സ് ആയി മാറിയ രുചി സോയയുടെ ഓഹരികളില്‍ നിന്നും ഡിവിഡന്റ് ഇനത്തില്‍ നേടിയ വന്‍ വരുമാനത്തിന് യോഗക്ഷേം സന്‍സ്താന്‍ നികുതിയടച്ചപ്പോള്‍ നികുതിയിളവ് അനുവദിച്ച നിബന്ധനകളൊന്നും പാലിച്ചിട്ടില്ലെങ്കിലും കമ്പനിക്ക് നികുതിരഹിത പദവി നഷ്ടമായില്ല.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ലാഭേച്ഛയില്ലാത്ത കമ്പനി പരാജയപ്പെട്ടതിന്റെ കാരണവും നിക്ഷേപങ്ങള്‍ മാത്രം നടത്തുന്നതിനെക്കുറിച്ചുമുള്ള വിശദീകരണം തേടി ആചാര്യ ബാലകൃഷ്ണയ്ക്കും യോഗക്ഷേം സന്‍സ്താനും ഞങ്ങള്‍ ചോദ്യാവലി അയച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിച്ച മുന്‍സര്‍ക്കാരിന്റെ അഴിമതികളിലേക്ക് വിരല്‍ചൂണ്ടിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിലവിലെ ഭരണസമ്പ്രദായത്തോട് ചേര്‍ന്ന് നിന്നും ചില അവസരങ്ങളില്‍ ന്യൂനപക്ഷമായ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം പരത്തിയും രാംദേവ് അധികാരത്തോട് ചേര്‍ന്ന് നില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ശുദ്ധമായ ഉപഭോക്തൃത്വത്തിന്റെ സന്ദേശവാഹകനായി സ്വയം അവരോധിച്ച അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യത്തെ രാഷ്ട്രത്തെ സേവിക്കുന്നതിനും അന്താരാഷ്ട്ര കമ്പനികളോട് പോരാടുന്നതിനുമുള്ള ഒരു ദേശസ്നേഹ കോട്ടയായാണ് ചിത്രീകരിച്ചത്. എന്നാല്‍ കളക്ടീവിന് ലഭിച്ച രേഖകളില്‍ പറയുന്നത് ബിസിനസുകാര്‍ നടത്തുന്ന പതിവ് തന്ത്രങ്ങളിലൂടെ രാംദേവും കൂട്ടാളികളും അക്കൗണ്ടന്റുമാരുടെയും അഭിഭാഷകരുടെയും സംഘങ്ങളെ ഉപയോഗിച്ച് പരമാവധി ലാഭമുണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നാണ്.

യോഗക്ഷേം സന്‍സ്താനിലേക്ക് നിക്ഷേപങ്ങള്‍ എത്തിക്കുന്നവരില്‍ പ്രധാനി രാംദേവിന്റെ വലംകൈയും പതഞ്ജലി ബിസിനസ് ഗ്രൂപ്പിന്റെ അമരക്കാരനുമായ ആചാര്യ ബാലകൃഷ്ണയാണ്.

2016ല്‍ ഒരു മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ബാലകൃഷ്ണ പറഞ്ഞത് ‘രാജ്യത്തെ സേവിക്കാന്‍ ഞങ്ങള്‍ക്ക് സമ്പത്ത് വേണം’ എന്നാണ്. അതേവര്‍ഷം തന്നെ പതഞ്ജലി ഗ്രൂപ്പുമായി ബന്ധപ്പെട്ട നാലുപേര്‍- ആചാര്യ പ്രദ്യുമ്ന, ഫൂല്‍ ചന്ദ്ര, സുമന്‍ ദേവി, സവിത ആര്യ- ചേര്‍ന്ന് യോഗക്ഷേമ സന്‍സ്താന്‍ ആരംഭിച്ചു. ഈ ലാഭേച്ഛയില്ലാത്ത സ്ഥാപനത്തിന്റെ പ്രാരംഭ മൂലധനം നാല് ലക്ഷം രൂപയായിരുന്നു.

ഫൂല്‍ ചന്ദ്ര ഇപ്പോള്‍ അറിയപ്പെടുന്നത് സ്വാമി പരമാര്‍ത്ഥ്ദേവ് എന്നാണ്. പ്രത്യക്ഷത്തില്‍ അദ്ദേഹവും മറ്റൊരു ആത്മീയ ആചാര്യനായി മാറിയെങ്കിലും വര്‍ഷങ്ങളായി പ്ലസന്റ് വിഹാര്‍ പ്രൈവറ്റ് ലിമിറ്റഡ്, പതഞ്ജലി നാച്ചുറല്‍ ബിസ്‌ക്കറ്റ് എന്നിവയുള്‍പ്പെടെ ഒരു ഡസനിലധികം കമ്പനികളുടെ ഡയറക്ടറാണ്.

Phool Chandra alias Swami Parmarthdev,patanjali baba ramdev

സുമന്‍ ദേവി ഇപ്പോള്‍ സാധ്വി ദേവപ്രിയയാണ്. രാംദേവിന്റെ സാമ്രാജ്യത്തിലെ മറ്റൊരു സ്ഥാപനമായ വേദിക് ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ് അവരിപ്പോള്‍.

ലാഭം നേടുന്നതിന് രാംദേവും കൂട്ടാളികളും നടത്തുന്ന മറ്റ് ഭൂരിഭാഗം കമ്പനികളില്‍ നിന്നും വ്യത്യസ്തമായി ലാഭേച്ഛയില്ലാത്ത സ്ഥാപനമായാണ് ഇത് ഔപചാരികമായി സ്ഥാപിച്ചത്.

സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കായി യോഗ കേന്ദ്രങ്ങളും നൈപുണ്യ വികസനത്തിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് കമ്പനിയുടെ പ്രാഥമിക ഉദ്ദേശമെന്ന് അതിന്റെ സ്ഥാപക രേഖകളില്‍ പറയുന്നു.

കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ നിന്നും വിവിധ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കാനും അതിലൂടെ നല്ല പൗരന്മാരെ സൃഷ്ടിക്കാനും നേതൃഗുണം വളര്‍ത്തിയെടുക്കാനും കമ്പനിക്ക് സാധിക്കുമെന്ന് അവര്‍ പറയുന്നു.

സമാന ലക്ഷ്യങ്ങളുള്ള മറ്റ് സംഘടനകള്‍ക്ക് സഹായങ്ങളും സംഭാവനകളും നല്‍കുന്നതും ഇതിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

അപ്പോള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അതിന് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള നികുതി ഇളവുകള്‍ക്ക് അനുസരിച്ച് സമൂഹത്തില്‍ മതിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയോ?

കമ്പനി സ്ഥാപിതമായ കാലം മുതലുള്ള സാമ്പത്തിക രേഖകള്‍ കാണിക്കുന്നത് അവര്‍ ഒരിക്കലും സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കായി ഒരു യോഗ കേന്ദ്രമോ ആരോഗ്യ കേന്ദ്രമോ വിദ്യാഭ്യാസ സ്ഥാപനമോ സ്ഥാപിച്ചിട്ടില്ലെന്നാണ്.

പ്രവര്‍ത്തനം ആരംഭിച്ച് രണ്ടാം വര്‍ഷം മുതല്‍ യോഗക്ഷേമ രാംദേവിന്റെ കൂട്ടാളികളുടെ നിഗൂഢമായ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി മാറി.

2018 ജനുവരി അഞ്ചിന് ബാലകൃഷ്ണ, അന്തരിച്ച സ്വാമി മുക്താനന്ദ് (രാംദേവിന്റെ മറ്റൊരു സഹായി) എന്നിവരില്‍ നിന്നും പതഞ്ജലി ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റ് ആറ് കമ്പനികളില്‍ നിന്നും വലിയതോതില്‍ സംഭാവന ലഭിച്ചതായി യോഗക്ഷേം സര്‍ക്കാരിന് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ (പി.എ.എല്‍) 79.8 കോടി രൂപ വില വരുന്ന 2.065 കോടി ഓഹരികളായാണ് ഈ സംഭാവന സ്വീകരിച്ചത്. ഇതില്‍ രണ്ട് കോടി ഓഹരികള്‍ സംഭാവനയായി നല്‍കിയത് പതഞ്ജലി ആയുര്‍വേദത്തിന്റെ 98.54 ശതമാനം ഓഹരികളുടെയും ഉടമസ്ഥാവകാശവുമുള്ള ബാലകൃഷ്ണയാണ്. പ്രവര്‍ത്തനം ആരംഭിച്ച് ഒരു ദശാബ്ദത്തിനിപ്പുറം 8,136 കോടി രൂപയുടെ വിറ്റ് വരവുള്ള സാമ്പത്തിക ശക്തിയായി പതഞ്ജലി ആയുര്‍വേദം മാറിയിരുന്നു.

baba ramdev patanjali

പതഞ്ജലി ആയുര്‍വേദത്തിന്റെ ഓഹരികള്‍ സംഭാവന ചെയ്തതിന് ശേഷം യോഗക്ഷേമത്തിന്റെ നൂറ് ശതമാനം ഓഹരികളും രാംദേവിന്റെയും കൂട്ടാളികളുടെയും മറ്റൊരു സ്ഥാപനമായ പതഞ്ജലി സേവാ ട്രസ്റ്റിന് കൈമാറിയതായി അക്കാലത്തെ മാധ്യമ വാര്‍ത്തകള്‍ പറയുന്നു. യോഗക്ഷേമ സന്‍സ്താനിന്റെ ഒരു ഓഹരി മാത്രം സ്വന്തം പേരിലുള്ള നാമമാത്ര ഓഹരി ഉടമയായി രാംദേവ് നിലനിന്നു.

പതഞ്ജലി ആയുര്‍വേദത്തിന്റെ ഓഹരികള്‍ സമ്മാനിച്ച് 24 മണിക്കൂറിനുള്ളില്‍ ബാലകൃഷ്ണയ്ക്കൊപ്പം രാംദേവും മുക്താനന്ദയും ചേര്‍ന്ന് യോഗക്ഷേമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.

baba ramdev patanjali

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ യഥാര്‍ത്ഥ ഉടമകള്‍ അവരുടെ ഓഹരികള്‍ പിന്‍വലിച്ചുവെങ്കിലും അടുത്ത ഏതാനും മാസത്തേക്ക് കൂടി അവര്‍ രേഖകളില്‍ ഡയറക്ടര്‍മാരായി തുടര്‍ന്നു.

ജനങ്ങളെയും രാജ്യത്തെയും സേവിക്കാനുള്ള ശ്രമമെന്ന വ്യാജേന രാംദേവ് ഈ തന്ത്രപരമായ നിക്ഷേപങ്ങള്‍ പരസ്യമായി വിറ്റു.

‘പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് തങ്ങളുടെ ബിസിനസ്സില്‍ നിന്നുള്ള വരുമാനം ചാരിറ്റിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിലൂടെ ഒരു ലാഭരഹിത സ്ഥാപനമായി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ബിസിനസുകാരനായി മാറിയ യോഗ ഗുരു ബാബ രാംദേവ് അറിയിച്ചു.’ എന്ന് ഈ ഇടപാട് നടന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

‘ഞങ്ങള്‍ പതഞ്ജലിയെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലല്ല ലിസ്റ്റ് ചെയ്യുന്നത്, ജനങ്ങളുടെ മനസ്സിലാണ് ലിസ്റ്റ് ചെയ്യാന്‍ പോകുന്നത്. ഞങ്ങള്‍ പതഞ്ജലിയെ ഒരു ലാഭരഹിത സ്ഥാപനമായി മാറ്റുകയാണ്.’ എന്നും രാംദേവ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പതഞ്ജലി ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളുടെ ഉടമസ്ഥ സ്ഥാപനം പതഞ്ജലി സേവാ ട്രസ്റ്റ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യോഗക്ഷേം സന്‍സ്താന്‍ സ്വന്തമായി എന്തെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ രാംദേവിന്റെ വാദപ്രതിവാദങ്ങള്‍ സത്യമാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരം, ബാലകൃഷ്ണയും രാംദേവിന്റെ മറ്റ് കൂട്ടാളികളും ബിസിനസിനെ ജീവകാരുണ്യമാക്കി മാറ്റുമെന്ന രാംദേവിന്റെ അവകാശവാദം ഉയര്‍ത്തിക്കാട്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കേണ്ട കമ്പനിയെ ഉപയോഗിച്ച് പതഞ്ജലി ആയുര്‍വേദയിലെ പ്രബലരായ ഓഹരി ഉടമകളായി തുടര്‍ന്ന് തങ്ങളുടെ ഓഹരികള്‍ സമാഹരിച്ചു.

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് സമ്മാനിച്ച രണ്ട് കോടി ഓഹരികള്‍ കൈവശം വച്ച് യോഗക്ഷേം സന്‍സ്താന്‍ യോഗയെ പ്രോത്സാഹിപ്പിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാതെ ഒരു വര്‍ഷം മുന്നോട്ട് പോയി.

രസകരമായ കാര്യം, 2017-18, 2018-19 എന്നീ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ യോഗക്ഷേം അതിന്റെ അക്കൗണ്ട് ബുക്കുകളില്‍ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ ഭീമമായ സംഭാവന രേഖപ്പെടുത്തി എന്നതാണ്. എന്നാല്‍ അപ്പോഴും പതഞ്ജലി ആയുര്‍വേദത്തിന്റെ സാമ്പത്തിക രേഖകളില്‍ ബാലകൃഷ്ണയെയാണ് 98.54 ശതമാനം ഓഹരികളുടെയും ഉടമസ്ഥനായി കാണിച്ചിരുന്നത്.

ഒരേ ഓഹരികള്‍ രണ്ട് സ്ഥാപനങ്ങളുടെ ഉടമസ്ഥയിലുണ്ടെന്ന് പറയുന്നത് സാങ്കേതികപരമായി ശരിയല്ല. രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ നടന്ന ഇനിയും വിശദീകരിച്ചിട്ടില്ലാത്ത ഈ പൊരുത്തക്കേടുകള്‍ക്ക് അവര്‍ ഇനിയും തൃപ്തികരമായ വിശദീകരണം നല്‍കേണ്ടതാണ്.

ബാലന്‍സ് ഷീറ്റുകളില്‍ ഇതിനുള്ള ഉത്തരം ചെറിയ കുറിപ്പുകളായി ഒതുക്കിയിട്ടുണ്ടെങ്കിലും സാങ്കേതികത ഉപയോഗിച്ചുള്ള അവയൊന്നും തൃപ്തികരമായ വിശദീകരണങ്ങളല്ല. യോഗക്ഷേമത്തിന് സംഭാവന ചെയ്ത ഈ ഓഹരികള്‍ ബാലകൃഷ്ണ ബാങ്ക് ലോണുകള്‍ക്കായി പണയം വച്ചിരുന്നു എന്നാണ് ലളിതമായ ഇംഗ്ലീഷിലുള്ള ആ കുറിപ്പുകളുടെ കാതല്‍. തങ്ങളുടെ വായ്പ്പകള്‍ ഈടില്ലാത്ത സ്ഥാപനമായ യോഗക്ഷേം സന്‍സ്താന് നല്‍കിയതില്‍ ഇപ്പോള്‍ ബാങ്കുകള്‍ സന്തോഷത്തിലല്ല. അതിനാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ ഓഹരി കൈമാറ്റത്തില്‍ നിന്ന് പിന്മാറുകയും നിക്ഷേപം സമാഹരണത്തിന് കുറുക്കുവഴികള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു.

baba ramdev patanjali

എന്നാല്‍ യോഗക്ഷേം ഈ നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കിയപ്പോഴേക്കും രാംദേവിന്റെ പതഞ്ജലിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം 2019 ഡിസംബറില്‍ ന്യൂട്രല്ല ബ്രാന്‍ഡായ സോയ ചങ്ക്സിലൂടെ പ്രശസ്തമായ രുചി സോയയെ വിവാദപരമായ ഒരു നീക്കത്തിലൂടെ ഏറ്റെടുത്തിരുന്നു.

12,000 കോടി രൂപയിലേറെയുള്ള കടബാധ്യതയില്‍ രുചി സോയ തകര്‍ന്നിരിക്കുകയായിരുന്നു. കടത്തില്‍ നിന്ന് കുറച്ച് തിരിച്ച് പിടിക്കുന്നതിന് കമ്പനി വാങ്ങാന്‍ ഒരാളെ കണ്ടെത്തുകയോ അല്ലെങ്കില്‍ കമ്പനിയെ കുറേശ്ശെയായി വില്‍ക്കുകയോ ചെയ്യുക എന്ന രണ്ട് സാധ്യതകള്‍ മാത്രമാണ് പാപ്പരത്ത നിയമത്തിന് കീഴില്‍ ബാങ്കുകള്‍ക്ക് ഉണ്ടായിരുന്നത്. അദാനി ഗ്രൂപ്പ് അവസാന നിമിഷം ലേലത്തില്‍ നിന്ന് പിന്മാറിയതോടെ രാംദേവ് ഈ അവസരം മുതലാക്കുകയും ചുളുവിലയ്ക്ക് രുചി സോയയെ സ്വന്തമാക്കുകയും ചെയ്തു. എസ്.ബി.ഐ, യൂണിയന്‍ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ഈ ഇടപാടിനായി പതഞ്ജലി കണ്‍സോര്‍ഷ്യത്തിന് വായ്പ്പ നല്‍കി. 2019 ഡിസംബറില്‍ 4,350 കോടി രൂപയ്ക്ക് പതഞ്ജലിയുടെ ലേലം അംഗീകരിക്കുകയും 2022 ജൂണില്‍ രുചി സോയ പതഞ്ജലി ഫുഡ്സ് ആയിത്തീരുകയും ചെയ്തു.

രാംദേവിനും കൂട്ടാളികള്‍ക്കും രുചി സോയ ഏറ്റെടുക്കുന്നതിനുള്ള നിക്ഷേപം സമാഹരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനാണ് ഈ സമയം യോഗക്ഷേം ശ്രമിച്ചത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ പതഞ്ജലി ആയുര്‍വേദത്തിന്റെ ഓഹരികള്‍ പിന്‍വലിച്ചതിന് ശേഷം യോഗക്ഷേമിന്റെ മൂല്യം 79 കോടി രൂപ കുറഞ്ഞിരുന്നു. എന്നാല്‍ രുചി സോയ ഏറ്റെടുത്ത പതഞ്ജലി കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായ രാംദേവിന്റെ മറ്റൊരു ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ദിവ്യ യോഗ് മന്ദിര്‍ ട്രസ്റ്റ് ആ വര്‍ഷം രുചി സോയയുടെ 42 കോടി രൂപ വിലവരുന്ന ആറ് കോടി ഓഹരികള്‍ യോഗക്ഷേമത്തിന് സംഭാവനയായി നല്‍കി. ഇതോടെ രുചിയുടെ 20.28 ശതമാനം ഓഹരികളും യോഗക്ഷേമത്തിന്റെ ഉടമസ്ഥതയിലായി.

baba ramdev patanjali

നിക്ഷേപങ്ങളെല്ലാം യോഗക്ഷേമത്തില്‍ സമാഹരിക്കപ്പെടുന്നതിനിടയില്‍ പതഞ്ജലി സേവാ ട്രസ്റ്റില്‍ നിന്നും അറുപത് ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് ദിവ്യ യോഗ് മന്ദിര്‍ ട്രസ്റ്റ് യോഗക്ഷേമത്തിന്റെ ഭൂരിഭാഗം ഓഹരികളുടെയും ഉടമായായി.

ഇത്തരത്തില്‍ ഓഹരികള്‍ക്ക് കെട്ടുപിണഞ്ഞ തരത്തില്‍ ഉടമസ്ഥരുണ്ടാകുന്നത് കമ്പനിയുടെ യഥാര്‍ത്ഥ നിയന്ത്രണം ആര്‍ക്കാണെന്നും ലാഭ വിഹിതം ആര്‍ക്കൊക്കെയാണ് ലഭിക്കുന്നത് എന്നും വ്യക്തമാകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ഏതാണ്ട് എല്ലാ വര്‍ഷവും യോഗക്ഷേം സന്‍സ്താന്റെ ഉടമസ്ഥാവകാശം കൈമാറുന്നുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ദിവ്യ യോഗ് മന്ദിര്‍ യോഗക്ഷേമത്തിന്റെ 60 ശതമാനം ഓഹരികള്‍ ഏറ്റെടുത്തെങ്കിലും ഒരു വര്‍ഷത്തിന് ശേഷം മറ്റൊരു പതഞ്ജലി ട്രസ്റ്റായ പതഞ്ജലി റിസര്‍ച്ച് ഫൗണ്ടേഷന്‍ ട്രസ്റ്റിലേക്ക് അതെല്ലാം മാറ്റി. തൊട്ടടുത്ത സാമ്പത്തിക വര്‍ഷമായപ്പോഴേക്കും ഈ ട്രസ്റ്റ് മറ്റൊരു ലാഭേച്ഛയില്ലാത്ത കമ്പനിയായ പതഞ്ജലി ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന് ഈ ഓഹരികള്‍ കൈമാറി.

ലാഭേച്ഛയില്ലാത്ത കമ്പനി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്നും നിക്ഷേപങ്ങള്‍ മാത്രം നടത്തുന്നത് എന്തുകൊണ്ടെന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് അടിക്കടി ഉടമസ്ഥാവകാശം മാറ്റുന്നതെന്തുകൊണ്ടാണെന്നും അന്വേഷിച്ച് ഞങ്ങള്‍ ആചാര്യ ബാലകൃഷ്ണയ്ക്കും യോഗക്ഷേം സന്‍സ്താനും വിശദമായ ചോദ്യാവലി അയച്ചിരുന്നു. യോഗക്ഷേം സന്‍സ്താന് ഓഹരികള്‍ സംഭാവന ചെയ്തതിനെക്കുറിച്ചും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥത അടിക്കടി മാറുന്നതിനെക്കുറിച്ചും ചോദിച്ച് പതഞ്ജലി ആയുര്‍വേദ്, പതഞ്ജലി ഫുഡ്സ്, ദിവ്യ യോഗ് മന്ദിര്‍ ട്രസ്റ്റ് എന്നിവര്‍ക്കും ഞങ്ങള്‍ ചോദ്യങ്ങള്‍ അയച്ചു. ആസ്ത ടി.വിയുടെ ദേശീയ മേധാവിയും ബാബാ രാംദേവിന്റെ ഔദ്യോഗിക വക്താവുമായ എസ്.കെ തിജരവാലയ്ക്കും ഈ മെയിലുകളുടെയെല്ലാം കോപ്പി വച്ചിരുന്നു. ഞങ്ങള്‍ തിജരവാലയുമായി ഫോണില്‍ സംസാരിക്കുകയും അദ്ദേഹം ആവശ്യപ്പെട്ടത് അനുസരിച്ച് ചോദ്യങ്ങള്‍ വാട്സ്ആപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്തു.

ഇതുവരെയും ആരില്‍ നിന്നും ഞങ്ങള്‍ക്ക് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല.

1961ലെ ഇന്ത്യന്‍ ഇന്‍കം ടാക്സ് നിയമം അനുസരിച്ച് ഒരു ജീവകാരുണ്യ ട്രസ്റ്റ് എന്ന നിലയില്‍ യോഗക്ഷേം സന്‍സ്താന് നികുതി ഇളവുകള്‍ ലഭിക്കുന്നുണ്ട്. വരുമാനത്തിന്റെ 85 ശതാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെങ്കില്‍ കമ്പനി ഒരു രൂപ പോലും നികുതി അടയ്ക്കേണ്ടതില്ല. നികുതി ഒഴിവാക്കപ്പെട്ട ഇത്തരം ലാഭരഹിത സ്ഥാപനങ്ങള്‍ക്ക് ഏതെങ്കിലുമൊരു കമ്പനിയുടെ ഏതാനും ഓഹരികള്‍ ലഭിക്കുകയാണെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന് മുമ്പ് അവ പണരൂപത്തിലാക്കേണ്ടതുണ്ട്. കൂടാതെ ആ പണം നികുതി നിയമത്തില്‍ ആവശ്യപ്പെടുന്ന രൂപത്തില്‍ നിക്ഷേപിക്കേണ്ടതുമാണ്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ യോഗ പ്രോത്സാഹിപ്പിക്കാന്‍ യാതൊന്നും ചെയ്തിട്ടില്ലാത്ത യോഗക്ഷേമിന് അവര്‍ കൈവശം വച്ചിരിക്കുന്ന രുചി സോയയുടെ ഓഹരികളില്‍ നിന്ന് 30 കോടി രൂപ ലാഭവിഹിതം (ഡിവിഡന്റ്) ലഭിച്ചിരുന്നു.

അതേ സാമ്പത്തിക വര്‍ഷത്തില്‍ 19.43 കോടി രൂപ അതായത് രുചി സോയയുടെ ഓഹരികളില്‍ നിന്ന് ലഭിച്ചതില്‍ അറുപത് ശതമാനത്തിന് കുറച്ച് മുകളില്‍ വരെ മാത്രം തുക പേര് വെളിപ്പെടുത്താത്ത ചില സ്ഥാപനങ്ങള്‍ക്ക് അവര്‍ സംഭാവന നല്‍കാനായി ചെലവഴിച്ചു.

തുടര്‍ന്ന് ഈ ലാഭവിഹിതത്തില്‍ നിന്ന് 10.48 കോടി രൂപ ഇവര്‍ ആദായ നികുതി അടച്ചു.

പക്ഷേ യോഗക്ഷേം സന്‍സ്താന്റെ രീതികള്‍ക്കൊന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരു ജീവകാരുണ്യ ട്രസ്റ്റ് ആണെന്ന അവകാശവാദം തന്നെയാണ് കമ്പനി ഇപ്പോഴും ഉന്നയിക്കുന്നത്. അതനുസരിച്ച് സര്‍ക്കാര്‍ ഇപ്പോഴും ഇവര്‍ക്ക് നികുതിരഹിത പദവി അനുവദിക്കുകയും ചെയ്യുന്നു.

ഏറ്റവും ഒടുവിലത്തെ സാമ്പത്തിക രേഖകള്‍ അനുസരിച്ച് ഇപ്പോള്‍ പതഞ്ജലി ഫുഡ്സ് ആയിരിക്കുന്ന രുചി സോയയുടെ 16.52 ശതമാനം ഓഹരികളും യോഗക്ഷേം സന്‍സ്താന്റെ കൈവശം തന്നെയാണ്.

രാംദേവിന്റെ ബിസിനസ് സാമ്രാജ്യം തഴച്ചുവളരുന്നത് തുടരുകയാണ്. അധികം അറിയപ്പെടാത്തതും സംശയകരവുമായ യോഗക്ഷേം സന്‍സ്താന്‍ പോലെ രാംദേവിനും കൂട്ടാളികള്‍ക്കും കീഴിലുള്ള കമ്പനികള്‍ ആ വളര്‍ച്ചയുടെ രഹസ്യ വളക്കൂട്ടുകളായും തുടരുന്നു.

ഈ അന്വേഷണ റിപ്പോര്‍ട്ട് ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവും അഴിമുഖവുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി പൂര്‍ണമായ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നതാണ്. ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ട് ഇവിടെ വായിക്കാം: How Baba Ramdev and associates used a tax-free charity to park Patanjali investments and funds

 

തപസ്യ

തപസ്യ

Tapasya is a journalist writing about policy and resource governance. They are interested in reporting on local and hyperlocal issues in the context of larger political structures, with a focus on Jammu and Kashmir. An alumnus of the Indian Institute of Mass Communication, New Delhi (2018-19), they have previously written for The Diplomat, StoriesAsia and The Third Pole. Tapasya enjoys writing poetry and watching films in their free time.

More Posts

Share on

മറ്റുവാര്‍ത്തകള്‍