July 13, 2025 |
Share on

അംബാനി ട്രംപിന്റെ പുതിയ ബിസിനസ് പങ്കാളിയാകുന്നു

ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ നിക്ഷേപം നടത്തുന്നുവെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‌

മുകേഷ് അംബാനിയും ഡൊണാള്‍ഡ് ട്രംപും ബിസിനസ് പാര്‍ട്ണര്‍മാര്‍ ആകുന്നു. ട്രംപിന്റെ ഉടമസ്ഥതിയിലുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ പണം നിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ റിലയന്‍സ് 4IR റിയാലിറ്റി ഡെവലപ്മെന്റ്, മുംബൈയിലെ അവരുടെ ഒരു പ്രോജക്റ്റ് ട്രംപ് ബ്രാന്‍ഡില്‍ പ്രാവര്‍ത്തകമാക്കുന്നതിനായി ട്രംപ് ഓര്‍ഗനൈസേഷന് 10 മില്യണ്‍(ഏകദേശം 86.31 കോടി) ഡോളര്‍ വികസന ഫീസ് നല്‍കിയിട്ടുണ്ടെന്നാണ് രേഖകള്‍ പ്രകാരം വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലായി ട്രംപ് ഓര്‍ഗനൈസേഷന്‍ അവരുടെ വിദേശ ലൈസന്‍സിംഗ്, വികസന ഫീസുകളില്‍ വലിയ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിയറ്റ്‌നാം, ദുബായ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ട്രംപ് ബ്രാന്‍ഡഡ് പ്രോജക്ടുകള്‍ ആസൂത്രണം ചെയ്യുന്ന നിക്ഷേപകര്‍ 2024 ല്‍ ട്രംപ് ഓര്‍ഗനൈസേഷന് 44.6 മില്യണ്‍ ഡോളറാണ് വിദേശ ലൈസന്‍സിംഗ്, വികസന ഫീസ് ആയി നല്‍കയത്. 2023 ല്‍ ഇത് 8.2 മില്യണ്‍ ഡോളറും 2022 ല്‍ 9.4 മില്യണ്‍ ഡോളറും ആയിരുന്നുവെന്ന് പ്രസിഡന്റിന്റെ വാര്‍ഷിക സാമ്പത്തിക വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണെന്നു വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നു.

മുംബൈയില്‍ എന്ത് പദ്ധതിയാണ് ട്രംപിന്റെ പേരില്‍ അംബാനി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല എന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്. അംബാനി ബിസിനസ് പ്രധാനമായും പെട്രോകെമിക്കല്‍സ്, റീട്ടെയില്‍, ടെലികോം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഡബ്ല്യുഎസ്‌ജെ പറയുന്നത്, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അവരുടെ ബിസിനസ് താല്‍പ്പര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ യുഎസ് ഉദ്യോഗസ്ഥരുമായി ലോബിയിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ്. എണ്ണയുമായി ബന്ധപ്പെട്ട താരിഫുകള്‍, ഉപരോധങ്ങള്‍, നയങ്ങള്‍ എന്നിവയിലാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്താന്‍ ശ്രമം നടന്നിട്ടുള്ളതാണെന്നാണ് വിവരം. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സമീപ കാലത്തായാണ് റിലയന്‍സ് വലിയ താത്പര്യം കാണിച്ചു തുടങ്ങിയത്. മുംബൈയിലെ 4,000 ഏക്കറിലധികം ഭൂമിയില്‍ പുനര്‍വികസനം ഉള്‍പ്പെടെയുള്ള വലിയ പദ്ധതികള്‍ കമ്പനി ഏറ്റെടുത്തിട്ടുള്ളതായി കാണാം.

ഈ വര്‍ഷം ജനുവരിയില്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്ന ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അംബാനി പങ്കെടുത്തിരുന്നു. കൂടാതെ കഴിഞ്ഞ മാസം ദോഹയില്‍ ഖത്തര്‍ അമീര്‍ അമേരിക്കന്‍ പ്രസിഡന്റിന് ഒരുക്കിയ ഔദ്യോഗിക അത്താഴ സ്ത്കാരത്തിലും അംബാനി അതിഥിയായിരുന്നു.

ട്രംപ് വൈറ്റ് ഹൗസില്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ ആഗോളതലത്തില്‍ തന്റെ കുടുംബ ബിസിനസ് താത്പര്യങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ് രംഗത്ത്. ഖത്തറിലും ഇന്ത്യയിലെ വിവിധയിടങ്ങളിലും അവര്‍ക്ക്് ബിസിനസ് താത്പര്യങ്ങളുണ്ട്. അധികാരത്തില്‍ ഇരിക്കുമ്പോള്‍ മറ്റ് താത്പര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്ന മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തനായി പുതിയ ബിസിനസുകളിലേക്ക് തിരിയാനാണ് ട്രംപ് ശ്രമിക്കുന്നത്. ഗോള്‍ഫ്, ക്രിപ്റ്റോകറന്‍സി, അടുത്തിടെ പ്രഖ്യാപിച്ച ട്രംപ് മൊബൈല്‍ ഫോണ്‍ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളിലേക്ക് അദ്ദേഹം തിരിഞ്ഞിട്ടുണ്ട്. പ്രസിഡന്റിന്റെ ബിസിനസ് ഇടപാടുകളുടെ പേരില്‍ ഡെമോക്രാറ്റുകള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നുണ്ടെങ്കിലും സ്വന്തം പാര്‍ട്ടിക്കാര്‍ ട്രംപിനെ ഇക്കാര്യത്തില്‍ ചോദ്യം ചെയ്യുന്നില്ലെന്നത് പ്രസിഡന്റിന് ഗുണകരമായിട്ടുണ്ട്. ട്രംപിന്റെ ആദ്യ ടേമില്‍ വിദേശ ബിസിനസുകളില്‍ നിന്നും തന്റെ കമ്പനി മാറി നില്‍ക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പുതിയ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ ഏറ്റെടുക്കുന്നതും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ അത്തരം തീരുമാനങ്ങളൊന്നും വിമര്‍ശനങ്ങള്‍ അവസാനിപ്പിച്ചില്ല എന്നതുകൊണ്ട്, ഇത്തവണ അത്തരം തീരുമാനങ്ങളിലേക്കൊന്നും പോകുന്നില്ലെന്നും, വിദേശ ബിസിനസുകളുമായി മുന്നോട്ടു പോകുമെന്നുമാണ് മെയ് മാസത്തില്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കോണ്‍ഫറന്‍സില്‍, പ്രസിഡന്റിന്റെ സഹോദരന്‍ എറിക് ട്രംപിനൊപ്പം പങ്കെടുത്ത കമ്പനി എക്‌സിക്യൂട്ടീവായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ പറഞ്ഞത്.  Mukesh Ambani is Trump family’s new business partner, The Wall Street Journal Exclusive Report 

Content Summary; Mukesh Ambani is Trump family’s new business partner, The Wall Street Journal Exclusive Report

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×