പ്രധാനമന്ത്രിയുടെ ഓഫിസിലെ(പിഎംഒ) മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഹിരേന്‍ ജോഷിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്. ജോഷിയുടെ ബിസിനസ് പങ്കാളികള്‍, വിദേശ ബന്ധങ്ങള്‍ എന്നിവ രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണോയെന്ന ചോദ്യമാണ് പിഎംഒ ഓഫിസിനെതിരേ കോണ്‍ഗ്രസ് ഉയര്‍ത്തിയിരിക്കുന്നത്.
ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നാണ് പാര്‍ട്ടിയുടെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഓഫിസിനു മേല്‍ വളരെ വലിയ ചോദ്യചിഹ്നം തൂങ്ങിക്കിടക്കുന്നുണ്ടെന്നായിരുന്നു ഖേര പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘകാല സഹായിയായ ജോഷി, പിഎംഒയില്‍ ഒഎസ്ഡി (കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ആയാണ് പ്രവര്‍ത്തിക്കുന്നത്. 2022 സെപ്റ്റംബറില്‍ ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്ന ആരോപണം ജോഷിക്കെതിരേ ഉയര്‍ന്നിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളായിരുന്നു അന്ന് ജോഷിക്കെതിരേ തുറന്നടിച്ചത്.
എന്താണ് സത്യമെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തേണ്ടി വരും. ഹിരണ്‍ ജോഷി ഒരു ചെറിയ പേരല്ല. ഈ രാജ്യത്ത് ജനാധിപത്യത്തെ ഹനിക്കുന്നതിലും മാധ്യമങ്ങളെ നിശബ്ദമാക്കുന്നതിലും പ്രധാന പങ്ക് വഹിച്ച, പിഎംഒയിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് അദ്ദേഹം,’ ഖേര വാര്‍ത്ത സമ്മേളനത്തില്‍ ജോഷിക്കെതിരേ നടത്തിയ പരാമര്‍ശമാണിത്.
ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദി പ്രിന്റ് പറയുന്നത്, ഈ വിഷയത്തില്‍ പിഎംഒ വെബ്‌സൈറ്റില്‍ ജോഷിയുടെ പേരിനൊപ്പം നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കോളുകള്‍ക്ക് മറുപടി ലഭിച്ചില്ല എന്നാണ്.
ജോഷിയുടെ ഒരു അടുത്ത സഹായിയെ ഏഴ് മാസം മുന്‍പ് നിയമ കമ്മീഷനില്‍ അംഗമാക്കിയിരുന്നു. ഇയാളെ കമ്മീഷനില്‍ നിന്നും തിടുക്കപ്പെട്ട് നീക്കം ചെയ്തുവെന്നും, ആ വ്യക്തിക്ക് അനുവദിച്ചിരുന്ന സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിപ്പിച്ചുവെന്നും ഖേര ആരോപിക്കുന്നുണ്ട്.
‘അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളികള്‍ ആരാണെന്ന് അറിയാന്‍ രാജ്യത്തിന് അവകാശമുണ്ട്. പിഎംഒയില്‍ ഇരുന്നുകൊണ്ട് ഹിരണ്‍ ജോഷി എന്ത് ബിസിനസാണ് നടത്തിയത് എന്നതും രാജ്യം അറിയേണ്ട കാര്യമാണ്. ഏത് ബെറ്റിംഗ് ആപ്പില്‍, എന്തായിരുന്നു അത്, അദ്ദേഹത്തിന് ഓഹരിയുണ്ട്? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ ഉടന്‍ വ്യക്തത നല്‍കിയില്ലെങ്കില്‍, അവര്‍ എത്ര ആപ്പുകള്‍ കൊണ്ടുവന്നാലും ഈ ചര്‍ച്ചകള്‍ തുടരും, എന്നും ബുധനാഴ്ച്ചത്തെ വാര്‍ത്ത സമ്മേളനത്തില്‍ ഖേര തുറന്നടിച്ചു.
ജോഷിക്ക് നിരവധി ബിസിനസ് താല്‍പ്പര്യങ്ങളുണ്ടെന്ന് തനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നാണ് പവന്‍ ഖേര പറഞ്ഞത്. അദ്ദേഹത്തിന്റെ വിദേശ ബന്ധങ്ങള്‍ എന്തൊക്കെയാണ്? വിദേശ സന്ദര്‍ശന വേളയില്‍ അദ്ദേഹം ആരെയാണ് കണ്ടുമുട്ടിയത്? അമേരിക്കയിലെയോ അതല്ലെങ്കില്‍ അദ്ദേഹം പോയിട്ടുള്ള മറ്റെവിടെയെങ്കിലുമോ ഉള്ള ബന്ധങ്ങള്‍ മൂലം ഹിരണ്‍ ജോഷി ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ അപകടത്തിലാക്കിയോ? എന്നാണ് കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നത്. ‘ഇതെല്ലാം പുറത്തുവരും. ജനാധിപത്യത്തെ അത്ര എളുപ്പത്തില്‍ കൊലപ്പെടുത്താന്‍ കഴിയില്ല. ഇപ്പോള്‍ പിഎംഒയ്‌ക്കെതിരേ ഒരു വളരെ വലിയ ചോദ്യം ഉണ്ട്’ ഖേര പറയുന്നു.
പിഎംഒ ഒരു പൊതു ഓഫീസ് ആയതിനാല്‍, ജോഷിയുടെ ബിസിനസ് താല്‍പ്പര്യങ്ങളെക്കുറിച്ച് മാത്രമല്ല, അദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധങ്ങളെക്കുറിച്ചും വ്യക്തതയുണ്ടായിരിക്കണമെന്നാണ് പവന്‍ ഖേര ആവശ്യപ്പെട്ടത്.
അദ്ദേഹം ആരുമായി, എങ്ങനെയുള്ള ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തുന്നുവെന്നും, ‘ഈ ബന്ധങ്ങള്‍ രാജ്യത്തിന് എന്ത് തരം നാശനഷ്ടങ്ങള്‍ വരുത്തിയിരിക്കാം’ എന്നും അറിയാന്‍ രാജ്യത്തിന് അവകാശമുണ്ടെന്നും ഖേര കൂട്ടിച്ചേര്‍ത്തു.
Content Summary: Congress raises questions Prime Ministers Office over Hiren Joshi’s business connections and foreign links.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.