ബിഹാറിൽ നിയമപ്രകാരം അനുവദിച്ച മൂന്ന് വർഷത്തെ സേവന കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ തസ്തികകളിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്. 36 പ്രധാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് കാലാവധി പൂർത്തിയായിട്ടും ട്രാൻസ്ഫർ ലഭിക്കാതെ മൂന്ന് മാസത്തോളം അധികമായി തസ്തികകളിൽ തുടരുന്നതെന്ന് ദി സ്ക്രോൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയാണ് ഇവരുടെ കാലാവധി നീട്ടാൻ കാരണമായിരിക്കുന്നത്. ഈ ഉദ്യോഗസ്ഥരെല്ലാം ഡെപ്യൂട്ടി ഇലക്ഷൻ ഓഫീസർമാരോ സബ് ഇലക്ഷൻ ഓഫീസർമാരോ ആയിട്ടുള്ളവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2022 ജൂലൈയിൽ ബിഹാർ ചീഫ് ഇലക്ഷൻ ഓഫീസറുടെ ഓഫീസ് 34 ഡെപ്യൂട്ടി ഇലക്ഷൻ ഓഫീസർമാരുടെയും 28 സബ് ഇലക്ഷൻ ഓഫീസർമാരുടെയും ട്രാൻസ്ഫർ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ബിഹാറിലെ ഓരോ ജില്ലയ്ക്കും ഒരു ഡെപ്യൂട്ടി ഇലക്ഷൻ ഓഫീസറും ജില്ലയുടെ വലുപ്പം അനുസരിച്ച് ഒന്ന് മുതൽ അഞ്ചുവരെയുള്ള സബ് ഇലക്ഷൻ ഓഫീസർമാരുമാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.
ഇവർക്ക് 2025 ജൂലൈയോ ഓഗസ്റ്റിലോ പുതിയ നിയമനങ്ങൾ ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനുമുമ്പായി, 2025 ജൂണിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കലിനായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള പ്രക്രിയ ആരംഭിച്ചു. സംസ്ഥാനത്തെ ഏകദേശം എൺപത് ദശലക്ഷം വോട്ടർമാരുടെ അർഹത പരിശോധിച്ച് പട്ടിക പുതുക്കാനുള്ള ശ്രമമാണ് വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രകാരം, വോട്ടർ പട്ടിക പുതുക്കൽ പുരോഗമിക്കുന്ന സമയത്ത് അതിൽ പങ്കാളികളായ ഉദ്യോഗസ്ഥരുടെ കാലാവധി പട്ടിക പ്രസിദ്ധീകരണമാകുന്നത് വരെ നീട്ടിക്കൊടുക്കാം. വോട്ടർ പട്ടികയുടെ അന്തിമ പതിപ്പ് പ്രസിദ്ധീകരിക്കുന്നതും സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതിയുമാണ് ഇതിന് ആധാരം.
എന്നാൽ, മറ്റൊരു നിബന്ധനപ്രകാരം, തിരഞ്ഞെടുപ്പ് പ്രക്രിയയുമായി നേരിട്ട് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥനും ഒരേ ജില്ലയിൽ മൂന്ന് വർഷത്തിലധികം തുടരാൻ പാടില്ല. സ്വന്തം ജില്ലയിൽ സേവനം ചെയ്യാൻ പാടില്ലെന്നും നിയമമുണ്ട്. സംസ്ഥാനത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥികളുമായി ബന്ധമുള്ളവർക്ക് തിരഞ്ഞെടുപ്പ് ചുമതല വഹിക്കാനുമാകില്ല.
എസ്ഐആറിൻ്റെ സമയം
വോട്ടർ പട്ടികയുടെ അന്തിമ പതിപ്പ് സെപ്റ്റംബർ 30 ന് പ്രസിദ്ധീകരിച്ചതിന് ശേഷം, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫർ നടപടികൾ ഉടൻ ആരംഭിക്കണം എന്ന് നിർദേശിച്ചിരുന്നു. കൂടാതെ, കാലാവധി പൂർത്തിയായ എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റം ഒക്ടോബർ 6 നകം പൂർത്തിയാക്കണം എന്നും നിർദേശിച്ചിരുന്നു.
എന്നാൽ, ബിഹാർ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇപ്പോഴും 22 ഡെപ്യൂട്ടി ഇലക്ഷൻ ഓഫീസർമാരും 14 സബ് ഇലക്ഷൻ ഓഫീസർമാരും അതേ സ്ഥാനത്ത് തുടരുന്നതായാണ് കാണുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എട്ട് ജില്ലകളിൽ മാത്രമാണ് പുതിയ നിയമനങ്ങൾ ഉണ്ടായത്, മൂന്നു ജില്ലകളിൽ ഉദ്യോഗസ്ഥരുടെ പേരുകൾ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടില്ല.
ബിഹാർ ചീഫ് ഇലക്ഷൻ ഓഫീസർ, ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്റ്, ഹോം ഡിപ്പാർട്ട്‌മെന്റ് എന്നീ വകുപ്പുകളുടെ വെബ്‌സൈറ്റുകളിൽ സെപ്റ്റംബർ 23 മുതൽ പ്രസിദ്ധീകരിച്ച എല്ലാ ട്രാൻസ്ഫർ ഓർഡറുകളും പരിശോധിച്ചപ്പോൾ, ഈ 36 ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല.
സാധാരണയായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വർഷംതോറും സ്പെഷ്യൽ സമ്മറി റിവിഷൻ എന്ന പേരിൽ ചെറിയ തോതിലുള്ള വോട്ടർ പട്ടിക പുതുക്കലാണ് നടത്താറുള്ളത്. ഇത് സാധാരണയായി വർഷാവസാനത്തോടെ പൂർത്തിയാകാറുണ്ട്. അങ്ങനെ ചെയ്തിരുന്നെങ്കിൽ ബിഹാറിലെ ഉദ്യോഗസ്ഥർക്ക് അവരുടെ കാലാവധിക്കുള്ളിൽ തന്നെ സ്ഥലംമാറ്റം ലഭിക്കാമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ സ്ക്രോൾ കാലാവധി കഴിഞ്ഞിട്ടും സ്ഥാനത്ത് തുടരുന്നവരുൾപ്പെടെ 34 ഡെപ്യൂട്ടി ഇലക്ഷൻ ഓഫീസർമാരെ ബന്ധപ്പെട്ടിരുന്നതായി വ്യക്തമാക്കുന്നു.
ഓരോ ജില്ലയിലും തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥൻ ജില്ലാ കളക്ടറോ ജില്ലാ മജിസ്ട്രേറ്റോ ആയിരിക്കും. ഇവർ സംസ്ഥാനത്തെ ചീഫ് ഇലക്ടോറൽ ഓഫീസറിനോട് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നു.
വോട്ടർ പട്ടിക പുതുക്കൽ, തെരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങൾ നൽകുന്ന പുറംവിതരണക്കാരെ തിരഞ്ഞെടുക്കൽ, സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പ്രക്രിയ ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ എന്നിവയാണ് ഡെപ്യൂട്ടി ഇലക്ഷൻ ഓഫീസറുടെ പ്രധാന ചുമതലകൾ. എന്നാൽ തങ്ങൾ നേരിട്ട് ഇതിൽ ഇടപെടുന്നില്ലെന്നും മേൽനോട്ടം വഹിക്കുകയാണ് ചെയ്യുന്നതെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി സ്ക്രോളിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
മേൽനോട്ടമാണ് ഏറ്റവും നിർണായക ഘടകം. വോട്ടർ രജിസ്ട്രേഷൻ, സ്ഥാനാർത്ഥി നാമനിർദ്ദേശം, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവയിലെ എല്ലാ പ്രായോഗിക പ്രവർത്തനങ്ങളും ബൂത്ത് ലെവൽ ഓഫീസർമാർ, ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവർ കൈകാര്യം ചെയ്യുമ്പോൾ, അവരുടെ മേൽനോട്ടം ഡെപ്യൂട്ടി ഓഫീസർമാരാണ് വഹിക്കുന്നത്.
തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ഉദ്യോഗസ്ഥരുടെ പങ്ക് കൂടുതൽ ശക്തമാകുന്നു. ഇവർക്ക് തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കൽ, പ്രചാരണനിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കൽ എന്നിവയ്ക്കായി സംസ്ഥാനതല ടീമുകളിൽ ചുമതല നൽകാറുണ്ട്. സ്ഥാനാർത്ഥികൾ നാമനിർദ്ദേശം സമർപ്പിക്കുന്ന ദിവസങ്ങളിലും വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിവസങ്ങളിലും പോലീസ്, പാരാമിലിറ്ററി വിഭാഗങ്ങളുമായി സഹകരിച്ച് ശാന്തമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുക എന്നതും അവരുടെ ചുമതലയാണ്.
അവർക്കുള്ള ഔദ്യോഗിക അധികാരങ്ങൾക്ക് പുറമെ, അനൗദ്യോഗിക സ്വാധീനവും വളരെ കൂടുതലാണ്. ഡെപ്യൂട്ടി ഇലക്ഷൻ ഓഫീസർമാർ ജില്ലാതലത്തിൽ വോട്ടർമാരും സ്ഥാനാർത്ഥികളും ബൂത്ത് ലെവൽ ഉദ്യോഗസ്ഥരും ജില്ലാ ഓഫീസറുമായി ബന്ധപ്പെടാൻ പ്രധാന ഗേറ്റ് കീപ്പർ ആയി പ്രവർത്തിക്കുന്നു. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയവർക്കുള്ള അപ്പീലുകൾ പരിഗണിക്കുന്നത് ജില്ലാ ഓഫീസറാണ്, അതിലേക്ക് പ്രവേശനവും നിയന്ത്രണവും ഡെപ്യൂട്ടി ഓഫീസർമാർ വഴിയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ റൊട്ടേഷൻ നിയമം കൊണ്ടുവന്നതിന്റെ പ്രധാന കാരണം ഈ ശക്തി കേന്ദ്രീകരണം തന്നെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു ഉദ്യോഗസ്ഥൻ ഒരേ സ്ഥലത്ത് നീണ്ടുനിൽക്കുന്നത് അവരുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും ബാധിക്കും. അങ്ങനെ അവർ തെറ്റായ സ്വാധീനങ്ങൾക്കും അധികാര ദുരുപയോഗത്തിനും വിധേയരാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് കാണിക്കുന്നത്.
Content Summary: bihar election; 36 election officials Have Overstayed Their Terms Because of SIR