രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർ രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തും. ബിഹാറിൽ നടന്ന വോട്ടർ പട്ടിക പരിഷ്കരണത്തിലുണ്ടായ വീഴ്ച ഇനി ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യം.
ജൂൺ 24നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പരിഷ്കരണത്തിന് ഉത്തരവിട്ടത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ബിഹാറിലാണ് ഇലക്ഷൻ കമ്മീഷൻ ഈ നടപടി ആരംഭിച്ചത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഉത്തരവുകൾ പിന്നീട് വരുമെന്നും അറിയിച്ചു. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം സെപ്റ്റംബർ 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ പൂർത്തിയാകും.
രാജ്യവ്യാപകമായി വോട്ടർ പട്ടിക പരിഷ്കരണം നടത്തുന്നതിനുള്ള സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, ഈ നടപടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തിയേക്കും. എന്നാൽ, ബിഹാറിൽ ജൂൺ 24നാണ് ഇലക്ഷൻ കമ്മീഷൻ എസ്ഐആറിന് ഉത്തരവിട്ടത്. പാർട്ടികളുമായി യാതൊരു കൂടിയാലോചനയും ഇല്ലാതെ തൊട്ടടുത്ത ദിവസം തന്നെ പട്ടിക പുതുക്കൽ ആരംഭിക്കുകയും ചെയ്തു.
സെപ്റ്റംബർ 10ന് ന്യൂഡൽഹിയിൽ വെച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി ഒരു സമ്മേളനം നടത്തിയിരുന്നു. രാജ്യവ്യാപകമായ എസ്ഐആർ നടപടികൾക്കായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സിഇഒ ഓഫീസുകളുടെ സജ്ജീകരണങ്ങൾ കമ്മീഷൻ വിലയിരുത്തി. തങ്ങളുടെ അനുഭവങ്ങളിൽ നിന്ന് ബിഹാർ ഇലക്ഷൻ കമ്മിഷൻ ഓഫീസർ ഒരു അവതരണം നടത്തിയതായും കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഐആർ നടത്താനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ ഒരു കൂട്ടം ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്ത് കൊണ്ട് പ്രതിപക്ഷ എംപിമാരാണ് ഹർജി നൽകിയത്. വോട്ടർമാരുടെ പൗരത്വം പരിശോധിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. എസ്ഐആർ നടപടി പിൻവാതിലിലൂടെ ദേശീയ പൗരത്വം രജിസ്റ്റർ ചെയ്യാനുള്ള ശ്രമമാണെന്നും അവർ ആരോപിച്ചു.
അനുഛേദം 326 പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ വോട്ടർമാരായി പേര് ചേർക്കാൻ അവകാശമുള്ളൂ അതിനാൽ വോട്ടർമാരുടെ പൗരത്വം നിർണ്ണയിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വാദിക്കുന്നു. സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ, അനുഛേദം 326 പ്രകാരം ഒരാൾക്ക് അയോഗ്യത നിർണയിക്കുന്നത് പൗരത്വം റദ്ദാക്കുന്നതിലേക്ക് നയിക്കില്ലെന്നും ഇലക്ഷൻ വ്യക്തമാക്കി.
ബിഹാറിൽ രജിസ്റ്റർ ചെയ്ത 7.89 കോടി വോട്ടർമാരും കരട് പട്ടികയിൽ തുടരുന്നതിനായി ജൂലൈ 25നകം അപേക്ഷകൾ നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഈ നടപടിയിലൂടെ, 65 ലക്ഷം പേരെയാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. അന്തിമ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് അവസാനമായി വോട്ടർ പട്ടിക പുതുക്കൽ നടന്നത് 2003 ജനുവരി 1നാണ്. അതിന് ശേഷം രജിസ്റ്റർ ചെയ്ത ആളുകൾ എല്ലാവരും അവരുടെ ജനനത്തീയതിയും അല്ലെങ്കിൽ ജനന സ്ഥലവും തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ടായിരുന്നു .
1987 ജൂലൈ 1നും 2004 ഡിസംബർ 2-നും ഇടയിൽ ജനിച്ചവർ, സ്വന്തം ജനനത്തീയതിയുടെ അല്ലെങ്കിൽ ജനന സ്ഥലത്തിന്റെ രേഖകൾക്ക് പുറമെ, മാതാപിതാക്കളിൽ ഒരാളുടെ ജനനത്തീയതിയുടെയും/അല്ലെങ്കിൽ ജനന സ്ഥലത്തിന്റെയും രേഖകളും സമർപ്പിക്കേണ്ടിയിരുന്നു. 2004 ഡിസംബർ 2-ന് ശേഷം ജനിച്ചവർ, സ്വന്തം രേഖകൾക്ക് പുറമെ, മാതാപിതാക്കൾ ഇരുവരുടെയും ജനനത്തീയതിയുടെയും/അല്ലെങ്കിൽ ജനന സ്ഥലത്തിന്റെയും രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.
content summary: Learning a lesson from Bihar, Election Commission adopts a new strategy, Electoral roll reforms to be done after consultation with political parties