ബിഹാറിൽ ഒരു താമസ സർട്ടിഫിക്കറ്റ് വേണം, എന്നാൽ ലഭിച്ച അപേക്ഷ കണ്ട് ഉദ്യോഗസ്ഥർ ഞെട്ടി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരിലായിരുന്നു അപേക്ഷ. പതിമൂന്നാം വാർഡിലെ താമസക്കാരനാണ് താനെന്ന് അവകാശപ്പെട്ട്, ട്രംപിന്റെ ചിത്രവും വ്യാജ വിവരങ്ങളും ഉൾപ്പെടുത്തിയാണ് ഏതോ വിരുതൻ അപേക്ഷ സമർപ്പിച്ചത്.
“പതിമൂന്നാം വാർഡിൽ താമസിക്കുന്ന എനിക്ക് താമസ സർട്ടിഫിക്കറ്റ് നൽകണമെന്ന് അഭ്യർഥിക്കുന്നു, എന്ന് സ്വന്തം ഡോണൾഡ് ട്രംപ്!” എന്ന തലക്കെട്ടോടെയെത്തിയ അപേക്ഷ കണ്ട് ഉദ്യോഗസ്ഥർ ആദ്യം ഞെട്ടിയെങ്കിലും ട്രംപിന്റേത് തന്നെയാണ് ഫോട്ടോ എന്ന് വ്യക്തമായതോടെ തട്ടിപ്പുകാരനായി അന്വേഷണം ആരംഭിച്ചു.
ബക്കർപുർ പി.ഒ., മൊഹിയുദ്ദീൻ നഗർ, സമസ്തിപുർ, ബിഹാർ എന്നതായിരുന്നു അപേക്ഷയിൽ നൽകിയിരുന്ന മേൽവിലാസം. കഴിഞ്ഞ ജൂലൈ 29-നാണ് ഈ അപേക്ഷ മൊഹിയുദ്ദീൻ നഗർ സോൺ ഓഫീസിൽ ലഭിച്ചത്.
വ്യാജ താമസ സർട്ടിഫിക്കറ്റ് കേസുകൾ ബിഹാറിൽ വർധിക്കുന്നതിനിടെയാണ് ഈ സംഭവം. ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്ത ഈ അജ്ഞാതനായ വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സൈബർ ക്രൈം വിഭാഗം ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ സംവിധാനങ്ങളെ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ ഗൗരവമായി കാണുമെന്നും അധികൃതർ വ്യക്തമാക്കി.
content summary: US President Donald Trump’s ‘Residence Proof’ Submitted In Bihar
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.