June 26, 2026 |
Share on

മ്യൂസിക് സിസ്റ്റം തകരാറിലായി, ദുർമന്ത്രവാദമെന്ന് ആരോപണം; ബിഹാറിൽ മധ്യവയസ്കനെ ആൾക്കൂട്ടം തല്ലിക്കൊന്നു

സമുദ്രിയെ ജീവനോടെ കത്തിക്കാൻ പദ്ധതിയിട്ടിരുന്നതായും പോലീസ്

ബിഹാറിലെ നവാഡയിൽ, ദുർമന്ത്രവാദം ആരോപിച്ച് ആൾക്കൂട്ടം ദമ്പതികളെ ആക്രമിച്ചു. ഒരു സംഗീത പരിപാടിയിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിക്കാത്തതാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ 55-കാരനായ ഗയ മാഞ്ചി കൊല്ലപ്പെടുകയും ഭാര്യക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പോലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, പഞ്ചുഗഡ് മുസാരി ഗ്രാമത്തിലെ ഒരു സ്വകാര്യ ചടങ്ങിൽ മ്യൂസിക് സിസ്റ്റം തകരാറിലായതിനെ തുടർന്ന് മോഹൻ മാഞ്ചി എന്നയാൾ ഗയ മാഞ്ചിയും ഭാര്യയും ദുർമന്ത്രവാദം ഉപയോഗിച്ച് സിസ്റ്റം തകരാറിലാക്കിയെന്ന് ആരോപിച്ചു.

തുടർന്ന് ഒരു കൂട്ടം ആളുകൾ ദമ്പതികളെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് ക്രൂരമായി മർദിച്ചു. തല മൊട്ടയടിക്കുകയും ചെരുപ്പ് മാലയിട്ട് നടത്തിക്കുകയും ചെയ്തതിന് ശേഷം ശരീരത്തിൽ ചുണ്ണാമ്പ് പൂശുകയും ചെയ്തു.

ബുധനാഴ്ച രാവിലെയാണ് പോലീസിന് വിവരം ലഭിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് സംഘം ഗയ മാഞ്ചിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ സമുദ്രിയെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്.

നേരത്തെയും ദമ്പതികൾക്ക് നേരെ ദുർമന്ത്രവാദ ആരോപണങ്ങൾ ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന് ശേഷം ആൾക്കൂട്ടം ഗയ മാഞ്ചിയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. കൂടാതെ സമുദ്രിയെ ജീവനോടെ കത്തിക്കാൻ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു.

സംഭവത്തിൽ മോഹൻ മാഞ്ചി ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തതായി നവാഡ പോലീസ് സൂപ്രണ്ട് അഭിനവ് ധിമാൻ അറിയിച്ചു. ഇരയുടെ ഭാര്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

content summary: Man Lynched in Bihar Over Witchcraft Accusations

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×