UPDATES

ബാബ രാംദേവ് എന്ന റിയല്‍ എസ്‌റ്റേറ്റ് മുതലാളിയും മംഗര്‍ വനമേഖലയില്‍ നടത്തുന്ന ലാഭകരമായ ഭൂമിക്കച്ചവടവും

അന്വേഷണ റിപ്പോര്‍ട്ട്-ഭാഗം 1

                       

ഇന്ത്യക്കാര്‍ക്ക് പരിചിതനാണ് ബാബാ രാംദേവ്. ഒരു യോഗ ഗുരുവായി മാത്രമല്ല, ഭൗതികവും ആത്മീയവുമായ ലോകങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ബിസിനസ് സംരംഭങ്ങളിലൂടെ സ്വത്ത് സമ്പാദിച്ച രാംദേവിനെ എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ആരവല്ലി പര്‍വതനിരകളിലെ വനപ്രദേശമായ മംഗാര്‍ ഗ്രാമത്തില്‍ രാംദേവ് അറിയപ്പെടുന്നത് റിയല്‍ എസ്റ്റേറ്റ് മുതലാളി എന്ന നിലയിലാണ്.

”ബാബാജി തന്റെ കമ്പനികള്‍ വഴി മങ്കാറില്‍ ഭൂമി വാങ്ങി,” ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രാദേശിക റിയല്‍ എസ്റ്റേറ്റ് ഡീലര്‍ പറഞ്ഞു. ”ഇവിടെ ഭൂമി വാങ്ങിയ വിവിധ കമ്പനികളുണ്ട്. അവയെല്ലാം ബാബാജിയുടേതാണെന്ന് ഞങ്ങള്‍ക്കറിയാം, കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡീലര്‍മാര്‍ അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായാണ് ഇവിടെ അറിയപ്പെടുന്നത്”.

റിയല്‍ എസ്റ്റേറ്റ് ഡീലര്‍ പറഞ്ഞത് ശരിയാണ്. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി പതഞ്ജലി ഗ്രൂപ്പുമായി ബന്ധമുള്ളതും രാംദേവിന്റെ അടുത്ത ബിസിനസ് കൂട്ടാളികളുടെയും കുടുംബാംഗങ്ങളുടെയും നിയന്ത്രണത്തിലുള്ള നിരവധി ഷെല്ലുകളും, അവ്യക്ത കമ്പനികളും ഹരിയാനയിലെ ഫരീദാബാദില്‍ സ്ഥിതി ചെയ്യുന്ന മംഗറില്‍ ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

ഇത്തരത്തില്‍ പ്രവര്‍ത്തത്തിക്കുന്ന പല കമ്പനികളും വലിയ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെയും സമ്പന്നരായ വ്യക്തികളുടെയും ബിനാമികളായ ഷെല്‍ കമ്പനികളാണ്. ഇവയില്‍ ചിലത് നിയപരമായും മറ്റു ചിലത് അനധികൃതമായും അവിടെ ഇടപാടുകള്‍ നടത്തി പോരുന്നു. ഷെല്‍ കമ്പനികള്‍ വഴി യഥാര്‍ത്ഥ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ മറയ്ക്കാനും നികുതിയില്‍ കള്ളത്തരങ്ങള്‍ കാണിക്കാനും, നിയമപരമായി തന്നെ നികുതി വെട്ടിപ്പുകള്‍ നടത്താനും വമ്പന്‍ മുതാലാളിമാര്‍ക്ക് സാധിക്കുന്നതോടൊപ്പം അനധികൃതമായി സമ്പാദിച്ച പണം ഈ ബിസിനസിലേക്ക് നിക്ഷേപിക്കാനും സാധിക്കുന്നു. അതോടൊപ്പം, ബാങ്കിംഗ് ചാനലുകള്‍ വഴിയുള്ള ട്രാന്‍സാക്ഷനുകളിലൂടെ അവര്‍ക്ക് നിയമസാധുതയും ലഭിക്കുന്നു. സമ്പന്നര്‍ ഇത്തരത്തില്‍ ഇന്ത്യയിലെ സര്‍ക്കാരുകളില്‍ നിന്നും പൗരന്മാരില്‍ നിന്നും തങ്ങളുടെ യഥാര്‍ത്ഥ സ്വത്ത് വിവരങ്ങള്‍ മറയ്ക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍, തങ്ങളുടെ സാമ്പത്തിക പ്രസ്താവനകള്‍ സമര്‍പ്പിക്കാത്ത 1.2 ലക്ഷത്തിലധികം ഷെല്‍ കമ്പനികളുടെ പ്രവര്‍ത്തനം നിരോധിച്ചുവെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ആ 1.2 ലക്ഷം കമ്പനികളുടെ പട്ടികയില്‍ പതഞ്ജലി ഗ്രൂപ്പും അതുമായി ബന്ധപ്പെട്ട ഷെല്‍ കമ്പനികളും ഉള്‍പ്പെടുന്നില്ല. പതഞ്ജലി ഗ്രൂപ്പുമായി ബന്ധമുള്ള ഈ കമ്പനികളില്‍ ചിലത് ഔദ്യോഗികമായി അവകാശപ്പെടുന്ന സാധനങ്ങള്‍ ഉണ്ടാക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ലെന്നാണ് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. പകരം പതഞ്ജലി ഗ്രൂപ്പ് ഈ ഷെല്‍ കമ്പനികളെ ഉപയോഗിച്ച് ഡല്‍ഹിയുടെ ശ്വാസകോശമായ ആരവല്ലി പര്‍വതനിരകളിലെ വനപ്രദേശമായ മംഗറില്‍ വന്‍തോതില്‍ ഭൂമി വാങ്ങിയിരിക്കുകയാണ്.

ആരവല്ലി കുന്നുകളുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഭൂമി വാങ്ങിയ ഷെല്‍ കമ്പനികള്‍ മംഗറിലെ ഭൂമി വിറ്റതില്‍ നിന്നുള്ള വരുമാനം പതഞ്ജലി ഗ്രൂപ്പിലേക്ക് തിരികെ നല്‍കുകയും ചെയ്തിട്ടുണ്ട്.

ഒന്നര പതിറ്റാണ്ടിലേറെകാലത്തെ കോര്‍പ്പറേറ്റ്, ഭൂമി ഇടപാട് രേഖകള്‍ കളക്ടീവിന്റെ അന്വേഷണം പരിശോധിക്കുകയുണ്ടായി. അന്വേഷണത്തില്‍ സംശയാസ്പദമായിട്ടുള്ള ഷെല്‍ കമ്പനികളുടെ വിവരങ്ങളും, ഒരു വെബ്സൈറ്റിന്റെ ഉടമസ്ഥാവകാശത്തെയും മറ്റു നിക്ഷേപകരുടെ വിവരങ്ങളും അനാവരണം ചെയ്യാനും സാധിച്ചതോടൊപ്പം യഥാര്‍ത്ഥത്തില്‍ ഭൂമി വാങ്ങിയവരുടെ വിവരങ്ങളും കണ്ടത്തി. അവര്‍ക്ക് പതഞ്ജലി ഗ്രൂപ്പുമായുള്ള ബന്ധത്തെ കുറിച്ച് മനസിലാക്കാനും ഇത് സഹായിച്ചു. 2011-14 കാലഘട്ടത്തില്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് വേണ്ടി ശക്തമായി പ്രചാരണം നടത്തുകയും, കള്ളപ്പണം അവസാനിപ്പിക്കുമെന്ന നരേന്ദ്ര മോദിയുടെ വാഗ്ദാനത്തെ ശക്തമായി അംഗീകരിക്കുകയും ചെയ്തപ്പോഴും രാംദേവ് സാമ്രാജ്യം കെട്ടിപ്പടുത്തുകൊണ്ടിരുന്നു.

മംഗറും ആരവല്ലിയുടെ മറ്റ് ഭാഗങ്ങളും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് പ്രിയപ്പെട്ടതാണ്. നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ എന്നറിയപ്പെടുന്ന, അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫരീദാബാദിലാണ് മംഗാര്‍ സ്ഥിതി ചെയ്യുന്നത്. ഈ പ്രത്യേകതയാണ് മംഗാറില്‍ വലിയ ബിസിനസ് നടക്കുന്നതിന് കാരണമാകുന്നത്. ഫരീദാബാദിലെ വനഭൂമികളുടെ വലിയൊരു ഭാഗം വനം സംരക്ഷണ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കിയും രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിനെപ്പോലുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുന്നുമുണ്ട്.

എന്നാല്‍, ആരവല്ലിയുടെ ഭാഗങ്ങള്‍ പോലെയുള്ള സംരക്ഷണമില്ലാത്ത വനഭൂമി സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രിം കോടതി ഉത്തരവ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ മരത്തിനും കോടാലിക്കുമിടയില്‍ ഒതുങ്ങിപോവുകയായിരുന്നു. 1996-ലെ കോടതിയുടെ സുപ്രധാന ഉത്തരവ് പ്രകാരം, ഒരു സര്‍ക്കാര്‍ ഭൂമി വനമായി അംഗീകരിച്ചാലും ഇല്ലെങ്കിലും, വനമായിരുന്ന ഭൂമിയെ വനമായി തന്നെ നിര്‍വ്വചിക്കുകയും, അത്തരത്തിലുള്ള വനഭൂമി ആരുടേതായാലും അത് സംരക്ഷിക്കപ്പെടുകയും വേണം എന്നതാണ് .

എന്നാല്‍, മംഗറും ഡല്‍ഹിക്ക് സമീപമുള്ള ആരവല്ലിയുടെ സുരക്ഷിതമല്ലാത്ത വനഭൂമിയുള്‍പ്പെടുന്ന ഭാഗങ്ങളും തട്ടിയെടുക്കാന്‍ വര്‍ഷങ്ങളായി വ്യവസായികള്‍ ശ്രമിക്കുന്നുണ്ട്.

ഹരിയാനയിലും കേന്ദ്രത്തിലും ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് മുമ്പ് പതഞ്ജലി മങ്കാറില്‍ ഭൂമി വാങ്ങിയിരുന്നെങ്കിലും, 2014ല്‍ ബി ജെ പി അധികാരത്തില്‍ വന്നതിനു ശേഷം ആരവല്ലിയിലെ പതഞ്ജലി ഗ്രൂപ്പിന്റെ ബിസിനസ് സാധ്യതയെ കൂടുതല്‍ മികച്ചതാക്കിയെന്ന് ദ കളക്ടീവ് അവലോകനം ചെയ്ത രേഖകള്‍ കാണിക്കുന്നു.

2023 ഓഗസ്റ്റില്‍, കോടതി ഏര്‍പ്പെടുത്തിയിരുന്ന വന സംരക്ഷണ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചു. മംഗാറിലും ആരവല്ലിയുടെ മറ്റ് ഭാഗങ്ങളിലും ഉള്ള വനഭൂമികള്‍ക്കുള്ള നിയമപരമായ സംരക്ഷണം അവസാനിപ്പിച്ചു കൊണ്ട് വനസംരക്ഷണ നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു.

ആരവല്ലിയിലെ വിസ്തൃതമായ ഭൂപ്രദേശങ്ങള്‍ വനങ്ങളായി ഔദ്യോഗികമായി കണക്കാക്കപെടാത്തതിനാല്‍ പുതിയ നിയമ പരിഷ്‌കരണം നിലനിന്നിരുന്ന വനസംരക്ഷണ നിയമങ്ങള്‍ക്കനുസരിച്ചുള്ള സംരക്ഷണം അവിടെ ഇല്ലാതാക്കി. തല്‍ഫലമായി, ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ വാണിജ്യ ചൂഷണത്തിന് വിധേയമാണ്. പുതിയ നിയമ ഭേദഗതിയിലൂടെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ ആരവല്ലി വനങ്ങളില്‍ ഭൂമി കൈവശം വെക്കുന്നതിനോടൊപ്പം വ്യവസായികമായ ചൂഷണവും അവിടെ നടക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹരിയാനയിലെ ഏറ്റവും പുതിയ ഡിജിറ്റല്‍ ലാന്‍ഡ് റെക്കോര്‍ഡുകളുടെയും കോര്‍പ്പറേറ്റ് ഫയലിംഗുകളുടെയും വിശകലനം സൂചിപ്പിക്കുന്നതനുസരിച്ചു, പതഞ്ജലി ഗ്രൂപ്പ് ഒരു ഡസന്‍ കമ്പനികളും ഒരു ട്രസ്റ്റും മുഖേന മംഗാര്‍ വില്ലേജില്‍ 123 ഏക്കറിലധികം ഭൂമി കൈവശം വച്ചിട്ടുണ്ടെന്നാണ് മനസിലാകുന്നത്.

ഈ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഭൂമി വില്‍ക്കുമ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട രേഖകള്‍ ഉടനടി അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ പതഞ്ജലി ഗ്രൂപ്പിന്റെ മാംഗറിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ പൂര്‍ണമായ വ്യാപനം റിപ്പോര്‍ട്ടര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇത്തരം വെബ് കമ്പനികളുടെ രജിസ്റ്റര്‍ ചെയ്ത ഇമെയിലുകളിലേക്ക് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് വിശദമായ ചോദ്യാവലി അയക്കുകയും അതെ ചോദ്യങ്ങളുടെ ഒരു കോപ്പി പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ക്കും(സിഒ ഒ) അയക്കുകയും ചെയ്തു. ബാബ രാംദേവിന്റെ വക്താവും ആസ്ത ടിവിയുടെ ദേശീയ തലവനുമായ എസ് കെ തിജാരവാലയ്ക്കും ആചാര്യ ബാലകൃഷ്ണനും എല്ലാ മെയിലുകളുടെയും ഓരോ കോപ്പിയും അയച്ചു.

മംഗാര്‍ ഭൂമി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മിക്ക കമ്പനികളില്‍ നിന്നും വന്ന മറുപടികള്‍ ഒരേപോലെയുള്ളവയായിരുന്നു. മിക്കതിലും കോപ്പി പേസ്റ്റ് ചെയ്ത ഉള്ളടക്കങ്ങള്‍ ആയിരുന്നു എന്നതും ശ്രദ്ധയമാണ്. ഷെല്‍ കമ്പനികളുടെ മറുപടികളില്‍ പതഞ്ജലി ആയുര്‍വേദത്തിന്റെ സി ഒ ഒയ്ക്കും തിജരാവാലയ്ക്കും മെയിലിന്റെ കോപ്പികള്‍ അയച്ചിട്ടുണ്ടായിരുന്നു. ഈ സ്ഥാപനങ്ങളെല്ലാം രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന് എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും, അത്തരം കമ്പനികള്‍ രാംദേവിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നടത്തുന്ന സ്വതന്ത്ര സ്ഥാപനങ്ങളല്ലെന്നും വീണ്ടും സ്ഥിരീകരിച്ചു.

ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലയെന്ന ചെറുതും ലളിതവുമായ പ്രതികരണമാണ് മെയിലുകളില്‍ മറുപടിയായി ലഭിച്ചത്.

ഷെല്‍ ഗെയിം

പതഞ്ജലിയുടെ ഷെല്‍ സ്ഥാപനങ്ങള്‍ മാംഗറിലുടനീളം പ്ലോട്ടുകള്‍ വാങ്ങുന്നതില്‍ സമാനമായ പ്രവര്‍ത്തനരീതിയാണ് പിന്തുടര്‍ന്നിരുന്നത്. പതഞ്ജലിയുടെ ഷെല്‍ കമ്പനിയായ ‘കോറുപാക്ക് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള ഫണ്ടുകളുടെ വരവും അവയുടെ ചെലവും എത്തരത്തിലാണെന്ന് കളക്ടീവ് കണ്ടെത്തി. ഈ പണം മംഗാര്‍ കാടുകളില്‍ ഭൂമി വാങ്ങാനും വില്‍ക്കാനും ഉപയോഗിച്ചതെങ്ങനെയെന്ന് ട്രാക്ക് ചെയ്തു.

പതഞ്ജലി ആയുര്‍വേദിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ബാബ രാംദേവിന്റെ സഹോദരന്‍ രാം ഭരതും ഏറ്റവും അടുത്ത ബിസിനസ് അസോസിയേറ്റ് ആചാര്യ ബാലകൃഷ്ണയും ചേര്‍ന്ന് 2009-ല്‍ ‘കോരുപാക്ക്’ എന്ന പേരില്‍ ഒരു കമ്പനി സ്ഥാപിച്ചു. പാക്കേജിംഗ് മെറ്റീരിയല്‍ നിര്‍മിക്കുന്നതിനാണ് കമ്പനി സ്ഥാപിച്ചതെന്നാണ് ഇരുവരും അവകാശപ്പെട്ടത്. രാംദേവിന്റെ ഹോം ഗ്രൗണ്ടായ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ മൂലധനമായി ഒരു ലക്ഷം രൂപ വീതമാണ് ഇരുവരും നിക്ഷേപിച്ചത്. ഏറ്റവും പുതിയ കോര്‍പ്പറേറ്റ് ഫയലിംഗുകള്‍ അനുസരിച്ച്, കമ്പനിയുടെ 92% ഷെയറും ബാലകൃഷ്ണയ്ക്കും ബാക്കിയുള്ളത് ഭാരതിനുമാണ്.

എന്നാല്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ച് 12 വര്‍ഷത്തിനിടയില്‍ കമ്പനിയില്‍ ഒരു രൂപയുടെ ബിസിനസ് പോലും നടത്തിയിട്ടില്ല. പകരം, സ്ഥാപനത്തിലേക്ക് പണം നല്‍കിയാണ് മങ്കാറിലെ ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്. കമ്പനിയുടെ പ്രധാന ബിസിനസ് പ്രവര്‍ത്തനങ്ങളായ പാക്കേജിംഗ് മെറ്റീരിയലുകളുടെ നിര്‍മ്മാണവും വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്കുമായി ഭൂമി പാട്ടത്തിനോ, വാങ്ങാനോ നിയമപരമായി കഴിയും. എന്നാല്‍ ഇവിടെ അവര്‍ മുന്‍പ് പറഞ്ഞിരുന്നതു പോലെയുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളല്ല നടത്തിപോന്നിരുന്നത്. മറിച്ച്, ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി എന്ന പോലെ മാംഗറിന്റെ ഭൂമിയില്‍ മാത്രമാണ് ഇടപാട് നടത്തിയത്.

പതഞ്ജലി കോര്‍പ്പാക്കിന്റെ 2010 സാമ്പത്തിക വര്‍ഷത്തിലെ ഫയലിംഗുകളുടെ സ്‌ക്രീന്‍ഷോട്ട്. ആചാര്യ ബാലകൃഷ്ണയില്‍ നിന്നും പതഞ്ജലിയുമായി ബന്ധപ്പെട്ട രണ്ട് കമ്പനികളില്‍ നിന്നും ലഭിച്ച അപേക്ഷാ പണം പങ്കിട്ടതായി ഇത് കാണിക്കുന്നു.

പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം കഴിയുമ്പോഴേക്കും കോരുപക്കിന്റെ ബാങ്ക് അകൗണ്ട് വീര്‍ത്തുകൊണ്ടേയിരുന്നു. 2010ല്‍ ആചാര്യ ബാലകൃഷ്ണ 2.99 കോടി രൂപ കമ്പനിക്ക് നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ ഗംഗോത്രി ആയുര്‍വേദ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 2.42 കോടി രൂപ അഡ്വാന്‍സും ആരോഗ്യ ഹെര്‍ബ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 5.6 ലക്ഷം രൂപയും ലഭിച്ചു. രണ്ട് കമ്പനികളിലെയും ഭൂരിഭാഗം ഓഹരികളും ബാലകൃഷ്ണയുടെ കൈവശമാണുള്ളത്. മംഗാറില്‍ 28 ഏക്കര്‍ ഭൂമിയാണ് ആരോഗ്യ ഹെര്‍ബസിന്റെ കൈവശമുള്ളത്.

ഫലത്തില്‍, പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ബാബ രാംദേവിന്റെ വലംകൈയുമായ ബാലകൃഷ്ണ അഞ്ച് കോടിയിലധികം രൂപയാണ് കോറുപാക്കിന് കൈമാറിയത്. ബാലകൃഷ്ണയ്ക്ക് നേരിട്ടും മറ്റ് രണ്ട് ഷെല്‍ കമ്പനികള്‍ വഴിയും കോറുപാക്ക് വാഗ്ദാനം ചെയ്യുന്ന കൂടുതല്‍ ഓഹരികള്‍ക്കായി അഡ്വാന്‍സ് പണം നല്‍കിയതായി അവര്‍ അവകാശപ്പെടുന്നുണ്ട്.

ഇത്രയും ലളിതമായി ‘പണം കൊടുത്ത് ഷെയര്‍ എടുക്കുക’ എന്ന പോളിസി യഥാര്‍ത്ഥത്തില്‍ ചുരുങ്ങിയ സമയത്തേക്ക് മാത്രം നടക്കുന്ന ഒരു പ്രക്രിയയാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആഴച്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോരൂപാക്കില്‍ പണം നിക്ഷേപിച്ച ബാലകൃഷ്ണയ്ക്കോ മറ്റു രണ്ടു ഷെല്‍ കമ്പനികള്‍ക്കോ ഇതുവരെയും ഷെയര്‍ ആപ്ലിക്കേഷന്‍ മണിയ്ക്കെതിരെ ഓഹരികള്‍ ലഭിച്ചിട്ടില്ല.

പണം സ്വീകരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഷെയറിന് ആനുപാതികമായ ഭൂമിയോ മറ്റു ലാഭമോ നല്‍കാതിരിക്കുന്നത് ഒരു ഗുരുതര വീഴ്ചയാണ്. അതിനാല്‍ തന്നെ, ഇത് സംശയാസ്പദമായ ഇടപാടായി കണക്കാക്കപ്പെടാവുന്നതാണ്. 2013 ലെ കമ്പനി നിയമം അനുസരിച്ച് തുക സ്വീകരിച്ച് 60 ദിവസത്തിനകം ഓഹരികള്‍ അനുവദിക്കുകയോ അല്ലെങ്കില്‍ അഡ്വാന്‍സ് ഉടന്‍ റീഫണ്ട് ചെയ്യുകയോ ചെയ്യണമെന്നാണ്. നിയമവിരുദ്ധമായി അഡ്വാന്‍സ് തുക കൈപ്പറ്റുന്നത് രണ്ടു കോടി രൂപ വരെ പിഴ ചുമത്താവുന്ന കുറ്റകൃത്യമാണ്.

കോറുപാക്കിന്റെ കാര്യത്തില്‍, ഓഹരികള്‍ ഒരിക്കലും നല്‍കിയിട്ടില്ല. കാലക്രമേണ, ഷെയര്‍ അപേക്ഷ പണം അകൗണ്ടുകളുടെ ‘മറ്റ് നിലവിലെ ബാധ്യതകള്‍’ എന്ന വിഭാഗത്തിലേക്ക് മാറ്റുകയോ കുറയുകയോ ആണ് ചെയ്തത്.

കൂടാതെ, പതാഞ്ജലി ഗ്രൂപ്പിന്റെ മറ്റു കമ്പനികളില്‍ നിന്നും കോറുപാക്കിനു മറ്റു ഈടുകള്‍ ഇല്ലാതെ ലോണുകളും ലഭിച്ചിട്ടുണ്ട്. ചെനീന ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ്, പ്രരേഖ എക്സിം പ്രൈവറ്റ് ലിമിറ്റഡ്, സ്മിതാഷ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയില്‍ നിന്ന് ആറ് ലക്ഷം രൂപ വീതമാണ് ലഭിച്ചത്.

ഈ കമ്പനികള്‍ ‘ബന്ധപ്പെട്ട കക്ഷികള്‍’ ആണെന്ന് പതഞ്ജലി കോറുപാക്ക് അതിന്റെ രേഖകളില്‍ സമ്മതിക്കുന്നുണ്ട്. അതില്‍ പ്രധാന മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താനാകും എന്നതും അവര്‍ വ്യകതമാക്കുന്നു. ബാബാ രാംദേവിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ, അറിയപ്പെടാത്ത നോഡുകളില്‍ ഒന്നായിരുന്നു ഇത്തരം ഇടപാടുകള്‍ എന്നതാണ് ഇതിനര്‍ത്ഥം.

ഏറ്റവും പുതിയ കോര്‍പ്പറേറ്റ് ഫയലിംഗുകള്‍ പ്രകാരം ഈ മൂന്ന് കമ്പനികളും രാംദേവിന്റെ ആസ്ത ചാനല്‍ നടത്തുന്ന ആസ്ത ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ ഓഹരിയുടമകളാണെന്നും ഞങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പതഞ്ജലി ഗ്രൂപ്പ് വിതരണം ചെയ്ത പണം ഉപയോഗിച്ച് കോരുപാക് ഒരു റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായി മാറുകയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മംഗാറിലെ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പ്ലോട്ടുകള്‍ 59.74 ഏക്കറില്‍ നിന്ന് 70.92 ഏക്കറായി ഉയര്‍ന്നു. 4.9 കോടി രൂപയ്ക്കാണ് ഇവ വാങ്ങിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ഭൂമി കൈവശം വച്ചിരിക്കുന്നതായി കാണിക്കുന്ന പതഞ്ജലിയുടെ 2011 സാമ്പത്തിക വര്‍ഷത്തെ ഫയലിംഗുകളുടെ സ്‌ക്രീന്‍ ഷോട്ട്

പതഞ്ജലി പരിവാഹന്‍, ദേവം ആയുര്‍വേദ്, ദിവ്യ യോഗ് മന്ദിര്‍ ട്രസ്റ്റ്, ഗ്രീന്‍ ആപ്പിള്‍ സെക്യൂരിറ്റി സിസ്റ്റംസ്, പതഞ്ജലി ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് എന്നിവയുള്‍പ്പെടെ മറ്റ് പതഞ്ജലി സ്ഥാപനങ്ങളില്‍ നിന്നും കോറുപാക്കിന് ഫണ്ട് ലഭിച്ചുകൊണ്ടിരുന്നു. ഭൂമി വാങ്ങുന്നതിനാണ് പണം കോറുപാക്കിന് അഡ്വാന്‍സ് ചെയ്തതെന്ന് ഈ കമ്പനി രേഖകളിലെ ചിലതില്‍ വ്യക്തമായി പറയുന്നുണ്ട്. അല്ലാതെ, കോറുപാക്ക് അവകാശപ്പെട്ടതുപോലെയുള്ള മറ്റു ബിസിനസ് ആവശ്യങ്ങള്‍ എവിടെയും സൂചിപ്പിക്കുന്നില്ലായെന്നതും ഇവിടെ പ്രസക്തമാണ്.

മൊത്തത്തില്‍, 2011 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കമ്പനി 6.74 കോടി രൂപ അഡ്വാന്‍സുകളായും ഷെയറുകളുടെ അപേക്ഷ പണമായും ശേഖരിച്ചിട്ടുണ്ട്.

തൊട്ടടുത്ത സാമ്പത്തിക വര്‍ഷം കമ്പനി ഭൂമി വില്‍ക്കാന്‍ തുടങ്ങിയിരുന്നു. ഇതിലൂടെ 15.16 കോടി രൂപ സമ്പാദിക്കുകയും, മൂന്ന് കമ്പനികളുടെ സുരക്ഷിതമല്ലാത്ത വായ്പകള്‍ തിരിച്ചടയ്ക്കുകയും ചെയ്തുവെന്ന് രേഖകള്‍ കാണിക്കുന്നു. എന്നാല്‍ പതഞ്ജലി ഗ്രൂപിന് ഈ പ്രസ്തുത ഇടപാടില്‍ ലഭിച്ച നേട്ടങ്ങളുടെ കണക്കുകള്‍ കോര്‍പറേറ്റ് രേഖകളില്‍ കണ്ടത്താനായില്ല.

പതഞ്ജലിയുടെ ഷെല്‍ ഗെയിം അങ്ങനെയാണ്, ആദ്യം ഒരു കമ്പനിയില്‍ ഫണ്ട് നിക്ഷേപിക്കുകയും, പിന്നീട് അത് തിരിച്ചറിയാന്‍ കഴിയാത്ത വിധം മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നു. മാത്രമല്ല, പരിശോധനകള്‍ക്ക് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാനും അവര്‍ക്ക് സാധിക്കുന്നുണ്ട്.

മറ്റൊരു കമ്പനിയായ എബിസി ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും കോറുപാക്ക് ഒരു കോടി രൂപ ലോണായി സ്വീകരിക്കുകയും, അഞ്ച് സ്ഥാപനങ്ങള്‍ക്ക് 8.8 കോടി രൂപയുടെ അഡ്വാന്‍സ് നല്‍കുകയും ചെയ്തിട്ടുണ്ട്. അതിലൊന്ന്, പതഞ്ജലി കോര്‍പ്പറേറ്റിന്റെ തന്നെ ഭാഗമായിട്ടുള്ളതും മംഗാര്‍ ഭൂമിയില്‍ വ്യാപാരം നടത്തുകയും ചെയ്യുന്ന ഗൗരിസുത ബില്‍ഡിംഗ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്.

ഇത്തരത്തില്‍ വര്ഷങ്ങളായി കോരുപാക്ക് ഭൂമി ഇടപാടുകളില്‍ നിന്നും സമ്പാദിക്കുന്ന പണം പതഞ്ജലി ഗ്രൂപ്പിലാണ് നിക്ഷേപിച്ചികൊണ്ടിരിക്കുന്നത് എന്നത് സംശയാസ്പദമാണ്.

2013 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കമ്പനി ജനപ്രിയ ടി വി ചാനലായ സാംങ്കാര്‍ ഇന്‍ഫോ ടീ വീ പ്രൈവറ്റ് ലിമിറ്റഡിന്റെ 60,000 ഓഹരികള്‍ 90 ലക്ഷം രൂപയ്ക്ക് വാങ്ങിയിട്ടുണ്ട് എന്നത് ഒരു ഉദാഹരണമാണ്. ഷെയര്‍ ആപ്ലിക്കേഷന്‍ അഡ്വാന്‍സ് എന്ന പേരില്‍ ആസ്ത ഭജന്‍ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിനും പണം അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. 2015 സാമ്പത്തിക വര്‍ഷത്തില്‍ പതഞ്ജലി ആയുര്‍വേദില്‍ നിന്നും 51.47 ലക്ഷം രൂപ വിലമതിക്കുന്ന 33,119 ഓഹരികള്‍ കോരുപാക്ക് വാങ്ങിയിരുന്നു.

പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിലും വേദിക് ആസ്താ ഭജന്‍ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിലും നടത്തിയ നിക്ഷേപങ്ങള്‍ കാണിക്കുന്ന കോറുപാക്കിന്റെ 2015 സാമ്പത്തിക വര്‍ഷത്തിലെ ഫയലിംഗുകളുടെ സ്‌ക്രീന്‍ഷോട്ട്‌

2021 സാമ്പത്തിക വര്‍ഷംവരെയുള്ള കമ്പനിയുടെ ഏറ്റവും പുതിയ കോര്‍പ്പറേറ്റ് ഫയലിംഗുകളും മറ്റു കണക്കുകളും പരിശോധിക്കുമ്പോഴും കമ്പനി പറയുന്ന പ്രധാന ബിസിനസ്സായ പാക്കേജിംഗ് മെറ്റീരിയലിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നിട്ടിട്ടില്ലായെന്നു മനസിലാക്കാം. എന്നിട്ടും, കമ്പനി 15.57 കോടി രൂപ കരുതല്‍ ശേഖരം അവര്‍ നേടിയിരുന്നു. അതേ സമയം, ഏറ്റവും പുതിയ രേഖകള്‍ പ്രകാരം കമ്പനി മംഗറില്‍ 1.28 ഏക്കര്‍ കൈവശം വയ്ക്കുന്നത് തുടരുകയും കൂടുതല്‍ ലാഭം ഉണ്ടാക്കുകയും ചെയ്യുന്നുവെന്നാണ്.

എന്നാല്‍, റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അവര്‍ നടത്തിയ പ്രവര്‍ത്തങ്ങളെകുറിച്ച് ചോദിക്കുമ്പോള്‍ മറുപടിയായി അവര്‍ പറയുന്നത് അവര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിട്ടില്ലായെന്നാണ്. എന്നാല്‍ മംഗാറിലെ ഭൂമി വാങ്ങാനും വില്‍ക്കാനുമായി പതഞ്ജലി ഗ്രൂപ്പിന് അവര്‍ പണം നല്‍കിയതിനുള്ള തെളിവുകള്‍ നിലനില്‍ക്കുന്നുമുണ്ട്.

പതഞ്ജലി കോറുപാക്ക് പ്രൈവറ്റ് ലിമിറ്റഡ്, നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി നിക്ഷേപം ഏറ്റെടുത്തിട്ടുണ്ടെന്നും കൂടാതെ, ഭൂമി ഏറ്റെടുക്കലിനെ നിയന്ത്രിക്കുന്ന ബാധകമായ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണമായി പാലിക്കുന്നുണ്ടെന്നും ഭൂമി ഏറ്റെടുക്കുന്നത് നിയമപരമായി മാത്രമാണെന്നും അവര്‍ പറയുന്നു.

എന്നാല്‍, അവരുടെ മറുപടിയില്‍ റിപോര്‍ടെര്‍സ് കളക്ടീവിന്റെ മറ്റു ചോദ്യങ്ങളെ അവര്‍ അവഗണിക്കുകയും തങ്ങളുടെ എല്ലാ ബിസിനസ് ഇടപാടുകളും നിയമസാധുതയുള്ളതാണെന്നും തങ്ങളുടെ ധാര്‍മികതയില്‍ വീഴ്ച വരാതെയുമാണ് നടപ്പിലാക്കുന്നതെന്നും അതില്‍ അവര്‍ പ്രതിജ്ഞാബദ്ധരാണ് എന്നുമാണ് മറുപടിയായി പറഞ്ഞത്.

(അടുത്ത ഭാഗത്തില്‍- ആരവല്ലി പര്‍വത നിരകളെ ഹരിയാന സര്‍ക്കാര്‍ അവഗണിക്കുകയും അവിടെ പതഞ്ജലി അവരുടെ ഭൂമിക്കച്ചവടം സുഗമമായി കൊണ്ടുപോകുന്നതിനെപ്പറ്റിയും വിശദീകരിക്കുന്നു)

ഈ അന്വേഷണ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിക്കുന്നത് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് ആണ്. ഔദ്യോഗികമായ അനുമതിയോടെയാണ് അഴിമുഖം മലയാളത്തില്‍ ഈ അന്വേഷണ പരമ്പര പ്രസിദ്ധീകരിക്കുന്നത്.

 

Share on

മറ്റുവാര്‍ത്തകള്‍