UPDATES

ഓഫ് ബീറ്റ്

ലാഭകരമായ മാംസ കച്ചവടത്തിന് പെരുമ്പാമ്പുകള്‍

ഭക്ഷ്യ ക്ഷാമം പരിഹരിക്കാന്‍ പാമ്പിറച്ചി സഹായിക്കും

                       

ഭൂമിയിൽ മാംസത്തിന് വേണ്ടി കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ  ഒന്നായിരിക്കും പാമ്പുകൾ എന്ന് ഗവേഷകർ. ഗവേഷകരുടെ സംഘം തായ്‌ലൻഡിലെയും വിയറ്റ്‌നാമിലെയും ഫാമുകളിൽ ഒരു വർഷത്തിലേറെയായി വലിയ പെരുമ്പാമ്പുകളിൽ ഗവേഷണം നടത്തിയിരുന്നു. പാമ്പിൻ്റെ മാംസം ഒരു സ്വാദിഷ്ടമായ വിഭവമായാണ് തായ്‌ലൻഡിലും വിയറ്റ്‌നാമിലും കണക്കാക്കപ്പെടുന്നത്. ഗവേഷണത്തിൽ പാമ്പുകൾ മറ്റ് കന്നുകാലികളെ വളർത്തുന്നതിനെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമമാണെന്ന് കണ്ടെത്തുകയായിരുന്നു.

സ്വതന്ത്ര ജേർണലായ സയന്റിഫിക് റിപ്പോർട്ടിൽ മാർച്ച് 14 വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ, കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ഭക്ഷ്യ അസന്തുലിതാവസ്ഥക്ക് പാമ്പുകളെ മാംസത്തിനായി കൃഷിചെയ്യുന്നത് പരിഹാരമാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

4,600-ലധികം പെരുമ്പാമ്പുകളെ ഉപയോഗിച്ച് കൊണ്ടുള്ള പഠനത്തിലാണ് ഗവേഷകർ ഇക്കാര്യം പറയുന്നത്. ബർമീസ്, റെറ്റിക്യുലേറ്റഡ് വിഭാഗത്തിൽ പെട്ട പെരുമ്പാമ്പുകൾ   ആദ്യ വർഷത്തിൽ തന്നെ അതിവേഗം വളർന്നതായി കണ്ടെത്തി. കൂടാതെ പാമ്പുകൾക്ക് കുറച്ച് ഭക്ഷണം മാത്രമേ ആവശ്യമായി വരുന്നുള്ളു. കോഴി, പശു, പന്നി, സാൽമൺ എന്നിവയുൾപ്പെടെയുള്ള മറ്റ് കൃഷി ഉൽപ്പന്നങ്ങളേക്കാൾ ലാഭകരം പാമ്പു വളർത്തൽ ആണെന്ന് കണ്ടെത്തുകയായിരുന്നു.

ഗവേഷണ വേളയിൽ എലി, പന്നിയിറച്ചി ഉത്പ്പന്നങ്ങൾ, മീൻ വിഭവങ്ങൾ എന്നിവയുൾപ്പെടെ പ്രാദേശികമായി ലഭിക്കുന്ന ഭക്ഷണത്തിൻ്റെ മിശ്രിതമാണ് പാമ്പുകൾക്ക് നൽകിയത്. പെൺ പാമ്പുകളാണ് ആൺ പാമ്പുകളെക്കാൾ വേഗത്തിൽ വളരുന്നത്. ഒരു ദിവസം 1.6 ഔൺസ് ഭാരമാണ് പാമ്പുകൾക്ക് കൂടിയിരുന്നത്.

പാമ്പുകൾക്ക് വളരെ കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളു, അതുകൊണ്ട് തന്നെ വർധിച്ചു വരുന്ന കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക ആഘാതത്തെയും കാര്യക്ഷമമായി ചെറുക്കാൻ പാമ്പുകൾക്ക് സാധിക്കുമെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.

തെക്കുകിഴക്കൻ ഏഷ്യയിലും ചൈനയിലും ഉടനീളം പരമ്പരാഗത ഔഷധങ്ങളിലും പാമ്പിനെ ഉപയോഗിച്ച് വരുന്നുണ്ട്. കൂടാതെ ഹോങ്കോങ്ങിലെ പ്രശസ്തമായ  സൂപ്പ് പോലുള്ള വിഭവങ്ങളിലും പാമ്പുകളെ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ സമീപ വർഷങ്ങളായി ഭക്ഷ്യ വിപണിയിൽ പാമ്പ് മാംസത്തിന് ആവശ്യക്കാർ ഏറെയാണ്. കൂടാതെ പാമ്പ് കൃഷിയിലൂടെ ആഡംബര തുകൽ വസ്തുക്കളിൽ ഉപയോഗിക്കുന്ന  പുറം തൊലിയുടെ ആവശ്യകത നിറവേറ്റാൻ സാധിക്കുമെന്നതാണ് മറ്റൊരു ഗുണം.

ലാഭകരമായ കൃഷിരീതിയാണെങ്കിലും, പാമ്പുകൾ പാശ്ചാത്യ ഭക്ഷണക്രമത്തിൻ്റെ ഭാഗമാകാൻ സാധ്യതയില്ലെന്നാണ് ഗവേഷകർ പറയുന്നത്. കൃഷിക്കായി ഉപയോഗിക്കുന്ന പൈത്തണുകൾ വിഷരഹിതവും സാവധാനത്തിൽ ചലിക്കുന്ന പാമ്പ് വർഗ്ഗത്തിൽ പെടുന്നവയാണ്.
അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ പെരുകിയ ബർമീസ് പെരുമ്പാമ്പുകളെ ഒരു അധിനിവേശ ജീവിയായാണ് കണക്കാക്കുന്നത്. ഇവിടങ്ങളിൽ പെരുമ്പാമ്പുകൾ നിരന്തരം വേട്ടയാടലിന് ഇരകളാകുന്നു. കഴിഞ്ഞ വർഷം നടത്തിയ ഒരു പഠനത്തിൽ, യു.എസ്. ജിയോളജിക്കൽ സർവേയിൽ ലോകമെമ്പാടുമുള്ള ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങളിലൊന്നായിത് രേഖപ്പെടുത്തിയിട്ടുണ്ട്.

വാണിജ്യ പരമായ പാമ്പ് വളർത്തൽ വന്യജീവികളുടെ നിയമവിരുദ്ധമായ വേട്ടയാടലിന് കാരണമാകുമെന്ന് ചില മൃഗ സംരക്ഷകർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന് വേണ്ടി ഒരു കൂട്ടം പാമ്പ് വിദഗ്ധരുടെ അധ്യക്ഷനായ നാതുഷ് പറയുന്നത് ‘ പാമ്പ് വളർത്തൽ വന്യജീവികളെയും അവ ആശ്രയിക്കുന്ന ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള സാമ്പത്തിക പ്രോത്സാഹനം നൽകുന്നുവെന്നാണ്. ഏഷ്യയിൽ, പാമ്പുകളെ ലളിതമായ ചുറ്റുപാടുകളിലാണ് സംരക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍