UPDATES

ഏറ്റവും ചൂടേറിയ മാസം; റെക്കോർഡിട്ട് ഫെബ്രുവരി

കാലാവസ്ഥ കണക്കുകൾ പുതിയ റെക്കോർഡിലേക്കാണ് കുതിച്ചുയരുന്നത്.

                       

ആഗോള താപനില പുതിയ റെക്കോർഡിലേക്ക് കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. ക്രമാതീതമായി ഉയർന്ന താപനില ലോകമെമ്പാടും ഉഷ്ണതരംഗങ്ങൾക്ക് കാരണമാവുകയും ചെയ്തു. ആഗോളതാപനവും എൽ നിനോ കാലാവസ്ഥ പ്രതിപാസവും മൂലം ലോകമെമ്പാടും താപനിലയിൽ വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഒപ്പം സമുദ്രത്തിലെ താപനിലയും വാൻ തോതിൽ ഉയർന്നിട്ടുണ്ട്. അതിനാൽ തന്നെ ഫെബ്രുവരി മാസം ഇത് വരെ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവുമധികം ചൂടേറിയ മാസമായി റെക്കോർഡ് ഇടുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ കണ്ടെത്തൽ. വർഷത്തിലെ ഏറ്റവും ചെറിയ മാസത്തിന്റെ അവസാനത്തിലേക്ക് കടക്കുമ്പോൾ, കാലാവസ്ഥ കണക്കുകൾ പുതിയ റെക്കോർഡിലേക്കാണ് കുതിച്ചുയരുന്നത്. പ്രത്യേകിച്ച് സമുദ്രോപരിതലത്തിലെ താപനില കൂടിയ അളവിൽ തന്നെ നില നിൽകുന്നുവെന്നതും ത്വരിതഗതിയിലാക്കുന്നതും എന്തുകൊണ്ടാണ് എന്നത് കാലാവസ്ഥ വിദഗ്ധരെ കുഴപ്പിക്കുന്ന ചോദ്യമാണ്.

ഭൂമി ദ്രുതഗതിയിൽ ചൂട് പിടിച്ച് കൊണ്ടിരിക്കുകയാണ്. ചൂട് കൂടുന്നതിന്റെ ഏറ്റവും വലിയ ഘടകമായ സമുദ്രത്തിലെ താപ നില അതിവേഗം വർധിക്കുന്ന പ്രവണതയാണ് കാണുന്നതെന്നും യുകെ നാഷണൽ ഓഷ്യാനോഗ്രഫി സെൻ്ററിലെ മറൈൻ സിസ്റ്റംസ് മോഡലിംഗ് അസോസിയേറ്റ് ഹെഡായ ജോയൽ ഹിർഷി പറയുന്നു. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന താപനില രേഖപെടുത്തിയത് 2023 ലാണ് എന്നാൽ 2024 ന്റെ തുടക്കത്തിൽ തന്നെ -2023 ലെ താപനില കവച്ച് വക്കുന്നതരത്തിലാണ് കണക്കുകൾ രേഖപെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിഭാസത്തിന്റെ പിന്നിലെ കാരണത്തെ പറ്റി ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരിയിലൂടെയാണ് ലോകമിപ്പോൾ കടന്ന് പോകുന്നതെന്ന് ബെർക്ക്‌ലി എർത്ത് ശാസ്ത്രജ്ഞനായ സീക്ക് ഹൗസ്ഫാദർ പറയുന്നു. എൽ നിനോ മുൻ വർഷങ്ങളിലെ പ്രവണതയാണ് പിന്തുടരുന്നതെങ്കിൽ എൽ നിനോയുടെ ഹ്രസ്വവും ഏറ്റവും ഉയർന്നതുമായ ആഘാതം ഇതായിരിക്കുമെന്നും സീക്ക് ഹൗസ്ഫാദർ പറഞ്ഞു. കൂടാതെ മുൻ വർഷങ്ങളിലേതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനിലയാണ് രേഖപെടുത്തിയിരിക്കുന്നത്. മധ്യ-കിഴക്കൻ ഉഷ്ണമേഖലാ പസഫിക് സമുദ്രോപരിതലത്തിലെ താപനിലയ്ക്ക് ആനുപാതികമായി ഉണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. എൽ നിനോ-സതേൺ ഓസിലേഷൻ (ENSO) എന്ന പൂർണമായ പ്രതിഭാസത്തിലെ ‘ഊഷ്മള ഘട്ടം’ ആണ് എൽ നിനോ. ENSO-ടെ ‘തണുത്ത ഘട്ടം’ ആയ ലാ നിന, പ്രദേശത്തിന്റെ ഉപരിതല ജലത്തിന്റെ അസാധാരണമായ തണുപ്പിനെ വിവരിക്കുന്ന മാതൃകയാണ്. താപനിലയെ കുറക്കാൻ സഹായിക്കുന്ന ലാ നിന പ്രതിഭാസം എത്തുകയാണെങ്കിൽ ചൂടിന് ആശ്വാസം ലഭിക്കുമെന്നും സീക്ക് പറയുന്നുണ്ട്. എങ്കിലും കാലാവസ്ഥ കൂടുതൽ ക്രമരഹിതമായിക്കൊണ്ടിരിക്കുകയാണെന്നും പ്രവചിക്കാൻ പ്രയാസമായിക്കൊണ്ടിരിക്കുകയാണെന്നും സീക്ക് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്‌ചയിൽ, സൗത്ത് ആഫ്രിക്ക, സൗദി അറേബ്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ, കസാക്കിസ്ഥാൻ, കൊളംബിയ, ജപ്പാൻ, ഉത്തര കൊറിയ, മാലിദ്വീപ്, ബെലീസ് എന്നിവിടങ്ങളിലുള്ള നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രതിമാസ ചൂട് റെക്കോർഡ് കടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഫെബ്രുവരി പകുതിയോട് കൂടി തന്നെ ഏകദേശം 140 രാജ്യങ്ങൾ പ്രതി മാസ താപ നിലയിൽ റെക്കോർഡ് രേഖപെടുത്തിയതും ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തിരുന്നു. സമുദ്രോപരിതലത്തിലെ ചൂട് ക്രമാതീതമായി ഉയരുന്നതിനാൽ 2024 ലിന്റെ അവസാനത്തോടെ കൊടുങ്കാറ്റിനുള്ള സാധ്യതയുമുണ്ടെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ വളരെ കാലമായി ആശങ്കയുളവാക്കുന്ന ഒന്നാണെകിലും. വരും വർഷങ്ങളിൽ ഇതിന്റെ വേഗതയും തീവ്രതയും കൂടി വരികയാണ്. ഉയർന്നു വരുന്ന കടൽ താപനിലയും അന്റാർട്ടിക് സമുദ്രത്തിലെ മഞ്ഞുവീഴ്ച്ചയും മറ്റും ഇതിന്റെ ലക്ഷണങ്ങളാണ്.

Share on

മറ്റുവാര്‍ത്തകള്‍