UPDATES

30 സെക്കന്റ് കഥ 10 മാസം കൊണ്ട് പാകപ്പെടുത്തിയ അഞ്ചക്കള്ളകോക്കാന്‍

പേര് വന്ന വഴി ഇതാണ്: അഭിമുഖം/ ഉല്ലാസ് ചെമ്പന്‍

                       

ഗംഭീര വിഷ്വല്‍സും ഉഗ്രന്‍ സംഗീതവും അതിനേക്കാള്‍ ഒരു പടി മുകളിലായി നില്‍ക്കുന്ന അത്യുഗ്രന്‍ സംവിധാനവും നിറഞ്ഞ ഒരു കിടിലന്‍ പീരിയഡ് ഡ്രാമയാണ് സംവിധായകന്‍ ഉല്ലാസ് ചെമ്പന്റെ അഞ്ചക്കള്ളകോക്കാന്‍- പൊറാട്ട്. സംവിധാന മികവ് കൊണ്ടും കഥ പറച്ചിലിലെ പുതുമ കൊണ്ടും പേരിലെ വ്യത്യസ്തതകൊണ്ടും അഞ്ചക്കള്ളകോക്കാന്‍ ഏറെ ആകാംക്ഷയുണര്‍ത്തുന്ന ചിത്രമാണ്. പ്രേക്ഷകരെ സിനിമയുടെ ലോകത്തേക്ക് എത്തിക്കുന്ന ഒരു ഉല്ലാസ് ചെമ്പന്‍ മാജിക് ചിത്രത്തിലുണ്ടെന്ന് നിസ്സംശയം പറയാം. ചിത്രത്തെ പറ്റിയും ചിത്രീകരണ വിശേഷങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഉല്ലാസ് ചെമ്പന്‍.

30 സെക്കന്റുള്ളൊരു കഥ

പണ്ട് കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ രാത്രി ഇത്തരത്തില്‍ ഒരു കഥ നടന്നതായി എന്റെ സുഹൃത്ത് പറഞ്ഞിരുന്നു. അതായിരുന്നു പ്രചോദനം. കൂടിപ്പോയാല്‍ 30 സെക്കന്റ് പോലും വരില്ല അദ്ദേഹം പറഞ്ഞ കഥ. ആ കഥയുടെ പൂര്‍ത്തീകരണമാണ് ഇന്ന് കാണുന്ന അഞ്ചക്കള്ളകോക്കാന്‍- പൊറാട്ട്. എത്ര ശാന്തരായവരാണെങ്കിലും എല്ലാവരുടെയുള്ളിലും അക്രമവാസനയുണ്ടായിരിക്കും എന്നു കൂടി ചിത്രം പറഞ്ഞു വയ്ക്കുന്നുണ്ട്. ശക്തമായ തിരക്കഥയുടെ ബലത്തിലാണ് ഞങ്ങള്‍ അഞ്ചക്കള്ളകോക്കാന്‍ എന്ന ചിത്രത്തിന് വേണ്ടി ഇറങ്ങി പുറപ്പെടുന്നത്. എണ്‍പതുകളുടെ അവസാനത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ചിത്രം ഞങ്ങള്‍ പൂര്‍ണമായി പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്തരിക്കുകയാണ് ഓരോ കഥാപാത്രങ്ങളെയും അവര്‍ക്കിഷ്ടമുള്ള രീതിയില്‍ വായിച്ചെടുക്കാം. സിനിമ കാണാന്‍ എത്തുന്ന ഓരോ പ്രേക്ഷകര്‍ക്കും അത് ആസ്വദിക്കാന്‍ പറ്റണം എന്ന് മാത്രമായിരുന്നു ഞങ്ങളുടെ മനസില്‍. യഥാര്‍ത്ഥത്തില്‍ സിനിമയിലുട നീളം വാസുദേവനിലൂടെ ഓരോരുത്തരും യാത്ര ചെയ്യുകയാണ്.

പേര് വന്ന വഴി

പുരാണങ്ങളിലും കെട്ടുകഥകളിലുമുള്ള ഒരു കഥാപാത്രമാണ് അഞ്ചക്കള്ളകോക്കാന്‍. പ്രധാനമായും കുട്ടികളെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരം കഥാപാത്രങ്ങളെ അമ്മമാര്‍ ഉപയോഗിക്കുക. എന്റെ ചെറുപ്പകാലത്ത് അമ്മയില്‍ നിന്നുള്‍പ്പടെ പറഞ്ഞു കേട്ടിരുന്ന സാങ്കല്‍പ്പിക കഥാപാത്രമാണ് അഞ്ചക്കള്ളകോക്കാന്‍. കുട്ടിക്കാലത്തെ ഓര്‍മകള്‍ മനസില്‍ പതിഞ്ഞത് കൊണ്ടാണ് അഞ്ചക്കള്ളകോക്കാന്‍ പേരിലേക്ക് എത്തുന്നത്. പേരില്‍ മാത്രമല്ല അഞ്ചക്കള്ളകോക്കാന്‍ എന്ന കഥാപത്രം ചിത്രത്തിലും എത്രത്തോളം പ്രസക്തമാണെന്ന് പ്രേക്ഷകര്‍ക്ക് വ്യക്തമാകുകയും ചെയ്യും. ആ പേര് എല്ലാവരെയും കുഴപ്പിക്കുമെന്നോ ഹിറ്റ് ആകുമെന്നോ കരുതിയില്ല. കുട്ടിക്കാലത്ത് നമുക്ക് ഓരോരുത്തര്‍ക്കും ചില പേടികളുണ്ടാകും. മാതാപിതാക്കളോ മാറ്റാരെങ്കിലുമൊക്കെ മനസിലേക്ക് കടത്തി വിടുന്നതായിരിക്കാം, അത്തരം പേടികളെ എല്ലാം തരണം ചെയ്യാന്‍ ഒരിക്കല്‍ പ്രാപ്തനാകുകയും ചെയ്യും. കേട്ട് പഴകിയ കെട്ടുകഥകളും അതിലെ സന്ദര്‍ഭങ്ങളും ഒരു പൊറാട്ട് നാടകമായി ബന്ധിപ്പിച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അഞ്ചക്കള്ളക്കോക്കാന്‍ എന്ന സാങ്കല്‍പ്പിക കഥാപാത്രം വസുദേവന്റെ മനസിലെ ഭയത്തിന്റെ ഉറവിടമാണ്. പ്രേക്ഷകരില്‍ വിരസതയുളവാക്കാതെ ചിത്രം ഒരു പൊറാട്ട് നാടകത്തിന്റെ ശൈലിയില്‍ അവതരിപ്പിക്കണം എന്നായിരുന്നു മനസില്‍. ഈ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേര് അഞ്ചക്കള്ളകോക്കാന്‍ എന്ന് തന്നെയാണ്. ഞാന്‍ 2022 ല്‍ സംവിധാനം ചെയ്ത പാമ്പിച്ചി എന്ന ഷോര്‍ട് ഫിലിം പൊട്ടന്‍ തെയ്യത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അഞ്ചക്കള്ളക്കോക്കാനിലേത് പോലെ ഹിംസയിലൂടെ തന്നെയാണ് ആ കഥയും പറഞ്ഞിരിക്കുന്നത്. എന്നില്‍ അറിഞ്ഞോ അറിയാതെയോ നാടോടി കഥകളോട് ഒരു താല്പര്യക്കൂടുതലുണ്ട്. പാമ്പിച്ചിക്ക് ശേഷമാണ് പൊറാട്ട് നാടകം എന്ന കലാരൂപത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതും അറിയുന്നതും. ഈ കലാരൂപം കൂടുതല്‍ ജനങ്ങളിലേക്ക് എത്തപ്പെടേണ്ടതാണ് എന്ന തോന്നല്‍ ഉണ്ടായിരുന്നു. പക്ഷെ അത് മാത്രമായി പറഞ്ഞു പോയാല്‍ ജനങ്ങള്‍ അതിലേക്ക് എത്രമാത്രം ആകര്‍ഷിക്കപ്പെടും എന്ന സംശയം ഉടലെടുത്തത് കൊണ്ടാണ് അവരെ രസിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു രീതി പരീക്ഷിച്ചത്. അഞ്ചക്കള്ളകോക്കാന്‍ എന്ന പൊറാട്ട് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.

ചിത്രത്തില്‍ വയലന്‍സ് എന്ന ഘടകം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍, വയലന്‍സിനെ മഹത്വവല്‍ക്കരിക്കുകയോ അതോടൊപ്പം വികൃതമായി കാണിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ ധാരാളം സിനിമ കാണുന്ന വ്യക്തിയാണ്, അതുകൊണ്ട് തന്നെ കൃത്യമായി പിന്തുടരുന്ന ചില സംവിധായകരുടെ സ്വാധീനം എന്നില്‍ നല്ലതുപോലുണ്ട്. അത് സിനിമയിലും കൃത്യമായി കാണാന്‍ സാധിക്കും. പ്രത്യേകിച്ച് കോയന്‍ ബ്രദേഴ്‌സിനെ പോലുള്ളവരുടെ സ്വാധീനം. പിന്നെ അങ്കമാലി ഡയറീസ് എന്റെ ചേട്ടന്‍ എഴുതിയ ചിത്രമാണ്, ഞാന്‍ വരുന്നതും അങ്കമാലിയില്‍ നിന്നാണ്. ഒരു കാലത്ത് അങ്കമാലിയില്‍ നല്ല രീതിയിലുള്ള തല്ലും വഴക്കുകളും ധാരാളമായിരുന്നു. അതിന്റെയെല്ലാം ഒരു സ്വാധീനം എന്നില്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. മനഃപൂര്‍വം ഒരു പാശ്ചാത്യ ചായ്വ് സിനിമക്ക് നല്‍കണമെന്ന് വിചാരിച്ചല്ല ചെയ്തത്, എങ്കിലും സിനിമ പ്രേമം ഉള്ളില്‍ ഉള്ളതുകൊണ്ട് വന്നു പോയതാണ്.

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ്

ഞാന്‍ തെരഞ്ഞെടുത്തവരും ടീം അംഗങ്ങള്‍ ചേര്‍ന്ന് തീരുമാനിച്ചതുമായ കഥാപാത്രങ്ങളുണ്ട് ചിത്രത്തില്‍. വികില്‍ വേണുവിനൊപ്പം ചേര്‍ന്ന് പത്ത് മാസത്തോളം ഒരുമിച്ച് ചര്‍ച്ച ചെയ്ത് രൂപപെടുത്തിയെടുത്ത കഥയാണ് അഞ്ചക്കള്ളകോക്കാന്‍. അങ്കമാലി ഡയറീസ് വഴി മെറിന്‍ ജോസിനെ എനിക്ക് നേരത്തെ തന്നെ അറിയാം. പ്രവീണിനെ അദ്ദേഹത്തിന്റെ ബാലേട്ടന്റെ പ്രണയ കവിത കണ്ടാണ് വേഷം ചെയ്യാനായി വിളിക്കുന്നത്. ഗില്ലാപ്പികളുടെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇവര്‍ തന്നെ വേണം എന്ന് മനസില്‍ കണ്ടാണ് എഴുതിയത്. ഗില്ലാപ്പികള്‍ എന്ന കഥാപാത്രങ്ങള്‍ക്ക് ഞങ്ങള്‍ എന്താണോ ഉദേശിച്ചത് അതവര്‍ക്ക് പെട്ടന്ന് മനസ്സിലാകുകയും അധികം ബുദ്ധിമുട്ടിക്കാതെ ആ വേഷം ഭംഗിയാക്കുകയും ചെയ്തു എന്നതാണ് വാസ്തവം. ഞാനും ഛായാഗ്രാഹകനും ചേര്‍ന്ന് ഏതെങ്കിലും രീതിയില്‍ ചെയ്യാം എന്ന് പറയുമ്പോഴേക്കും അഭിനേതാക്കള്‍ ഓരോരുത്തര്‍ക്കും കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. നടവരമ്പന്‍ എന്ന കഥാപാത്രം ചെയ്തത് എന്റെ സഹോദരനായത് കൊണ്ട് എനിക്ക് അദ്ദേഹത്തോട് പറയാന്‍ കുറച്ച് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്റെ മനസിലെ നടവരമ്പനെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. നടവരമ്പനില്‍ എന്ത് വേണം എന്ന് ഞാന്‍ ആഗ്രഹിച്ചോ അത് അദ്ദേഹം എനിക്ക് തിരിച്ച് നല്‍കുകയും ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത മുഖം ആയിരിക്കണം അദ്ദേഹത്തിന്റെ കഥാപാത്രത്തിനെന്ന നിര്‍ബന്ധവും എനിക്കുണ്ടായിരുന്നു. ലുക്മാന്‍ ഇതിനു മുന്‍പ് ചെയ്ത ഉണ്ട എന്ന ചിത്രത്തിലെ പൊലീസ് കഥാപാത്രവും തല്ലുമാലയിലെ ആക്ഷന്‍ കഥാപാത്രവുമല്ലാത്ത ഒരാള്‍ ആയിരിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് വസുദേവന്‍ പിറവി എടുക്കുന്നത്.

ചിത്രത്തില്‍ പ്രധാനപ്പെട്ട മറ്റൊരു ഘടകം അതിലെ ഗാനങ്ങളാണ്. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതം. അദ്ദേഹവും ഞാനും പാമ്പിച്ചിയില്‍ ഒന്നിച്ചായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള സുഹൃത്ത് ബന്ധം ചിത്രത്തിലെ ഗാനങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്. ഞാന്‍ വിചാരിക്കാത്ത ചില ഇടങ്ങളില്‍ പ്രേക്ഷകര്‍ തമാശ കണ്ടെത്തുകയും അവര്‍ ആവേശം കൊള്ളുകയും ചെയ്തു എന്നത് എന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന ഒന്നായിരുന്നു. ചിത്രത്തിലെ വയലന്‍സ് പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ഭയം എന്റെയുള്ളില്‍ ഉണ്ടായിരുന്നു. എന്തെന്നാല്‍ അതിനെയെല്ലാം കീഴ്മേല്‍ മറിച്ചുകൊണ്ടാണ് അവരുടെ പ്രതികരണം.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍