UPDATES

‘കൈകളില്‍ വിലങ്ങിട്ട് മുഖത്ത് മൂത്രമൊഴിച്ചു, നായ്ക്കളെ കൊണ്ട് ആക്രമിച്ചു, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി…’

ഇസ്രയേല്‍ തടവറകളിലെ ക്രൂരതകള്‍

                       

ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ ഇസ്രയേല്‍ ജയിലുകളില്‍ തങ്ങള്‍ നരകയാതനകള്‍ നേരിടേണ്ടി വന്നതായി പലസ്തീന്‍ തടവുകാര്‍. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വിട്ടയക്കപ്പെട്ട പലസ്തീനികളാണ്, ഇസ്രയേല്‍ തടവറകളില്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ തുറന്നു പറയുന്നത്.

ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തില്‍ 1,400 ഓളം മനുഷ്യരെയാണ് കൊന്നൊടുക്കിയത്. അതിന്റെ പ്രതികാരമെന്ന നിലയില്‍ ഒന്നരമാസത്തോളം ഗാസയില്‍ ‘ വംശഹത്യ’ എന്ന് വിളിക്കാവുന്ന തരത്തിലുള്ള ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഒടുവില്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറാണ് താത്കാലിയ യുദ്ധശമനം ഉണ്ടാക്കിയിരിക്കുന്നത്. ഹമാസ് ബന്ദികളാക്കിയവരെ വിട്ടുകിട്ടാനാണ് ഇസ്രയേല്‍ ഇത്തരമൊരു കരാറിന് സമ്മതിച്ചത്. ഉഭയകക്ഷി സമ്മതപ്രകാരം ഇസ്രയേല്‍ തടവില്‍ കിടക്കുന്ന കുറച്ചു പലസ്തീനികളെയും വിട്ടയിച്ചിട്ടുണ്ട്. ഇവരില്‍ ചിലരാണ് ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ സൈന്യം തങ്ങളോട് കാണിച്ച ക്രൂരതകള്‍ ലോകത്തോട് വിളിച്ചു പറയുന്നത്.

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ പ്രതികാരമാണ് അവര്‍ തീര്‍ത്തതെന്നാണ് വിട്ടയക്കപ്പെട്ടവര്‍ പറയുന്നത്. വടികള്‍ ഉപയോഗിച്ച് പൊതിരെ തല്ലി, നായ്ക്കളെക്കൊണ്ട് ആക്രമിച്ചു, ഞങ്ങളുടെ വസ്ത്രങ്ങളും തണുപ്പ് മാറ്റാനുള്ള കമ്പളികളും എടുത്തു മാറ്റി’ ഒരു തടവുകാരന്‍ ബിബിസിയോട് പറയുന്നു.

ഒരു സ്ത്രീ തടവുകാരി പറഞ്ഞത്, ഇസ്രയേല്‍ സൈനികര്‍ അവളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ്. തടവറകള്‍ക്കുള്ളില്‍ രണ്ടു തവണയായി കണ്ണീര്‍ വാതകം പ്രയോഗിച്ചുവെന്നും വെളിപ്പെടുത്തുന്നു.

ബിബിസി പറയുന്നത്, അവര്‍ സംസാരിച്ച ആറ് വിമോചിത തടവുകാരും പറഞ്ഞത്, വിട്ടയക്കുന്നതിന് മുമ്പ് അവരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നാണ്.

പാലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി ആരോപിക്കുന്നത്, പലസ്തീനികളെ കൈവിലങ്ങ് വച്ചശേഷം ഇസ്രയേലി സൈനികര്‍ അവരുടെ മുഖത്ത് മൂത്രമൊഴിച്ചു എന്നാണ്. കഴിഞ്ഞ ഏഴാഴ്ച്ചയ്ക്കിടയില്‍(ഒക്ടോബര്‍ ഏഴിന് ശേഷം) ആറ് പലസ്തീനികള്‍ ഇസ്രയേല്‍ തടവറകളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സൊസൈറ്റി ആരോപിക്കുന്നു.

ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുന്നതിന് പകരമായി മോചിപ്പിച്ച പലസ്തീന്‍ തടവുകാരില്‍ ഒരാള്‍ പതിനെട്ടുകാരനായ മൊഹമ്മദ് നസ്സല്‍ ആണ്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ നസ്സല്‍ നാഫ ജയിലില്‍ കഴിയുകയായിരുന്നു. ഒരു കുറ്റവും ഈ ചെറുപ്പക്കാരനു മേല്‍ ചുമത്തിയിട്ടില്ലായിരുന്നു. എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നുപോലും അറിയില്ലെന്നാണ് നസ്സല്‍ പറഞ്ഞത്. അധിനിവേശ വെസ്റ്റ്ബാങ്കിന്റെ തെക്കന്‍ പ്രദേശമായ ജെനിനിലെ ക്വാബടിയ ഗ്രാമത്തിലാണ് നസ്സലിന്റെ വീട്. തന്റെ ബന്ധുക്കള്‍ക്ക് നടുവില്‍ ഇരിക്കുന്ന നസ്സിലിന്റെ രണ്ട് കൈത്തണ്ടകളും പൂര്‍ണമായി ബാന്‍ഡേജ് ചുറ്റിയ നിലയിലാണ്.

പത്തു ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രയേലി ഗാര്‍ഡുകള്‍ തങ്ങളെ ഇട്ടിരുന്ന തടവറയില്‍ വന്ന് ഒരു മൈക്രോഫോണും സ്പീക്കറും ഉപയോഗിച്ച് തടവുകാരുടെ പേരും വിളിച്ചും ഉച്ചത്തില്‍ അലറിവിളിച്ചുമൊക്കെ പലവിധത്തില്‍ പ്രകോപനം ഉണ്ടാക്കാന്‍ നോക്കിയിരുന്നു. ഞങ്ങള്‍ ഒരുതരത്തിലും പ്രതികരിക്കാന്‍ തയ്യാറാകാതിരുന്നതോടെ അവര്‍ ഞങ്ങളെ മര്‍ദ്ദിക്കാന്‍ തുടങ്ങി. പ്രായമുള്ളവരെ പിന്നിലും ചെറുപ്പക്കാരെ മുന്നിലുമായി വരിയില്‍ നിര്‍ത്തിയാണ് തല്ലിയത്. തലയില്‍ അടികൊള്ളാതിരിക്കാന്‍ പ്രതിരോധിച്ചപ്പോഴാണ് കൈകള്‍ക്ക് പരിക്കേറ്റത്. അവരെന്റെ കൈകാലുകള്‍ തല്ലിയൊടിക്കാനാണ് ശ്രമിച്ചത്’- നസ്സല്‍ ബിബിസിയോട് പറയുന്ന കാര്യങ്ങളാണ്.

ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും തനിക്കാവില്ലായിരുന്നു. സഹതടവുകാരനാണ് ശുചിമുറിയില്‍ പോകുന്നതിന് ഉള്‍പ്പെടെ സഹായിച്ചത്. ചികിത്സ വേണമെന്നു ഗാര്‍ഡുകളോട് പറഞ്ഞില്ല, അവര്‍ വീണ്ടും തല്ലിയാലോ എന്നായിരുന്നു പേടി’- നസ്സലിന്റെ വാക്കുകള്‍.

മൊഹമ്മദ് നസ്സലിനെ അവന്റെ വീട്ടുകാര്‍ വെസ്റ്റ്ബാങ്കിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. അവിടെയുള്ള രണ്ട് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ കൈകളുടെ എക്‌സറേ എടുത്ത് നോക്കിയശേഷം പറഞ്ഞത്, അസ്ഥികള്‍ പൊട്ടിയിട്ടുണ്ടെന്നാണ്. എന്നാല്‍ ഇസ്രയേല്‍ പ്രിസണ്‍ സര്‍വീസ് അധികൃതര്‍ പറയുന്നത്, വിട്ടയക്കുമ്പോള്‍ മൊഹമ്മദ് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ്.

ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രയേല്‍ ഗാര്‍ഡുകളുടെ സ്വഭാവം കൂടുതല്‍ പൈശാചികമായെന്നാണ് വിട്ടയക്കപ്പെട്ട തടവുകാര്‍ പറയുന്നത്. അവര്‍ കാലുകള്‍ കൊണ്ട് ഞങ്ങളെ തൊഴിച്ചു, വടികള്‍ ഉപയോഗിച്ചു തല്ലി. ഒരു ഗാര്‍ഡ് തന്റെ മുഖത്ത് ചവിട്ടിയെന്നും നസ്സല്‍ ബിബിസിയോടു പറയുന്നു.

‘ അവര്‍ അവരുടെ നായ്ക്കളുമായാണ് എത്തിയത്. അവയെ വിട്ട് ഞങ്ങളെ ആക്രമിച്ചു. അതിനൊപ്പം തന്നെ മര്‍ദ്ദിക്കുകയും ചെയ്തു’

‘അവര്‍ ഞങ്ങളുടെ കിടക്കയും, വസ്ത്രങ്ങളും തലയിണകളും കമ്പളിയുമെല്ലാം എടുത്തു മാറ്റി. വെറും നിലത്താണ് അവര്‍ ഞങ്ങള്‍ക്കുള്ള ഭക്ഷണം വിതറിയിട്ടത്’

മൂര്‍ച്ചയേറിയ ബ്ലേഡുകള്‍ ഘടിപ്പിച്ച മുഖാവരണം ധരിച്ച നായ്ക്കളായിരുന്നു ഞങ്ങളെ ആക്രമിച്ചത്. അവയുണ്ടാക്കിയ മുറിപ്പാടുകള്‍ എന്റെ ദേഹത്ത് കാണാം’ എന്നാണ് നസ്സല്‍, തന്റെ മുതുകും കൈകളും കാണിച്ചുകൊണ്ട് ബിബിസിയോട് പറഞ്ഞത്.

ഹമാസ് നടത്തിയ ആക്രമണത്തിന്റെ പ്രതികാരമെന്ന നിലയിലാണ് അവര്‍ ഞങ്ങളെ ഉപദ്രവിച്ചതെന്ന് മറ്റൊരു വിട്ടയക്കപ്പെട്ട തടവുകാരനും ബിബിസിയോട് പറഞ്ഞു. ക്രൂരമായ പീഢനങ്ങളായിരുന്നു നേരിടേണ്ടി വന്നത്. ശാരീരികമായി മാത്രമല്ല, മാനസികമായും’.

പലസ്തീന്‍ തടവുകാരുടെ പരാതികളെക്കുറിച്ച് ബിബിസി ഇസ്രയേല്‍ പ്രിസണ്‍ സര്‍വീസ് ഉദ്യോഗസ്ഥരോട് പ്രതികരണം തേടിയപ്പോള്‍, അവര്‍ എല്ലാം നിഷേധിക്കുകയാണ്. വിട്ടയക്കുമ്പോള്‍ ഒരു തടവുകാരനും പരിക്കില്ലായിരുന്നുവെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. തടവിലാക്കപ്പെട്ടവരെല്ലാം കുറ്റവാളികളായിരുന്നുവെന്നും നിയമപ്രകാരമായിരുന്നു എല്ലാവരുടെയും അറസ്റ്റും തടവും എന്നവര്‍ വാദിക്കുന്നു.

ലാമ ഖാദര്‍ എന്ന പലസ്തീനി സ്ത്രീ(അവരെ ഒരാഴ്ച്ച മുമ്പ് മോചിതയാക്കിയിരുന്നു) പറഞ്ഞത്, ഒരു ഇസ്രയേലി ഇന്റലിജന്‍സ് ഓഫിസര്‍ ബലാത്സംഗം ചെയ്യുമെന്നു പറഞ്ഞു തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ്.

‘ അവരെന്റെ കൈകള്‍ വിലങ്ങുകള്‍ കൊണ്ട് ബന്ധിച്ചിരുന്നു, കണ്ണുകള്‍ മൂടിക്കെട്ടിയിരുന്നു. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, എന്നെ ഭയപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം’- ലാമ നല്‍കിയ ഒരു വീഡിയോ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളാണ്. ഇക്കാര്യങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചിരുന്നു. ബിബിസിയോട് ഫോണില്‍ സംസാരിച്ചപ്പോള്‍ ലാമ തന്റെ പരാതികളില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഡാമോന്‍ ജയിലില്‍ താനും മറ്റുള്ള സ്ത്രീ തടവുകാരും ബലാത്സംഗ ഭീഷണികള്‍ നേരിട്ടിരുന്നു. സെല്ലിനുള്ളില്‍ അവര്‍ കണ്ണീര്‍വാതകങ്ങള്‍ പ്രയോഗിച്ചുവെന്നും ലാമ പറഞ്ഞു.

മോചിക്കപ്പെട്ട തിരികെ നാട്ടിലെത്തിയെങ്കിലും വിട്ടയക്കപ്പെട്ട പലസ്തീനികള്‍ അവരുടെ പഴയ ജീവിതത്തിലേക്ക് തിരികെയെത്താന്‍ സമയമെടുക്കും, ചിലപ്പോള്‍ ഒരിക്കലും അവര്‍ പഴയപോലെ ആകുകയുമില്ല. അത്രയേറെ അവര്‍ മാനസികമായി തകര്‍ന്നിരിക്കുന്നു. നസ്സലിന്റെ ജേഷ്ഠന്‍ മുതാസ് പറഞ്ഞത്, തങ്ങള്‍ക്ക് അറിയമായിരുന്ന നസ്സല്‍ അല്ല ഇപ്പോള്‍ ഉള്ളതെന്നാണ്. മുന്‍പ് അവന്‍ ധൈര്യശാലിയായ ഒരു പയ്യനായിരുന്നു, ഇപ്പോള്‍ ആകെ തകര്‍ന്നിരിക്കുന്നു, അവന് എല്ലാത്തിനോടും പേടിയാണ്…”

Share on

മറ്റുവാര്‍ത്തകള്‍