UPDATES

‘ഞങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റിയശേഷം ലാത്തിയും ഇരുമ്പ് വടികളും കൊണ്ട് തല്ലി, മുറിവുകളില്‍ മുളകുപൊടി വിതറി’

കശ്മീരില്‍ സൈന്യം പീഡിപ്പിച്ചെന്ന പരാതിയുമായി പ്രദേശവാസികള്‍

                       

കശ്മീരിലെ പൂഞ്ചില്‍ തീവ്രവാദി ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത നാട്ടുകാരോട് സൈന്യം നടത്തിയത് ക്രൂരമായ പീഡനങ്ങളെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചയോടെയാണ് സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നായക്മാരായ ബിരേന്ദര്‍ സിംഗ്, കരണ്‍ കുമാര്‍, റൈഫിള്‍മാന്‍മാരായ ഗൗതം കുമാര്‍, ചന്ദന്‍ കുമാര്‍ എന്നിവര്‍ കൊല്ലപ്പെടുന്നത്. ഇതിനു പിന്നാലെ സൈന്യം തീവ്രവാദികള്‍ക്കായി നടത്തിയ തിരച്ചലിന്റെ ഭാഗമായാണ് തദ്ദേശവാസികളായവരെ ചോദ്യം ചെയ്യാന്‍ വേണ്ടി പിടിച്ചു കൊണ്ടു പോയത്. സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിന് അടുത്തായി മൂന്നു പ്രദേശവാസികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. കൊല്ലപ്പെട്ട നാട്ടുകാരുടെ ശരീരത്തില്‍ സാരമായ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും സൈന്യമാണ് അവരെ പീഡിപ്പിച്ചതെന്നും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചു. സൈന്യം ചോദ്യം ചെയ്യാന്‍ പിടികൂടിയവരാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി ആരോപിച്ചു. ബഫ്‌ലിയാസ് മേഖലയിലെ തോപ പിര്‍ ഗ്രാമത്തില്‍ നിന്നും 12 നാട്ടുകാരെ സൈന്യം പിടികൂടി കൊണ്ടു പോയിരുന്നുവെന്നും മെഹബൂബ മുഫ്തി ആരോപിച്ചു. ക്രൂരപീഡനങ്ങള്‍ക്ക് വിധേയരായ 12 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പിഡിപി ചീഫ് പറഞ്ഞു.

സിവിലിയന്‍മാരുടെ മരണം പ്രദേശത്ത് സംഘര്‍ഷസാധ്യത വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ പൂഞ്ച്, രജൗരി മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരുന്നു. നാട്ടുകാരുടെ മരണത്തില്‍ അന്വേഷണം നടക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും അധികാരികള്‍ പറയുന്നു.

അതേസമയം, സൈന്യം കസ്റ്റഡിയിലെടുത്തിട്ട് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നത്, തങ്ങള്‍ നേരിട്ടത് ക്രൂരമായ പീഡനങ്ങളായിരുന്നുവെന്നാണ്. മൊഹമ്മദ് അഷ്‌റഫ് എന്ന 52കാരന്‍ ഇതേക്കുറിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിക്കുന്നുണ്ട്. ‘ അവര്‍ ഞങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റിയശേഷം ലാത്തിക്കൊണ്ടും ഇരുമ്പ് ദണ്ഡുകൊണ്ടും മര്‍ദ്ദിച്ചു. ഞങ്ങളുടെ ശരീരത്തിലെ മുറിവുകളില്‍ മുളകുപൊടി വിതറി’- സൈന്യത്തില്‍ നിന്നുണ്ടായ പീഡനങ്ങളായി മൊഹമ്മദ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നതാണിത്. മൊഹമ്മദ് ഉള്‍പ്പെടെ അഞ്ചുപേരെ രജൗരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൂഞ്ചില്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ സൈന്യം നാട്ടുകാരെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. നാട്ടുകാരില്‍ ഒരാളെ ഇരുമ്പ് ദണ്ഡുകളും ലാത്തികളും കൊണ്ട് തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ വീഡിയോയില്‍ ഇന്ത്യന്‍ സൈന്യം മര്‍ദ്ദിക്കുന്ന വ്യക്തി താനാണെന്നാണ് മൊഹമ്മദ് അഷറഫ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്.

ഉറങ്ങാന്‍ പറ്റുന്നില്ലെന്നാണ് മൊഹമ്മദ് പറയുന്നത്.’ ശരീരം മുഴുവന്‍ വേദനിക്കുമ്പോള്‍ ആര്‍ക്കാണ് ഉറങ്ങാന്‍ പറ്റുക? കണ്ണടച്ചാല്‍ മനസ് മുഴുവന്‍ നിറയുന്നത് പീഡനത്തിന്റെ ഓര്‍മകളാണ്’ മൊഹമ്മദ് തന്റെ അവസ്ഥ വിവരിക്കുന്നു.

രജൗറി ജില്ലയിലെ തനമണ്ഡി മേഖലയിലുള്ള ഹസബാലോട്ട് ഗ്രാമത്തിലുള്ളതാണ് മൊഹമ്മദ് അഷറഫ്. ജമ്മു-കശ്മീര്‍ പവര്‍ ഡവലപ്‌മെന്റ് വകുപ്പില്‍ 2007 മുതല്‍ ലൈന്‍മാനായി ജോലി നോക്കുകയാണ്. മാസ ശമ്പളം 9,330 രൂപ. ഈ ശമ്പളം വച്ചുവേണം മൂന്നു മക്കളുടെ കാര്യം നോക്കാന്‍. മൂത്തമകള്‍ക്ക് 18 വയസുണ്ട്, ഇളയ രണ്ട് ആണ്‍കുട്ടികള്‍ക്ക് 15 ഉം 10 ആണ് പ്രായം. ഈ വര്‍ഷം മാര്‍ച്ചില്‍ മൊഹമ്മദിന്റെ ഭാര്യ മരിച്ചു പോയിരുന്നു. തനാമണ്ഡിയില്‍ നിന്ന് തന്നെയുള്ളവരാണ് അഷ്‌റഫിനൊപ്പം ചികിത്സയിലുള്ള മറ്റ് നാല് പേരും. 45 കാരനായ ഫറൂഖ് അഹമദ്, 50 വയസുള്ള ഫസല്‍ ഹുസൈന്‍, ഹുസൈന്റെ അനന്തരവനായ 25 കാരന്‍ മൊഹമ്മദ് ബേതബ്, അയാളുടെ സഹോദരനായ 15 കാരനും. ഇരിക്കാനും നില്‍ക്കാനും വയ്യാത്ത അവസ്ഥയിലാണ് തങ്ങളെല്ലാവരുമെന്നാണ് മൊഹമ്മദ് പറയുന്നത്.

വെള്ളിയാഴ്ച്ച രാവിലെ ഒമ്പതരയോടെ വീട്ടില്‍ നിന്നാണ് മൊഹമ്മദ് അഷ്‌റഫിനെ സൈന്യം പിടികൂടുന്നത്. ദേര കി ഗാലിക്ക്(ഡികെജി) സമീപമുള്ള മന്യാല്‍ ഗാലിയിലേക്കാണവര്‍ എന്നെ കൊണ്ടു പോയത്. അവിടെയൊരു ടാറ്റ സുമോ നിര്‍ത്തിയിട്ടുണ്ടായിരുന്നു. അതില്‍ മറ്റ് സൈനികര്‍ക്കപ്പം ഫറൂഖ് അഹമ്മദും ഇരിക്കുന്നുണ്ടായിരുന്നു, കുറച്ചു കഴിഞ്ഞപ്പോള്‍ മൊഹമ്മദ് ബേതാബിനെയും അവന്റെ സഹോദരനെയും കൂടി കൊണ്ടുവന്നു. പിന്നീട് ഞങ്ങളെ ഡികെജിയിലുള്ള സൈനിക ക്യാമ്പിലേക്ക് കൊണ്ടു പോയി. 10.30 ഓടെ ഞങ്ങളവിടെ എത്തി. അപ്പോള്‍ തന്നെ അവര്‍ ഞങ്ങളുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തു. ഒരക്ഷരം പോലും ചോദിക്കാന്‍ നില്‍ക്കാതെ ലാത്തിയും ഇരുമ്പ് ദണ്ഡുകളും കൊണ്ടുള്ള മര്‍ദ്ദനം തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വസ്ത്രങ്ങള്‍ ഊരിമാറ്റിച്ചു, വീണ്ടും തല്ലാന്‍ തുടങ്ങി. മുറിവുണ്ടാകുന്ന ഭാഗങ്ങളില്‍ മുളകു പൊടി വിതറി. ഞങ്ങളെല്ലാം അബോധാവസ്ഥയില്‍ വീണുപോകുന്നതുവരെ ആ ക്രൂരത തുടര്‍ന്നു’.

സൈന്യം പീഡിപ്പിച്ചുവെന്നു പറയുന്നവരില്‍ ഒരാള്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്. ആ 15 കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീവ്രവാദി ആക്രമണം ഉണ്ടാകുന്നതിന് എട്ടു ദിവസം മുമ്പ് തന്റെ വീട്ടില്‍ നടത്തിയ വിരുന്നില്‍ തീവ്രവാദികള്‍ പങ്കെടുക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നോ എന്നു സൈനികര്‍ ചോദിച്ചിരുന്നുവെന്ന് 15 കാരന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നുണ്ട്. ‘ തന്റെ സോഹദരന്‍ ബേതാബിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിരുന്നായിരുന്നു വീട്ടില്‍ നടന്നതെന്നാണ് താന്‍ മറുപടി പറഞ്ഞതിനു പിന്നാലെ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ത്ത് തന്നെയും മര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നാണ് 15 കാരന്‍ പറയുന്നത്. കശ്മീരില്‍ ജോലി നോക്കുന്ന ബേതാബ് ഡിസംബര്‍ 15 ന് നടന്ന തന്റെ കല്യാണത്തോട് അനുബന്ധിച്ചാണ് രണ്ടു മാസങ്ങള്‍ക്ക് മുമ്പായി വീട്ടിലെത്തുന്നത്. ഒരു മാസം ഭാര്യയുമായി എന്റെ വീട്ടില്‍ തങ്ങിയശേഷം കശ്മീരിലെ ജോലി സ്ഥലത്തേക്ക് മടങ്ങാമെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന് ബേതാബ് പറയുന്നു. സൈന്യം തല്ലിത്തല്ലി തന്റെ പിന്‍ഭാഗത്ത് തൊലിയെല്ലാം ഇളകിപ്പോയെന്നാണ് ബേതാബ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്.

തീവ്രവാദി ആക്രമണം നടന്ന് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ പൊലീസ് ബേതാബിന്റെ വീട്ടിലെത്തിയിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരം പൊലീസുകാര്‍ വരുമ്പോള്‍ ബേതാബും സഹോദരനും അമ്മാവന്‍ ഫസല്‍ ഹുസൈനും ഒരുമിച്ചുണ്ടായിരുന്നു. പൊലീസ് അവരെ സ്റ്റേഷനിലോക്ക് കൂട്ടിക്കൊണ്ടു പോയി. മൂന്നു മണിക്കൂറിനുശേഷം വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. വെള്ളിയാഴ്ച്ച രാവിലെ തനാമണ്ഡി പൊലിസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. പിറ്റേദിവസം സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു സൈന്യം വിളിക്കുന്നതും ക്യാമ്പിലേക്ക് കൊണ്ടു പോകുന്നതും. അതേസമയം രജൗറി മെഡിക്കല്‍ കോളേജില്‍ ഇത്തരത്തില്‍ അഞ്ചുപേര്‍ പ്രവേശിപ്പിക്കപ്പെട്ട കാര്യം അറിയില്ലെന്ന മറുപടിയാണ് ആര്‍മി പിആര്‍ഒയില്‍ നിന്നും കിട്ടിയതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍