UPDATES

‘പാകിസ്താന്‍ കളിക്കാരുടെ പേര് പോലും അറിയില്ല, പക്ഷേ അവര്‍ കാരണം ഞങ്ങളുടെ ജീവിതം തകര്‍ന്നു’

ഇന്ത്യയില്‍ ‘ രാജ്യദ്രോഹികള്‍’ സൃഷ്ടിക്കപ്പെടുന്നതിങ്ങനെയാണ്

                       

2017 ജൂണ്‍ 18 ന് നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍. എതിരാളികള്‍, ഇന്ത്യയും പാകിസ്താനും. മത്സരത്തില്‍ 180 റണ്‍സിന് പാകിസ്താന്‍ വിജയിച്ചു. ആ മത്സരം ഇന്ത്യയെ തോല്‍പ്പിച്ചത് മറ്റൊരുവിധത്തില്‍ കൂടിയായിരുന്നു.

ഈ ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് ‘ രാജ്യ ദ്രോഹികള്‍’ സൃഷ്ടിക്കപ്പെടുന്നത് എന്നതിന് മറ്റൊരു ഉദ്ദാഹരണമാണിത്.

പാകിസ്താന്‍ വിജയം ആഘോഷിച്ചു, പാകിസ്താന് സിന്ദാബാദ് വിളിച്ചു, മധുരപലഹാരം വിതരണം ചെയ്യുകയും പടക്കം പൊട്ടിക്കുകയും ചെയ്തു എന്നൊക്കെ കുറ്റം ചാര്‍ത്തി, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പെടെ, 17 പേരെയാണ് മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എല്ലാവരും മുസ്സിം സമുദായത്തിലുള്ളവര്‍. പാകിസ്താനെ പിന്തുണച്ചുകൊണ്ട് ഇന്ത്യക്കെതിരേ ഗൂഢാലോചന നടത്തിയെന്നായിരുന്നു അവര്‍ക്കെതിരെയുള്ള കുറ്റം. ” ഇവരുടെ പ്രവര്‍ത്തി ഗ്രാമത്തില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ചു, അവര്‍ രാജ്യത്തെ അപമാനിച്ചു. പ്രതികള്‍ ഇന്ത്യയോടുള്ള അവരുടെ വെറുപ്പ് പ്രകടിപ്പിച്ചു” ; പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ആരോപണങ്ങളാണ്.

പൊലീസിന്റെ ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുകളുമില്ലെന്ന് കണ്ട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 17 പേരെയും കുറ്റവിമുക്തരാക്കുമ്പോള്‍, ആറ് വര്‍ഷം പിന്നിട്ടിരുന്നു. കേസില്‍ നിന്നും ഒഴിവായെങ്കിലും ഇന്നും അവരുടെ ജീവിതം പൂര്‍വസ്ഥിതിയിലായിട്ടില്ലെന്നാണ് അവരെ കണ്ട് സംസാരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടതി വെറുതെ വിട്ടിട്ട് ആറുമാസത്തോളമായെങ്കിലും തകര്‍ന്നുപോയ ജീവിതം തിരികെ പിടിക്കാന്‍ കഴിയാതെയവര്‍ ഉഴലുകയാണ്.

പ്രോസിക്യൂഷന്റെ കഥയെ പിന്തുണയ്ക്കുന്ന യാതൊരു തെളിവും ഈ കേസില്‍ ഇല്ലെന്നായിരുന്നു 2023 ഒക്ടോബറില്‍ പുറപ്പെടുവിച്ച വിധിയില്‍ ജഡ്ജി ദേവേഷ് മിശ്ര ചൂണ്ടിക്കാട്ടിയത്. പ്രോസിക്യൂഷന്‍ സാക്ഷിയായി കോടതിയില്‍ അവതരിപ്പിച്ച സുഭാഷ് കോഹ്‌ലി എന്ന ചെറുപ്പക്കാരന്‍ നീതി പീഠത്തിനു മുന്നില്‍ സത്യം തുറന്നു പറഞ്ഞതും കുറ്റാരോപിതര്‍ക്ക് സഹായമായി. കുറ്റാരോപിതര്‍ പാകിസ്താന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് അയല്‍രാജ്യത്തിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതും മധുരപലഹാരം വിതരണം ചെയ്യുന്നതും പടക്കം പൊട്ടിക്കുന്നതുമൊക്കെ കണ്ടയാള്‍ എന്ന നിലയ്ക്കായിരുന്നു കോഹ്‌ലിയെ പൊലീസ് കോടതിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ അയാള്‍ പറഞ്ഞത്, പൊലീസ് തന്നെ ഭീഷണിപ്പെടുത്തി സാക്ഷിയാക്കിയതാണെന്നാണ്. വീട്ടിലിരുന്നു ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരുന്ന താന്‍ പിന്നീടാണ് അറിയുന്നത്, സുഹൃത്ത് ഷാഹിദ് മന്‍സൂരിയെയും ഏതാനും ഗ്രാമവാസികളെയും പൊലീസ് അറസ്റ്റ് ചെയ്‌തെന്ന്. വിവരം അറിഞ്ഞാണ് കോഹ്‌ലി സ്റ്റേഷനില്‍ ചെല്ലുന്നത്. പിന്നീട് നടന്നത് പൊലീസിന്റെ തിരക്കഥയ്ക്ക് അനുസരിച്ചുള്ള കാര്യങ്ങളായിരുന്നു. പൊലീസ് കോഹ്‌ലിയുടെ പിതാവിനെ പിടിച്ചുകൊണ്ടു പോയി. സ്‌റ്റേഷന്‍ ഇന്‍-ചാര്‍ജ് അയാളുടെ പിതാവിനെ തല്ലി. സുഹൃത്ത് ഷാഹിദിനെ ഒരു മുറിയിലിട്ട് പത്തുമിനിട്ടോളം മര്‍ദ്ദിച്ചു. കോഹ്‌ലിയുടെ ഫോണില്‍ നിന്നും 100 എന്ന പൊലീസ് നമ്പറിലേക്ക് വിളിപ്പിച്ച്, തങ്ങള്‍ പറയുന്നതുപോലുള്ള കാര്യങ്ങള്‍ നടന്നതായി പറയാന്‍ നിര്‍ബന്ധിച്ചു. പിറ്റേദിവസം പൊലീസ് കോഹ്‌ലിയെക്കൊണ്ട് ഒരു പേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പിടീപ്പിച്ചു. അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. പൊലീസ് അയാളുടെ മൊഴി എടുത്തിട്ടുമില്ലായിരുന്നു- ഇതെല്ലാം കോടതി വിധിയില്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളാണ്. പൊലീസ് പറയുന്ന പ്രകാരമുള്ള കാര്യങ്ങള്‍ കുറ്റാരോപിതര്‍ ചെയ്യുന്നത് സാക്ഷി കണ്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, സാക്ഷിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്ന വസ്തുതയും വിധിയില്‍ പറയുന്നുണ്ട്.

കാന്‍സര്‍ ബാധിതനായ സുഭാഷ് കോഹ്‌ലി ആറു മാസങ്ങള്‍ക്ക് മുമ്പ് മരിച്ചു. അയാളുടെ ചികിത്സയ്ക്കായി പണം സമാഹരിച്ചത്, പൊലീസ് ‘രാജ്യദ്രോഹി’കളാക്കിയ അതേ മനുഷ്യരായിരുന്നുവെന്ന് അവരുടെ അഭിഭാഷകന്‍ ഷൊയ്ബ് അഹമ്മദ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു. ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകളെ ലക്ഷ്യം വച്ച് പൊലീസ് ഉണ്ടാക്കിയ കേസ് ആയിരുന്നു ഇതെന്നും ഷൊയ്ബ് അഹമ്മദ് പറയുന്നു. കുറ്റാരോപിതരിലൊരാളായ റുബാബ് നവാബ് എന്ന 40കാരന്‍ 2019 ല്‍ ആത്മഹത്യ ചെയ്തു.

കര്‍ഷകരും കൂലിപ്പണിക്കാരുമായി മനുഷ്യരായിരുന്നു കേസില്‍ പ്രതികളാക്കപ്പെട്ടത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് പഥകും മറ്റു പൊലീസുകാരും തങ്ങളെ ലോക്കപ്പിലിട്ട് ക്രൂരമായി തല്ലിച്ചതച്ചതായി ഇരകളായ മനുഷ്യര്‍ പറയുന്നു. എന്നാല്‍ ഇന്‍സ്‌പെക്ടര്‍ പഥക് ഇന്ത്യന്‍ എക്‌സ്പ്രസിനോട് ചോദിക്കുന്നത്, അവര്‍ക്ക് മര്‍ദ്ദനമേറ്റെങ്കില്‍ അതിന്റെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ എവിടെയെന്നാണ്? എന്തുകൊണ്ട് അതൊന്നും കോടതിയില്‍ ഹാജരാക്കിയില്ലെന്നാണ്. ഭാരതത്തിന് മുര്‍ബാദ് വിളിക്കുന്നത് ശരിയായ പ്രവര്‍ത്തിയാണെന്ന് താന്‍ കരുതില്ലെന്നും, ഗ്രാമത്തില്‍ വീണ്ടും ജീവിക്കണമല്ലോ എന്നോര്‍ത്ത് ഭയം കൊണ്ടാണ് സാക്ഷി കൂറുമാറിയതെന്നും, അതുകൊണ്ടാണ് കേസില്‍ നിന്നും അവര്‍ രക്ഷപ്പെട്ടതെന്നുമാണ് സഞ്ജയ് പഥക് വാദിക്കുന്നത്.

വിചാരണ കാലയളവ് തങ്ങളുടെ ജീവിതം പൂര്‍ണമായി തകര്‍ത്തു കളഞ്ഞുവെന്നാണ് കുറ്റവിമുക്തരായവര്‍ പറയുന്നത്. ഒരുപാട് ദുരിതങ്ങള്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വന്നു.

തന്റെ മോളെ സ്‌കൂളില്‍ ആക്കാന്‍ പോകുമ്പോഴായിരുന്നു 32 കാരനായ ഇമാം തദ്വിയെ പൊലീസ് പിടികൂടുന്നത്. തദ്വിയെ ലാത്തികൊണ്ട് അടിക്കുന്നതിനിടയില്‍ ആ കൊച്ചുകുട്ടി നിലത്ത് വീണ് അവളുടെ മൂക്ക് പൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു. തന്നെ വലിച്ചിഴച്ചു പൊലീസ് വാനില്‍ കയറ്റി കൊണ്ടു പോകുന്നത് മകള്‍ നിസ്സഹായയായി നോക്കി നില്‍ക്കുകയായിരുന്നുവെന്ന് തദ്വി പറയുന്നു.

കുറ്റാരോപിതരില്‍ ഭൂരിഭാഗം പേരും തൊഴില്‍ തേടി ഗുജറാത്തിലും ആന്ധ്രയിലുമൊക്കെ പോയിരുന്നവരാണ്. വിചാരണയുടെ ആദ്യ മൂന്നു വര്‍ഷവും ജാമ്യവ്യവസ്ഥയനുസരിച്ച് എല്ലാ ആഴ്ച്ചയും അവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഒപ്പിടേണ്ടിയിരുന്നു. ബുര്‍ഹന്‍പൂരിലെ ചോളപ്പാടങ്ങളില്‍ 12 മണിക്കൂര്‍ ജോലി ചെയ്താലും ദിവസം 300 രൂപ മാത്രം കൂലി കിട്ടുന്ന പാവങ്ങളായിരുന്നു ആ മനുഷ്യര്‍. അതുകൊണ്ടാണവര്‍ കുറച്ചു കൂടി മെച്ചപ്പെട്ട കൂലി തേടി ഇതര നാടുകളിലേക്ക് പോയത്.

‘ മൂന്നു നേരം ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാത്ത ഞങ്ങള്‍ പാകിസ്താന്‍ വിജയിച്ചതിന്റെ പേരില്‍ മധുരപലഹാരങ്ങള്‍ വാങ്ങി വിതരണം ചെയ്യതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? എന്നാണ് ഇമാം തദ്വി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് ചോദിക്കുന്നത്. എനിക്ക് പാകിസ്താന്‍ ക്രിക്കറ്റ് കളിക്കാരുടെ പേരുകള്‍ പോലും അറിയില്ല, പക്ഷേ, അവര്‍ കാരണം എന്റെ ജീവിതം നശിച്ചു’ തദ്വി സ്വയം ശപിച്ചുകൊണ്ടു പറയുന്നു.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന്റെ പേരില്‍ രണ്ടു കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസം പോലും നഷ്ടമായി. കേസിന്റെ പേരില്‍ അവരെ സ്‌കൂളില്‍ നിന്നും പുറത്താക്കുകയായിരുന്നു. അവരില്‍ ഒരാള്‍ക്ക് ഇപ്പോള്‍ 21 വയസുണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അറസ്റ്റ് ചെയ്യുന്നത്. അതോടെ എന്റെ ജീവിതം നരകതുല്യമായി, എങ്ങനെയെന്റെ പഠനം തുടരാനാകും? ഒരു ജോലിയും നല്ലൊരു ജീവിതവും ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ എന്റെ അച്ഛനൊപ്പം കൂലിപ്പണിക്കു പോവുകയാണ്’ ജീവിതം തകര്‍ന്ന ആ ചെറുപ്പക്കാരന്‍ പറയുന്നു.

‘ എന്നെ അറസ്റ്റ് ചെയ്ത വിഷമം താങ്ങാനാകാതെ എന്റെ അച്ഛന്‍ ഹൃദയം പൊട്ടി മരിച്ചു. എന്റെ കുഞ്ഞുങ്ങള്‍ക്ക് ഇവിടെയുള്ള സ്‌കൂളുകളില്‍ പ്രവേശനം നല്‍കുന്നില്ല. പാകിസ്താനെ പിന്തുണയ്ക്കുന്നവന്റെ മക്കള്‍ക്ക് അഡ്മിഷന്‍ നല്‍കില്ലെന്നാണ് പറയുന്നത്’ ഷെയ്ഖ് മുക്ദാര്‍ മന്‍സൂരി എന്ന 40 കാരന്റെ വാക്കുകള്‍.

കേസ് കാരണം വലിയ കടക്കെണിയിലായ മനുഷ്യനാണ് 32 കാരനായ ഇമ്രാന്‍ ഷാ. കേസ് നടത്താന്‍ വേണ്ടി ഒന്നരലക്ഷം ചെലവായി. ആന്ധ്രപ്രദേശിലെ ഒരു തോട്ടത്തിലാണ് ഷാ തൊഴിലെടുക്കുന്നത്. ഓരോ തവണയും വിചാരണയുടെ ഭാഗമായി കോടതിയില്‍ വന്നു പോകാന്‍ തന്നെ നല്ലൊരു തുക ചെലവായെന്നാണ് ഷാ പറയുന്നത്. കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും ഇവരൊക്കെ ഇന്നും ഇരകളായി തന്നെ തുടരുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍