UPDATES

കല

ബ്രഹ്‌മാണ്ഡ ചിത്രങ്ങളെല്ലാം തകര്‍ന്നു വീണു; ‘ബാര്‍ബെന്‍ഹൈമര്‍’ പ്രതിഭാസത്തിന് വഴിമാറുമോ ഹോളിവുഡ്!

2023 -ന്റെ ഹോളിവുഡിന്റെ കറുത്ത വർഷം

                       

പണത്തിന്റെയും ഗ്ലാമറിന്റെയും മിന്നുന്ന ലോകമാണ് ഹോളിവുഡ്. സര്‍ഗ്ഗാത്മകതയും ഭാവനയും ഭ്രമിപ്പിക്കുന്ന ക്യാന്‍വാസിലൂടെയാണ് പലപ്പോഴും ഹോളിവുഡ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ളത്. താരനിബിഡമായ കാസ്റ്റിംഗുകള്‍ മുതല്‍ മനം മയക്കുന്ന എഫക്ടുകള്‍ വരെ വിനോദത്തിന്റെ അര്‍ത്ഥം പുനര്‍നിര്‍വചിക്കുന്ന തരത്തിലാണ്. വെറും നാല് വര്‍ഷം മുമ്പുവരെ ഹോളിവുഡില്‍ ഉണ്ടായിക്കൊണ്ടിരുന്ന അസംബ്ലി-ലൈന്‍ സൂപ്പര്‍ ഹീറോ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയങ്ങള്‍ കൊയ്തിരുന്നവയാണ്. അവേഞ്ചേഴ്‌സ് സീരീസും, 1 .6 ബില്യണ്‍ ഡോളര്‍ നേടിയ ‘ലയണ്‍ കിംഗ്’ റീമേക്കുമെല്ലാം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്.

എന്നാല്‍ 2023 ഹോളിവുഡിലെ ബിഗ് ബഡ്ജറ്റ് സിനിമകള്‍ക്ക് അത്ര നല്ല വര്‍ഷമായിരുന്നില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 14 ബിഗ് ബഡ്ജറ്റ് സിനിമകളാണ് 2023 ല്‍ പുറത്തിറങ്ങിയത്. എന്നാല്‍ അതില്‍ ‘ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്സി വോളിയം 3’ എന്ന ചിത്രമൊഴിച്ച് മറ്റൊന്നിനും കാര്യമായ ലാഭം ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുറമെ നിന്നു നോക്കുമ്പോള്‍ ഹോളിവുഡ് സിനിമ ലോകം വളരെ ഗ്ലാമറസായി തോന്നുമെങ്കിലും സിനിമാ നിര്‍മാണത്തിന്റെ സാമ്പത്തിക ശാസ്ത്രം അത്ര ലളിതമല്ല.

കൊവിഡ്-19 മഹാമാരി മൂലം നേരിട്ട കാലതാമസവും പണപ്പെരുപ്പവും ഈ വര്‍ഷം പുറത്തിറക്കിയ പ്രധാന ബിഗ് ബജറ്റ് ചിത്രങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിനെക്കള്‍ കൂടുതല്‍ തുക ഓരോ ചിത്രങ്ങള്‍ക്കും ചെലവാക്കേണ്ടതായി വന്നിരുന്നു. ബിഗ് ബജറ്റ് ചിത്രങ്ങളായ ഫാസ്റ്റ് എക്‌സ്, ഇന്ത്യാന ജോണ്‍സ്, ദി ഡയല്‍ ഓഫ് ഡെസ്റ്റിനി, ദി ലിറ്റില്‍ മെര്‍മെയ്ഡ്, മിഷന്‍: ഇംപോസിബിള്‍-ഡെഡ് റെക്കണിംഗ് പാര്‍ട്ട് വണ്‍, ദി മാര്‍വല്‍സ്, ദി ഫ്‌ളാഷ്, ആന്റ്- മാന്‍ ആന്‍ഡ് ദി വാസ്പ്പ്, കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍ എന്നിവയുള്‍പ്പെടെ 2023-ല്‍ റിലീസ് ചെയ്ത 14 സിനിമകളുടെ നിര്‍മാണത്തിനായി 200 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ ചെലവായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജെയിംസ് ഗണിന്റെ രചനയിലും സംവിധാനത്തിലും ഇറങ്ങിയ ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സി വോളിയം-3 മാത്രമാണ് ലാഭമുണ്ടാക്കിയത്. 250 മില്യണ്‍ ഡോളറാണ് ചിത്രത്തിന്റെ നിര്‍മാണത്തിനായി ചെലവിട്ടത്. ബോക്‌സ് ഓഫീസില്‍ ചിത്രം 845 മില്യണ്‍ ഡോളര്‍ നേടിക്കൊണ്ട് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ ചിത്രമായി മാറി. ചലച്ചിത്ര ത്രയത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമായിരുന്നു ഈ ചിത്രം.

ബാര്‍ബി, ദി സൂപ്പര്‍ മാരിയോ ബ്രോസ് മൂവി, ഓപ്പണ്‍ഹൈമര്‍ എന്നീ മൂന്ന് ചിത്രങ്ങളാണ് 2023-ല്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മൂന്ന് സിനിമകള്‍. 150 ഡോളറില്‍ താഴെ മാത്രമാണ് മൂന്നു ചിത്രങ്ങള്‍ക്ക് നിര്‍മാണ ചിലവ് വന്നത്. ബാര്‍ബിക്കും ഓപ്പണ്‍ഹൈമര്‍ എന്ന ചിത്രത്തിനും, ലോകമെമ്പാടും വലിയതോതിലുള്ള പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ‘ബാര്‍ബെന്‍ഹൈമര്‍’ പ്രതിഭാസം രണ്ട് സിനിമകള്‍ക്കും ബോക്സ് ഓഫീസില്‍ മികച്ച വരുമാനം നേടിക്കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്.

ബിഗ് ബഡ്ജറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ നിര്‍മാണ ചിലവുള്ള ബാര്‍ബിയും ഓപ്പണ്‍ഹൈമറും പോലുള്ള ചിത്രങ്ങള്‍ വലിയ ലാഭവും പ്രേക്ഷക സ്വീകാര്യതയും നേടുന്നതിനാല്‍ ഹോളിവുഡ് തങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളോടുള്ള സമീപനം പുനര്‍വിചിന്തനം ചെയ്യാന്‍ പാകത്തിലുള്ളതാണ് 2023 ലെ കണക്കുകള്‍. ‘ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സി വോളിയം 3’ യ്‌ക്കൊപ്പം ഇറങ്ങി മാര്‍വല്‍ സ്റ്റുഡിയോസിന്റെ ആന്റ് മാന്‍ സീരിസിലെ മൂന്നാം പതിപ്പായ ആന്റ് മാന്‍ ആന്‍ഡ് ദി വാസ്പ്: ക്വാണ്ടം മാനിയ, ‘ദി മാര്‍വല്‍സ്’ എന്നീ രണ്ട് ചിത്രങ്ങള്‍ക്കും തീയറ്ററുകളില്‍ കാര്യമായ ചലനമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

Share on

മറ്റുവാര്‍ത്തകള്‍