December 10, 2024 |
Share on

പ്രസിഡന്റ് റീഗനും (അമേരിക്കയുടെയല്ല) ഹോളിവുഡ് പണിമുടക്കും

ലോക ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട രാഷ്ട്രനേതാവ് തന്റെ സിനിമാ ജീവിത കാലത്ത് നടത്തിയ ഏറ്റവും നിര്‍ണായക ഇടപെടലായിരുന്നു 1960 ല്‍ ഹോളിവുഡ് കണ്ട പണിമുടക്ക്

പോള്‍ മെസ്‌കല്‍, ഡെന്‍സില്‍ വാഷിംഗ്ടണ്‍, കോനി നീല്‍സണ്‍ എന്നിവരെയൊക്കെ അണിനിരത്തി അടുത്ത വര്‍ഷം നവംബറില്‍ ഗ്ലാഡിയേറ്ററിന്റെ സീക്വല്‍ തിയേറ്ററുകളില്‍ എത്തിക്കാനുള്ള റിഡ്‌ലി സ്‌കോട്ടിന്റെ തീരുമാനം മാത്രമല്ല, 2025 ല്‍ അവതാറിന്റെ മൂന്നാം ഭാഗം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനുള്ള ജെയിംസ് കാമറൂണിന്റെ മോഹവും നീണ്ടു പോകാതിരിക്കണമെങ്കിലും ഹോളിവുഡിലെ പണിമുടക്ക് അവസാനിക്കണം.

നിര്‍മാണത്തിലിരിക്കുന്നതും, റിലീസിന് തയ്യാറെടുക്കുന്നതുമായ സിനിമകള്‍ക്കും തിയേറ്ററില്‍ എത്തിയവയുടെ പ്രമോഷന്‍ പരിപാടികള്‍ക്കുമെല്ലാം പ്രതിസന്ധി ഉണ്ടായിരിക്കുന്നു. ഹോളിവുഡ് അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡും( Screen Actors Guild-SAG) അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റും(American Federation of Television and Radio Artists-AFTRA) സംയുക്തമായാണ് സമരം ചെയ്യുന്നത്. മേജര്‍ സ്റ്റുഡിയോകളും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുമായി നടത്തിയ ചര്‍ച്ച പരാജയമായതാണ് സമരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പ്രതിഫലം കുറയ്ക്കാതിരിക്കുക, വിവിധ സ്ട്രീമിംഗ് സംവിധാനങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ റിസിജ്യൂല്‍ പെയ്‌മെന്റ് കരാര്‍ പാലിക്കുക, നിര്‍മിത ബുദ്ധി(എ ഐ)യുടെ അമിത ഉപയോഗം നിയന്ത്രിച്ച് തങ്ങള്‍ക്കുണ്ടാകുന്ന തൊഴില്‍ ഭീഷണി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ക്ക്.

എസ് എ ജി- എ എഫ് ടി ആര്‍ എ യൂണിയനുകള്‍ 1960 ന് ശേഷം ഇതാദ്യമായാണ് ഹോളിവുഡില്‍ സംയുക്തസമരം ചെയ്യുന്നത്. രണ്ടു യൂണിയനുകളിലുമായി 1,60,000 അംഗങ്ങളുണ്ട്. ഹോളിവുഡ് എ-ലിസ്റ്റ് താരങ്ങളും അക്കാദമി അവാര്‍ഡ് ജേതാക്കളുമായവരും സമരത്തിന്റെ മുന്‍നിരയിലുണ്ട്. ടോം ക്രൂസ്, ആഞ്ജലീന ജോലെ, ജോണി ഡെപ്പ്, മെറില്‍ സ്ട്രീപ്പ് ഉള്‍പ്പെടെയുള്ളവരെ സമര രംഗത്ത് കാണുമ്പോള്‍, ശതകോടികള്‍ ഓരോ സിനിമയ്ക്കും പ്രതിഫലം വാങ്ങുന്ന, സഹസ്രകോടികളുടെ ആസ്തികള്‍ സ്വന്തമാക്കിയിരിക്കുന്ന താരങ്ങള്‍ വീണ്ടും പണത്തിനായി സമരം ചെയ്യുകയാണോ എന്ന ചോദ്യവുമുണ്ട്. മുന്‍നിര താരങ്ങള്‍ക്ക് നിലവില്‍ ഭീഷണികളൊന്നുമില്ല. അവരുടെ തൊഴിലിനോ പ്രതിഫലത്തിനോ യാതൊരു ബുദ്ധിമുട്ടും സംഭവിക്കുകയുമില്ല. എന്നിട്ടുമവര്‍ സമരം ചെയ്യാന്‍ വരുന്നത് വര്‍ഗസ്‌നേഹത്തിന്റെ പുറത്താണ്. വന്‍കിട താരങ്ങളും സമരരംഗത്തുണ്ടെങ്കില്‍ സ്റ്റുഡിയോകള്‍ വിട്ടുവീഴ്ച്ചകള്‍ക്ക് നിര്‍ബന്ധിതരായി മാറുമെന്ന് യൂണിയനുകള്‍ കരുതുന്നു. അതുകൊണ്ടാണ് ഒറ്റക്കെട്ടായി അവര്‍ സമരം ചെയ്യുന്നത്.

ഹോളിവുഡ് ഇതാദ്യമായല്ല സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡിന്റെ(എസ് എ ജി) പണിമുടക്ക് നേരിടുന്നത്. 63 വര്‍ഷങ്ങള്‍ക്ക് മുമ്പ് വമ്പന്‍ നിര്‍മാണ കമ്പനികളെ സമരം ചെയ്തു തോല്‍പ്പിച്ചതിന്റെ ചരിത്രം എസ് എ ജി-ക്കുണ്ട്. അന്നതിന് നേതൃത്വം നല്‍കിയ വ്യക്തി പിന്നീട് രണ്ട് തവണ അമേരിക്ക ഭരിച്ചൂ. സാക്ഷാല്‍ റൊണാള്‍ഡ് വില്‍സണ്‍ റീഗണ്‍.

ലോക ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട രാഷ്ട്രനേതാവ് തന്റെ സിനിമാ ജീവിത കാലത്ത് നടത്തിയ ഏറ്റവും നിര്‍ണായക ഇടപെടലായിരുന്നു 1960 ല്‍ ഹോളിവുഡ് കണ്ട പണിമുടക്ക്. അമേരിക്കയുടെ 40-മത് പ്രസിഡന്റ് ഒരു രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ ആ രാജ്യത്ത് രണ്ട് തരത്തിലും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടാകാം. ലോകവും റീഗണ്‍ യുഗത്തെ അഭിനന്ദിച്ചും ആക്ഷേപിച്ചും ചേരി തിരിയുന്നുണ്ടാകാം. എന്നാല്‍ ആ റിപ്പബ്ലിക്കന്‍ നേതാവ് ഹോളിവുഡിന് ഇന്നുമൊരു നായകന്‍ തന്നെയാണ്. പുതുതലമുറ താരങ്ങളും എസ് എ ജി യുടെ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

ഹോളിവുഡ് നിര്‍മാണ കമ്പനികള്‍ അഭിനേതാക്കള്‍ക്ക് അര്‍ഹമായ വേതന വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയും, അവരുടെ ആവശ്യങ്ങളെ തിരകസ്‌കരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു, പില്‍ക്കാലത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉന്നത നേതാവായി തീര്‍ന്ന റീഗണ്‍ തൊഴിലാളികള്‍ക്കു വേണ്ടി സമരം നയിച്ചത്.

റൊണാള്‍ഡ് റീഗണ്‍ എന്ന പേര് ആദ്യം ഉയര്‍ന്നു വരുന്നത് ബേസ് ബോള്‍ മത്സരത്തിന്റെ റേഡിയോ അനൗണ്‍സര്‍ എന്ന നിലയ്ക്കും പിന്നീട് ഒരു പ്രാദേശിക പത്രത്തിലെ കോളമിസ്റ്റായിട്ടുമാണ്. അയോവയിലെ ഡെസ് മോനിസുകാരനായിരുന്ന റീഗണ്‍ ബേസ് ബോള്‍ ക്ലബ്ബായ ചിക്കാഗോ കബ്‌സിന്റെ ട്രെയിനിംഗ് ക്യാമ്പില്‍ നിന്നുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കാലിഫോര്‍ണിയ്ക്ക് പോയതാണ് ജീവിതം മാറ്റിയത്. ലോസ് ആഞ്ചല്‍സില്‍ വച്ച് സിനിമയിലെ ഒരു ടാലന്റ് ഏജന്റിനെ കണ്ടു മുട്ടി. അയാളാണ് റീഗണെ വാര്‍ണര്‍ ബ്രദേഴ്‌സ് സ്റ്റുഡിയോയില്‍ സ്‌ക്രീന്‍ ടെസ്റ്റിനായി കൂട്ടിക്കൊണ്ടു പോകുന്നത്. കാലം റീഗണ് അനുകൂലമായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റില്‍ വിജയിച്ച ആ 26 കാരനുമായി വാര്‍ണര്‍ ബ്രദേഴ്‌സ് കരാറില്‍ ഏര്‍പ്പെട്ടു. ആഴ്ച്ചയില്‍ 200 ഡോളര്‍ പ്രതിഫലം. അങ്ങനെ കായിക മേഖല വിട്ട് റൊണാള്‍ഡ് റീഗണ്‍ ഹോളിവുഡിന്റെ ഭാഗമായി. 1937 ല്‍ ഇറങ്ങിയ ലൗവ് ഈസ് ഓണ്‍ ദ എയര്‍ ആയിരുന്നു അഭിനയിച്ച ആദ്യ സിനിമ. മൊത്തം 30 സിനിമകളില്‍ അഭിനയിച്ചു. അധികവും ബി-ഗ്രേഡ് സിനിമകള്‍. Knute Rockne, All American- ലെ ജോര്‍ജ് ഗിപ്പ്, Kings Row-ലെ ഡ്രേക് മക്ഹഗ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മോശമല്ലാത്തൊരു നടന്‍ എന്ന പേര് നേടിയെടുക്കാന്‍ കഴിഞ്ഞുവെങ്കിലും ഒരു സഹനടന്‍ എന്ന മേല്‍വിലാസമേ അഭിനേതാവ് എന്ന നിലയില്‍ ഹോളിവുഡില്‍ നിന്നും കിട്ടിയുള്ളൂ.

നടനായിട്ടില്ല, സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡിന്റെ( എസ് എ ജി) പ്രസിഡന്റ് എന്ന റോളിലാണ് റൊണാള്‍ഡ് റീഗണ്‍ ഹോളിവുഡില്‍ തിളങ്ങിയത്. 1937 ജൂണ്‍ 30 ന് 25 ഡോളര്‍ കൊടുത്ത് എസ് എ ജിയുടെ അംഗത്വമെടുത്ത റീഗണ്‍ 1941 ല്‍ യൂണിയന്റെ ബോര്‍ഡ് ഡയറക്ടര്‍മാരില്‍ ഒരാളായി. വൈകാതെ എസ് എ ജിയുടെ മൂന്നാമത്തെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റീഗണ്‍ 1947 ല്‍ ഹോളിവുഡ് അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റായി. വെറും പത്തു വര്‍ഷത്തെ പരിചയം മാത്രം ഹോളിവുഡ് സിനിമാലോകത്തുള്ള ആ ഡെസ് മോനിസുകാരന്‍ ലോകപ്രശസ്തരായ താരങ്ങളുടെ നേതാവായി മാറി. ഒരു വര്‍ഷം ഭരണകാലയളവുള്ള പ്രസിഡന്റ് പദവിയിലേക്ക് തുടര്‍ച്ചയായി അഞ്ചു തവണയാണ് റീഗണ്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ആ സമയത്ത് സിനിമ ലോകം പൂര്‍ണമായി അടക്കി ഭരിച്ചിരുന്നത് ഫിലിം സ്റ്റുഡിയോകളായിരുന്നു. പാരാമൗണ്ടും, ഡിസ്‌നിയും 20th സെഞ്ച്വറി ഫോക്‌സും യൂണിവേഴ്‌സലും, വാര്‍ണര്‍ ബ്രദേഴ്‌സും എംജിഎമ്മും, കൊളംബിയയും എല്ലാം ജന്മിത്വഭാവത്തിലായിരുന്നു അഭിനേതാക്കള്‍ അടക്കമുള്ള സിനിമ തൊഴിലാളികളെ കണ്ടിരുന്നത്. എല്ലാവരുടെയും വേതന-സേവന വ്യവസ്ഥകള്‍ ഈ വമ്പന്മാരുടെ തീരുമാനം പോലെയായിരുന്നു. നടന്മാര്‍ക്ക് അവരുടെ ജോലിക്ക് മാത്രം വേതനം ലഭിച്ചു. ആ സിനിമകള്‍ എപ്പോഴെല്ലാം എവിടെയെല്ലാം റി-റിലീസ് ചെയ്യുകയോ മറ്റ് രീതികളില്‍ അവതരിപ്പിക്കപ്പെടുകയോ(ടെലിവിഷന്‍ സംപ്രേക്ഷണം ഉള്‍പ്പെടെ) ചെയ്യുമ്പോഴും സ്റ്റുഡിയോകള്‍ക്ക് മാത്രമായിരുന്നു സാമ്പത്തിക ലാഭം. അത് സാധ്യമല്ലെന്നും തങ്ങള്‍ക്കും റിസിജ്യൂല്‍ പെയ്‌മെന്റ്(റോയല്‍റ്റിപോലെ കിട്ടേണ്ടുന്ന പ്രതിഫലം) വേണമെന്ന് അഭിനേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സ്റ്റുഡിയോകള്‍ ചെവിക്കൊണ്ടില്ല.

1956 മുതലാണ് ഫിലിം സ്റ്റുഡിയോകള്‍ ടെലിവിഷന്‍ സ്‌റ്റേഷനുകള്‍ക്ക് സിനിമകള്‍ വില്‍ക്കാന്‍ തുടങ്ങിയത്. The Wizard of Oz (1956 നവംബര്‍ 3) ഇത്തരത്തില്‍ ആദ്യമായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത സിനിമ. ടെലിവിഷനുകളില്‍ വിറ്റും നിര്‍മാതാക്കള്‍ പണം സമ്പാദിക്കാന്‍ തുടങ്ങിയപ്പോഴും, നടന്മാര്‍ വലിയ സാമ്പത്തിക ദുരിതം അനുഭവിക്കുകയായിരുന്നു. പുതിയ കരാറുകള്‍ വയ്ക്കുമ്പോള്‍ ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ നിന്നും കിട്ടുന്ന പണത്തില്‍ നിന്നും തങ്ങള്‍ക്കും അര്‍ഹമായ പങ്ക് നല്‍കണമെന്ന് നടന്മാര്‍ സ്റ്റുഡിയോകളോട് നിരന്തരം ആവശ്യട്ടു കൊണ്ടിരുന്നു. 1959 ല്‍ അഭിനേതാക്കള്‍ പുതിയ തീരുമാനങ്ങളിലേക്ക് തിരിഞ്ഞു. തങ്ങള്‍ അഭിനയിച്ച സിനിമകള്‍ ടെലികാസ്റ്റ് ചെയ്താല്‍, അതിനുള്ള പ്രതിഫലം നല്‍കുക, 1948 മുതല്‍ 1959 വരെ ഇറങ്ങിയ എല്ലാ സിനിമകളില്‍ നിന്നും ഇത്തരത്തിലുള്ള റെസിജ്യൂല്‍ പേയ്‌മെന്റ് കിട്ടിയിരിക്കണമെന്നും നടന്മാര്‍ ആവശ്യപ്പെട്ടു.

‘പറ്റില്ല’ എന്നായിരുന്നു നിര്‍മാതാക്കളുടെ ഒറ്റവാക്കാലുള്ള മറുപടി. മാത്രമല്ല, നിര്‍മാണ ചെലവുകള്‍ കൂടുതലായി വെട്ടിക്കുറയ്ക്കാനുമുള്ള നീക്കത്തിലായിരുന്നു അവര്‍. അമേരിക്കക്കാര്‍ കൂടുതലായി ടെലിവിഷനുകളോട് അടുപ്പം കാണിച്ചതോടെ സിനിമ വ്യവസായം നഷ്ടത്തിലായെന്നായിരുന്നു അതിനുള്ള നിര്‍മാണ കമ്പനികളുടെ വാദം. അതുകൊണ്ട് നടന്മാരുമായി യാതൊരു തരത്തിലുള്ള ചര്‍ച്ചയ്ക്കും കരാറിനും തയ്യാറല്ലെന്ന കടുത്ത നിലപാട് അവരെടുത്തു. അതിനു പിന്നില്‍ മറ്റൊരു കാരണവുമുണ്ടായിരുന്നു; ഇന്ന് നടന്മാരുടെ ആവശ്യം അംഗീകരിച്ചാല്‍, നാളെ സംവിധായകരും എഴുത്തുകാരും ഇതേ ആവശ്യവുമായി വന്നേക്കുമെന്ന പേടി.

എന്നാല്‍ അഭിനേതാക്കള്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. 1959 ല്‍ അവര്‍ റൊണാള്‍ഡ് റീഗണെ വീണ്ടും എസ് എ ജിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തങ്ങള്‍ക്കായുള്ള പോരാട്ടം റീഗണെ ഏല്‍പ്പിക്കുകയായിരുന്നു.

1960 ല്‍ റീഗണ്‍ എസ് എ ജി യെ പ്രതിനിധീകരിച്ച് നിര്‍മാണ കമ്പനികളുമായി ചര്‍ച്ചയ്ക്ക് ശ്രമം ആരംഭിച്ചു. മറുഭാഗമാകട്ടെ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. ഒരു ജോലിക്കാരന് ഒരു ജോലിക്കായി എന്തിനാണ് രണ്ടു തവണ കൂലി കൊടുക്കുന്നത്? ഇതായിരുന്നു നിര്‍മാതാക്കളുടെ ചോദ്യം. ഈ ചോദ്യമാണ് ചര്‍ച്ചയ്ക്കായി വരുന്ന റീഗണെ ഒഴിവാക്കാനായി ഉപയോഗിച്ചതും. അതിനോട് പുഞ്ചിരിച്ചുകൊണ്ട് റീഗണ്‍ പറഞ്ഞത്; ചര്‍ച്ച ചെയ്യാനുള്ള അവകാശത്തിനുവേണ്ടി ചര്‍ച്ച നടത്താനാണ് ഞാന്‍ ശ്രമിക്കുന്നതെന്നായിരുന്നു.

സ്റ്റുഡിയോ ഭീമന്മാര്‍ കരുതിയതിനും അപ്പുറത്തായിരുന്നു റീഗന്റെ നീക്കം. യൂണിയനില്‍ അംഗമായ എല്ലാ അഭിനേതാക്കളോടും അഭിനയം നിര്‍ത്താന്‍ റീഗണ്‍ ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ ആവശ്യം അംഗീകരിച്ച് 1960 മാര്‍ച്ച് ഏഴാം തീയതി ഹോളിവുഡിലെ അഭിനേതാക്കള്‍ പണിമുടക്ക് തുടങ്ങി. 50 വര്‍ഷത്തെ ചരിത്രത്തില്‍ ഹോളിവുഡ് കാണാത്തൊരു സമരം. എല്ലാ വമ്പന്‍ സ്റ്റുഡിയോകളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു.

സമരം പത്തു ദിവസത്തോളം തുടര്‍ന്നതോടെ അഭിനേതാക്കളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലയിലെത്തി. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് ആയിരുന്നു ആദ്യം മുട്ടുമടക്കിയത്. പിന്നാലെ പാരാമൗണ്ടും ഡിസ്‌നിയും വാര്‍ണര്‍ ബ്രദേഴ്‌സും എംജിഎമ്മും കൊളംബിയയും 20th സെഞ്ച്വറി ഫോക്‌സും എല്ലാവരും നിരയില്‍ വന്നു. അങ്ങനെ ‘ ഒരിക്കലും ചര്‍ച്ച ചെയ്യില്ല’ എന്നവര്‍ പറഞ്ഞിരുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. അഞ്ചാഴ്ച്ചയോളം അങ്ങോട്ടുമിങ്ങോട്ടും നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു വിഭാഗങ്ങളും മൂന്ന് കരാറുകളില്‍ ഒത്തുതീര്‍പ്പിലെത്തി. 1960 മുതലുള്ള എല്ലാ സിനിമകള്‍ക്കും അഭിനേതാക്കള്‍ക്കും റെസ്യൂജല്‍ പേയ്‌മെന്റ് ലഭിക്കും, 1959 വരെയുള്ള സിനികള്‍ക്ക് കിട്ടില്ല. പകരമായി യൂണിയനില്‍പ്പെട്ടവരുടെ പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ക്കായി 2.25 മില്യണ്‍ ഡോളര്‍ എസ് എ ജിക്ക് നിര്‍മാണ കമ്പനികള്‍ സംഭവന നല്‍കും.

ഈ കരാര്‍ 1960 ഏപ്രില്‍ 18 ന് ചേര്‍ന്ന എസ് എ ജി യോഗത്തില്‍ വോട്ടെടുപ്പ് നടത്തി അംഗീകരിച്ചു. 6,399 പേര്‍ അനുകൂലിച്ചപ്പോള്‍ 259 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തൂ. അങ്ങനെ സമരം അവസാനിച്ചു.

അതേസമയം, കരാര്‍ അംഗീകരിച്ചതിന്റെ പേരില്‍ യൂണിയനും പ്രസിഡന്റ് റീഗണും എതിരേ മിക്കി റൂണി, ഗ്ലെന്‍ ഫോര്‍ഡ്, ബോബ് ഹോപ്പ് തുടങ്ങിയ അഭിനേതാക്കളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ആക്ഷേപങ്ങള്‍ ഉയര്‍ത്തി. ‘ വലിയ സമ്മാനങ്ങള്‍’ സ്വീകരിച്ച് റീഗണും കൂട്ടരും സമരം അവസാനിപ്പിക്കുകയായിരുന്നു എന്നായിരുന്നു ആക്ഷേപം. ഇതരത്തില്‍ പ്രതിഷേധിച്ചവര്‍ 1950 കള്‍ വരെ സിനിമകളില്‍ സജീവമായിരുന്നവരാണ്. കരാര്‍ പ്രകാരം അവര്‍ക്ക് യാതൊരു സാമ്പത്തിക പ്രയോജനവും ലഭിക്കില്ലായിരുന്നു. ഇതാണവരുടെ പ്രതിഷേധത്തിന് കാരണം. മുന്‍പത്തേക്കാള്‍ ന്യായമായൊരു സാഹചര്യം നടന്മാര്‍ക്ക് കിട്ടുമെന്നായിരുന്നു റീഗന്റെ വാദം. എതിര്‍പ്പുകളും കുറ്റപ്പെടുത്തലുകളുമുണ്ടായെങ്കിലും അന്ന റീഗണ്‍ മുന്നിട്ടിറങ്ങി വിജയിപ്പിച്ച സമരത്തിന്റെ അനുകൂല്യങ്ങളാണ് ഇന്നത്തെ വമ്പന്‍ താരങ്ങള്‍ അനുഭവിക്കുന്നതെന്നാണ് വാസ്തവം.63 വര്‍ഷങ്ങള്‍ക്ക് മുമ്പ് റൊണാള്‍ഡ് റീഗണ്‍ വിജയിപ്പിച്ചതുപോല ഇപ്പോഴത്തെ സമരം വിജയിക്കുമോ എന്നതാണ് അറിയേണ്ടത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

×