UPDATES

വിദേശം

ഈ വൃദ്ധന്മാരില്‍ ആരാകും അടുത്ത പ്രസിഡന്റ്!

അമേരിക്കക്കാരുടെ ആശങ്ക പ്രായത്തിലാണ്

                       

ലോകത്തിന്റെ സര്‍വകാര്യങ്ങളിലും ഇടപെടുന്ന, ലോകത്തെ നിയന്ത്രിക്കുന്നുവെന്ന് മേനി നടിക്കുന്ന അമേരിക്കയുടെ അടുത്ത പ്രസിഡന്റ് രണ്ടു വൃദ്ധന്മാരില്‍ ഒരാളായിരിക്കുമോ?

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൂടിലാണ് അമേരിക്ക. ആരൊക്കെ തമ്മിലാണ് ഏറ്റുമുട്ടുന്നതെന്ന് കാര്യത്തില്‍ ചിത്രം വ്യക്തമായിട്ടില്ലെങ്കിലും നിലവിലെ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലാകും അവസാന അങ്കമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇത്തരമൊരു പോരാട്ടം വരുന്നതെങ്കിലാണ് അവിടെ പ്രായം ഒരു ഘടകമാകുന്നത്. ആരു ജയിക്കുമെന്നതിനെക്കാള്‍, രണ്ടിലാരാണെങ്കിലും വൈറ്റ് ഹൗസില്‍ ഒരു വൃദ്ധന്‍ എത്തുന്നതിലാണ് അമേരിക്കക്കാരുടെ പ്രധാന ആശങ്ക.

81 വയസുള്ള ജോ ബൈഡനും 77 വയസുള്ള ട്രംപും അമേരിക്കയെ എങ്ങനെ നയിക്കുമെന്നതിനാണ് യു എസ് പൗരന്മാര്‍ ഉത്തരം തേടുന്നത്.

അമേരിക്കന്‍ ജനതയുടെ ആശങ്കയെ സാധൂകരിക്കുന്ന സംഭവ വികസങ്ങളാണ് ഈ അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജോ ബൈഡന്റെ ഓര്‍മ പിശകുകള്‍ കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ച വിഷയമാണ്. കൗതുകം അതല്ല, തനിക്ക് ഓര്‍മക്കുറവില്ലെന്ന് തെളിയിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ വാര്‍ത്ത സമ്മേളനം തന്നെ അദ്ദേഹത്തിന് ‘തിരിച്ചടി’യായിരുന്നു. ഈ വാര്‍ത്താസമ്മേളനത്തില്‍ മെക്‌സിക്കന്‍- ഈജിപ്ഷ്യന്‍ പ്രസിഡന്റുമാരുടെ പേരുകള്‍ മാറിപ്പറഞ്ഞാണ് ബൈഡന്‍ സ്വയം അപഹാസ്യനായത്. എപ്പോഴാണ് താന്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റായതെന്നോ, മകന്‍ മരിച്ചതെന്നോ ഓര്‍ത്തെടുക്കാന്‍ ബൈഡന് സാധിക്കുന്നുണ്ടായിരുന്നില്ല.

ന്യൂയോര്‍ക്ക് ടൈംസും സിയീന കോളേജും നടത്തിയ പുതിയ അഭിപ്രായ സര്‍വേയില്‍, പ്രസിഡന്റ് ബൈഡന്റെ പ്രായത്തെക്കുറിച്ച് വ്യാപകമായ ആശങ്കകള്‍ വോട്ടര്‍മാര്‍ക്കിടയിലുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ തവണ ബൈഡന് വോട്ട് ചെയ്തവര്‍ക്ക് തന്നെയാണ് ഇക്കുറി പ്രസിഡന്റിന്റെ പ്രായത്തില്‍ വേവലാതിയുള്ളത്.

2020 ല്‍ അദ്ദേഹത്തെ പിന്തുണച്ച ഭൂരിപക്ഷം വോട്ടര്‍മാരും നിലവില്‍ രാജ്യത്തെ ഫലപ്രദമായി നയിക്കാന്‍ അദ്ദേഹത്തിന്റെ പ്രായം തടസ്സമാകുമെന്നാണ് സര്‍വേയില്‍ പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേരുടെ അഭിപ്രായവും ഇത് തന്നെയാണ്. 2020-ല്‍ ബൈഡന് വോട്ട് ചെയ്തവരില്‍ പത്തൊന്‍പത് ശതമാനവും നവംബറില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പറഞ്ഞവരില്‍ 13 ശതമാനവും നിലവില്‍ പ്രായം വെല്ലുവിളിയാകുമെന്ന് കരുതുന്നുണ്ട്. വോട്ടെടുപ്പുകളിലും ഡെമോക്രാറ്റിക് ഉദ്യോഗസ്ഥരുമായുള്ള നിശബ്ദ സംഭാഷണങ്ങളിലും വളരെക്കാലമായി ഉയര്‍ന്നുവന്ന ഈ അസ്വസ്ഥത, ബൈഡന്‍ തന്റെ നോമിനേഷന്‍ ഔപചാരികമായി പ്രഖ്യാപിച്ചതോടെ അധികരിച്ചിട്ടുണ്ട്.

ജോ ബൈഡനെക്കാള്‍ നാല് വയസ് മാത്രം കുറവുള്ള 77 കാരനായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രായത്തെക്കുറിച്ചും വോട്ടര്‍മാരില്‍ ആശങ്കയുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടുകയാണെങ്കില്‍, അവര്‍ എക്കാലത്തെയും പ്രായം കൂടിയ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിമാരായിരിക്കും. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍, ബൈഡന്‍ ഏറ്റവും പ്രായം കൂടിയ സിറ്റിംഗ് പ്രസിഡന്റ് എന്ന സ്വന്തം റെക്കോര്‍ഡ് മറികടക്കും. ട്രംപ് വിജയിച്ചാല്‍ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെയാളാകും. കാലാവധി അവസാനിക്കുമ്പോള്‍ ട്രംപിന് 82 വയസ്സും ബൈഡന് 86 വയസ്സും പൂര്‍ത്തിയാകും.

2020-ല്‍ ബൈഡനു വോട്ടു ചെയ്തവര്‍ ട്രംപ് ഭരണകൂടത്തിന്റെ അരാജകത്വത്തില്‍ മനം മടുത്തിരുന്നു. എന്നാല്‍ രണ്ടാം തവണ ബൈഡന് മുന്നില്‍ പ്രായം വെല്ലുവിളിയായി നില്‍കുമ്പോള്‍ ട്രംപിലേക്ക് തിരിയാന്‍ ആണ് സാധ്യതയെന്നും സര്‍വ്വേ പറയുന്നുണ്ട്.

എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് നേരെയും ഈ വിമര്‍ശനത്തിന്റെ മുന നീളുന്നുണ്ട്. ടൈംസ് അടുത്തിടെ നടത്തിയ സര്‍വേയില്‍, 19 ശതമാനം വോട്ടര്‍മാരും ട്രംപിന്റെ പ്രായം അദ്ദേഹം പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്ന അഭിപ്രായമാണ് പങ്കുവെക്കുന്നത്. എന്നാല്‍ ബൈഡനുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020 ല്‍ ട്രംപിന് വോട്ട് ചെയ്തവരില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഈ ആശങ്ക പങ്കുവച്ചിരിക്കുന്നത്.

ബൈഡനും അദ്ദേഹത്തിന്റെ അനുയായികളും തന്റെ പ്രായത്തെയും ഓര്‍മക്കുറവിനെയും കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. 2020-ലും, പ്രായത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനിന്നിരുന്നെങ്കിലും അദ്ദേഹം ആത്യന്തികമായി വിജയം നേടിയതായി അനുയായികളും വാദിക്കുന്നുണ്ട്. ബൈഡന് ഇപ്പോള്‍ നാല് വയസ്സ് കൂടുതലാണെങ്കിലും, അദ്ദേഹത്തിന്റെ പ്രായം ഒരു പ്രശ്‌നമല്ലെന്ന് വോട്ടര്‍മാരെ പൂര്‍ണ്ണമായും ബോധ്യപ്പെടുത്തുക പ്രയാസകരമാണ്. അതേ സമയം സര്‍വേയില്‍ പങ്കെടുത്ത ഒരു വിഭാഗം ആളുകള്‍ വാദിക്കുന്നത് ബൈഡന്റെ ഈ പ്രായം അദ്ദേഹത്തെ പ്രസിഡന്റ്‌റ് സ്ഥാനത്തേക്ക് കൂടുതല്‍ യോഗ്യനാക്കുന്നുണ്ടെന്നാണ്.

Share on

മറ്റുവാര്‍ത്തകള്‍