അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗര്‍ മണ്ഡലത്തില്‍ മറ്റു സ്ഥാനാര്‍ത്ഥികളെക്കൊണ്ട് ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിപ്പിക്കുന്നതായി പരാതി. പൊലീസിന്റെയും ബിജെപി പ്രവര്‍ത്തകരുടെയും ഭീഷണികള്‍ ഉണ്ടെന്നു സ്ഥാനാര്‍ത്ഥികള്‍ പറയുന്നതായി ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലെ തന്നെ മറ്റൊരു മണ്ഡലമായ സൂറത്തില്‍ ബിജെപിക്ക് എതിരേ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍, വോട്ടെടുപ്പിനു മുമ്പ് തന്നെ ഇവിടെ വിജയം ഉറപ്പിച്ചിട്ടുണ്ട്. അതേ സാഹചര്യമാണ് ഗാന്ധിനഗറിലുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീഷണികളും സമ്മര്‍ദ്ദങ്ങളും മൂലം ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും നാമനിര്‍ദേശ പത്രിക പിന്‍വലിച്ച സ്ഥാനാര്‍ത്ഥികളിലൊരാളാണ് 39 കാരനായ ജിതേന്ദ്ര ചൗഹാന്‍. അമിത് ഷായുടെ ആളുകള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും, ഒരുപക്ഷേ താന്‍ കൊല്ലപ്പെട്ടേക്കാമെന്നും പേടിച്ചാണ് പത്രിക പിന്‍വലിച്ചതെന്നു ചൗഹാന്‍ പറയുന്നു. അഹമ്മദാബാദിലെ ബാപ്പുനഗര്‍ മണ്ഡലത്തിലെ എംഎല്‍എ ദിനേഷ് സിംഗ് കുശ്വയുടെ നേതൃത്വത്തിലാണ് തനിക്ക് ഭീഷണിയുണ്ടായതെന്നും ചൗഹന്‍ സ്‌ക്രോളിനോടു പറയുന്നു.
ഗാന്ധിനഗര്‍ ബിജെപിയുടെ കുത്തക മണ്ഡലമാണ്. 1989 മുതല്‍ പാര്‍ട്ടിയാണ് ഇവിടെ വിജയിച്ചു വരുന്നത്. 2019 ല്‍ അമിത ഷാ ഇവിടെ നിന്നും വിജയിച്ചത് 5.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. ഇത്തവണയും ഷാ തന്നെയാണ് സ്ഥാനാര്‍ത്ഥി. ഗുജറാത്തിലെ 26 സീറ്റുകളും നേടണമെന്നതാണ് ബിജെപി തീരുമാനം. മുഴുവന്‍ സീറ്റിലും അഞ്ചു ലക്ഷത്തിനു മേല്‍ ഭൂരിപക്ഷവും പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. മൂന്നാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി മേയ് ഏഴിനാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ചൗഹന്‍ ഉള്‍പ്പെടെ മൂന്നു സ്ഥാനാര്‍ത്ഥികളാണ്, അവര്‍ ഭീഷണി നേരിട്ടതുകൊണ്ട് പത്രികകള്‍ പിന്‍വലിച്ചതായി സ്‌ക്രോളിനോട് പറഞ്ഞത്. ബിജെപി നേതാക്കളില്‍ നിന്നല്ലാതെ, പൊലീസില്‍ നിന്നും തങ്ങള്‍ക്ക് സമ്മര്‍ദ്ദം നേരിടേണ്ടി വന്നെന്നാണ് സ്ഥാനാര്‍ത്ഥികള്‍ ആരോപിക്കുന്നത്. എല്ലാ ആരോപണങ്ങളും ബിജെപി നേതാക്കള്‍ നിഷേധിച്ചിരിക്കുകയാണ്. പൊലീസിന്റെ പ്രതികരണത്തിനായി ഗുജറാത്ത് ഡിജിപി വികാസ് സഹായിക്ക് ചോദ്യങ്ങള്‍ അയച്ചിട്ടുണ്ടെങ്കിലും മറുപടി ലഭ്യമായിട്ടില്ലെന്നാണ് സ്‌ക്രോള്‍ അറിയിച്ചിട്ടുള്ളത്.
സ്‌ക്രോള്‍ റിപ്പോര്‍ട്ട് പ്രകാരം, 16 സ്ഥാനാര്‍ത്ഥികള്‍ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും തങ്ങളുടെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചിട്ടുണ്ട്. ഇവരില്‍ 12 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും നാല് പേര്‍ ചെറു പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുമാണ്.
‘ എനിക്കവര്‍ ഒരുപാട് പണം വാഗ്ദാനം ചെയ്തു. എനിക്ക് പണം വേണ്ട. പത്രിക പിന്‍വലിച്ചതിന് മറ്റു ചില കാരണങ്ങളുണ്ട്. മൂന്നു പെണ്‍മക്കളാണെനിക്ക്. അവരുടെ കാര്യം നോക്കണം. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുടുംബം എങ്ങനെ ജീവിക്കും? ചൗഹന്‍ ചോദിക്കുന്ന കാര്യങ്ങളാണ്. ഉത്തര്‍പ്രദേശുകാരനായ ചൗഹാന്‍ 1998 ലാണ് ഗുജറാത്തിലേക്ക് വരുന്നത്. പെയിന്റ് ബിസിനസ് നടത്തുകയാണ് അയാളിപ്പോള്‍. നാമനിര്‍ദേശ പതിക്ര സമര്‍പ്പിച്ചതിനു പിന്നാലെ തന്റെ രണ്ടു കോണ്‍ട്രാക്റ്റുകളാണ് നഷ്ടപ്പെട്ടതെന്നു ചൗഹാന്‍ പറയുന്നു. ഞാനുമായി സഹകരിക്കാന്‍ പേടിയാണെന്നാണ് ക്ലയ്ന്റുകള്‍ പറഞ്ഞത്. എന്റെ കച്ചവടം പൂട്ടിപോകുമോയെന്ന പേടിയാണിപ്പോള്‍’ ചൗഹാന്‍ ഭീതിയോടെ പറയുന്നു.
പ്രജാതന്ത്ര ആധാര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സുമിത്ര മൗര്യയും പതിക്ര പിന്‍വലിക്കാന്‍ വേണ്ടി വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വന്നു. ഏപ്രില്‍ 20 നാണ് സുമിത്ര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അന്നേ ദിവസം കുറെയാളുകള്‍ അഹമ്മദാബാദിലെ ഛന്ദ്‌ഖേഡയ്ക്ക് സമീപത്തുള്ള സുമിത്രയുടെ വീട്ടിലെത്തി. ആ സമയം സുമിത്രയുടെ ആറും പതിമൂന്നും വയസുള്ള പെണ്‍കുഞ്ഞുങ്ങള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സുമിത്രയെ കാണണമെന്നായിരുന്നു വന്നവരുടെ ആവശ്യം. തന്റെ കുട്ടികള്‍ ആ സംഭവത്തില്‍ പേടിച്ചുപോയെന്നാണ് 43 കാരിയായ സുമിത്ര പറയുന്നത്.
അന്നേ ദിവസം തനിക്കും ഭര്‍ത്താവിനും തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. ഇലക്ഷനില്‍ നില്‍ക്കരുതെന്നും നാമനിര്‍ദേശ പതിക്ര പിന്‍വലിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. അവരുടെ ബോസിനോട് സംസാരിക്കണമെന്നും വിളിച്ചവര്‍ പറഞ്ഞു. എവിടെ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞില്ല. അവര്‍ എന്റെ അമ്മായി അമ്മയെയും സമീപിച്ചു. ഞങ്ങളുടെ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് രാജേഷ് മൗര്യയുടെ നിര്‍ദേശ പ്രകാരം കുറച്ചു ദിവസം നാട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചു’ സുമിത്ര സ്‌ക്രോളിനോട് പറയുന്നു.
400 കിലോമീറ്റര്‍ അകലെയുള്ള സോമനാഥിലേക്കാണ് സുമിത്രയും ഭര്‍ത്താവ് ഭരതും പോയത്. ‘അവിടെ താമസിക്കുന്ന സമയത്ത്, ഹോട്ടലില്‍ തങ്ങളെ കാണാന്‍ മൂന്നു നാലുപേര്‍ വന്നിരുന്നുവെന്നും, ഞങ്ങള്‍ എന്തുകൊണ്ടാണ് ഫോണ്‍ എടുക്കാതിരിക്കുന്നതെന്നും ബോസിന് സംസാരിക്കണമെന്നും അവര്‍ പറഞ്ഞു. ഹോട്ടല്‍ ലോബിയില്‍ വച്ചായിരുന്നു സംസാരം. പാര്‍ട്ടി പ്രസിഡന്റ് രാജേഷ് മൗര്യയെ വീഡിയോ കോള്‍ ചെയ്ത് വന്നവരെ കാണിച്ചു കൊടുത്തതോടെയാണ് അവര്‍ അവിടെ നിന്നും പോകാന്‍ തയ്യാറായത്. സാധാരണക്കാരെപ്പോലെ വന്നവര്‍ ക്രൈം ബ്രാഞ്ച് പൊലീസുകാരായിരുന്നുവെന്നു പിന്നീട് മനസിലായി’ എന്നാണ് സുമിത്ര പറയുന്നത്. ഈ വിഷയം കാണിച്ച് പ്രജാതന്ത്ര ആധാര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് രാജേഷ് മൗര്യ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഗുജറാത്ത് പൊലീസിലെ ക്രൈം ബ്രാഞ്ച് വിഭാഗത്തില്‍ നിന്നുള്ളവരാണ് സുമിത്രയെ കാണാന്‍ ചെന്നതെന്നും 12 നമ്പരുകളില്‍ നിന്നായി സുമിത്രയ്ക്കും ഭര്‍ത്താവിനും ഫോണ്‍ കോളുകള്‍ വന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. സുമിത്ര ഇതുവരെയും നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിട്ടില്ല.
लोकसभा सामान्य निर्वाचन -2021, प्रजातन्त्र आधार पार्टी की प्रत्याशी 6-गांघीनगर लोकसभा, गुजरात राज्य को नामांकन वापस लेने हेतु बार बार मिल रही है धमकीयां। @CEOGujarat @ECISVEEP @SpokespersonECI @mauryarajesh23 @CMOGuj @GujaratPolice @newsSChaudhry @dgpgujarat pic.twitter.com/16q43Eo2Sq
— Rajesh Maurya (@mauryarajesh23) April 21, 2024
ക്രൈം ബ്രാഞ്ചുകാര്‍ തന്റെ പിന്നാലെയും ഉണ്ടായിരുന്നതായി ജിതേന്ദ്ര ചൗഹാനും സ്‌ക്രോളിനോട് പറയുന്നുണ്ട്. ‘ അഹമ്മദാബാദില്‍ ഞാന്‍ എവിടെ പോയാലും നാല് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്റെ പിന്നാലെയുണ്ടായിരുന്നു. അവര്‍ എന്റെ കസ്റ്റമേഴ്‌സിനെ ഭീഷണിപ്പെടുത്തി. കുടുംബത്തിന്റെയും കുട്ടികളുടെയും കാര്യം മറക്കരുതെന്ന് എന്നോടു പറഞ്ഞു. രാഷ്ട്രീയം നിന്റെ ബിസിനസ് അല്ലെന്നും മുന്നറിയിപ്പ് നല്‍കി. അവര്‍ എന്നെ വീട്ടുതടങ്കലിലാക്കുമോയെന്ന പേടി തോന്നി’ ചൗഹന്‍ പറയുന്നു. ഇതോടെയാണ് ചൗഹാന്‍ ഒരു ഫെയ്‌സ്ബുക്ക് വീഡിയോ ഇടുന്നതും താന്‍ നേരിടുന്ന ഭീഷണികള്‍ എല്ലാവരോടുമായി പറഞ്ഞതും. ഈ വീഡിയോ മണിക്കൂറുകള്‍ക്കകം ചൗഹാന്‍ പിന്‍വലിക്കുകയും ചെയ്തു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയേന്ദ്ര റാത്തോഡും, ബിജെപിക്കാരില്‍ നിന്നും ഉണ്ടായ ഭീഷണിയെക്കുറിച്ച് പറയുന്നുണ്ട്. ഗാന്ധിനഗര്‍ നോര്‍ത്ത് മണ്ഡലത്തിലെ ബിജെപി എംഎല്‍എ അശോക് പട്ടേല്‍ പതിക്ര പിന്‍വലിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് റാത്തോര്‍ഡ് സ്‌ക്രോളിനോട് പറയുന്നത്. അമിത് ഷാ ജയിക്കുമെന്ന് ഉറപ്പാണെങ്കിലും വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ വേണ്ടിയാണ് മറ്റുള്ളവരെ മത്സരിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നാണ് റാത്തോര്‍ഡ് പറയുന്നത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള റാത്തോര്‍ഡ് 2019 ല്‍ ബഹുജന്‍ സാമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഗാന്ധിനഗറില്‍ മത്സരിച്ചിരുന്നു. അന്ന് അയാള്‍ 6,500 വോട്ടുകളാണ് നേടിയത്. ഇത്തവണ റാത്തോര്‍ഡ് പത്രിക പിന്‍വലിച്ചിട്ടുണ്ട്. സുരേന്ദ്ര ഷാ, നരേഷ് പ്രിയദര്‍ശി എന്നിവരും തന്നെപ്പോലെ പതിക്ര പിന്‍വലിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണെന്നാണ് റാത്തോര്‍ഡ് പറയുന്നു. താന്‍ ബിജെപിയില്‍ ചേരുകയാണെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നുമാണ് പ്രിയദര്‍ശി പറഞ്ഞത്. അമിത് ഷായുടെ കരങ്ങള്‍ ശക്തി പകരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു സുരേന്ദ്ര ഷായ്ക്ക് പറയാനുണ്ടായിരുന്നത്.
കിഷോര്‍ ഗോയല്‍, രജനികാന്ത് പട്ടേല്‍, മഖന്‍ഭായി കാലിയ, മെഹബൂബ് രംഗ്രേജ് എന്നിവരും പതിക്ര പിന്‍വലിച്ച സ്ഥാനാര്‍ത്ഥികളാണ്. തങ്ങളേതെങ്കിലും സമ്മര്‍ദ്ദത്തിന്റെ പുറത്തല്ല പത്രിക പിന്‍വലിച്ചതെന്നാണ് ഇവര്‍ സ്‌ക്രോളിനോട് പ്രതികരിച്ചത്.
Content Summary; candidates who contest against amit shah allege they faced pressure to withdraw in gandhinagar parliamentary constituency