November 10, 2024 |
Share on

മോദിയോട് മനുഷ്യാവകാശത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ വര്‍ഗീയാക്രമണം

പ്രതിഷേധമറിയിച്ച് വൈറ്റ് ഹൗസും, ലോകത്തിന് മുന്നില്‍ തല കുനിച്ച് ഇന്ത്യ

മോദിയോട് മനുഷ്യാവകാശത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് വര്‍ഗീയമായ തിരിച്ചടി കൊടുക്കാമെന്ന ബിജെപിയുടെയും ഹിന്ദുത്വവാദികളുടെയും ആവേശം ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നു. തീവ്രഹിന്ദുത്വവാദികളുടെ സോഷ്യല്‍ മീഡിയ ആക്രമണം ‘അംഗീകരിക്കാനാവില്ലെന്ന്’ വൈറ്റ് ഹൗസ് തന്നെ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മനുഷ്യാവകാശധ്വംസനങ്ങളെ ആരും ചോദ്യം ചെയ്യരുതെന്ന ഭീഷണിയായാണ് ഹിന്ദുത്വ സംഘങ്ങളുടെ പ്രവര്‍ത്തികളെ അന്താരാഷ്ട്ര സമൂഹം കണക്കിലെടുക്കുന്നത്. ഇന്ത്യ ജനാധിപത്യത്തില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്ക് വീഴുകയാണെന്ന് ലോക മാധ്യമങ്ങള്‍ എഴുതിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. അക്കാര്യം ഉറപ്പിക്കുന്ന തരത്തില്‍ സ്വേച്ഛാധിപത്യം പ്രകടമാക്കുന്ന വര്‍ഗീയാക്രമണങ്ങളാണ് ‘ദേശഭക്തരില്‍’ നിന്നും ഉണ്ടാകുന്നത്.

ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍ സബ്രിന സിദ്ദിഖീയ്‌ക്കെതിരെയാണ്, പ്രധാനമായും ട്വിറ്ററിലൂടെയുള്ള സൈബര്‍ അതിക്രമം. ബിജെപി ഇന്‍ഫര്‍മേഷന്‍ സെല്‍ മേധാവി അമിത് മാളവ്യയുടെ നേതൃത്വത്തിലാണ് സബ്രിനയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണം. ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യമായിരുന്നു സെബ്രിനയുടെതെന്നാണ് മാളവ്യ പറയുന്നത്. ‘ടൂള്‍കിറ്റ് സംഘ’ത്തിന് പ്രധാനമന്ത്രി ഉചിതമായ പ്രഹരം കൊടുത്തിട്ടുണ്ടെന്നും മാളവ്യ പരിഹസിക്കുന്നു. മാളവ്യയുടെ ട്വീറ്റിനു ശേഷം ബിജെപി അനുകൂലികളുടെയും തീവ്രഹിന്ദുത്വ വാദികളുടെയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ സബ്രിനയെ ‘ പാകിസ്താനി ഇസ്ലാമിസ്റ്റ്’ ആയി മുദ്രകുത്തി. പാകിസ്താനി മാതാപിതാക്കളുടെ മകള്‍, അവളുടെ റിപ്പോര്‍ട്ടുകളില്‍ ഇസ്ലാം അവകാശവാദങ്ങളാണ് പ്രതിധ്വനിക്കുന്നത് എന്നൊക്കെ ബിജെപി അനുകൂല വെബ്‌സൈറ്റുകള്‍ വാര്‍ത്തകളെഴുതി. ഇസ്ലാമിസ്റ്റുകളുടെയും ഇടതുപക്ഷ-ലിബറലുകളുടെയും വാദങ്ങളെ പ്രതിധ്വനിപ്പിക്കുന്ന തരത്തില്‍ സമര്‍ത്ഥമായി നിര്‍മിച്ച ചോദ്യമാണവര്‍ ഉന്നയിച്ചത്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് ആരോപിക്കുന്നത് മറ്റാരുമല്ല, പാകിസ്ഥാന്‍ മാതാപിതാക്കളുടെ മകള്‍’ എന്നൊക്കെയാണ് സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഴുതി വച്ചത്. ഇന്ത്യയെ മോശമാക്കാന്‍ മാത്രമാണ് അവള്‍ നോക്കിയത്, ഇന്ത്യ വിരോധം ഡിഎന്‍എയിലുള്ള പാകിസ്താനി തുടങ്ങിയുള്ള അധിക്ഷേപങ്ങളുമായി നിരവധി ഹിന്ദുത്വ ഹാന്‍ഡിലുകള്‍ രംഗപ്രവേശം ചെയ്തു.

എട്ട് വര്‍ഷത്തിനുശേഷം ഒരു ചോദ്യം നേരിടേണ്ടി വന്നപ്പോള്‍!
യു എസ് സന്ദര്‍ശനവേളയില്‍, ആതിഥേയ രാജ്യത്തിന്റെ പ്രസിഡന്റ് ജോ ബൈഡനുമൊത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ സബ്രിന ഉയര്‍ത്തിയ ചോദ്യമാണ് അവര്‍ക്കെതിരെയുള്ള പ്രകോപനത്തിന് കാരണം. സബ്രിന മോദിയോട് ചോദിച്ചത് രാജ്യത്തെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചായിരുന്നു, പ്രധാനമായും ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍. ആ ചോദ്യം ‘മോദി വിരുദ്ധ’, ‘ഇന്ത്യ വിരുദ്ധ’ ചോദ്യമാണെന്നാരോപിച്ചാണ് ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ സബ്രിനയ്‌ക്കെതിരേ രോഷം കൊള്ളുന്നത്. സബ്രിന മുസ്ലിം ആണെന്നും അവര്‍ക്ക് പാകിസ്താന്‍ ബന്ധമുണ്ടെന്നുമുള്ള പോയിന്റുകള്‍ വച്ചാണ് സൈബര്‍ ആക്രമണം. ഇത്തരം അതിക്രമങ്ങള്‍ രാജ്യത്തെ കളങ്കപ്പെടുത്തുകയാണെന്നത് അവര്‍ കാര്യമാക്കുന്നില്ല.

കഴിഞ്ഞ എട്ടു വര്‍ഷമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയും തന്റെ സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകനും അഭിമുഖം കൊടുത്തിട്ടില്ല, ഒരു വാര്‍ത്താ സമ്മേളനം നടത്തിപ്പോലും ചോദ്യങ്ങളെ നേരിട്ടിട്ടില്ല. ദ വയറില്‍ അര്‍ഫ ഖനും ഷെര്‍വാണി എഴുതിയ ലേഖനത്തില്‍ പറയുന്നത്, മോദി അവസാനമായി ഒരു പ്രസ് കോണ്‍ഫറന്‍സ് അഭിസംബോധന ചെയ്തത് 2015 ല്‍(2015 നവംബറില്‍ ലണ്ടനില്‍വച്ച്) ആണെന്നാണ്. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വരുന്നത് 2019 മേയിലും, അമിത് ഷായ്‌ക്കൊപ്പം. അന്ന് ഒരു ചോദ്യം പോലും നേരിടാന്‍ തയ്യാറായുമില്ല.

ജനാധിപത്യം ഓര്‍മിപ്പിച്ച് വൈറ്റ് ഹൗസ്
വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷ കൗണ്‍സിലിലെ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി ഓര്‍മിപ്പിക്കുന്നത്, ‘ഏതു സാഹചര്യത്തിലായാലും അംഗീകരിക്കാനാകാത്ത അധിക്ഷേപമാണ് സബ്രിനയ്‌ക്കെതിരേ നടക്കുന്നതാണ്. ‘ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്’ ഇതെന്നും കിബ്രി കൂട്ടിച്ചേര്‍ക്കുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ തങ്ങളുടെ സഹപ്രവര്‍ത്തക നേരിടുന്ന പ്രശ്‌നം ചൂണ്ടികാണിച്ചപ്പോഴായിരുന്നു ജോണ്‍ കിബ്രിയുടെ പ്രതികരണം.

ബിജെപി സര്‍ക്കാരുമായി ബന്ധമുള്ള രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ സബ്രിനയെ ശല്യം ചെയ്യുന്നുണ്ടെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്. സബ്രിനയുടെ മതവിശ്വാസത്തെ ടാര്‍ഗറ്റ് ചെയ്താണ് സൈബര്‍ ആക്രമണമെന്നും അമേരിക്കന്‍ മാധ്യമം പരാതിപ്പെടുന്നു. പ്രസിഡന്റും പ്രധാനമന്ത്രി മോദിയുമൊത്തുള്ള ചോദ്യോത്തര പരിപാടിയില്‍, വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ ഞങ്ങളുടെ സഹപ്രവര്‍ത്തക സബ്രിന സിദ്ദിഖി പ്രധാനമന്ത്രിയോട് ഒരു ചോദ്യം ചോദിച്ചു, അന്നുമുതല്‍ ഇന്ത്യയില്‍ നിന്നുള്ള ചില ആളുകളില്‍ നിന്ന് അവള്‍ രൂക്ഷമായ ഓണ്‍ലൈന്‍ പീഡനത്തിന് വിധേയയാകുന്നു. അവരില്‍ ചിലര്‍ രാഷ്ട്രീയക്കാരാണ്, അവര്‍ക്ക് മോദി സര്‍ക്കാരുമായി ബന്ധമുണ്ട്. അവളുടെ മുസ്ലീം വിശ്വാസത്തെ അവര്‍ ലക്ഷ്യമിടുന്നു, അവളുടെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നു. ഇത് ഏതെങ്കിലും രൂപത്തിലുള്ള ജനാധിപത്യമാണോ? ഒരു ജനാധിപത്യ നേതാവിനോട് ഒരു മാധ്യമപ്രവര്‍ത്തക ഒരു ചോദ്യം ഉന്നയിക്കുമ്പോള്‍ ഇത്തരത്തിലുള്ള തിരിച്ചടി ലഭിക്കുന്നതിനോട് വൈറ്റ് ഹൗസിന്റെ പ്രതികരണം എന്താണ്? എന്നായിരുന്നു വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ ചോദ്യം.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിനോ ഉപദ്രവിക്കുന്നതിനോ ഉള്ള ശ്രമങ്ങളെ അപലപിക്കുന്നുവെന്നുമായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി അഭിപ്രായപ്പെട്ടത്.

സബ്രിന സിദ്ദിഖി

സബ്രിനയുടെ ചോദ്യം
ഇന്ത്യ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന മഹത് വ്യക്തിത്വങ്ങളിലൊരാളായ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ കൊച്ചുമകളുടെ മകളാണ് സബ്രിന. ഈ പാക്-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അഭിമാനകരമായ ഒരു കരിയര്‍ ഉണ്ട്. ഹഫിംഗ്ടണ്‍ പോസ്റ്റിലും ദ ഗാര്‍ഡിയനിലും ജോലി ചെയ്ത ശേഷമാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ ഭാഗമാകുന്നത്. തനിക്കെതിരെയുള്ള മത-വംശീയ ആക്രമണങ്ങള്‍ ശക്തമായപ്പോള്‍ സബ്രിന ട്വിറ്ററില്‍ രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. 2011 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ ടീമിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സബ്രിനയെയും അവരുടെ പിതാവിനെയും ആ ചിത്രത്തിലൊന്നില്‍ കാണാം. ചിലര്‍ എന്റെ വ്യക്തിപരമായ പശ്ചാത്തലം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്, ഒരു പൂര്‍ണ്ണമായ ചിത്രം നല്‍കുന്നത് ഇപ്പോള്‍ ശരിയാണെന്ന് തോന്നുന്നു. നമ്മള്‍ കരുതുന്നതിനെക്കാള്‍ സങ്കീര്‍ണമായിരിക്കും നമ്മുടെ ഐഡന്റി എന്നും സബ്രിന കുറിച്ചിട്ടുണ്ട്.

‘മിസ്റ്റര്‍ പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യ അഭിമാനിക്കുന്നു, എന്നാല്‍ നിങ്ങളുടെ സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുകയും വിമര്‍ശകരെ നിശ്ശബ്ദമാക്കുകയും ചെയ്യുന്നുവെന്ന് നിരവധി മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നു. വൈറ്റ് ഹൗസിന്റെ കിഴക്കേ മുറിയിലാണ് താങ്കള്‍ നില്‍ക്കുന്നത്, ഇവിടെവച്ച് നിരവധി ലോക നേതാക്കള്‍ ജനാധിപത്യം സംരക്ഷിക്കുന്നതിനായുള്ള പ്രതിജ്ഞബദ്ധ പ്രകടിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ രാജ്യത്തെ മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മൗലിക സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും എന്ത് നടപടികളാണ് നിങ്ങളും നിങ്ങളുടെ സര്‍ക്കാരും സ്വീകരിക്കാന്‍ തയ്യാറായിട്ടുള്ളത്?’-സബ്രിന സിദ്ദിഖി ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ചോദിച്ചകാര്യങ്ങളിതായിരുന്നു.

ഈ ചോദ്യം തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞു തുടങ്ങിയത്. ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണെന്ന പ്രഖ്യാപനവുമായി അമേരിക്കയെ കൂട്ടുപിടിച്ച് മോദി വാചാലനായി. ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎന്‍എയില്‍ ജനാധിപത്യമുണ്ട്. ജനാധിപത്യം ആത്മാവാണ്. ജനാധിപത്യം സിരകളില്‍ ഓടുന്നു. ജനാധിപത്യത്തില്‍ ജീവിക്കുന്നു. ജനാധിപത്യത്തിന് പൂര്‍വ്വികര്‍ നല്‍കിയ രൂപമാണ് ഭരണഘടന എന്നൊക്കെ പറഞ്ഞു. ജനാധിപത്യത്താല്‍ നിര്‍മിതമായ ഒരു ഭരഘടനയാല്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്ത്, ജാതി, മതം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ അതിന്റെ ഗുണം പ്രദാനം ചെയ്യുന്നുണ്ടെന്നും വിവേചനത്തിന് യാതൊരു ഇടവുമില്ലെന്നും അവകാശപ്പെട്ടു. തുടര്‍ന്നും ജനാധിപത്യത്തിന്റെ പാഠങ്ങള്‍, തന്റെ സ്വതസിദ്ധമായ വാക്‌സാമര്‍ത്ഥ്യത്താല്‍ ചോദ്യകര്‍ത്താവിനെ പഠിപ്പിക്കാന്‍ ശ്രമിച്ചതല്ലാതെ, സെബ്രിനയുടെ ചോദ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള മറുപടികളൊന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്നുണ്ടായില്ല. പകരം ഉണ്ടായത്, അപ്രിയ ചോദ്യമുയര്‍ത്തിയ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരേ അവരുടെ മതവും കുലവും പറഞ്ഞുള്ള അധിക്ഷേപം.

എന്തുകൊണ്ട് കഴിഞ്ഞ ഒമ്പത് കൊല്ലവും ഒരു ചോദ്യവും ഉയര്‍ന്നില്ല?
ബിജെപിയോ അവരുടെ സംഘ ഘടകങ്ങളോ കരുതിയത് പോലെ സബ്രിന ഒറ്റപ്പെട്ടു പോയില്ല. അവര്‍ക്ക് വലിയ പിന്തുണ കിട്ടുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമലോകം സബ്രിന സിദ്ദിഖിയ്ക്ക് ഒപ്പം നില്‍ക്കുകയാണ്.

സൗത്ത് ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍(എസ്എജെഎ) സബ്രിനയ്ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. തെക്കനേഷ്യയിലെ നിരവധി വനിത മാധ്യമപ്രവര്‍ത്തകര്‍, അവരുടെ ജോലി ചെയ്യുന്നതിന്റെ പേരില്‍ അവഹേളനം നേരിടുന്നുണ്ടെന്നാണ് എസ് എ ജെ എ ഔദ്യോഗിക പ്രതികരണത്തില്‍ വ്യക്തമാക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം ഏത് ജനാധിപത്യ രാജ്യത്തിന്റെയും മുഖമുദ്രയാണ്, പ്രധാനമന്ത്രി മോദി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെയാണ് നയിക്കുന്നത് എന്നും സൗത്ത് ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.

എസ് എ ജെ എ പ്രസിഡന്റ് മൈഥിലി സമ്പത്ത് കുമാര്‍ പറയുന്നത്, സബ്രിനയുടെ ചോദ്യം ‘ മോദി സംഘം’ പ്രതീക്ഷിച്ചിരുന്നതാണെന്നാണ്. സബ്രിനയുടെ ചോദ്യത്തോടുള്ള മോദിയുടെ പ്രതികരണവും, ഈ ചോദ്യം കഴിഞ്ഞ ഒമ്പത് കൊല്ലമായി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തോട് എന്തുകൊണ്ട് ചോദിക്കാന്‍ കഴിഞ്ഞില്ല എന്നതുമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നാണ് മൈഥലി ആവശ്യപ്പെടുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Advertisement