UPDATES

കല്‍ക്കരി ഇറക്കുമതി; അദാനി കമ്പനികള്‍ക്കെതിരേ അന്വേഷണം പുനരാരംഭിക്കണമെന്ന് ഡിആര്‍ഐ

സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

                       

കല്‍ക്കരി ഇറക്കുമതിയുടെ അമിത മൂല്യനിര്‍ണയം നടത്തിയെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം പുനരാരംഭിക്കണമെന്ന നിലപാട് ശക്തമാക്കി ഡിആര്‍ഐ. സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഇക്കാര്യം ആവര്‍ത്തിച്ചിരിക്കുന്നത്. സിംഗപ്പൂരില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ലഭിക്കുന്നതിന് ലെറ്റര്‍ റോഗറ്ററി പുറപ്പെടുവിക്കാന്‍ ഡിആര്‍ഐ മുംബൈ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കോടതി ഇത് നിരസിച്ചതിനെ തുടര്‍ന്നാണ്സുപ്രിം കോടതിയെ സമീപിക്കുന്നത്. വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന അന്വേഷണത്തില്‍ മറ്റൊരു രാജ്യത്തിന്റെ ജുഡീഷ്യല്‍ സഹായം ആ രാജ്യത്തെ കോടതി വഴി തേടുന്ന ഔപചാരിക കത്ത് അല്ലെങ്കില്‍ അഭ്യര്‍ത്ഥനയാണ് ലെറ്റര്‍ റോഗറ്ററി. ഒക്ടോബര്‍ 10- നാണ് കോടതിയില്‍ ഇത് സംബന്ധിച്ചുള്ള സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. അതേ ദിവസം, ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ജ്വല്ലറി ഡ്യൂട്ടി രഹിത സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഫയല്‍ ചെയ്തിരുന്നു. ഈ രണ്ട് വിഷയങ്ങളും സുപ്രീം കോടതി ഒരുമിച്ചാണ് പരിഗണിക്കുന്നത്.

2019 നവംബറിലാണ് അദാനി ഗ്രൂപ്പിന് അനുകൂലമായി കേസില്‍ ബോംബെ ഹൈക്കോടതി ഉത്തരവിറക്കുന്നത്. ബോംബെ കോടതിയുടെ ഉത്തരവിനെതിരെയാണ് ഡിആര്‍ഐ സുപ്രിം കോടതിയെ സമീപിക്കുന്നത്. നാല് വര്‍ഷത്തിനിടെ അഞ്ച് തവണ വാദം കേട്ട കേസ് ഇതുവരെയും അന്തിമ വാദത്തിലേക്ക് എത്തിയിട്ടില്ല. കേസിലെ ഹര്‍ജിക്കാരനായ ഡിആര്‍ഐ അല്ല എതിര്‍കക്ഷിയായ അദാനി ഗ്രൂപ്പാണ് ‘അശുദ്ധമായ കൈകളുമായി’ സുപ്രിം കോടതിയെ സമീപിച്ചതെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഏറ്റവും പുതിയ സത്യവാങ്മൂലത്തില്‍, ഡിആര്‍ഐ ചൂണ്ടിക്കാട്ടി. മീന്‍ പിടിക്കുന്നതു പോലെ അലഞ്ഞു തെരഞ്ഞു നടക്കുന്ന കേസ് മാത്രമാണ് ഇതെങ്കില്‍ ഇന്ത്യയിലെയും സിംഗപ്പൂരിലെയും കോടതികള്‍ ആദ്യം തന്നെ ഹര്‍ജിക്കാരന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അഭ്യര്‍ത്ഥനകള്‍ പൂര്‍ണമായും തള്ളിക്കളയുമായിരുന്നുവെന്ന് ഡിആര്‍ഐ സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്താണ് അദാനി ഗ്രൂപ്പിനെതിരെയുള്ള കേസ്?

2016 ഓഗസ്റ്റില്‍ മുംബൈയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക അഭ്യര്‍ത്ഥനയ്ക്ക് (ലെറ്റര്‍ റോഗറ്ററി) മറുപടിയായി, സിംഗപ്പൂരിലെ അറ്റോര്‍ണി ജനറലിന്റെ ചേംബര്‍ (എജിസി) നടപടി സ്വീകരിച്ചതായി ഡിആര്‍ഐ എടുത്തു കാണിക്കുന്നു. എജിസി സിംഗപ്പൂര്‍ സ്റ്റേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും അദാനി ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും (അദാനി ഗ്രൂപ്പിലെ ഒരു കമ്പനി) സിംഗപ്പൂരിലെ മറ്റ് ചില അനുബന്ധ കമ്പനികളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാന്‍ അനുമതി തേടി. സിംഗപ്പൂര്‍ ഹൈക്കോടതിയെ സമീപിച്ച്, അദാനി ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട 20 ബാങ്കുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നേടിയിരുന്നു. 2017-ല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി ഡിആര്‍ഐ പറയുന്നു. എന്നാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ അദാനി ഗ്രൂപ്പ് കമ്പനികളും, ബാങ്കുകളും സഹകരിക്കാത്തതിനാല്‍ അന്വേഷണത്തിന് ആവശ്യമായ രേഖകളിലേക്ക് ഏജന്‍സിക്ക് എത്തിപെടാനായിട്ടില്ലെന്നും ഡിആര്‍ഐ ചൂണ്ടിക്കാട്ടി. അതുകൊണ്ട്, പ്രസ്തുത രേഖകള്‍ ‘ലെറ്റര്‍ റോഗേറ്ററി’യുടെ നിയമക്രമത്തിലൂടെ മാത്രമേ ലഭിക്കുകയുള്ളുവെന്ന് ഏജന്‍സി കോടതിയില്‍ പറഞ്ഞു. 2011 നും 2015 നും ഇടയില്‍ ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത കല്‍ക്കരി 29,000 കോടി രൂപയായി മൂല്യം ഉയര്‍ത്തി കണക്കാക്കിയതിന് 40 കമ്പനികളെ കേന്ദ്രീകരിച്ച് ഡിആര്‍ഐ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം നടത്തുന്ന കമ്പനികളുടെ പട്ടികയില്‍ അദാനി എന്റര്‍പ്രൈസ്, അദാനി പവര്‍ എന്നിവയുള്‍പ്പെടെ ആറ് അദാനി കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഡിആര്‍ഐ ആരോപിക്കുന്ന കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ പറയുന്നു.

2016-ല്‍, ഡിആര്‍ഐ ഇന്ത്യയിലുടനീളമുള്ള ഫീല്‍ഡ് ഓഫീസുകള്‍ക്കും കസ്റ്റംസുകള്‍ക്കും ഏജന്‍സികള്‍ക്കും ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ സംഭരണ വില വര്‍ദ്ധിപ്പിക്കുന്ന രീതി സംബന്ധിച്ച്, അതായത് ‘മോഡസ്-ഓപ്പറാന്‍ഡി’ യെ കുറിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇങ്ങനെ കല്‍ക്കരിയുടെ യഥാര്‍ത്ഥ വിലയില്‍ നിന്നും മൂല്യം ഉയര്‍ത്തി കാണിക്കുന്നതിന്റെ പിന്നില്‍ രണ്ടു പ്രധാന ലക്ഷ്യങ്ങളുണ്ടാവാം. ഒന്ന്, രാജ്യത്തിന് പുറത്തേക്ക് രഹസ്യമായി പണം അയക്കുന്നതിനും, രണ്ടാമതായി യഥാര്‍ത്ഥ വില മറച്ചു വച്ചുകൊണ്ട് കൂടുതല്‍ പണം കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ ചെലവഴിച്ചുവെന്ന് കണക്കുകള്‍ കാണിച്ചു, ഈ കമ്പനികള്‍ അവര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നഷ്ടപരിഹാരമായി കൂടുതല്‍ പണം നേടാന്‍ ശ്രമിക്കുന്നതുമാവാം.

ഇന്തോനേഷ്യയില്‍ നിന്ന് കല്‍ക്കരി നേരിട്ട് ഇന്ത്യയിലേക്ക് അയ്ക്കുന്നുണ്ടെങ്കിലും, വിതരണക്കാരില്‍ നിന്നുള്ള ബില്ലുകളോ ഇന്‍വോയ്‌സുകളോ സിംഗപ്പൂര്‍, ദുബായ്, ഹോങ്കോംഗ്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ് തുടങ്ങിയ സ്ഥലങ്ങളിലെ ഇടനിലക്കാര്‍ വഴിയാണ് പോകുന്നത്. കല്‍ക്കരി യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിലയുള്ളതാണെന്ന് തോന്നിപ്പിക്കാന്‍ ഈ ഇടനിലക്കാരെ ഉപയോഗിച്ചതാണെന്നാണ് ഡിആര്‍ഐ സംശയിക്കുന്നത്. ഇതുവഴി കമ്പനികള്‍ക്ക് കല്‍ക്കരിയുടെ മൂല്യം കടലാസില്‍ വര്‍ധിപ്പിക്കാനാകും. കല്‍ക്കരി വാങ്ങുന്ന ഇന്ത്യന്‍ കമ്പനികളുമായി ബന്ധപ്പെടുത്തിയേക്കാവുന്ന ഈ ഇടനില കമ്പനികള്‍ കല്‍ക്കരി യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ 50% മുതല്‍ 100% വരെ വലിയ അമിത മൂല്യനിര്‍ണയം നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇന്തോനേഷ്യയില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്ത അദാനി ഗ്രൂപ്പ് ഇന്‍വോയ്സില്‍ വലിയ തുകയാണ് കാണിച്ചിരിക്കുന്നതെന്ന് 2017 നവംബറില്‍ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ (സിഇആര്‍സി) ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ അദാനി ഗ്രൂപ്പിനെതിരായ ഡിആര്‍ഐ കേസ് സുപ്രധനമാണ്. ഈ കണ്ടെത്തല്‍ ശരിയാണെങ്കില്‍, ഹരിയാനയിലെ ഇലക്ട്രിസിറ്റി കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരമായി അദാനി പവറിന് ലഭിച്ച പണവും ചോദ്യം ചെയ്യപ്പെട്ടേക്കാം. സമാനമായി ഇന്‍വോയ്സിയില്‍ തുക ഉയര്‍ത്തികാണിച്ചത് മൂലം രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിതരണ കമ്പനികളില്‍ നിന്നും അദാനി ഗ്രൂപ്പിന് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്.

വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന കല്‍ക്കരിയുടെ വില വളരെ ഉയര്‍ന്നതാണെങ്കില്‍, അത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള മൊത്തത്തിലുള്ള ചെലവ് വര്‍ദ്ധിപ്പിക്കുന്നു. സിഇആര്‍സി അല്ലെങ്കില്‍ അതാത് സംസ്ഥാന റെഗുലേറ്ററി കമ്മീഷനുകള്‍ നിശ്ചയിക്കുന്ന വൈദ്യുതിക്ക് നല്‍കുന്ന വില ഉയര്‍ത്താന്‍ തീരുമാനിച്ചേക്കാം. അതിനാല്‍, അവര്‍ വൈദ്യുതി വില വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍, ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗിക്കുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടിവരും. ഇന്തോനേഷ്യന്‍ കല്‍ക്കരി ഇറക്കുമതിയുടെ അമിത മൂല്യനിര്‍ണയം ആരോപിച്ച് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനിടെ 2018 സെപ്റ്റംബറില്‍ ബോംബെ ഹൈക്കോടതി സിംഗപ്പൂരിലേക്കും മറ്റ് രാജ്യങ്ങളിലേക്കും അയച്ച എല്ലാ ലെറ്റര്‍ റോഗറ്ററികളും (എല്‍ആര്‍) റദ്ദാക്കിയതിനെ തുടര്‍ന്ന് ഡിആര്‍ഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2020 ജനുവരിയിലെ ആദ്യ ഹിയറിംഗില്‍, ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. 2020 ഫെബ്രുവരിയിലെ രണ്ടാമത്തെ ഹിയറിംഗില്‍, അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്, ”പ്രതിഭാഗത്തിന് (അദാനി) വേണ്ടി അഡ്വക്കേറ്റ്-ഓണ്‍-റെക്കോര്‍ഡ് പ്രചരിപ്പിച്ച കത്ത് കണക്കിലെടുത്ത് ഒരാഴ്ചയ്ക്ക് ശേഷം കേസ് തീര്‍പ്പാക്കാന്‍ ഉത്തരവിട്ടു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് സാവകാശം തേടിയുള്ളതായിരുന്നു കത്ത്.

22 മാസമെടുത്താണ് അദാനി ഗ്രൂപ്പ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് അതായത് 2021 ഡിസംബറില്‍. കേസില്‍ അടുത്ത വാദം കേള്‍ക്കാന്‍ 19 മാസം കൂടി എടുത്തു. ഒടുവില്‍ ഈ ജൂലൈയില്‍ സുപ്രിം കോടതി ഡിആര്‍ഐയോട് ”റിജോയിന്‍ഡര്‍ സത്യവാങ്മൂലവും രേഖകള്‍ക്കൊപ്പം അധിക സത്യവാങ്മൂലവും ഫയല്‍ ചെയ്യാന്‍” ആവശ്യപ്പെടുകയും വിഷയം ഒക്ടോബര്‍ 10 ലേക്ക് ലിസ്റ്റ് ചെയ്യുകയും ചെയ്തു.

Share on

മറ്റുവാര്‍ത്തകള്‍