പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശവും കൽക്കരി മന്ത്രാലയ മറികടന്നു
പരിസ്ഥിതി മന്ത്രാലയത്തിൻ്റെ എതിർപ്പിനെ മറികടന്ന് കൊണ്ടാണ് സ്വകാര്യ ഊർജ വ്യവസായ സ്ഥാപനങ്ങളുടെ സംഘടന നടത്തിയ ലോബിയിംഗിനെത്തുടർന്ന് ലേലത്തിന് തുറന്ന നിബിഡ വനത്തിനുള്ളിലെ കൽക്കരി സമ്പന്നമായ ഒരു ഖനി ബ്ലോക്ക് അദാനി ഗ്രൂപ്പിന് ലഭിച്ചത്.
പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം മറികടന്ന് കൽക്കരി മന്ത്രാലയം, വിദഗ്ധ സമിതിയുടെ ഉപദേശവും വീറ്റോ ചെയ്തു. അദാനി അംഗമായ അസോസിയേഷൻ്റെ ലോബിയിംഗിന് ശേഷം മധ്യപ്രദേശിലെ മാറ II മഹാൻ കൽക്കരി ബ്ലോക്ക് ഖനനത്തിനായി തുറന്നുകൊടുക്കുകയാണെന്ന് കഴിഞ്ഞ ഒക്ടോബറിൽ ദ കളക്ടീവ് റിപ്പോർട്ട് ചെയ്തിരുന്നു.
2021-ൽ, കൽക്കരി ക്ഷാമം ചൂണ്ടിക്കാട്ടി ഒരു ലോബി ഗ്രൂപ്പ് കൽക്കരി മന്ത്രാലയത്തെ സമീപിച്ചു. എന്നിരുന്നാലും, ഈ നീക്കം വ്യവസായ ഗ്രൂപ്പിലെ അംഗമായ അദാനി ഗ്രൂപ്പിന് അനുകൂലമാകുമെന്ന് കളക്ടീവിൻ്റെ റിപ്പോർട്ട് വെളിപ്പെടുത്തി.
ദ റിപ്പോർട്ടേഴ്‌സ് കളക്ടീവിൻ്റെ വിശദമായ ചോദ്യങ്ങൾക്കുള്ള ഇമെയിൽ മറുപടിയിൽ അദാനി ഗ്രൂപ്പ് വക്താവ് പറഞ്ഞു, “അസോസിയേഷൻ ഓഫ് പവർ പ്രൊഡ്യൂസേഴ്‌സ് (എപിപി) അംഗങ്ങളുടെ പങ്കിനെക്കുറിച്ചുള്ള നിങ്ങളുടെ വ്യാഖ്യാനവും അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അനുചിതവുമാണ്.
എപിപിയിൽ 25-ലധികം അംഗങ്ങളുണ്ട്. ഇന്ധന സ്രോതസ്സുകൾ അനുവദിക്കുന്നതിനുള്ള തീരുമാനമെടുക്കൽ പ്രക്രിയയിൽ അംഗങ്ങൾക്ക് ഒരു പങ്കുമില്ല. അതിനാൽ, എപിപിയുടെ അഭ്യർത്ഥന പ്രകാരം ഒരു പ്രത്യേക വൈദ്യുതി ഉൽപ്പാദകൻ്റെ പ്രയോജനത്തിനായി മാത്രം ഒരു നിർദ്ദിഷ്ട ബ്ലോക്ക് ലേലത്തിൽ ഉൾപ്പെടുത്തിയതായി അവകാശപ്പെടുന്നത് തികച്ചും അടിസ്ഥാനരഹിതമാണ്, ”വക്താവ് കൂട്ടിച്ചേർത്തു.
രണ്ട് പുതിയ കൽക്കരി ഖനികൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ലോബി ഗ്രൂപ്പായ അസോസിയേഷൻ ഓഫ് പവർ പ്രൊഡ്യൂസേഴ്‌സ് കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കത്തെഴുതിയതായി ദ റിപ്പോർട്ടേഴ്‌സ് കളക്ടീവ് ആക്‌സസ് ചെയ്ത രേഖകൾ വ്യക്തമാക്കുന്നുണ്ട്.
അസോസിയേഷൻ ഡയറക്ടർ ജനറലും വൈദ്യുതി മന്ത്രാലയത്തിലെ മുൻ ബ്യൂറോക്രാറ്റുമായ അശോക് ഖുറാന, 2021 നവംബറിൽ കൽക്കരി ക്ഷാമത്തിൻ്റെ വാർത്ത ശ്രദ്ധയിൽപ്പെടുത്തി അന്നത്തെ കൽക്കരി സെക്രട്ടറിക്ക് ഇമെയിൽ അയച്ചു. അക്കാലത്ത് വൈദ്യുത നിലയങ്ങളിൽ 4 ദിവസത്തെ കൽക്കരി വിതരണം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാലാണ് പുതിയ ഖനികളുടെ ആവശ്യം ഉയർന്നതെന്ന് അസോസിയേഷൻ പറഞ്ഞു.
കൽക്കരി ലേലത്തിൽ ഉൾപ്പെടുത്തണമെന്ന് താൻ കരുതുന്ന രണ്ട് ബ്ലോക്കുകൾക്ക് ഖുറാന ചൂണ്ടി കാണിച്ചിരുന്നു. അതിലൊന്ന് സിങ്ഗ്രൗലിയിലെ മാര II മഹാനും മറ്റൊന്ന് ഛത്തീസ്ഗഡിലെ ഹസ്ദിയോ അരന്ദിനുള്ളിലുമാണ്.
വാസ്തവത്തിൽ, ആവശ്യത്തിന് കൽക്കരി ഉണ്ടായിരുന്നുവെന്ന് 2021 ഡിസംബറിൽ കൽക്കരി മന്ത്രാലയം പാർലമെൻ്റിൽ പറഞ്ഞിരുന്നു.
കനത്ത മഴയും റെയിൽവേ റേക്കുകളുടെ കുറവും വൈദ്യുതി നിലയങ്ങളിലെ സ്റ്റോക്ക് കുറയുന്നതിലേക്ക് നയിക്കുമോ എന്ന് ആശങ്ക മാത്രമാണ് നിലനിന്നത്. എന്നിട്ടും രണ്ട് ബ്ലോക്കുകൾ തുറക്കാനുള്ള അപേക്ഷയിൽ നടപടിയെടുക്കാൻ കൽക്കരി മന്ത്രാലയം തീരുമാനിച്ചു.
വാസ്തവത്തിൽ ഇത് ഒരു പടി മുന്നോട്ട് പോയി.രണ്ടിലൊന്ന് ഉൾപ്പെടുന്ന 15 കൽക്കരി ബ്ലോക്കുകളെ കൽക്കരി ഖനനത്തിൽ നിന്ന് ഒഴിവാക്കണം എന്ന പരിസ്ഥിതി മന്ത്രാലയത്തിൻ്റെ 2018 ലെ നിർദ്ദേശങ്ങൾ അവലോകനം ചെയ്യേണ്ടി വന്നിരുന്നു. കാരണം അവ ഉയർന്ന ജൈവവൈവിധ്യ മൂല്യമുള്ളതും ആവശ്യമുള്ളതുമായ പ്രദേശങ്ങളിൽ പെടുന്നവയാണ്.അവലോകനത്തിന് വഴിയൊരുക്കാൻ, കൽക്കരി മന്ത്രാലയം രാജ്യത്തെ സെൻട്രൽ മൈൻ പ്ലാനിംഗ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തി, ഈ 15 ബ്ലോക്കുകളുടെ ഭാഗങ്ങൾ കാടുകളെ ബാധിക്കാത്ത വിധത്തിൽ ഖനനം അനുവദിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനായിരുന്നു ഇത്.
കൽക്കരി മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്, അതിൻ്റെ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച്, “ധാതു, ഖനന മേഖലയിലെ സ്പെഷ്യലിസ്റ്റ് കൺസൾട്ടൻ്റ്” ആണ്.
നിബിഡ വനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ 15 കൽക്കരി ബ്ലോക്കുകളിൽ ഒന്നുപോലും ഖനനത്തിനായി തുറന്നുകൊടുക്കാനാവില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് കൽക്കരി മന്ത്രാലയത്തെ അറിയിച്ചു.
എന്നിരുന്നാലും, കൽക്കരി മന്ത്രാലയം സ്വന്തം സ്ഥാപനത്തിൻ്റെ ഉപദേശം അസാധുവാക്കി. പരിസ്ഥിതി മന്ത്രാലയവുമായുള്ള കത്തിടപാടുകളിൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അഭിപ്രായത്തിലെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കുകയും വിഷയത്തെക്കുറിച്ചുള്ള ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വീക്ഷണങ്ങളെ തെറ്റായി ചിത്രീകരിക്കുകയും ചെയ്തു. പരിസ്ഥിതി മന്ത്രാലയവുമായുള്ള കത്തിടപാടുകളിൽ അസോസിയേഷൻ ഓഫ് പവർ പ്രൊഡ്യൂസേഴ്‌സ് ഉപയോഗിച്ച വാദങ്ങളെപ്പോലും തിരുത്തി.
ഒടുവിൽ, ഖനനത്തിനായി പരിസ്ഥിതി മന്ത്രാലയം വിലക്കിയിരുന്ന 15 കൽക്കരി ബ്ലോക്കുകളിൽ നാലെണ്ണം കൽക്കരി മന്ത്രാലയം തുറന്നുകൊടുത്തു. ഈ നാലിൽ ഒന്ന് മധ്യപ്രദേശ് ആസ്ഥാനമായുള്ള ഒരു ബ്ലോക്ക് പവർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രത്യേകമായി ലോബി ചെയ്‌തിരുന്നു.
എന്നിരുന്നാലും, അടുത്തിടെ സമാപിച്ച വാണിജ്യ കൽക്കരി ഖനന ലേലത്തിൻ്റെ ഏഴാം ഘട്ടത്തിൽ ബ്ലോക്ക് ലേലത്തിന് വെച്ചപ്പോൾ, അദാനി ഗ്രൂപ്പിൽ നിന്ന് ഒരു ബിഡ് മാത്രമാണ് ലഭിച്ചത്.
രണ്ടാമത്തെ ശ്രമത്തിൽ, ബ്ലോക്കിൽ രണ്ട് ലേലക്കാർ ഉണ്ടായിരുന്നു. ത്രിവേണി എർത്ത്മൂവേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്. ലിമിറ്റഡും അദാനി ഗ്രൂപ്പിൻ്റെ മഹാൻ എനർജൻ ലിമിറ്റഡും. ഏകദേശം 3000 ദശലക്ഷം ടൺ കൽക്കരി കൈവശം വച്ചിരിക്കുന്ന ഒമ്പത് വാണിജ്യ ഖനികളുള്ള അദാനി ഗ്രൂപ്പ് വിജയിച്ചു.
ഈ അന്വേഷണ റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചത് റിപ്പോർട്ടേഴ്‌സ് കളക്റ്റീവാണ്റിപ്പോർട്ടേഴ്‌സ് കളക്റ്റീവാണ്. ഇതിന്റെ സ്വതന്ത്ര മലയാള പരിഭാഷയാണ് അഴിമുഖം പ്രസിദ്ധീകരിക്കുന്നത്.