UPDATES

മെല്ലെപ്പോക്കും പരസ്പര വൈരുദ്ധ്യങ്ങളും; അദാനി ഇടപാടുകളെ കുറിച്ചുള്ള സെബിയുടെ അന്വേഷണം പ്രഹസനമാകുന്നു

അദാനി ഗ്രൂപ്പിന്റെ ഇടപാടുകളെ കുറിച്ചുള്ള ഹിന്‍ഡെന്‍ബര്‍ഗ് ആരോപങ്ങള്‍ പുറത്ത് വന്നതോടെ ഇന്ത്യയിലെ സാമ്പത്തിക വിപണിയുടെ നിയന്ത്രണ ചുമതലയുള്ള സെബിയുടെ നടപടികളും ഇടപാടുകളും പൊതുസമൂഹം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

                       

സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം അദാനി ഗ്രൂപ്പിന്റെ ഇടപാടുകളെ കുറിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എകസ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടത്തുന്ന അന്വേഷണം വിവാദത്തിലേയ്ക്ക്. കേന്ദ്ര സര്‍ക്കാരിലെ പ്രമുഖരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഇടപാടുകളെ കുറിച്ച് സുതാര്യതയോടെയും കാര്യക്ഷമതയോടെയും അന്വേഷണം നടത്തുന്നതില്‍ സെബിക്ക് വീഴ്ചയുണ്ടാകുന്നുവെന്നുള്ള സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അന്വേഷണം സമയബദ്ധിതമായി പൂര്‍ത്തിയാക്കാതെ സെബി ഒഴിവുകഴിവുകള്‍ പറയുന്നതിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഈ മേയ് രണ്ടിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി സെബിക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നങ്കിലും പാലിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഓഗസ്റ്റ് 14 വരെ സുപ്രീം കോടതി സമയം നീട്ടി അനുവദിച്ചു.

അദാനി ഗ്രൂപ്പിന്റെ ഇടപാടുകളെ കുറിച്ചുള്ള ഹിന്‍ഡെന്‍ബര്‍ഗ് ആരോപങ്ങള്‍ പുറത്ത് വന്നതോടെ ഇന്ത്യയിലെ സാമ്പത്തിക വിപണിയുടെ നിയന്ത്രണ ചുമതലയുള്ള സെബിയുടെ നടപടികളും ഇടപാടുകളും പൊതുസമൂഹം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥര്‍ക്കെതിരെ നിയമനടപടി വേണമെന്നും ഹിന്‍ഡെന്‍ബര്‍ഗിനെതിരേ നടപടി വേണമെന്നും എല്ലാം ആവശ്യപ്പെട്ട് ഇന്ത്യന്‍ കോടതികളില്‍ ഇതിനോടകം ഒട്ടേറെ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു. ഈ ആരോപണങ്ങളുടെ ഗൗരവവും അടിയന്തിരസ്വഭാവവും കണക്കിലെടുത്താണ് രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെബിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.

ഫോട്ടോ കടപ്പാട്; വിക്കിപീഡിയ

റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട മേയ് രണ്ടിന് മൂന്ന് ദിവസം മുമ്പ്, ഏപ്രില്‍ 29 ന് സുപ്രീം കോടതിയില്‍ അന്വേഷണ പുരോഗതിയെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ 12 പ്രത്യേക ഇടപാടുകളാണ് സെബി അന്വേഷിച്ചുകൊണ്ടിരിക്കുന്നത് എന്നായിരുന്നു അത്. ഏറ്റവും ചുരുങ്ങിയ പൊതു ഓഹരി സംബന്ധിച്ച നിബന്ധനകളുടെ നിയമ പഴുതുകള്‍ ദുരുപയോഗം ചെയ്ത് ഓഹരി വിലകളില്‍ കൃത്രിമം കാണിച്ച ഇടപാടുകളാണിവ. ഈ ഇടപാടുകള്‍ അതീവ സങ്കീര്‍ണമാണെന്നും വിവിധ രാജ്യങ്ങളിലും ഇടങ്ങളിലും നടന്ന അനുബന്ധ ഇടപാടുകളുമായി കൂടിച്ചേര്‍ന്നതാണെന്നും സെബി സുപ്രീം കോടതിയെ അറിയിച്ചു. ഈ സങ്കീര്‍ണത അന്വേഷണത്തിന് വെല്ലുവിളിയാകുന്നുവെന്നും ബഹൃത്തായ രേഖകളുടെ പരിശോധനവും അന്തരാഷ്ട്ര ഭരണകൂടങ്ങളും സ്ഥാപനങ്ങളുമായുള്ള ഏകോപനവും ആവശ്യമാണെന്നും അവര്‍ പറയുന്നു.

‘ധനസ്ഥിതിയെ കുറിച്ചുള്ള വ്യാജ തെളിവുകള്‍ ഹാജരാക്കുക, നിയന്ത്രണങ്ങളെ മറികടക്കാന്‍ കൃത്രിമങ്ങള്‍ കാണിക്കുക തുടങ്ങി ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന തട്ടിപ്പുകള്‍ അന്വേഷിക്കുന്നതിന് ചുരുങ്ങിയത് 15 മാസങ്ങളെടുക്കും’- സെബി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. ആറുമാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അന്വേഷണം മന്ദഗതിയിലാക്കുന്നതിന് സെബിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്.

മേയ് പന്ത്രണ്ടിനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് മൂന്ന് മാസം കൂടി അന്വേഷണത്തിനായി അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്വബോധം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് കോടതിയില്‍ പ്രഖ്യാപിച്ചു. സെബിയുടെ ഭാഗത്ത് നിന്ന് ‘നിയന്ത്രിതാവ് എന്ന നിലയിലുള്ള പിഴവ്’ ഉണ്ടായിട്ടുണ്ട് എന്നുള്ള ഒരു അഭിഭാഷകന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അതുപറഞ്ഞത്. ഏത് തരത്തിലുള്ള ആരോപണം ഉയര്‍ത്തിയാലും അത് ഓഹരി വിപണിയെ ബാധിക്കുമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഢ് ചൂണ്ടിക്കാണിച്ചത്.

ഇതേ തുടര്‍ന്ന് മേയ് 15നാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സെബി അപേക്ഷ നല്‍കിയത്. 22 വയസുള്ള ഒരു അസിസ്റ്റന്റ് മാനേജരാണ് സെബിക്ക് വേണ്ടി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. മേയ് 17ന് കോടതി ഓഗസ്റ്റ് 14 വരെ സമയം അനുവദിച്ച് നല്‍കി.

അന്വേഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെയും സെബിയുടെയും പരസ്പരവിരുദ്ധമായ നിലപാടുകള്‍

രണ്ട് വര്‍ഷം മുമ്പ് ലോക്‌സഭയില്‍ ധനവകുപ്പിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ തൃണമൂല്‍ എം.പി മഹുവ മോയ്ത്ര സെബി ഏതെങ്കിലും തരത്തിലുള്ള അന്വേഷണം അദാനി ഗ്രൂപ്പിനെ കുറിച്ച് നടത്തുന്നുണ്ടോ എന്ന് ചോദ്യമുയര്‍ത്തിരുന്നു. 2021 ജൂണ്‍ 19ന് ഉന്നയിച്ച ഈ ചോദ്യത്തോട് കേന്ദ്ര ധനസഹമന്ത്രിയായ പങ്കജ് ചൗധരി പറഞ്ഞ മറുപടി അദാനി ഗ്രൂപ്പിനെതിരേ ഉയര്‍ന്ന ചില ആരോപണങ്ങള്‍ സെബി അന്വേഷിക്കുന്നുണ്ട് എന്നാണ്. എന്നാല്‍ 2023 മേയ് പതിനഞ്ചിന് സുപ്രീം കോടതിയില്‍ സെബി നല്‍കിയ ഹര്‍ജിയില്‍ 2016 ന് ശേഷം യാതൊരു അന്വേഷണവും ഈ ഗ്രൂപ്പിനെ കുറിച്ച് സെബി നടത്തിയിട്ടില്ല എന്നാണ്. ഇതാകട്ടെ കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയ്ക്ക് പൂര്‍ണ്ണമായും എതിരാണ്. ലോകസഭയില്‍ പറഞ്ഞ അതേ കാര്യം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലും മന്ത്രി പങ്കജ് ചൗധരി ആവര്‍ത്തിച്ചിരുന്നു-‘സെബി നിയന്ത്രണങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ചില അദാനി ഗ്രൂപ്പ് കമ്പനികളെ കുറിച്ച് സെബി അന്വേഷണം നടത്തുന്നുണ്ട്.’-എന്ന്.

ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട്. കടപ്പാട്; ട്വിറ്റര്‍

പാര്‍ലമെന്റില്‍ ഈ വിഷയം വീണ്ടും മഹുവ മോയ്ത്ര ഉന്നയിച്ചതിനെ തുടര്‍ന്ന് സെബിയുടെ ഒരു അസിസ്റ്റന്റ് മാനേജര്‍ സുപ്രീംകോടതിയില്‍ മറ്റൊരു സത്യവാങ്മൂലം മേയ് 17ന് സമര്‍പ്പിച്ചു. മുന്‍ ദിവസത്തെ സത്യവാങ്മൂലത്തില്‍ ഒരു അച്ചടിതെറ്റ് ഉണ്ടായി എന്നും എം.എസ്.പി (മിനിമം പബ്ലിക് ഷെയര്‍ ഹോള്‍ഡിങ്) ചട്ടം പാലിച്ചില്ല എന്നും ലംഘിക്കപ്പെട്ടിട്ടുണ്ട് എന്നുമുള്ള ആരോപണത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടന്നത് 2020 ഒക്ടോബറിലാണ്, 2016-ല്‍ അല്ല എന്നും പുതുക്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇതേ സത്യവാങ്മൂലത്തില്‍ 52 ഇന്ത്യന്‍ ലിസ്റ്റഡ് കമ്പനികളുടെ ആഗോള ഡിപോസിറ്ററി റെസീപ്റ്റുകളെ (ജി.ഡി.ആര്‍) -വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന്റേയും വിദേശ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിന്റെയും സര്‍ട്ടിഫിക്കറ്റ്- സംബന്ധിച്ച് 2016-ലെ സെബി ഉത്തരവ് ചൂണ്ടിക്കാണിക്കുന്നു. ‘ഈ കൂട്ടത്തില്‍ അദാനി ഗ്രൂപ്പില്‍ പെട്ട ഒരു കമ്പനിയും ഉണ്ടായിരുന്നില്ല. എന്നാല്‍ വിദേശ പോര്‍ട്ഫോളിയോ ഇന്‍വെന്റ്മെന്റ് കമ്പിനികളായ (എഫ്.പി.ഐ) എ.പി.എം.എസ് ഫണ്ട്സ് ലിമിറ്റഡ്, ക്രെസ്റ്റ ഫണ്ട്സ് ലിമിറ്റഡ്, അല്‍ബുല ഫണ്ട് ലിമിറ്റഡ് എന്നിവയുടെ ജി.ഡി.ആര്‍ അക്കൗണ്ടുകള്‍ 2016-ലെ ഉത്തരവിന്‍ പ്രകാരം മരവിപ്പിച്ചു.”

ഇതേ എഫ്.പി.ഐ സ്ഥാപനങ്ങളുടെ പേരാണ് ആദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് പലതവണ ഉയര്‍ന്ന് കേട്ടത്. 2021-ല്‍ അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളില്‍ 700 കോടി യു.എസ്.ഡോളര്‍ ഈ കമ്പനികള്‍ നിക്ഷേപിച്ചുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ മേയ് പതിനേഴിന് സെബി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് ഈ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ജി.ഡി.ആര്‍ സംബന്ധിച്ചാണെന്നും അതിന് അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധമില്ല എന്നുമാണ്. ഈ രണ്ട് അന്വേഷണങ്ങളും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് അബദ്ധം മൂലമാണെന്നും അവര്‍ വിശദീകരിക്കുന്നു

കടപ്പാട്; https://www.adaniwatch.org/ 

 

Share on

മറ്റുവാര്‍ത്തകള്‍