July 17, 2025 |
Share on

പ്രതികളുടേത് പരസ്പര വിരുദ്ധമായ മൊഴികൾ; ഹണിമൂൺ കൊലപാതകം പുനരാവിഷ്കരിച്ച് പൊലീസ്

കൊലപാതകത്തിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്

മേഘാലയയിൽ ഹണിമൂണിനിടെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ സംഘം മേഘാലയയിലെ ഈസ്റ്റ് ഖാസി മലനിരകളിലേക്ക്. രാജ രഘുവംശിയുടെ കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന ഈസ്റ്റ് ഖാസി ഹിൽസിൽ കൊലപാതകരം​ഗം പുനചിത്രീകരിച്ച് പൊലീസ്. സംഭവത്തിൽ പ്രതികളായ ഭാര്യ സോനത്തിനെയും മറ്റ് പ്രതികളെയും മേഘാലയ പൊലീസ് സൊഹ്റയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

കുറ്റകൃത്യങ്ങൾ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്യുന്ന സൊഹ്റയാണ് പ്രതികൾ കൊലപാതകത്തിനായി തിരഞ്ഞെടുത്തതെന്ന് പൊലീസ് പറഞ്ഞു. പതിറ്റാണ്ടുകളായി ഒരു തരത്തിലുള്ള കുറ്റകൃത്യവും വിനോദസഞ്ചാര കേന്ദ്രമായ സൊഹ്റയിൽ നടന്നിട്ടില്ല. സോനവും രാജ് കുശ്വാഹയും തമ്മിലുള്ള പ്രണയം മാത്രമാണ് കൊലപാതകത്തിന്റെ കാരണമെന്ന് വിശ്വസിക്കുന്നില്ലെന്നും കൃത്യത്തിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ എങ്ങനെയാണ് ഒരാളോട് ഇത്രവും ശത്രുത തോന്നുന്നത്. പ്രതികൾ പറഞ്ഞ ത്രികോണ പ്രണയകഥ സത്യമായിരിക്കാം. എന്നാൽ അത് മാത്രമാണ് കാരണമെന്ന് കരുതുന്നില്ല. കൂടുതൽ അന്വേഷണം നടത്തിവരികയാണ്, മേഘാലയ ഡെപ്യൂട്ടി ജനറൽ ഓഫ് പൊലീസ് ഇദാഷിഷ നൊങ്റാങ് പറഞ്ഞു.

പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതികൾ പറയുന്നതെന്നും അതിന്റെ വസ്തുക കൂടുതൽ മനസിലാക്കുന്നതിന് വേണ്ടിയാണ് കൊലപാതകം പുനചിത്രീകരിക്കാനുള്ള ശ്രമമെന്നും പൊലീസ് കൂട്ടിച്ചേർത്തു. പ്രതികളെ സംഭവം നടന്ന സ്ഥലത്ത് മുഖാമുഖം കൊണ്ട് വന്ന് കാര്യങ്ങൾ പറയിക്കുന്നത് ​കേസിന് ​ഗുണം ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.

പ്രതികളിലൊരാളായ സോനം ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. നാളെ സോനത്തിനെ കോടതിയിൽ ഹാജരാക്കുമെന്നും കസ്റ്റഡി നീട്ടിക്കിട്ടാൻ പൊലീസ് ആവശ്യപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മെയ് 11 ഇൻഡോറിൽ വെച്ചാണ് രാജ രഘുവംശിയും സോനവും വിവാഹിതരാകുന്നത്. മെയ് 20 ദമ്പതികൾ ഹണിമൂണിനായി ഷില്ലോങ്ങിലേക്ക് പോവുകയായിരുന്നു. മെയ് 21 ന് ഷില്ലോങ്ങിലെത്തിയ രാജയെയും സോനത്തിനെയും മെയ് 23നാണ് കാണാതാവുന്നത്. ദമ്പതികളെ കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് തിരച്ചിൽ നടത്തുകയും തുടർന്ന് ജൂൺ 2 ന് മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം ഒരു മലയിടുക്കിൽ കണ്ടെത്തുകയുമായിരുന്നു.

Content Summary: Honeymoon murder case; police recreate crime scene

Leave a Reply

Your email address will not be published. Required fields are marked *

×