നടുറോഡിൽ സാധാരണക്കാർക്ക് നേരെയുള്ള പൊലീസിന്റെ ക്രുരതയ്ക്ക് ഒരറുതിയും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് മലപ്പുറം, മഞ്ചേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ യുവാവിൻ്റെ മുഖത്തടിച്ച സംഭവം. പൊലീസ് ഉദ്യോഗസ്ഥരുടെ ഇത്തരം പ്രവൃത്തികൾക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് എന്നത് മറ്റൊരു വസ്തുതയാണ്. അത് തന്നെയാണ് നിലവിൽ ചർച്ചയാകുന്ന സംഭവത്തിലും ഉണ്ടായിരിക്കുന്നത്.
പൈത്തിനിപ്പറമ്പ് സ്വദേശി ചപ്പങ്ങക്കാട്ടിൽ ജാഫറിനെയാണ് വാഹന പരിശോധനയ്ക്കിടെ ട്രാഫിക് പൊലീസ് ഡ്രൈവറായ നൗഷാദ് മുഖത്തടിച്ചത്. പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് യുവാവിനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മഞ്ചേരി ട്രാഫിക് പൊലീസിലെ സിവിൽ പൊലീസ് ഓഫീസറാണ് നൗഷാദ്. നൗഷാദ് ജാഫറിന്റെ മുഖത്തടിക്കുന്നതും തുടർന്നുള്ള ബലപ്രയോഗവും വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും. എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. കാക്കി ധരിക്കാത്തതിനായിരുന്നു ജാഫറിന് പിഴ ചുമത്തിയത്. ആദ്യം 250 രൂപയാണെന്ന് പറഞ്ഞ പിഴ പിന്നീട് അടിച്ച് നൽകിയപ്പോൾ 500 ആയതായും പിഴ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ് പൊലീസ് തന്നെ മർദിച്ചതെന്നും ജാഫർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ ജാഫർ പരാതിയും നൽകിയിരുന്നു. താൻ കൂലിപ്പണിക്കാരനാണെന്നും പിഴ കുറയ്ക്കണമെന്നും ആവശ്യപ്പെട്ട തന്നെ മൂന്നാലുതവണ അടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് ഡിപ്പാർട്ട്മെന്റിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. തുടർന്ന് പൊലീസുകാരനെതിരെയുള്ള നടപടി സർക്കാർ സ്ഥലംമാറ്റത്തിൽ ഒതുക്കുകയായിരുന്നു. ട്രാഫിക് പൊലീസ് ഡ്രൈവറായ നൗഷാദിനെ പടിഞ്ഞാറ്റുംമുറി എആര്‍ ക്യാംപിലേക്കാണ് സ്ഥലംമാറ്റിയത്. പണമുള്ള വാഹനം റോഡിലുപേക്ഷിച്ചാണ് ജാഫറിനെ മഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ട് പോയതെന്നാണ് ജാഫർ മാധ്യമങ്ങളോട് പറഞ്ഞത്. ഇത്രയും മോശമായ രീതിയിൽ ഒരു സാധാരണക്കാരനോട് പെരുമാറിയിട്ടും സ്ഥലംമാറ്റം മാത്രം നൽകി പ്രശ്നത്തെ നിസാരവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
പൊലീസിന്റെ നടുറോഡിലെ ഗുണ്ടായിസത്തെക്കുറിച്ച് നിരവധി പേരാണ് പരാതികളുമായി രംഗത്തെത്തിയിട്ടുള്ളത്. കോട്ടയം, ഏറ്റുമാനൂരിൽ പ്രൈവറ്റ് ബസ് ഡ്രൈവറും യുവാവും തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ പൊലീസ് മർദിച്ച സംഭവവും ഇതിനൊരുദാഹരണമാണ്. പ്രൈവറ്റ് ബസ് തടഞ്ഞുനിർത്തി, യാത്രക്കാരെയും ജീവനക്കാരെയും തെറി വിളിക്കുകയും ബസിന്റെ ട്രിപ്പ് മുടക്കിയെന്നും ആരോപിച്ചാണ് കോട്ടയം സ്വദേശി അഭയ്. എസ്. രാജീവിനെ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അന്‍സല്‍ അബ്ദുല്‍ മർദിച്ചത്. എന്താണ് കാരണമെന്ന് പോലും തിരക്കാതെയാണ് രാജീവിനെ അന്‍സല്‍ അബ്ദുല്‍ മർദിക്കുകയും വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതെന്ന് ഹൈക്കോടതി അഭിഭാഷകനായ ഡി. വിനോദ് അഴിമുഖത്തോട് പ്രതികരിച്ചിരുന്നു.
മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന രാജീവിന്റെ അവസ്ഥ വളരെ മോശമായ നിലയിലാണെന്നാണ് അഡ്വ. ഡി. വിനോദ് പറഞ്ഞത്. സംഭവത്തിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ യാതൊരുവിധ നടപടിയും കൈക്കൊണ്ടിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് ആദ്യം നൽകിയ കേസ് ഹൈക്കോടതി തളളിയിരുന്നുവെന്നാണ് അഭിഭാഷകൻ പറഞ്ഞത്. മാധ്യമ റിപ്പോർട്ടുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും മറ്റ് തെളിവുകൾ ഹാജരാക്കിയാൽ മാത്രമേ കേസുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്നും പറഞ്ഞാണ് കേസ് തള്ളിയത്. നിലവിൽ അതിൽ അപ്പീൽ നൽകിയിരിക്കുകയാണ്.
അധികാരത്തിന്റെ ധാർഷ്ട്യം സാധാരക്കാരൻ്റെ മേൽ തീർക്കാമെന്നുള്ള പൊലീസിന്റെ മനോഭാവമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള പ്രധാന കാരണം. തങ്ങളുടെ തെറ്റുകൾ സർക്കാർ മറച്ച്പിടിക്കുമെന്നുള്ള വിശ്വാസവും പൊലീസിന്റെ അതിക്രമങ്ങൾ വർദ്ധിക്കുന്നതിന് ഒരു കാരണമാണ്.
Content Summary: police brutality in kerala ; police officer slapped driver in the face
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.