നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികളെ ലക്ഷ്യമിട്ട് വ്യോമസേന നടത്തിയ ആക്രമണം അബദ്ധത്തില്‍ ചന്തയില്‍ പതിച്ച് നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ നൈജീരിയയിലെ യോബ് സ്റ്റേറ്റിലുള്ള ഒരു ഗ്രാമത്തിലെ ചന്തയിലാണ് ദാരുണമായ സംഭവം നടന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും പ്രാദേശിക മാധ്യമങ്ങളും അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിനിടെ ലക്ഷ്യം തെറ്റി വെടിവെപ്പ് ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല. ബോര്‍ണോ സ്റ്റേറ്റിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ഒരു പതിറ്റാണ്ടിലേറെയായി ജിഹാദി കലാപം രൂക്ഷമായ പ്രദേശമാണിത്. ആക്രമണത്തെ അതിജീവിച്ചവരില്‍ നിന്നും ആശുപത്രി അധികൃതരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നൂറിലധികം മരണം സ്ഥിരീകരിച്ചതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നൈജീരിയ ഡയറക്ടര്‍ ഈസ സനൂസി പറഞ്ഞു.
വനമേഖലകളില്‍ ഒളിച്ചിരിക്കുന്ന സായുധ സംഘങ്ങളെ നേരിടാന്‍ നൈജീരിയന്‍ സൈന്യം പതിവായി വ്യോമാക്രമണം നടത്താറുണ്ട്. എന്നാല്‍ ഇത്തരം ആക്രമണങ്ങളില്‍ നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് തുടര്‍ച്ചയായ സംഭവമായി മാറുകയാണ്. 2017 മുതല്‍ നൈജീരിയന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകള്‍ കാരണം ചുരുങ്ങിയത് 500 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുന്നതിലെ പോരായ്മകളും വ്യോമസേനയും കരസേനയും തമ്മിലുള്ള ഏകോപനമില്ലായ്മയുമാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് പ്രധാന കാരണമെന്ന് സുരക്ഷാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ബോക്കോ ഹറാം ഭീകരരുടെ താവളം ലക്ഷ്യമിട്ടാണ് സൈന്യം നീങ്ങിയതെന്നും എന്നാല്‍ ജില്ലിയിലെ പ്രതിവാര ചന്തയില്‍ എത്തിയ സാധാരണക്കാര്‍ ഇതില്‍ ഇരയാകുകയായിരുന്നുവെന്നും യോബ് സ്റ്റേറ്റ് ഗവണ്‍മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ നൈജീരിയന്‍ വ്യോമസേന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നൈജീരിയയിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സൈന്യം വീണ്ടും പരാജയപ്പെട്ടുവെന്ന വിമര്‍ശനം ഇതോടെ ശക്തമായിരിക്കുകയാണ്.
Content Summary: Nigerian air force strike targeting jihadist rebels hit a market, killing more than 100 civilians
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.