സ്ത്രീധന പീഡനത്തെ തുടർന്ന് നോയിഡ സ്വദേശി നിക്കി ഭാട്ടിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. നിക്കി ഭാട്ടിയുടെ കുടുംബത്തിനെതിരെ സ്ത്രീധന പീഡനം ആരോപിച്ച് നിക്കിയുടെ സഹോദരൻ രോഹിത് പയ്ലയുടെ ഭാര്യ മിനാക്ഷി രംഗത്തെത്തി.
ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ നിക്കിയുടെ കുടുംബം ഉന്നയിച്ച സമാനമായ ആരോപണങ്ങളാണ് മിനാക്ഷിയും ഉയർത്തിയിരിക്കുന്നതെന്ന് എൻഡിറ്റിവിയുടെ റിപ്പോർട്ടിൽ പറയുന്നു.
2016 ലാണ് രോഹിത് പയ്ലയും മിനാക്ഷിയും തമ്മിലുള്ള വിവാഹം നടന്നത്. പല്ല ഗ്രാമത്തിൽ നിന്നുള്ള മീനാക്ഷിയുടെ കുടുംബം സ്ത്രീധനമായി ഒരു മാരുതി സുസുകി സിയാസ് കാർ നൽകിയിരുന്നു. എന്നാൽ അശുഭകരമെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ വാഹനം വിൽക്കുകയായിരുന്നുവെന്ന് മിനാക്ഷി ആരോപിച്ചു. പിന്നീട് പുതിയ മോഡൽ സ്കോർപിയോ എസ്‌യുവിയും പണവും ആവശ്യപ്പെടുകയും നൽകാത്തതിനെത്തുടർന്ന് ഭർതൃവീട്ടുകാർ തന്നെ മാതാപിതാക്കളുടെ വീട്ടിലേക്ക് തിരിച്ചയച്ചുവെന്നും മിനാക്ഷി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിഷയം പഞ്ചായത്ത് യോഗത്തിൽ സംസാരിക്കുകയും മിനാക്ഷിയുടെ വിവാഹത്തിനായി ചെലവഴിച്ച 35 ലക്ഷം രൂപ തിരികെ നൽകുകയോ അല്ലെങ്കിൽ ഭർത്താവിൻ്റെ കുടുംബം അവളെ മരുമകളായി തിരികെ സ്വീകരിക്കുകയോ ചെയ്യണമെന്ന് നിർദേശിക്കുകയുമായിരുന്നു.
എന്നാൽ, നിക്കിയുടെ പിതാവ് ഭിഖാരി സിങ് പയ്ലയും മറ്റ് കുടുംബാംഗങ്ങളും തന്നെ ഒരിക്കലും അംഗീകരിച്ചില്ലെന്ന് മീനാക്ഷി ആരോപിച്ചതോടെ തർക്കം പരിഹരിക്കപ്പെടാതെ തുടർന്നു. മിനാക്ഷി ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് സംസാരിക്കാൻ താൽപ്പര്യമില്ലെന്നും ഇത് വെറും ആരോപണങ്ങൾ മാത്രമാണെന്നുമായിരുന്നു നിക്കിയുടെ സഹോദരൻ രോഹിത്ത് മാധ്യമങ്ങളോട് പറഞ്ഞത്. എല്ലാ വീട്ടിലും വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും ഞങ്ങൾ ആ പെൺകുട്ടിയെ കത്തിച്ചില്ലല്ലോ എന്നും രോഹിത്ത് പറഞ്ഞു.
നിക്കി ഭാട്ടിയുടെ അറസ്റ്റിലായ ഭർതൃപിതാവ് സത്യവീർ സിങ്, ഭിഖാരി സിങ് പയ്ലയിൽ നിന്ന് പണം തിരികെ വാങ്ങി നൽകാമെന്ന് മീനാക്ഷിയുടെ പിതാവിന് ഉറപ്പുനൽകിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സത്യവീർ സിങ് മിനാക്ഷിയുടെ കാര്യത്തിൽ പലതവണ ഇടപെടുകയും വിഷയം പരിഹരിക്കാൻ ഭിഖാരി സിങ് പയ്ലയോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് 28 വയസ്സുള്ള നിക്കി ഭാട്ടി സ്ത്രീധന പീഡനത്തെത്തുടർന്ന് ഭർതൃവീട്ടുകാരാൽ ജീവനോടെ ചുട്ടെരിക്കപ്പെട്ടത്. ഏഴ് വയസ്സുള്ള മകനും അതേ കുടുംബത്തിൽ വിവാഹിതയായ സഹോദരിയും ഈ ക്രൂരകൃത്യത്തിന് സാക്ഷികളായിരുന്നു. കത്തിക്കൊണ്ടിരിക്കുന്ന നിക്കി പടിക്കെട്ടുകളിലൂടെ ഓടിയിറങ്ങുന്ന ഒരു വീഡിയോ പുറത്തുവന്നതോടെയാണ് ഈ സംഭവം ദേശീയ ശ്രദ്ധ നേടിയത്. പൊള്ളലേറ്റ നിക്കി പിന്നീട് മരണപ്പെടുകയായിരുന്നു.
നിക്കിയുടെ പിതാവ് ഭിഖാരി സിങ് പയ്ല, തൻ്റെ രണ്ട് മരുമക്കൾക്കും ഒരു സ്കോർപിയോ കാറും പണവും സ്വർണ്ണവും സ്ത്രീധനമായി നൽകിയിരുന്നു. ഇതാണ് തങ്ങളുടെ സമുദായത്തിൽ വിവാഹം നടക്കുന്ന രീതി എന്ന് പറഞ്ഞ് അദ്ദേഹം ഇതിനെ ന്യായീകരിക്കുകയും ചെയ്തു.
മകൾ പീഡനം അനുഭവിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് വീട്ടിലേക്ക് കൊണ്ടുവരാതിരുന്നതെന്ന ചോദ്യത്തിന് നമ്മുടെ സമാജത്തിൻ്റെയും സമുദായത്തിൻ്റെയും കാര്യങ്ങൾ നാം ശ്രദ്ധിക്കണം എന്നായിരുന്നു നൽകിയിരുന്ന മറുപടി. തുടർച്ചയായി ആവശ്യപ്പെട്ട സ്ത്രീധനം നൽകിയത് മകളുടെ കുടുംബത്തിൽ സമാധാനം നിലനിർത്താൻ വേണ്ടിയാണെന്ന് നിഖിയുടെ അമ്മാവനും ഭിഖാരി സിംഗിൻ്റെ സഹോദരനുമായ രാജ്കുമാർ സിങ് പറഞ്ഞിരുന്നു.
അതേസമയം, നിക്കി ഭാട്ടിയുടെ മുറിയിൽ നിന്ന് തീപിടിക്കുന്ന വസ്തു കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു.
Content Summary: noida dowry death case: Nikki Bhati’s Sister-In-Law Makes Big Allegation
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.