‘Justice delayed is justice denied’ (നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്), നടി ആക്രമിക്കപ്പെട്ട കേസില്‍ ഈ ചൊല്ലിന്റെ പ്രസക്തി വളരെ വലുതാണ്. എട്ടര വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിന് അന്തിമവിധി പ്രഖ്യാപിക്കുന്നത്. സിനിമാമേഖലയെയും പൊതുസമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച സംഭവത്തില്‍, വളരെ വൈകിയാണ് വിധി വരുന്നത് എന്നത് നീതിന്യായ വ്യവസ്ഥയെയും അന്വേഷണ സംവിധാനങ്ങളെയും ചോദ്യമുനയില്‍ നിര്‍ത്തുന്നത് തന്നെയാണ്. അതിജീവിത നേരിട്ട ശാരീരിക – മാനസിക ബുദ്ധിമുട്ടികളെ അവഹേളിക്കും വിധമായിരുന്നു നിയമനടപടികളുടെ മെല്ലെപ്പോക്ക്.
സംഭവം നടന്ന് ദിവസങ്ങള്‍ക്കകം കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, ഈ ക്വട്ടേഷന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന കണ്ടെത്തലോടെ പ്രമുഖ നടന്‍ ദിലീപ് എട്ടാം പ്രതിയായി അറസ്റ്റിലായി. കേസ് കോടതിയിലെത്തി വിചാരണ ആരംഭിച്ചെങ്കിലും നിരവധി കാരണങ്ങള്‍ കൊണ്ട് നടപടികള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു.
കാലതാമസത്തിന് പിന്നിലെ കാരണങ്ങള്‍
വിചാരണ വൈകിപ്പിക്കുന്നതില്‍ പ്രധാന കാരണമായി മനസിലാക്കാന്‍ സാധിക്കുന്നത്, പ്രതിഭാഗം സമര്‍പ്പിച്ച എണ്ണമറ്റ ഹര്‍ജികളാണ്. കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ടും വിചാരണക്കോടതിയിലെ നടപടികള്‍ ചോദ്യം ചെയ്തും, അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടും പല തവണ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത് വിചാരണ നീളാന്‍ കാരണമായി. പ്രതിഭാഗം സാക്ഷികളെ ക്രോസ് വിസ്താരം ചെയ്തതിലെ കാലതാമസവും വിചാരണ നീളാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.
കേസിന്റെ നടപടിക്രമങ്ങളില്‍ പ്രതിഷേധിച്ചും, കോടതിയുമായി യോജിച്ച് പോകാന്‍ കഴിയാതെയും ഒന്നിലധികം പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജി വച്ചുപോയതും വിചാരണയെ ബാധിച്ചു. സെഷന്‍സ് കോടതി ജഡ്ജി ഹണി വര്‍ഗീസിനെ മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയ തീരുമാനം കേസിന്റെ വിചാരണയില്‍ കോടതി പക്ഷാപാതപരമായ നിലപാടെടുക്കുന്നുവെന്ന ആരോപണത്തിന് ആക്കം കൂട്ടുന്നതായിരുന്നു. അതിജീവിതയുടെ ഹര്‍ജി തള്ളിയതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സുരേശന്‍ രാജിവെച്ചത് കേസന്വേഷണത്തിലെ അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു. നീണ്ടുനില്‍ക്കുന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് ആവശ്യമായ പ്രാധാന്യവും സംരക്ഷണവും ലഭിക്കുന്നില്ലെന്നാണ് അഡ്വ. എ. സുരേശന്റെ രാജി സൂചിപ്പിക്കുന്നതെന്നും അന്ന് സംസാരങ്ങള്‍ ഉയര്‍ന്നിരുന്നു.
തുടര്‍ന്ന്, കോടതിയിലെ പ്രതികൂല അന്തരീക്ഷം ചൂണ്ടിക്കാട്ടി മുന്‍ സിബിഐ പ്രോസിക്യൂട്ടറായിരുന്ന അനില്‍കുമാറും രാജിവെച്ചതോടെ കോടതി നടപടികളിലുള്ള വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു.
അന്വേഷണത്തിനിടയില്‍ ഉയര്‍ന്നുവന്ന പുതിയ വെളിപ്പെടുത്തലുകളും തുടരന്വേഷണവുമാണ് മറ്റൊരു കാരണമായി കാണുന്നത്. കേസിനിടെ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് തുടരന്വേഷണം വേണ്ടിവന്നതും നടപടികള്‍ നീണ്ടുപോകുന്നതിന് കാരണമായി. ഇത് പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ കോടതിയില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു.
നിയമനടപടികള്‍ ഇത്രയധികം നീണ്ടുപോയത് പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. ഒരു ഹൈ പ്രൊഫൈല്‍ കേസിന് ഇത്രയും വൈകിയാണ് നീതി ലഭിക്കുന്നതെങ്കില്‍, സാധാരണക്കാര്‍ക്ക് നീതി ലഭിക്കാന്‍ എത്രത്തോളം ബുദ്ധിമുട്ടേണ്ടിവരും എന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ന്നു വന്നു.
നീതിക്കായി അതിജീവിത നടത്തിയ ശക്തമായ പോരാട്ടമാണ് ഈ കേസിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. കേസില്‍ 20ല്‍ അധികം സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷന്‍ നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു. ഇത് കേസിന്റെ പുരോഗതിയെ കാര്യമായി തന്നെ ബാധിച്ചു. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടി പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതും നിയമപ്രക്രിയയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു.
വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കും നിയമപോരാട്ടങ്ങള്‍ക്കും ശേഷം കേസ് ഇപ്പോള്‍ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ്. ഈ കേസിന്റെ വിധി, കേരളത്തിലെ ക്രിമിനല്‍ നിയമ വ്യവസ്ഥയ്ക്കും, നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്കും, സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ കാര്യത്തിലും ഏറെ നിര്‍ണായകമാകും.
Content Summary: actress attack case; What is the reason for the delay in justice for the survivor?