തെക്കുകിഴക്കൻ ഏഷ്യൻ മേഖലകളെ ആകെ ദുരിതത്തിലാക്കിയിരിക്കയാണ് ആഴ്ചകളുടെ വ്യത്യാസത്തിൽ ആഞ്ഞടിച്ച മൂന്ന് ചുഴലിക്കാറ്റുകൾ.
കൊടുങ്കാറ്റുകൾ മൂലം 1,200 പേർ മരിക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. ഈ വർഷം പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിൽ ഇതുവരെ 16 ചുഴലിക്കാറ്റുകളും അനവധി ന്യൂനമർദ്ദങ്ങളും രൂപപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. റോക്സി മാത്യു കോൾ പറയുന്നത് മിതമായ ചുഴലിക്കാറ്റുകൾ പോലും തീവ്രമായ മഴയ്ക്കും വ്യാപകമായ വെള്ളപ്പൊക്കത്തിനും കാരണമാകുന്നുവെന്നാണ്. ദിത്‌വ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ ആഞ്ഞടിക്കുകയും ഇന്ത്യയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു, അതേസമയം സെയ്ൻയാർ ഇന്തോനേഷ്യയിൽ എത്തുകയും ഇപ്പോൾ മലേഷ്യയിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്നാണ് ശ്രീലങ്കൻ പ്രസിഡന്റ് ഇക്കഴിഞ്ഞ ദിവസങ്ങളിലെ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പറഞ്ഞത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും ഇത് ബാധിച്ചു. തീരദേശങ്ങളെ തകർത്ത 2004ലെ സുനാമിയുടെ വ്യാപ്തിയെക്കാൾ വലുതാണ് ഇപ്പോഴത്തെ ദുരന്തത്തിന്റെ തോത്. ശ്രീലങ്കയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പത്ത് ലക്ഷത്തിലധികം ആളുകളെയാണ് ബാധിച്ചത്. 15,000ത്തിലധികം വീടുകൾ നശിക്കുകയും ചെയ്തു. ശ്രീലങ്കയിലെ മരണസംഖ്യ തിങ്കളാഴ്ച ആയപ്പോഴേക്കും 355 ആയി ഉയർന്നു, കൂടാതെ നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്.
ഇന്തോനേഷ്യയിലെ ഉദ്യോഗസ്ഥരിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് വെള്ളപ്പൊക്കം 15 ലക്ഷം ആളുകളെ ബാധിക്കുകയും ഏകദേശം 5,70,000 ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. ശനിയാഴ്ച വരെ ഇന്തോനേഷ്യയിൽ നിന്ന് 3 ലക്ഷത്തോളം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. ഇന്തോനേഷ്യയുടെ ഔദ്യോഗിക മരണസംഖ്യ 604ൽ എത്തി, കൂടാതെ 464 പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. വിയറ്റ്നാമിനെ ഈ വർഷം 14 ചുഴലിക്കാറ്റുകൾ ബാധിച്ചു. രാജ്യത്തിന്റെ തെക്ക്-മധ്യ തീരത്ത് 15-ാമത്തെ വലിയ കൊടുങ്കാറ്റ് രൂപപ്പെടുന്നുണ്ട്. നവംബറിൽ മാത്രം ഈ രാജ്യത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 90ൽ അധികം ആളുകൾ കൊല്ലപ്പെട്ടു.
തായ്‌ലൻഡിൽ വെള്ളപ്പൊക്കത്തിൽ 160 ആളുകൾ മരിക്കുകയും 20 ലക്ഷത്തിലധികം ആളുകൾക്ക് വീട് വിട്ട് പോകേണ്ടി വരികയും ചെയ്തു. തായ്‌ലൻഡ് സൈന്യം അതിന്റെ തെക്കൻ പ്രവിശ്യകളിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി സൈനികരെയും ഹെലികോപ്റ്ററുകളും ബോട്ടുകളും അയച്ചു. നവംബറിൽ ഒരു ആഴ്ചയുടെ ഇടവേളയിലാണ് ഫിലിപ്പീൻസിൽ രണ്ട് ചുഴലിക്കാറ്റുകൾ ബാധിച്ചത്. ഇതിനു ഒരാഴ്ച മുമ്പ് മറ്റൊരു കൊടുങ്കാറ്റ് വീശിയതിനെ തുടർന്ന് 200ലധികം ആളുകൾ മരണപ്പെട്ടിരുന്നു.
ഈ വർഷത്തെ മൺസൂൺ സീസൺ അസാധാരണമാംവിധം തീവ്രമായിരുന്നു. ഇതിന് ഭാഗികമായി കാരണം ലാ നിന എന്ന കാലാവസ്ഥാ പ്രതിഭാസമാണ്. ഈ പ്രതിഭാസം ശക്തമായ കാറ്റുകളാൽ ചൂടുവെള്ളത്തെ പസഫിക്കിന് കുറുകെ കിഴക്കൻ ഏഷ്യയിലേക്ക് തള്ളിവിടുകയും കൊടുങ്കാറ്റുകൾ രൂപപ്പെടുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഹരിക്കെയ്ൻ, ടൈഫൂൺ, സൈക്ലോൺ എന്നീ വാക്കുകളെല്ലാം ഒരേതരം കൊടുങ്കാറ്റിനെയാണ് സൂചിപ്പിക്കുന്നത്, എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പേരുകളാണ് ഉപയോഗിക്കുന്നത്. എല്ലാ വർഷവും മൺസൂൺ മഴ ഉണ്ടാവാറുണ്ടെങ്കിലും, ഭൂമധ്യരേഖയ്ക്ക് അടുത്തുള്ള പ്രദേശങ്ങളിൽ ചുഴലിക്കാറ്റുകൾ വിരളമാണ്. ഭൂമിയുടെ ഭ്രമണം മൂലമുണ്ടാകുന്ന ഒരു ശക്തി കാരണം ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ കറങ്ങുന്നു. ഈ ശക്തി ഏറ്റവും ദുർബലമായ ഭൂമധ്യരേഖയ്ക്ക് സമീപം കൊടുങ്കാറ്റുകൾ രൂപപ്പെടുന്നത് അസാധാരണമാണ്. എന്നാൽ, ടൈഫൂൺ സെയ്ൻയാർ ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും ഇടയിലുള്ള കടലിടുക്കിൽ ഭൂമധ്യരേഖയ്ക്ക് ഏകദേശം 5 ഡിഗ്രി മുകളിലായാണ് രൂപപ്പെട്ടത്.
ഇന്ത്യയ്ക്കും മ്യാൻമറിനും ഇടയിലുള്ള കടൽമേഖലയായ ബംഗാൾ ഉൾക്കടലിൽ, കഴിഞ്ഞ 50 വർഷത്തിനിടെ തീവ്ര ചുഴലിക്കാറ്റുകളായി മാറുന്ന കൊടുങ്കാറ്റുകളുടെ അനുപാതം വർദ്ധിച്ചിട്ടുണ്ട്. 2024ലെ ഒരു പഠനം സൂചിപ്പിക്കുന്നത്, ടിബറ്റൻ പീഠഭൂമിയിലെ ചൂടേറുന്നത് തെക്ക് കിഴക്കൻ ഏഷ്യയ്ക്കും കിഴക്കൻ ഏഷ്യയ്ക്കും ചുറ്റുമുള്ള പസഫിക് സമുദ്രത്തിലെ കാറ്റ് വർദ്ധിക്കുന്നതിനും കാരണമാകും.
ഈ വർഷത്തെ കൊടുങ്കാറ്റുകൾ അതീവ പ്രാദേശിക മഴയോടൊപ്പമാണ് ഉണ്ടായത്. തെക്കുകിഴക്കൻ ഏഷ്യയിൽ, സീസൺ അവസാനിക്കുമ്പോഴുള്ള ടൈഫൂണുകൾ നവംബർ-ഡിസംബർ മാസങ്ങളിലെ മൺസൂൺ മഴയുമായി പലപ്പോഴും ഒത്തുചേരാറുണ്ട്, എന്നാൽ തെക്കേ ഏഷ്യയിൽ ഇത്തരത്തിലുള്ള ഒത്തുചേരൽ അസാധാരണമാണ്.
കൂടുതൽ ഈർപ്പം അന്തരീക്ഷത്തിൽ തങ്ങുന്നത് താപനില ഉയരുന്നതിന് കാരണമാകുന്നു ഇത് മഴയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇക്കാരണത്താൽ സാധാരണേതിനേക്കാൾ തീവ്രവും പ്രവചനാതീതവുമായി തീരും മൺസൂൺക്കാലം. സങ്കീർണ്ണമായ സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളാണ് ഈ രാജ്യങ്ങൾ നേരിടുന്നത്. എന്നാൽ, അതേസമയം തന്നെ ദുരന്തങ്ങളോട് വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനുള്ള പൊതുജന സമ്മർദ്ദവും ഇവർക്ക് മേലുണ്ട്.
ശ്രീലങ്ക 2022ൽ രാജ്യത്തെ ബാധിച്ച സാമ്പത്തിക തകർച്ചയിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല. ശ്രീലങ്കയിലെ ഏറ്റവും വലിയ വികസന സംഘടനകളിലൊന്നിന്റെ പ്രസിഡന്റായ ഡോ. വിന്യ ആര്യരത്ന പറഞ്ഞത്, രാജ്യത്തെ 25 ജില്ലകളെയും ദുരന്തം ബാധിച്ചു എന്നാണ്. ഒന്നോ രണ്ടോ സ്ഥലങ്ങളൊഴികെ രാജ്യം മുഴുവൻ ഒരു ദുരന്തമേഖലയാണെന്ന് വിലയിരുത്തലുകളുണ്ട്.
ലോകത്തിലെ നാലാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യയിൽ, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ സെപ്റ്റംബറിൽ തെരുവിലിറങ്ങിയിരുന്നു. യുവജനങ്ങളുടെ തൊഴിലില്ലായ്മ 16 ശതമാനത്തിന് മേലെയായിരുന്നു. വിയറ്റ്നാം സർക്കാരിനെിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ദേശീയ സ്ഥിതിവിവരക്കണക്ക് അനുസരിച്ച് ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലഘട്ടത്തിൽ പ്രകൃതിദുരന്തങ്ങൾ 200 കോടിയിലധികം നാശനഷ്ടമുണ്ടാക്കി.
content summary: Asian nations are being battered by monsoon-related destruction, what is behind these continuing natural disasters?