June 26, 2026 |
Avatar
അമർനാഥ്‌
Share on

നീതി നടപ്പിലാക്കിയ നവംബര്‍; ന്യൂറംബര്‍ഗ്‌ വിചാരണയും നാസികളുടെ അന്ത്യവിധിയും

വിചാരണ നേരിട്ടവരെ ഓര്‍ത്ത് കരഞ്ഞവരേക്കാള്‍ കൂടുതല്‍ ഈ ലോകത്തുള്ളത് ആ ന്യായ വിധിയില്‍ ആഹ്ലാദിച്ചവരാണ്

80 വര്‍ഷം മുന്‍പ് നടന്ന മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പാതകങ്ങളുടെ രക്തക്കറ പുരണ്ടവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നീതി നടപ്പിലാക്കലായിരുന്നു രണ്ടാം ലോകമഹാ യുദ്ധാനന്തരം ജര്‍മനിയില്‍ നടന്ന ന്യൂറംബര്‍ഗ് വിചാരണ.

”നമ്മള്‍ അപലപിക്കാനും ശിക്ഷിക്കാനും ശ്രമിക്കുന്ന തെറ്റുകള്‍ വളരെ കരുതിക്കൂട്ടി ചെയ്തതും, വളരെ മാരകവും, വളരെ വിനാശകരവുമാണ്, അതിനാല്‍ അവ ആവര്‍ത്തിക്കപ്പെടുന്നത് അതിജീവിക്കാന്‍ കഴിയാത്തതിനാല്‍ നാഗരികതയ്ക്ക് അവ അവഗണിക്കപ്പെടുന്നത് പൊറുക്കാനാവില്ല‘- ന്യൂറംബര്‍ഗ് വിചാരണയില്‍ അമേരിക്കന്‍ ചീഫ് പ്രോസിക്യൂട്ടര്‍ റോബര്‍ട്ട് ജാക്‌സണ്‍.

”ന്യൂറംബര്‍ഗ് നിയമങ്ങള്‍ ബാധകമാക്കിയിരുന്നെങ്കില്‍, യുദ്ധാനന്തരമുള്ള എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരെയും തൂക്കിലേറ്റുമായിരുന്നു.”– നോം ചോംസ്‌കി.

ആ നവംബര്‍ അവസാനിച്ചത് ചരിത്രത്തില്‍, അന്തിമ വിധിയൊരുക്കുന്നതിന്റെ ആരംഭത്തോടെയായിരുന്നു. 80 വര്‍ഷം മുന്‍പായിരുന്നു ജര്‍മന്‍ പട്ടണത്തിലെ ന്യൂറംബര്‍ഗില്‍ ആ ചരിത്ര കൂട്ടവിചാരണ നടന്നത്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷം ഹിറ്റ്‌ലറുടെ കൂട്ടാളികളായിരുന്ന കീഴടങ്ങിയ 22 നാസി തലവന്മാരുടെ കുറ്റവിചാരണ. 1945 നവംബര്‍ 20 ന് ആരംഭിച്ച് 1946 ഒക്ടോബര്‍ ഒന്നിന് അവസാനിച്ചു.

ന്യൂറംബര്‍ഗില്‍ നടന്ന ഈ യുദ്ധക്കുറ്റവിചാരണ മനുഷ്യരാശിക്കെതിരെ നടന്ന കുറ്റൃത്യങ്ങള്‍ക്കെതിരെ ചരിത്രത്തിലെ എറ്റവും വലിയ വിചാരണയായിരുന്നു.

ലോകം ഭരിക്കാന്‍ ഒരുങ്ങിയ അഡോള്‍ഫ് ഹിറ്റ്‌ലറും, ജര്‍മനിയും സ്വേച്ഛാധിപത്യത്തിന്റെയും ക്രൂരതയുടേയും പ്രതിരൂപമായ അയാളുടെ പാര്‍ട്ടിയും തങ്ങളുടെ പ്രതാപകാലത്ത് നാസി പാര്‍ട്ടിയുടെ പടുകൂറ്റന്‍ റാലികള്‍ നടത്തിയ ജര്‍മനിയിലെ ന്യൂറംബര്‍ഗ് നഗരം തന്നെ ഈ വിചാരണക്ക് തിരഞ്ഞെടുത്തത് കൊടും ക്രൂരതക്കുള്ള ശിക്ഷാവിധി നടപ്പിലാക്കുന്നു എന്ന് പ്രതീകാത്മകമായി ലോകത്തെ
ഓര്‍മിപ്പിക്കാനുമായിരുന്നു.

അതായിരുന്നു ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ആ കാവ്യ നീതി!

ന്യൂറംബര്‍ഗ് വിചാരണ നടന്ന ചരിത്ര പ്രസിദ്ധമായ പാലസ് ഓഫ് ജസ്റ്റീസ്

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം വിജയികളായ സഖ്യകക്ഷികള്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നിവര്‍ ചേര്‍ന്ന് ഒരു രാജ്യാന്തര കോടതി രൂപീകരിച്ചു. ലോകത്തിനെ വെല്ലുവിളിച്ച് പാതകങ്ങള്‍ നടത്തിയ ജര്‍മനിയിലെ നാസി നേതാക്കന്മാരെ പിടി കൂടി കൂട്ടത്തോടെ വിചാരണ ചെയ്തു. അവര്‍ക്കെതിരെ നാലുവിധ കുറ്റങ്ങളാണ് കോടതി ചുമത്തിയത്; 1. ഗൂഢാലോചന നടത്തിയ കുറ്റം; 2. സമാധാനം ഇല്ലാതാക്കിയ കുറ്റങ്ങള്‍; 3. യുദ്ധമെന്ന കുറ്റം, 4.മനുഷ്യരാശിയോടു ചെയ്ത തെറ്റുകള്‍.

സഖ്യരാഷ്ട്രങ്ങളില്‍ നിന്നുള്ള ജഡ്ജിമാരുടെ പാനലാണ് ന്യൂറംബര്‍ഗ് വിചാരണ നടത്തിയത്. ഈ വിചാരണ ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നും, തലമുറകള്‍ ഓര്‍മിക്കുമെന്നും ഉറപ്പുളളതിനാല്‍ വിചാരണ നടത്താനായി ഓരോ രാജ്യവും തങ്ങളുടെ പ്രമുഖരായ ജഡ്ജിമാരെ തന്നെയാണ് തിരഞ്ഞെടുത്തത്.

4 പ്രധാന ജഡ്ജിമാർ

അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ യു.എസ്. സുപ്രിം കോടതിയിലെ അസോഷ്യേറ്റ് ജഡ്ജിയായ റോബര്‍ട്ട് ജാക്‌സനെ പ്രധാന അമേരിക്കന്‍ പ്രതിനിധിയായി നാമനിര്‍ദ്ദേശം ചെയ്തു. മുന്‍ അറ്റോര്‍ണി ജനറല്‍ ഫ്രാന്‍സിസ് ബിഡിലിനെ അമേരിക്കന്‍ ജഡ്ജിയായും നിയോഗിച്ചു. ബ്രിട്ടന് വേണ്ടി സര്‍ ജോഫി ലോറന്‍സ് വിചാരണയ്ക്കുള്ള രാജ്യാന്തര മിലിട്ടറി ട്രൈബ്യൂണലായി തിരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ മൂന്നു പേരും കൂടാതെ മറ്റു രാജ്യങ്ങളുടെ പ്രതിനിധികളും പാനലില്‍ ഉള്‍പ്പെട്ടിരുന്നു. പഴുതുകള്‍ അവശേഷിപ്പിക്കാതെ ന്യൂറംബര്‍ഗ് കോടതിയില്‍ കൊടും ക്രൂരതയ്ക്കു നേതൃത്വം നല്‍കിയ നാസി നേതാക്കന്മാരെ കുറ്റവിചാരണ നടത്തി.

വ്യക്തികളെക്കൂടാതെ ഏതാനും നാസി ഗ്രൂപ്പുകളും വിചാരണ നേരിട്ടു. എസ്എസ്, ജര്‍മന്‍ ഹൈക്കമാന്‍ഡ്, ഗെസ്റ്റപ്പോ എന്നിവയായിരുന്നു അവ.

പ്രതിസ്ഥാനത്തെ ഇരിപ്പിടങ്ങളില്‍ ഒരു കാലത്ത് ലോകത്തെ വിറപ്പിച്ച, ക്രൂരതക്ക് പേര് കേട്ട നാസി നേതാക്കള്‍ തങ്ങളുടെ അന്തിമ വിധി വാചകം കേള്‍ക്കാനായി ഇരുന്നു. ഒരു യുദ്ധത്തില്‍ പരാജയപ്പെട്ട പക്ഷത്താണെന്ന അസന്തുഷ്ടമായ തിരിച്ചറിവിനപ്പുറം, കോടതിയുടെ നിശബ്ദതയുടെയും ദൃഢനിശ്ചയത്തിന്റെയും നീതിയുടെയും കഠിനാധ്വാനം ചെയ്ത പ്രോസിക്യൂഷന്റെ സൂക്ഷ്മമായ വാദങ്ങളുടെയും അര്‍ത്ഥം അവര്‍ക്ക് പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഇനിയൊരു വസന്തം കാണാന്‍ ജര്‍മനിയില്‍ തങ്ങള്‍ ജീവിച്ചിരിക്കില്ലെന്ന് അവരില്‍ മിക്കവര്‍ക്കും അറിയാമായിരുന്നു.

ഓഷ്വിറ്റ്‌സ് തടവുകാര്‍

കൊടും ക്രൂരതക്ക് പേര് കേട്ട കുപ്രസിദ്ധരായ ഹിറ്റലറുടെ ഏറ്റവും അടുത്ത അനുയായികള്‍ ചിലര്‍ അവിടെ ഉണ്ടായിരുന്നില്ല. ഹിറ്റ്‌ലറുടെ ഏറ്റവും അടുത്ത ആളും ഉജ്ജല പ്രസംഗ വൈദഗ്ധ്യത്തിനും, കടുത്ത ജൂതവിരുദ്ധതയ്ക്കും പേരുകേട്ട , നാസി തത്വസംഹിതയുടെ പ്രചാരകനായ ഡോ. ജോസഫ് ഗീബല്‍സും, നാസി നേതാക്കളില്‍ അതിശക്തനും പീഡനകേന്ദ്രങ്ങള്‍ വഴി 60 ലക്ഷം ജൂതന്മാരേയും അഞ്ച് ലക്ഷം ജിപ്‌സികളെയും കാലപുരിക്കയച്ച കുപ്രസിദ്ധനായ ഹെന്‍ട്രിച്ച് ഹിംലറും പിടി കൊടുക്കാതെ വിചാരണക്ക് മുന്‍പ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.

മാര്‍ട്ടിന്‍ ബൂര്‍മാന്‍, അഡോള്‍ഫ് ഐക്മാന്‍ എന്നീ പ്രബലരായ രണ്ട് നാസി നേതാക്കള്‍ ഒളിച്ചോടിയതായിപ്രഖ്യാപിച്ചു. നൂറംബര്‍ഗ് വിചാരണ കഴിഞ്ഞ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയില്‍ വേഷപ്രച്ഛനായി കഴിഞ്ഞ ഐക്മാനെ ഇസ്രയേലി ചാരസംഘടന പിടി കൂടുകയും ടെല്‍ അവീവില്‍ കൊണ്ടുവന്ന് വിചാരണ നടത്തി തൂക്കിലേറ്റുകയും ചെയ്തു.

ഗ്യാസ് ചേബർ

ശിക്ഷിക്കപ്പെടണമെന്ന് മുഴുവന്‍ ലോകവും ആഗ്രഹിച്ച മുഖ്യപ്രതികള്‍
ആത്മഹത്യ ചെയ്യുകയോ രക്ഷപ്പെടുകയോ ചെയ്‌തെങ്കിലും വിചാരണയ്ക്കുള്ള നടപടികള്‍ മുന്നോട്ടുപോയി. ഓട്ടേറെ പേരുടെ ലിസ്റ്റ് അങ്ങനെ തയ്യാറാക്കപ്പെട്ടു. അതില്‍ നിന്ന് ആദ്യഘട്ടത്തില്‍ വിചാരണയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടത് 22 നേതാക്കളെയാണ്. ഹിറ്റ്‌ലറുടെ ഭീകര ഭരണത്തിന്റ തലപ്പത്തിരുന്ന് മനുഷ്യരാശിക്കുമേല്‍ കിരാത താണ്ഡവമാടിയവര്‍!

ജര്‍മനിയിലെ ന്യൂറംബര്‍ഗ് നഗരത്തിലെ പാലസ് ഓഫ് ജസ്റ്റിസ് എന്ന
കോടതിക്കെട്ടിടത്തിലായിരുന്നു വിചാരണ. ജര്‍മനിയിലെ നാസി ഭരണത്തിന്റെ പ്രധാന സിരാകേന്ദ്രങ്ങളിലൊന്നായിരുന്നു ഈ നഗരം. നാസി ഭരണകാലത്ത് ഇവിടെയാണ് ഒട്ടേറെ നാസി പടുകൂറ്റന്‍ റാലികള്‍ നടന്നിട്ടുള്ളത്. ഇവിടെവച്ചാണ് ജൂതന്മാര്‍ക്കെതിരെ ഹിറ്റ്‌ലര്‍ തന്റെ കിരാതനിയമങ്ങള്‍ ആദ്യമായി പൊതുവേദിയില്‍ പ്രഖ്യാപിച്ചത്.

ഹിറ്റ്‌ലറുടെ ഭരണ കാലത്ത് ന്യൂറംബര്‍ഗില്‍ നടന്ന പടുകൂറ്റന്‍ നാസി പാര്‍ട്ടി റാലികളിലൊന്ന്

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ ബര്‍ളിനിലേക്ക് ഇരച്ചുകയറിയ സഖ്യകക്ഷികള്‍ പിടിച്ചെടുത്ത ജര്‍മന്‍കാര്‍ സൂക്ഷിച്ചുവച്ച ഡോക്യുമെന്ററി ഫിലിമുകള്‍, നാസികള്‍ ശ്രദ്ധാപൂര്‍വ്വം സൂക്ഷിച്ചതുമായ നിരവധി രേഖകള്‍ തെളിവുകള്‍, ഡയറികള്‍, ട്രാന്‍സ്‌ക്രിപ്റ്റുകള്‍, മെമ്മോറാണ്ടങ്ങള്‍ എന്നിവ കോടതിയില്‍ ഹാജരാക്കപ്പെട്ടു. വിചാരണയില്‍, സമാഹരിക്കാന്‍ 50 വര്‍ഷത്തെ ഗവേഷണം ആവശ്യമായി വന്നേക്കാവുന്ന ചരിത്രപരമായ തെളിവുകള്‍ ഉണ്ടായിരുന്നു. ഒരു അമേരിക്കന്‍ പ്രോസിക്യൂട്ടറുടെ വാക്കുകളില്‍ എല്ലാ നാസികളെയും തൂക്കിലേറ്റാന്‍ പര്യാപ്തമായിരുന്നു ആ തെളിവുകള്‍.

കോടതിയിലെ വിവര്‍ത്തകര്‍ക്ക് മനസിലാക്കാന്‍ സാവധാനത്തില്‍ രേഖകള്‍ സാവധാനത്തില്‍ വായിച്ചു. ആദ്യം വിരസത പ്രകടമായെങ്കിലും, ഓരോ വാക്കും പീഡനത്തിന് വിധേയരായ നിരപരാധികളും ഒറ്റപ്പെട്ടവരുടേയും കഥയിലേക്ക് കടന്നതോടെ കേസിന്റെ വ്യാപ്തിയും പ്രാധാന്യവും ലോകമറിഞ്ഞു തുടങ്ങി.

ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്രൂരനായ ഏകാധിപതിയായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്നാണ് ചരിത്രപണ്ഡിതരില്‍ പലരും പറയുന്നത് എന്തായാലും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നു ഹിറ്റ്‌ലര്‍ എന്ന കാര്യത്തില്‍ സംശയമില്ല. അട്ടിമറിയിലൂടെ ജര്‍മന്‍ ഭരണാധികാരിയായ അഡോള്‍ഫ് ഹിറ്റ്‌ലര്‍ 1934- ല്‍ പ്രസിഡന്റ് വോണ്‍ ഹിന്‍ഡന്‍ബര്‍ഗ് അന്തരിച്ചപ്പോള്‍ ചാന്‍സലറുടെയും
പ്രസിഡന്റിന്റെ പദവികള്‍ സ്വയം ഏറ്റെടുത്ത് ‘ഫ്യൂറര്‍’ ആയി ഖ്യാപിച്ചു.

1945 ഏപ്രില്‍ 30 ന് സോവിയറ്റ് പട്ടാളം തന്റെ ഒളിത്താവളത്തിനു മുന്നില്‍
എത്തിക്കഴിഞ്ഞെന്നു ബോധ്യപ്പെട്ട നിമിഷം ഭാര്യയോടാപ്പം അത്മഹത്യ ചെയ്യുന്നതുവരെ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മനിയിലും പോളണ്ടിലും മറ്റുജ്യങ്ങളിലും കൊന്നൊടുക്കിയത് രണ്ടേ മുക്കാല്‍ കോടി ജനങ്ങളെയാണ്. അതിന് നേതൃത്വം കൊടുത്തവരില്‍ പ്രധാനികളെയാണ് ന്യൂറംബര്‍ഗിലെ രാജ്യാന്തര കോടതി വിചാരണ ചെയ്യാന്‍ തീരുമാനിച്ചത്. കൊടും കുറ്റവാളികളായി ന്യൂറംബര്‍ഗിലെ കോടതി പ്രതികൂട്ടില്‍ നിന്ന അവരില്‍ എട്ട് ന്യായാധിപന്മാരും ഒരു യൂണിവേഴ്സിറ്റി പ്രഫസറും ഒരു ദന്തഡോക്ടറും ഒരു പത്രപ്രവര്‍ത്തകനും ഉണ്ടായിരുന്നു. മറ്റെല്ലാവരും പട്ടാള ഉദ്യോഗസ്ഥരോ നാസി പാര്‍ട്ടിനേതാക്കളൊ ആയിരുന്നു.

മുഖ്യപ്രതികളായ അഡോള്‍ഫ് ഹിറ്റ്‌ലറും, ജോസഫ് ഗീബല്‍സും ഹെന്‍ട്രിച്ച് ഹിംലറുമൊക്കെ പിടി കൊടുക്കാതെ ആത്മഹത്യയില്‍ അഭയം തേടിയപ്പോള്‍, മറ്റുള്ളവര്‍ കോടതിയില്‍ ഹാജരായി. നീതിപീഠത്തിന്റെ മൂന്നില്‍ അവര്‍ ഒട്ടും കൂസലില്ലാതെ, ചെയ്തു കൂട്ടിയ ഘോരമായ തെറ്റുകളില്‍ അല്‍പം പോലും പശ്ചാത്താപമില്ലാതെ ഓരോരുത്തരായി നിരന്നു നിന്നു.

ഹെർമാൻ ഗോറിംങ്ങ് തൻ്റെ തടവറയിൽ ആത്മഹത്യ ചെയ്ത നിലയിൽ

ഹിറ്റ്‌ലറുടെ രണ്ടാമന്‍ എന്നറിയപ്പെട്ട ഹെര്‍മന്‍ ഗോറിങ്ങ് ആയിരുന്നു അവരില്‍ ഏറ്റവും പ്രമുഖന്‍. വ്യോമസേന മേധാവിയായ ഒരു രാഷ്ട്രത്തലവനെപ്പോലെ അയാള്‍ അഭിമാനപൂര്‍വ്വമാണ് വിചാരണയെ നേരിട്ടത്. പക്ഷേ, വധശിക്ഷ നടപ്പിലാക്കുന്നതിന്റെ രണ്ട് മണിക്കൂര്‍ മുന്‍പ് സയനൈഡ് കഴിച്ച് ഗോറിംങ്ങ് ആത്മഹത്യ ചെയ്തു. മറ്റൊരു പ്രമുഖന്‍ കാള്‍ ഡൊണിസായിരുന്നു. ഹിറ്റ്‌ലറുടെ വില്‍പത്രത്തില്‍ കാള്‍ഡൊണിസിനെയാണ് തന്റെ ഭരണകൂടത്തിന്റെ പ്രസിഡന്റായി നിശ്ചയിച്ചിരുന്നത്. അതോടൊപ്പം സായുധസേനയുടെ സുപ്രീം കമാന്‍ഡര്‍ പദവിയും അയാള്‍ക്ക് നല്‍കി.

ഹിറ്റ്‌ലറുടെ ഡെപ്യൂട്ടിയായിരുന്ന റുഡോള്‍ഫ് ഹെസ്സ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അയാള്‍ കടുത്ത ഓര്‍മക്കുറവ്(അംനേഷ്യ)ഉള്ള ഒരാളെന്ന് അവകാശപ്പെട്ടാണ് വിചാരണയില്‍ ഉടനീളം പങ്കെടുത്തത്.

ജോക്കിം വോണ്‍ റിബന്‍ട്രോപ്പ്(വിദേശകാര്യ മന്ത്രി), ആല്‍ബര്‍ട്ട് സ്പീയര്‍(ആയുധ മന്ത്രിയും ഹിറ്റലറുടെ സാമ്രാജ്യമായ ‘മൂന്നാം റീച്ചിന്റെ’ പ്രധാന വാസ്തുശില്‍പ്പിയും ). ആല്‍ഫ്രഡ് റോസന്‍ബര്‍ഗ്(അധിനിവേശ കിഴക്കന്‍ പ്രദേശങ്ങള്‍ക്കായുള്ള റീച്ചിന്റെ മന്ത്രി), കാള്‍ ഡോണിറ്റ്‌സ്(ജര്‍മന്‍ നാവികസേനയുടെ തലവന്‍), വില്‍ഹെം കീറ്റല്‍(ജര്‍മന്‍ സായുധ സേനയുടെ തലവന്‍), ഏണസ്റ്റ് കാള്‍ട്ടന്‍ബ്രണ്ണര്‍(റീച്ച് സുരക്ഷാ മെയിന്‍ ഓഫീസിന്റെ തലവന്‍), ജൂലിയസ് സ്‌ട്രൈച്ചര്‍(സെമിറ്റിക് വിരുദ്ധ പ്രചാരണത്തിന്റെ പ്രസാധകന്‍), അവസാന നാളുകളില്‍ ഹിറ്റ്‌ലറെ നിയന്ത്രിച്ചിരുന്ന, ഹിറ്റ്‌ലറുടെ സ്വകാര്യ സെക്രട്ടറിയുമായ എല്ലാ നാസി നേതാക്കന്മാരും കഠിനമായി വെറുത്ത മാര്‍ട്ടിന്‍ ബോര്‍മാന്‍ എന്ന ബ്യൂറോക്രാറ്റും പിടി കൊടുക്കാതെ മുങ്ങിയതായി പ്രഖ്യാപിച്ചു. ന്യൂറംബര്‍ഗിലെ അന്താരാഷ്ട്ര സൈനിക ട്രൈബ്യൂണല്‍ അയാളെ തിരോധാനിക്കപ്പെട്ടവന്‍ എന്ന് പ്രഖ്യാപിച്ച് അയാളുടെ അസാന്നിധ്യത്തില്‍ വിചാരണ നടത്തി. യുദ്ധക്കുറ്റകൃത്യങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തി ബൂര്‍മാന് വധശിക്ഷ വിധിച്ചു. പിന്നിട് അയാള്‍ ഒളിത്താവളത്തില്‍ വെച്ച് 1945 ല്‍ സ്വയം ജീവനൊടുക്കിയതായി 27 വര്‍ഷങ്ങള്‍ക്ക് ശേഷം തെളിവുകളോടെ കണ്ടെത്തി.

”ലോകസമാധാനത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ചരിത്രത്തില്‍ ആദ്യമായി വിചാരണ ആരംഭിക്കാനുള്ള ഈ പദവി ഗുരുതരമായ ഒരു ഉത്തരവാദിത്തമാണ് ചുമത്തുന്നത്. നമ്മള്‍ അപലപിക്കാനും ശിക്ഷിക്കാനും ശ്രമിക്കുന്ന തെറ്റുകള്‍ മനഃപൂര്‍വം നടന്ന, വളരെ മാരകവും, വളരെ വിനാശകരവുമാണ്, അതിനാല്‍ നാഗരിക സംസ്‌കാരത്തിന് അവ അവഗണിക്കപ്പെടുന്നത് പൊറുക്കാന്‍ കഴിയില്ല, കാരണം, അവ ആവര്‍ത്തിക്കപ്പെടുന്നത് അതിജീവിക്കാന്‍ കഴിയില്ല. രക്തമൊഴുക്കി വിജയിച്ചെങ്കിലും കുത്തുകളാല്‍ മുറിവേറ്റ നാല് വലിയ രാഷ്ട്രങ്ങള്‍ പ്രതികാരത്തിന്റെ കരങ്ങള്‍ നിലനിര്‍ത്തുകയും സ്വമേധയാ നിയമത്തിന്റെ വിധിന്യായത്തിന് വഴങ്ങുകയും ചെയ്തത് ശക്തി യുക്തിക്ക് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട ആദരാഞ്ജലികളില്‍ ഒന്നാണ്.”

1945 നവംബര്‍ 20 ന് പാലസ് ഓഫ് ജസ്റ്റിസ് എന്ന ഇന്റര്‍നാഷ്ണല്‍ മിലട്ടറി ട്രൈബ്യൂണല്‍ കോടതിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചോര പുരണ്ട വിചാരണക്ക് തുടക്കമിട്ട് ചീഫ് പ്രോസിക്യൂട്ടര്‍ അമേരിക്കക്കാരനായ റോബര്‍ട്ട് ജാക്‌സണ്‍ പ്രസംഗിച്ചു കൊണ്ട് വിചാരണ ആരംഭിച്ചു.

അമേരിക്കൻ ചീഫ് പ്രോസിക്യൂട്ടർ റോബർട്ട് ജാക്സൺ

ന്യൂറംബര്‍ഗ് വിചാരണയില്‍ വിചാരണക്കിടയില്‍ കൊടും പാതകങ്ങളുടെ കഥകള്‍ ക്രൂരതയെപ്പറ്റിയുള്ള സര്‍വസങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്തായിരുന്നു. നാസി ഭരണത്തിന്റെ പ്രതാപകാലത്ത് മൊത്തം കൊന്നൊടുക്കപ്പെട്ടത് ഏതാണ്ട് രണ്ടേമുക്കാല്‍ കോടി ജനങ്ങളാണ്. ഇതില്‍ 60 ലക്ഷം ജൂതന്മാര്‍ 19 ലക്ഷം ജൂതന്മാരല്ലാത്ത പോളണ്ടുകാര്‍. ജര്‍മനിയിലെയും റോമിലെയും 28 ലക്ഷം ജിപ്‌സികള്‍, ഒരു ലക്ഷത്തോളം കമ്യൂണിസ്റ്റുകാര്‍ എന്നിവരും ഉള്‍പ്പെടുന്നു. സ്ത്രീകളേയും കുട്ടികളേയും ശാരീരിവൈകല്യമുളളവരെപ്പോലും ആ ക്രൂരന്മാര്‍ വെറുതേ വിട്ടില്ല.

നാസി ഭരണകൂടം. ഇവരെയെല്ലാം ആസൂത്രിതമായ രീതിയില്‍ കൊന്നൊടുക്കുകയായിരുന്നു. ഒരേ സമയം ഒട്ടേറെപ്പേരെ കൊല്ലുകയായിരുന്നു നാസി ഭരണകര്‍ത്താക്കളുടെ ലക്ഷ്യം അതിനു വേണ്ടി അവര്‍ നിരവധി പുതിയ മര്‍ദ്ദന മുറകള്‍ പോലും കണ്ടെത്തി ഒട്ടേറെപ്പേരെ പെട്ടെന്ന് കൊല്ലാന്‍ അവര്‍ ആവിഷ്‌കരിച്ച സംവിധാനങ്ങളില്‍ പ്രധാനപ്പെട്ടവയായിരുന്നു പോളണ്ടിലെ ഓഷ്വിറ്റ്‌സ്, ട്രെബ്‌ളി എന്നീ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ (പീഡന തടവുകേന്ദ്രങ്ങള്‍).

കുറ്റവാളികളായ പ്രതികള്‍ക്ക് ന്യൂറംബര്‍ഗിലെ വിചാരണക്കൂട്ടില്‍ നിന്ന് ന്യായാധിപന്മാരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഈ തടവറകളിലെ
ക്രൂരതകള്‍ വിവരിക്കേണ്ടി വന്നു. അതുകേട്ട് ഞെട്ടിയത്, ന്യൂറംബര്‍ഗ് മാത്രമല്ല ലോകം മുഴുവനാണ്.

1939 സെപ്റ്റംബറില്‍ ഹിറ്റ്‌ലര്‍, പോളണ്ട് കീഴടക്കി. ദക്ഷിണ പോളണ്ടിലെ വാഴ്‌സാ നഗരത്തില്‍ നിന്നും 286 കിലോമീറ്റര്‍ അകലെയുള്ള ഓഷ്വിറ്റ്‌സ്
എന്ന ചെറുപട്ടണം ജര്‍മന്‍ സൈന്യത്തിന്റെ തടങ്കല്‍പ്പാളയം നിര്‍മിക്കാന്‍ തിരഞ്ഞെടുത്തു. ജൂതന്മാരെയും യുദ്ധത്തടവുകാരെയും കൊന്നൊടു ക്കാന്‍ വേണ്ടി കണ്ടെത്തിയ കുരുതിക്കളം അവിടെ അവര്‍ പണിതുയര്‍ത്തി. ഹോളോ കോസ്റ്റ്’ എന്നറിയപ്പെട്ട മനുഷ്യക്കുരുതിയുടെ വേദി! ക്യാമ്പില്‍ നാല്‍പതുലക്ഷത്തോളം പേര്‍ പിടഞ്ഞുമരിച്ചു കഴിഞ്ഞിരുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും ജൂതന്മാരായിരുന്നു. നാസി ഭീകരത ഏറ്റവുമധികം നേരിടാന്‍ വിധിക്കപ്പെട്ട ജനവിഭാഗം!

ഏക്കറുകള്‍ പരന്നു കിടക്കുന്ന ക്യാംപ്, ഒറ്റനോട്ടത്തില്‍ ഭയപ്പെടുത്തുന്ന ചിത്രമാണ് നല്‍കുക. കറുത്തതും ചാരനിറത്തിലുമുള്ള കെട്ടിടങ്ങള്‍, കുറ്റിക്കാടുകളും വന്‍ മരങ്ങളും നിറഞ്ഞ വിശാലമായ പറമ്പില്‍ അവിടവിടെ ശ്മശാനത്തിലെ കൂറ്റന്‍ ശവക്കല്ലറകള്‍ പോലെ ഉയര്‍ന്നു നിന്നു. ചിലയിടത്ത് തകരപ്പാളികള്‍ മേഞ്ഞ ഷെഡ്ഡുകള്‍. അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന തൂക്കുമരങ്ങള്‍. ഭയപ്പെടുത്തുന്ന ഇരുള്‍ വ്യാപിച്ച നിലവറകള്‍. അവിടേക്ക് ഇറങ്ങിപ്പോകുന്ന ഇരുണ്ട ചവിട്ടുപടികള്‍, കെട്ടിടങ്ങള്‍ക്കും ഷെഡ്ഡുകള്‍ക്കും തൂക്കുമരങ്ങള്‍ക്കുമിടയിലൂടെ വളഞ്ഞു
പുളഞ്ഞുപോകുന്ന നടപ്പാതകള്‍. ഭീകരതയും മൂകതയും കൂടിക്കലര്‍ന്ന കൊലക്കളം അതായിരുന്നു ഓഷ്വിറ്റ്‌സ് ക്യാമ്പ്.

ഓഷ്വിറ്റ്സ് പീഡന ക്യാമ്പിലെ സെല്ലുകൾ

ന്യൂറംബര്‍ഗ് വിചാരണക്കിടയിലാണ് ഓഷ്വിറ്റ്‌സ് ക്യാമ്പുകളിലെ ക്രൂരതകളുടെ യഥാര്‍ത്ഥ ചിത്രം പുറത്തു വന്നത്. ഓരോ ക്യാമ്പിലും മര്‍ദ്ദനമുറികള്‍, ഇരുട്ടറ, പട്ടിണിമുറി, പരീക്ഷണ മുറി, ഗണ്‍ റൂം എന്നിവയുണ്ടായിരുന്നു. ഓഷ്വിറ്റ്‌സിലെ രണ്ടാം ക്യാംപിലായിരുന്നു ഗ്യാസ് ചേംബര്‍. 1940 ലാണ് ഇത് സ്ഥാപിച്ചത്. ഓഷ്വിറ്റ്‌സ് പ്രദേശത്തുതന്നെയുള്ള ബിര്‍ക്കനോ എന്ന സ്ഥലത്തായിരുന്ന ഭയാനകമായ ഈ ‘മരണഗുഹ.’ ഒരു ദിവസം 25,000 പേരെ കൊല്ലാനുള്ള ശേഷിയുണ്ടായിരുന്നു ഈ മരണഗുഹയ്ക്ക്. സൈ ക്ലോണ്‍-ബി എന്ന പേരിലുള്ള കൊടിയ വിഷമായ സയനൈഡ് വാതകം, ജനലുകളോ കിളിവാതിലുകളൊ ഇല്ലാത്ത ഇരുളടഞ്ഞ ഈ കോണ്‍ക്രീറ്റ് കെട്ടിടത്തിനകത്തേക്ക് ലോഹക്കുഴലുകളിലൂടെ കടത്തിവിടും. ശുദ്ധവായുകിട്ടാതെ, ഇരുളില്‍ തപ്പിത്തടഞ്ഞ്, വിഷവാതകം ശ്വസിച്ച് പരസ്പരം മൃഗങ്ങളെപ്പോലെ മരണവെപ്രാളത്തില്‍ പരസ്പരം കടിച്ചു കീറി പിടഞ്ഞ് മരിക്കും.

പോളണ്ടുകാരെ തടവിലിടാനും അടിമപ്പണിയെടുപ്പിക്കാനുമായി
1940 മേയിലാണ് ഓഷ്വിറ്റ്‌സ് ക്യാമ്പ് ആരംഭിച്ചത്. റുഡോള്‍ഫ് ഹോസായിരുന്നു അതിന്റെ മേധാവി. ഒക്ടോബറില്‍ ബിര്‍ക്കനോവില്‍ തുടങ്ങിയ രണ്ടാം ക്യാമ്പില്‍ ഒരു ലക്ഷത്തോള റഷ്യന്‍ തടവുകാരെയാണ് ആദ്യം എത്തിച്ചത്. പിന്നീടാണ് ഇത് ജൂതന്മാരെ കൊല്ലാനും കൊല്ലാക്കൊല ചെയ്യാനുമുള്ള നരകതുല്യമായ തടവറയായി മാറി.

ഹെൻട്രിച്ച് ഹിംലർ

1941-ല്‍ ഹെന്‍ട്രിച്ച് ഹിംലറുടെ പ്രത്യേക നിദേശപ്രകാരമാണ് കൂടുതല്‍ കൂട്ടക്കൊല നടത്താനുള്ള ഗ്യാസ് ചേംബര്‍ സംവിധാനങ്ങള്‍ ഓഷ്വിറ്റ്‌സില്‍ സജ്ജീകരിച്ചത്. യുദ്ധകാലത്ത് വെടിയുണ്ടകള്‍ക്ക് ക്ഷാമം നേരിടാതിരിക്കണം എന്ന ലളിതമായ കാരണമായിരുന്നു ഇതിനു പിന്നില്‍ ‘ഇക്കാര്യത്തില്‍ റുഡോള്‍ഫ് ഹോസ് പ്രത്യേകം താത്പര്യമെടുത്ത് പ്രവര്‍ത്തിച്ചിരുന്നു. കാര്‍ബണ്‍ മേണോക്‌സൈഡ് എന്ന വിഷവാതകത്തിന്റെ സ്ഥാനത്ത് കൂടുതല്‍ മാരകവിഷമായ സൈക്ലോണ്‍ – ബി പ്രയോഗിക്കാന്‍ നി ര്‍ദേശം നല്‍കിയത് ഹോസാണ്. മാത്രമല്ല, ട്രെബ്‌ളിക തടവറയില്‍ കാര്‍ മേണോക്‌സൈഡ് ഉപയോഗിച്ച് 200 പേരെയാണ് ഒരേ സമയം വധിച്ചിരുന്നതെങ്കില്‍ ഓഷ്വിറ്റ്‌സില്‍ ‘സൈക്ലോണ്‍ – ബി’ കൊണ്ട് 2000 പേരെ കൊന്ന് റുഡോള്‍ഫ് ഹോസ് തന്റെ കഴിവ് തെളിയിച്ചു.

ഓഷ്വിറ്റ്‌സില്‍ നടന്നുകൊണ്ടിരുന്ന കിരാതമായ മനുഷ്യക്കുരുതിയെപ്പറ്റി 1941 മുതല്‍ തന്നെ സഖ്യസേനകള്‍ക്ക് സൂചനകള്‍ കിട്ടിയിരുന്നു. ഓഷ്വിറ്റ്‌സില്‍ തടങ്കലില്‍ കഴിഞ്ഞവരില്‍ ആന്‍ ഫ്രാങ്ക്, ഇറ്റാലിയന്‍ ജൂതനായ എഴുത്തുകാരനും രസതന്ത്രജ്ഞനുമായ ലെവി തുടങ്ങിയവരുടെ വിവരണങ്ങള്‍ പുറത്തുവന്നപ്പോള്‍ ലോകം ക്രൂരതയുടെ കഥകള്‍ കേട്ട് ഞെട്ടിവിറച്ചു. 1944-ല്‍ ക്യാമ്പില്‍ നിന്നു രക്ഷപ്പെട്ടു പുറത്തുവന്ന റുഡോള്‍ഫ് വിര്‍ബ, ആല്‍ഫ്രെഡ് വെറ്റ്‌ലര്‍ എന്നീ തടവുകാരാണ് സഖ്യസേനയ്ക്ക് ഓഷ്വിറ്റ്‌സിലെ കൊടും ഭീകരതകളെക്കുറിച്ച് പ്രധാനപ്പെട്ട വിവരങ്ങള്‍ നല്‍കിയത്.

നാസി ഭരണാധികാരികള്‍ പോളണ്ടില്‍ സ്ഥാപിച്ച മറ്റൊരു പ്രധാന ‘കോണ്‍സന്‍ ട്രേഷന്‍ ക്യാംപായിരുന്നു ട്രെബ്‌ളിങ്കയിലെ തടങ്കല്‍പ്പാളയം. 1941 ജൂലൈ മുതല്‍ 1944 ഒക്ടോബര്‍ വരെയാണ് ഇത് പ്രവര്‍ത്തിച്ചത്. കൊന്നൊടുക്കിയത് 70 ലക്ഷം പേരെ!
ഓഷ്വിറ്റ്‌സിലെ ക്യാമ്പുകളില്‍ കൊല്ലാന്‍ കൊണ്ടുവരുന്നവരുടെ എണ്ണം അതിഭീകരമായി വര്‍ദ്ധിച്ചപ്പോള്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമായി വന്നു.

ജോസഫ് ഗീബൽസും ഹെർമാൻ ഗോറിങ്ങും

അങ്ങനെയാണ് ട്രെബ്‌ളിങ്കയില്‍ പുതിയ തടങ്കല്‍പ്പാളയം നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. പോളണ്ടിലെ ബഗ് നദിയുടെ തീരത്തായിരുന്നു ഈ കൊലക്കളം പോളണ്ടിലെ വാഴ്‌സോ പട്ടണത്തില്‍ നിന്ന് എഴുപത്തഞ്ചു കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. കൂടുതല്‍ പേരെ പെട്ടെന്ന് കൊന്നൊടുക്കുക എന്നതായിരുന്നു ട്രെബ്‌ളിങ്ക
തടങ്കല്‍പ്പാളയത്തിന്റെ ചുമതലയുള്ളവര്‍ക്കു നല്‍കിയിരുന്ന നിര്‍ദ്ദേശം.

പരമാവധി പേരെ പരമാവധി വേഗത്തില്‍ കൊല്ലുക അതുമാത്രമായിരുന്നു ട്രെബ്‌ളിങ്ക ക്യാമ്പിന്റെ ലക്ഷ്യം അതിനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു. കൂടുതല്‍ പേരേ കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും എളുപ്പത്തില്‍ കൊന്നൊടുക്കാന്‍ നാസികള്‍ വികസിപ്പിച്ചെടുത്ത വിഷവാതകസംവിധാനമായ മുപ്പതോളം ഗ്യാസ് ചേംബറുകള്‍ ഇവിടെ സ്ഥാപിച്ചിരുന്നു. ലക്ഷക്കണക്കിനാളുകളെയാണ്
ഇവിടെ ഓരോ ദിവസവും കൊന്നൊടുക്കിയിരുന്നത്.

1942 മുതല്‍ ദിവസവും അയ്യായിരത്തോളം പേരെയാണ് ഇവിടെ എത്തിച്ചുകൊണ്ടിരുന്നത്. തടവുകാരെ പ്രത്യേക വഴിയിലൂടെ വിഷവാതകമുറിയിലേക്ക് നടത്തും. ഈ മുറികള്‍ കണ്ടാല്‍ കുളിമുറി പോലെ തന്നെ തോന്നും. മുറിയുടെ മുകള്‍ ഭാഗത്ത് ഉറപ്പിച്ചിട്ടുള്ള പൈപ്പിലൂടെ വരുന്നത് വെള്ളമല്ല, വിഷവാതകമാണെന്നു മാത്രം! നീണ്ട യാത്രയ്ക്കിടയില്‍ ജര്‍മന്‍ പട്ടാളക്കാരുടെ അടിയും ഇടിയുമേറ്റ് തളര്‍ന്ന നിരപരാധികളായ തടവുകാര്‍ മുറിയിലെത്തുമ്പോള്‍ വിഷവാതകം പുറത്തുവിടുക എന്നതായിരുന്നു ഗ്യാസ് ചേംബറിലെ രീതി. കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകമാണ് ട്രെബ്‌ളിങ്കയില്‍ ഉപയോഗിച്ചിരുന്നത്.

ട്രെബ്‌ളിങ്കയിലായിരുന്നു കുപ്രസിദ്ധമായ മരണക്കുഴി. തടവുകാരായി പിടിച്ചുകൊണ്ടുവന്നവരെ അഗാധമായ ഒരു കുഴിയുടെ വക്കത്ത് നിരത്തി നിര്‍ത്തി വെടിവച്ചശേഷം, മൃതശരീരം കുഴിയിലേക്ക് തള്ളിയിടും.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ യൂറോപ്പിലെ ജൂതവംശജരെ മുഴുവന്‍ കൊന്നൊടുക്കാന്‍ വേണ്ടി നാസികള്‍ നടപ്പാക്കിയ സമഗ്രപദ്ധതിയാണ് ‘ഹോളോ കോസ്റ്റ്’. പൂര്‍ണമായും അഗ്നിയില്‍ ബലി ചെയ്ത് ദൈവങ്ങളെ പ്രീതിപ്പെടുത്തുക എന്ന അര്‍ഥമുള്ള ഗ്രീക്ക് വാക്കില്‍ നിന്നാണ് ഹോളോകോസ്റ്റ് എന്ന പദം ഉല്‍ഭവിച്ചത്. അവിടെ ഇത് ചെയ്ത് പ്രീതിപ്പെടുത്തിയത് ഹിറ്റ്‌ലറെയാണെന്ന് മാത്രം.

ഹോളോകോസ്റ്റിനു പിന്നിലുണ്ടായിരുന്ന ലക്ഷ്യം ജൂതരുടെ സര്‍വനാശ മായിരുന്നു. വെറും പട്ടാളക്കാരനായി ജീവിതമാരംഭിച്ച അഡോള്‍ഫ് ഹിറ്റ്‌ലറുടെ സ്വപ്നമായിരുന്നു ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വിശാല ജര്‍മനി എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തില്‍ ജനങ്ങളെ തന്റെ പിന്നില്‍ അണിനിരത്താന്‍ ഹിറ്റ്‌ലര്‍ കണ്ടു പിടിച്ച തന്ത്രമാണ് ആര്യന്മാരുടെ വംശശുദ്ധി’യെന്ന സങ്കല്‍പ്പം.

ആര്യന്‍വംശജരായ ജര്‍മന്‍കാരാണ് ലോകത്തില്‍ ഏറ്റവും ഉന്നതകുലജാതരെന്നും അവരാണ് ലോകം ഭരിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നവരെന്നും ഹിറ്റ്‌ലര്‍ പ്രചരിപ്പിച്ചു. ജര്‍മന്‍കാര്‍ക്ക് ലോകത്തിന്റെ രാജാക്കന്മാരായി വാഴണമെങ്കില്‍ മറ്റു വംശജരും രാജ്യങ്ങളും ഉണ്ടാകാന്‍ പാടില്ല. അതിനാല്‍ അവരെ ഏതു വിധത്തിലും ഇല്ലാതാക്കണം അതായിരുന്നു ഹിറ്റ്‌ലറുടെ തത്വശാസ്ത്രം’.

ന്യൂറംബര്‍ഗ് വിചാരണക്കോടതിയില്‍ പ്രതിക്കൂട്ടില്‍ നിന്ന നാസി നേതാക്കന്മാരില്‍ പലര്‍ക്കും ഒടുവില്‍ തങ്ങള്‍ ചെയ്ത ഈ കൊടുംക്രൂരതകള്‍ സമ്മതിക്കേണ്ടി വന്നു. പക്ഷേ, അവരൊക്കെ സ്വയം ന്യായീകരിച്ചത് ഒരേയൊരു നിലപാടില്‍ നിന്നായിരുന്നു; ”ഫ്യൂററുടെ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്.’ അവര്‍ പറഞ്ഞു. ഈ വാദം ന്യൂറം ബര്‍ഗിലെ പ്രത്യേക രാജ്യാന്തര കോടതി അംഗീ കരിച്ചുകൊടുത്തില്ല.

ഓഷ്വിറ്റ്‌സ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിന്റെ തലവന്‍ റുഡോള്‍ഫ് ഹോസ് കോടതിയില്‍ ഇങ്ങനെ ഒരു സത്യവാങ്മൂലം നല്‍കി.

റുഡോൾഫ് ഹോസ്സ് വിചാരണക്കിടയിൽ

‘ട്രെബ്ലിങ്കയിലെ ക്യാമ്പില്‍ അവിടത്തെ കമാന്‍ഡര്‍ മോണോക്‌സൈഡ് വാതകം ഉപയോഗിച്ചു, അയാളുടെ രീതികള്‍ ഒട്ടും കാര്യക്ഷമമാണെന്ന് ഞാന്‍ കരുതിയില്ല. അതിനാല്‍ ഓഷ്വിറ്റ്‌സില്‍ ഞാന്‍ സൈക്ലോണ്‍ ബി ഉപയോഗിച്ചു, അത് ഒരു ചെറിയ ദ്വാരത്തില്‍ നിന്ന് ഞങ്ങള്‍ മരണമുറിയില്‍ നിക്ഷേപിച്ച ഒരു ക്രിസ്റ്റലൈസ്ഡ് പ്രൂസിക് ആസിഡായിരുന്നു. ആളുകളെ കൊല്ലാന്‍ 3 മുതല്‍ 15 മിനിറ്റ് വരെ സമയം എടുത്തു. അവരുടെ നിലവിളി നിലയ്ക്കുമ്പോള്‍ ആളുകള്‍ മരിച്ചുവെന്ന് ഞങ്ങള്‍ക്കറിയാന്‍ സാധിച്ചു. മൃതദേഹങ്ങള്‍ നീക്കം ചെയ്ത ശേഷം ഞങ്ങളുടെ പ്രത്യേക കമാന്‍ഡോകള്‍ ശവശരീരത്തിലെ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുമാറ്റി. അതിലെ സ്വര്‍ണപല്ലുകള്‍ പറിച്ചെടുത്തു.” ക്രൂരതയുടെ നാള്‍ വഴികള്‍ അത് ചെയ്തവര്‍ തന്നെ ഏറ്റു പറയുന്നു.

ജൂതന്മാരെ കൊന്നൊടുക്കാന്‍ വേണ്ടി നാസി പട്ടാളം, തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളിലെല്ലാം പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു സ്‌ക്വാഡ് തങ്ങളുടെ മേലധികാരിക്കു നല്‍കിയ ഒരു റിപ്പോര്‍ട്ടില്‍ ബാള്‍ട്ടിക് രാജ്യങ്ങളായ ലിത്വേനിയ, ലാത്വിയ, എസ്റ്റോണിയ എന്നിവിടങ്ങളില്‍ നടത്തിയ കൂട്ടക്കൊലയെപ്പറ്റി വിവരിക്കുന്നുണ്ട്. 1941 ഒക്ടോബര്‍ 15-ലെ, ഈ രേഖയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്.

ലിത്വേനിയയില്‍ 71,105 ജൂതന്മാരെ ഈ വധസ്‌ക്വാഡുകള്‍ കൂട്ടക്കൊലചെയ്തു. അവിടത്തെ കോവിനോ പട്ടണത്തില്‍ 3800 പേരും മറ്റു ചെറുപട്ടണങ്ങളിലുണ്ടായിരുന്ന 1200 പേരും നാസി ഭീകരതയ്ക്ക് ഇരകളായി. മറ്റൊരു നഗരമായ ലാല്‍വിയയില്‍ 30,000 പേരും നിഗാ എന്ന കൊച്ചുപട്ടണത്തില്‍ 200 പേരും വധിക്കപ്പെട്ടു.

എസ്റ്റോണിയയില്‍ പട്ടാളം എല്ലാ ജൂതവംശജരെയും ആദ്യം അറസ്റ്റ് ചെയ്തു. 16 വയസിനു മുകളിലുള്ള ആരോഗ്യമുള്ള എല്ലാ ജൂതസ്ത്രീകളെയും പുരുഷന്മാരെയും അടിമജോലി ചെയ്യിക്കാന്‍ കൊണ്ടു പോയി ജൂതന്മാരുടെ സ്വത്തുക്കളെല്ലാം പിടിച്ചെടുത്തു. ശേഷിച്ചവരില്‍ 16 വയസിനു മുകളിലുള്ള എല്ലാ പുരുഷന്മാരെയും വധിച്ചു. എസ്റ്റോണിയയില്‍ 4500 ജൂതന്മാരുണ്ടായിരുന്നത് ഒരാഴ്ചകൊണ്ട് വെറും 500 പേരായി അവശേഷിച്ചു.

വിതേഷ് പട്ടണത്തില്‍ 3000 ജൂതരെ വധിച്ചത് അവര്‍ പകര്‍ച്ചവ്യാധികള്‍ക്കു കാരണമാകുമെന്ന് പറഞ്ഞായിരുന്നു. കീവി നഗരത്തില്‍ ഒരു അഗ്‌നി ബാധയുണ്ടായതിനു പിന്നില്‍ ജൂതന്മാരാണെന്ന് ആരോപിച്ച് സെപ്റ്റംബര്‍ 29, 30 തീയതികളില്‍ 33,771 ജൂതരെ കൂട്ടക്കൊല നടത്തി വകവരുത്തി. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഷിനോമിര്‍ പട്ടണത്തില്‍ 1145 ജൂതരെ കൊല്ലാന്‍ വേണ്ടി പറഞ്ഞ കാരണം.

വധിക്കുന്നതിനുമുമ്പ് നാസികള്‍ ക്രുരമായ ചില നടപടികള്‍ സ്വീകരിച്ചു. ജര്‍മന്‍, റഷ്യന്‍ പൗരന്മാരായ ജൂതന്മാരില്‍ ‘സ്വര്‍ണപ്പല്ലുള്ളവരെ
തിരഞ്ഞുപിടിക്കും. അവരുടെ സ്വര്‍ണപ്പല്ലുകള്‍ ജൂതന്മാരായ ഡോക്ടര്‍മാരെക്കൊണ്ട് തന്നെ തല്ലിക്കൊഴിപ്പിക്കും. എന്നിട്ട് അതിലെ സ്വര്‍ണം പട്ടാളക്കാര്‍ പങ്കിട്ടെടുക്കുകയും ചെയ്യുമായിരുന്നു.

അധികാരത്തിലെത്തിയ നാള്‍ മുതല്‍ ഹിറ്റ്‌ലര്‍ ജര്‍മനിയിലെ ജൂതവംശജരെ ഇല്ലാതാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജൂതവംശജരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടായിരുന്നു തുടക്കം. ജൂതന്മാര്‍ നടത്തുന്ന ബിസിനസുകള്‍ ബഹിഷ്‌കരിക്കാന്‍ നാസി പാര്‍ട്ടി ജനങ്ങളെ ആഹ്വാനം ചെയ്തു. 1935-ല്‍ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവുപ്രകാരം ജൂതന്മാരുടെ ജര്‍മന്‍ പൗരത്വം റദ്ദാക്കുകയായിരുന്നു അടുത്ത നടപടി. 1938-ല്‍ നടപ്പാക്കിയ ക്രിസ്റ്റല്‍നാഷ് പ്രോഗ്രാം അനുസരിച്ച്, ജര്‍മനിയിലെ ജൂതന്മാരുടെ ആരാധനാലയങ്ങളെല്ലാം തകര്‍ക്കപ്പെട്ടു.

1942-ല്‍ വാനസേ കോണ്‍ഫറന്‍സില്‍ ജര്‍മനിയുടെ മുഖ്യപ്രഖ്യാപനം യൂറോപ്പിലെ തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലെ മുഴുവന്‍ ജൂതരെയും കമ്യൂണിസ്റ്റുകാരെയും മനോരോഗിയും അംഗവൈകല്യമുള്ളവരെയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് മാറ്റുകയെന്നതായിരുന്നു. പോളണ്ടിലെ കുപ്രസിദ്ധമായ ഓഷ്വിറ്റ്‌സ്, ട്രെബ്‌ളിങ്ക തുടങ്ങിയ ക്യാമ്പുകളുടെ തുടക്കം അതായിരുന്നു.

ന്യൂറംബര്‍ഗില്‍ വിചാരണ നേരിട്ടവരുടെ കുറ്റങ്ങള്‍ ഓഷ്വിറ്റ്‌സിലെയോ ട്രെബ്‌ളിങ്കയിലേയൊ ക്രൂരതകളില്‍ ഒതുക്കാനാവില്ല. നാസികള്‍ ഓരോരുത്തരും സ്വന്തം നിലയാല്‍ പോലും ചെയ്തു കൂട്ടിയ ക്രൂരമായ പീഡനങ്ങളുടെ കഥകള്‍ ഏറെയാണ്. വിചാരണവേളയില്‍ അവരില്‍ പലര്‍ക്കും ഒടുവില്‍ സമ്മതിക്കേണ്ടി വന്ന സത്യങ്ങളായി ചരിത്രത്തില്‍ ആ ക്രൂരതകള്‍ ഇടം പിടിച്ചു.

ജൂതന്മാരെ നാസികള്‍ പീഡിപ്പിക്കുന്നത് വ്യക്തമാക്കുന്ന പല ചിത്രങ്ങളും കോടതിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. തടവിലാക്കപ്പെട്ട മനുഷ്യരുടെ
ശരീരത്തില്‍ ചാപ്പകുത്തുന്നതിന്റെ ചിത്രങ്ങളായിരുന്നു ഇവയില്‍ ചിലത്. ശരീരത്തില്‍ എന്തോ ദ്രാവകം കൊണ്ട് നാസി സ്വസ്തികയുടെയും പതാകയുടെയുടേയും രേഖാചിത്രങ്ങള്‍ പതിപ്പിച്ചാണ് ചാപ്പ കുത്തിയിരുന്നത്. ചാപ്പ കുത്തുമ്പോള്‍ തടവിലാക്കപ്പെട്ടവര്‍ വേദന കൊണ്ടു പിടിയുന്നത് കണ്ട് ക്യാമ്പുകളിലെ ക്രൂരന്മാരായ നാസി ഉദ്യോഗസ്ഥര്‍ ആനന്ദിച്ചു.

മറ്റൊരു ചിത്രം ഇതിലും ഭീകരമാണ്. അതില്‍ മനുഷ്യചര്‍മം വിളക്കിന്റെ
ഷേഡ് ആയി ഉപയോഗിച്ചിരിക്കുന്നതാണ് പകര്‍ത്തിയിരുന്നത്. ഒരു നാസി പട്ടാള മേധാവിയുടെ ഭാര്യയാണ് ഈ വിളക്ക് നിര്‍മ്മിച്ചത്. ക്രൂരനായ മറ്റൊരു സൈനിക മേധാവിയുടെ മേശപ്പുറത്ത് വധിക്കപ്പെട്ട ഒരു പോളണ്ടുകാരന്റെ ശിരസ്സ് പേപ്പര്‍വെയ്റ്റായി ഉപയോഗിച്ചിരിക്കുന്ന കാഴ്ച കണ്ട് കോടതി ഞെട്ടി. ന്യൂറം ബര്‍ഗിലെ കോടതി മുറി പലപ്പോഴും പ്രക്ഷുബ്ധമായി’. സാക്ഷികളുടെയും അനുഭവസ്ഥരുടേയും കൊടുംക്രൂരതകളുടെ വിവരണവും, തെളിവുകളും ഫിലിം റീലുകളും കോടതിയില്‍ ഹാജരായിരുന്നവരേയും ജഡ്ജിമാരെയും അങ്ങയറ്റം അസ്വസ്ഥരാക്കി.

റുഡോൾഫ് ഹെസ്സ്, ഹെർമൻ ഗോറിംങ്ങ്, ഹെൻറിച്ച് ഹിംലർ

1946 ജൂലൈ 26-ന് ന്യൂറംബര്‍ഗ് വിചാരണകളില്‍ നാസി ജര്‍മ്മനിക്കെതിരായ ചീഫ് പ്രോസിക്യൂട്ടര്‍ റോബര്‍ട്ട് എച്ച്. ജാക്സന്റെ അവസാന വാദം നടത്തി ഇങ്ങനെ ഉപസംഹരിച്ചു;

‘ഭാവിയിലെ അതിക്രമങ്ങള്‍ തടയാന്‍ നാസി നേതാക്കളെ കുറ്റക്കാരാക്കേണ്ടതുണ്ട് അത് അത്യാവശ്യമാണ്. ‘ഈ മനുഷ്യര്‍ കുറ്റക്കാരല്ലെന്ന് നിങ്ങള്‍ പറഞ്ഞാല്‍, യുദ്ധമൊന്നും നടന്നിട്ടില്ല, കൊല്ലപ്പെട്ടിട്ടില്ല, കുറ്റകൃത്യമൊന്നും നടന്നിട്ടില്ല എന്ന് പറയുന്നത് പോലെയായിരിക്കും, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏതാനും വ്യക്തികളുടെ സൃഷ്ടിയല്ല, മറിച്ച് സമാധാനത്തിനും മാനവികതയ്ക്കുമെതിരായ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണ്, ഈ വിചാരണ ലോക നീതിയുടെ ഒരു നിര്‍ണായക നിമിഷമാണ്”, ജാക്‌സണ്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു.

ന്യൂറംബര്‍ഗ് വിചാരണക്കോടതിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ ഒരു അംശം കൊണ്ടു തന്നെ ഹിറ്റ്‌ലറും അനുയായികളും ലോകം കണ്ട ഏറ്റവും വലിയ ക്രൂരന്മാരുടെ പട്ടികയില്‍ ആദ്യ സ്ഥാനം പിടിച്ചു. മനുഷ്യവംശത്തോട് അവര്‍ ചെയ്തു കൂട്ടിയ ക്രൂരകൃത്യങ്ങള്‍ക്കു മാപ്പു കൊടുക്കാന്‍ മാനവിക ചരിത്രത്തിന് ഒരു കാലത്തും കഴിയുകയില്ല.

1946 ഒക്ടോബര്‍ ഒന്നിന് അന്താരാഷ്ട്ര സൈനിക ട്രൈബ്യൂണല്‍, അവസാന വിധി പറയാന്‍ തുടങ്ങി.

ഹെര്‍മന്‍ ഗൊറിങ്, റിബന്‍ട്രോപ്, വില്യം കീറ്റല്‍, കാള്‍ട്ടണ്‍ ബ്രണ്ണര്‍, ആല്‍ഫ്രഡ് റോസെന്‍ബര്‍ഗ്, ഹാന്‍സ് ഫ്രാങ്ക്, വില്യം ഫ്രിക്ക്, ജൂലിയസ് സ്‌ട്രെഷര്‍, ഫ്രിറ്റ്‌സ് സോക്കല്‍, ആല്‍ഫ്രഡ് ജോഡല്‍, മാര്‍ട്ടിന്‍ ബൂര്‍മാന്‍, ആര്‍തര്‍ ഇന്‍ക്വാര്‍ട്ട് എന്നീ നാസി പ്രമുഖര്‍ക്ക് വധശിക്ഷ വിധിച്ചു. ഇവരില്‍ ഹെര്‍മന്‍ ഗൊറിങ്ങ് വധശിക്ഷ നടപ്പിലാക്കുന്നതിന്റെ രണ്ട് മണിക്കൂര്‍ മുന്‍പ് ജയിലില്‍ വച്ച് രഹസ്യമായി ഭാര്യ നല്‍കിയ, ഒളിച്ച് വെച്ചിരുന്ന സയനൈഡ് ക്യാപ്‌സൂള്‍ വിഴുങ്ങി ആത്മഹത്യ ചെയ്തു. മാര്‍ട്ടിന്‍ ബൂര്‍മാനെ ഒളിച്ചോടിയവനായി പ്രഖ്യാപിച്ചു.

വിചാരണയിലായിരുന്ന ഒരു ഡസന്‍ പേര്‍ക്ക് വധശിക്ഷ വിധിച്ചു. റുഡോള്‍ഫ് ഹെസിന് ജീവപര്യന്തം തടവ് ലഭിച്ചു, ആറ് പേരെ കൂടി ജയിലിലടച്ചു, മൂന്ന് പേരെ കുറ്റവിമുക്തരാക്കി.

1946 ഒക്ടോബര്‍ 15 രാത്രിയില്‍ ന്യൂറംബര്‍ഗ് നഗരത്തിലെ ലാന്‍ഡസ് ബര്‍ഗ്ജയില്‍ ഉറങ്ങിയില്ല. ഒരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കങ്ങള്‍ അവിടെ തകൃതിയില്‍ നടക്കാന്‍ പോകുകയായിരുന്നു. ജോസഫ് മാള്‍ട്ട എന്ന 28 കാരനായ അമേരിക്കന്‍ പട്ടാളക്കാരനായിരുന്നു ഭീമാകാരമായ കരിങ്കല്‍ മതിലുകളാല്‍ ചുറ്റപ്പെട്ട ആ ജയിലിലെ ഏറ്റവും ശ്രദ്ധാകേന്ദ്രം. പലരും ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഒരു കൃത്യം ചെയ്യാന്‍ മുന്നോട്ട് വന്ന വ്യക്തിയായിരുന്നു ജോസഫ് മാള്‍ട്ടയെന്ന ആരാച്ചാര്‍. അയാള്‍ നിര്‍വ്വഹിക്കേണ്ട കൃത്യം ഹിറ്റ്‌ലറുടെ കൂട്ടാളികളായ
10 നാസി നേതാക്കന്മാരെ കഴുമരത്തില്‍ തുക്കിക്കൊല്ലലായിരുന്നു. പത്രത്തില്‍ പരസ്യം ചെയ്തിട്ടുപോലും ആ വധശിക്ഷ നടപ്പിലാക്കാന്‍ ആരും മുന്നോട്ട് വന്നില്ല. ജോസഫ് മാള്‍ട്ട നാസികളുടെ ഭരണത്തില്‍ കുറെ കഷ്ടപ്പെട്ട വ്യക്തിയായിരുന്നു. അവരെ വെറുത്ത അയാളുടെ അവരോടുള്ള പ്രതികാരബുദ്ധിയാണ്, ഒന്നിനെയും കൂസാതെ അയാളെ നാസി നേതാക്കളെ കൊലക്കയറൊരുക്കാന്‍ നയിച്ചത്.

ന്യൂറൻ ബർഗിൽ 10 നാസി നേതാക്കളെ തൂക്കി കൊന്ന ആരാച്ചാർ ജോസഫ് മാൾട്ട

1946 ഒക്ടോബര്‍ 16 രാത്രി. കരിങ്കല്‍ ഭിത്തി കൊണ്ട് സുരക്ഷിതമായ ഭീമാകാരമായ ലാന്‍ഡസ് ബര്‍ഗ് ജയിലിലെ ഇരുണ്ട ചാരനിറത്തിലുള്ള ഭിത്തികളുള്ള വിശാലമായ ഒരു മുറിയിയുടെ ഒത്ത നടുവിലെ ഉയര്‍ന്ന പ്ലാറ്റ്‌ഫോമില്‍ കഴുമരം തയ്യാറായി. പത്തടിയോളം ഉയര്‍ന്നു നില്‍ക്കുന്ന ഇരുമ്പു ദണ്ഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഉരുളന്‍ ദണ്ഡില്‍ കുടുക്കിട്ട വടം പത്ത് നാസി ദുഷ്ടാത്മാക്കളെ കാത്ത് ആ കൊലമരത്തില്‍ തൂങ്ങിക്കിടന്നു!

പുലര്‍ച്ചെ 5 മണിക്ക് ലാന്‍ഡസ് ബര്‍ഗ് ജയിലില്‍ അസാധാരണമായ ഒരു
സയറണ്‍ മുഴങ്ങി. പ്രത്യേക അവസരങ്ങളില്‍ മാത്രം മുഴങ്ങുന്ന ആ സൈറണ്‍ നിലച്ചപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നീതി നടപ്പിലാക്കല്‍ ആരംഭിച്ചു. ആദ്യത്തെ കുറ്റവാളി ജോച്ചിം വോണ്‍ റിബന്‍ട്രോപ്, ഹിറ്റ്‌ലറുടെ വിദേശകാര്യ മന്ത്രി, കഴുമരത്തിനരികില്‍ തലകുനിച്ചു നിന്നു. കറുത്ത വസ്ത്രം തലയില്‍ ധരിപ്പിക്കുമ്പോള്‍ ആരാച്ചാരായ ജോസഫ് മാള്‍ട്ട ചോദിച്ചു. ‘അവസാനമായി എന്തെങ്കിലും പറയാനുണ്ടോ?

‘ലോകത്തിന് ഞാന്‍ സമാധാനം നേരുന്നു’ റിബന്‍ട്രോപ് പറഞ്ഞു.

ജോച്ചിം വോൺ റിബൺ ട്രോപ്പ് ഹിറ്റ്ലറുടെ വിദേശകാര്യ മന്ത്രി

അടുത്ത സെക്കന്റില്‍ ജോസഫ് മാള്‍ട്ട ലിവര്‍ വലിച്ചു. പ്ലാറ്റ് ഫോമിലെ പലകപ്പാളികള്‍ പെട്ടെന്ന് തുറന്നു തുങ്ങി കിടന്ന വടം ഒരു നിമിഷം വിറച്ചു. ജോച്ചിം വോണ്‍ റിബന്‍ട്രോപ് തുക്കിലേറ്റേപ്പെട്ട് കഴുമരത്തില്‍ തൂങ്ങി നിന്നു. മൃതദേഹം താഴെ തയ്യാറാക്കിയ പ്രത്യേക അറയിലൂടെ ശവപ്പെട്ടിയില്‍ കൊണ്ടുപോയി. പിന്നീട് തുടരെ തുടരെ ഒമ്പതു പേരെ തൂക്കിലേറ്റി.

നാസി ഫീല്‍ഡ് മാര്‍ഷല്‍ വില്‍ഹെം കീറ്റല്‍ കഴുമരത്തില്‍ തന്റെ അവസാന വാക്കുകള്‍ ഉച്ഛരിച്ചു : ‘രണ്ട് ദശലക്ഷത്തിലധികം ജര്‍മന്‍ പട്ടാളക്കാര്‍ അവരുടെ പിതൃരാജ്യത്തിനായി മരണത്തിലേക്ക് പോയി. ഇപ്പോള്‍ ഞാന്‍ അവരെ പിന്തുടരുന്നു – എല്ലാം ജര്‍മനിക്കുവേണ്ടി.’

കടുത്ത നാസി പ്രേമിയായ ജൂലിയസ് സ്ട്രീച്ചര്‍ കഴുമരത്തില്‍ ലിവര്‍ വലിക്കുന്ന നേരത്ത് ‘ഹെയ്ല്‍ ഹിറ്റ്ലര്‍’ എന്ന് അലറി. ഒരു മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് പത്ത് പേരെ കഴുവേറ്റിയെന്ന റെക്കോഡ് നേടി ലോകം മഴുവന്‍ അറിയപ്പെട്ട ന്യൂറംബര്‍ഗിലെ ആരാച്ചാര്‍ ജോസഫ് മാള്‍ട്ടക്ക് പിന്നീട് പത്രങ്ങള്‍ ഒരു പേരും ചാര്‍ത്തിക്കൊടുത്തു. ‘പത്തിന്റെ ആരാച്ചാര്‍”.

ഹിറ്റ്‌ലറുടെ ആത്മഹത്യക്ക് ശേഷം കീഴടങ്ങിയ നാസി ജര്‍മനിയില്‍ നിന്ന് ഒളിച്ചോടിയ പ്രമുഖ നാസികളെ സഖ്യകക്ഷികള്‍ വിടാതെ പിന്തുടര്‍ന്ന് വേട്ടയാടി. ഓഷ്വിറ്റ്‌സ് തടങ്കല്‍പ്പാളയത്തിന്റെ ഏറ്റവും കൂടുതല്‍ കാലം കാമാണ്ടാന്റും ആയിരുന്ന ആളാണ് റുഡോള്‍ഫ് ഹോസ്’ നാസികളുടെ കീഴിലുള്ള യൂറോപ്പിലെ ജൂതന്മാരെ കൂട്ടക്കൊല ചെയ്യാനുള്ള ഹിറ്റ്ലറുടെ അന്തിമ പരിഹാരത്തിന് വേണ്ടി വളരെ ഫലപ്രദവും നൂതനങ്ങളുമായ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കിയ ആളാണ് ഹോസ്. യുദ്ധാനന്തരം ഹോസ് എവിടെയെന്ന് അജ്ഞാതമായിരുന്നു.

1946 മാര്‍ച്ച് 11നാണ് ഹോസിനെ ബ്രിട്ടീഷ് സേന പിടികൂടുന്നത്. പിടിക്കപ്പെടുമ്പോള്‍ ഒരു കര്‍ഷകനായി വേഷപ്രച്ഛന്നനായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഹോസ്. അതേ വര്‍ഷം തന്നെ പോളണ്ടിലെ ഭരണാധികാരികള്‍ക്ക് ഹോസിനെ കൈമാറി. പോളണ്ടിലെ സുപ്രീം നാഷണല്‍ ട്രിബ്യൂണല്‍ അയാളെ വിചാരണ ചെയ്തു 1947 ഏപ്രില്‍ രണ്ടിന് ഹോസിന് വധശിക്ഷ വിധിക്കപ്പെട്ടു. ഏപ്രില്‍ 16ന് ഒന്നാം ഓഷ്വിറ്റ്‌സ് ക്യാമ്പിനടുത്തുവച്ചുതന്നെ വധശിക്ഷ നടപ്പിലാക്കപ്പെട്ടു. പ്രത്യേകം തയ്യാറാക്കിയ കഴുമരത്തില്‍, ചരിത്രത്തിന്റെ അന്ത്യവിധിക്കു കീഴടങ്ങുമ്പോള്‍ അയാള്‍ക്ക് 46 വയസ്സായിരുന്നു.

ശിക്ഷാവിധി കാത്ത് ജയിലില്‍ കിടക്കുമ്പോഴാണ് ഹോസ് തന്റെ ആത്മകഥ എഴുതിയത്. 1951ല്‍ ഒരു പോളിഷ് പരിഭാഷയായി ഇത് പ്രസിദ്ധീകരിച്ചു. 1958ല്‍ ആദ്യജര്‍മന്‍ പതിപ്പ് പുറത്തിറങ്ങി. ഈ ജര്‍മന്‍ പതിപ്പിന്റെ 3 ഇംഗ്ലീഷ് പരിഭാഷകള്‍ പിന്നീട് പുറത്ത് വന്നു. ‘കമാണ്ടന്റ് ഓഫ് ഓഷ്വിറ്റ്‌സ്’, ‘ഡെത്ത് ഡീലര്‍: ദ മെമ്മയേഴ്സ് ഓഫ് എസ്.എസ്. കമാണ്ടന്റ്‌സ് ഓഷ്വിറ്റ്‌സ്’ എന്നീ പേരുകളില്‍ ഹോസിന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പുകളിറങ്ങി. 2020 ല്‍ ‘നരകവാതില്‍’ എന്ന ശീര്‍ഷകത്തില്‍ ഇതിന്റെ പരിഭാഷ മലയാളത്തില്‍ പുറത്ത് വന്നിട്ടുണ്ട്.
കാലദേശങ്ങള്‍ക്കതീതമായി ഫാസിസത്തിന്റെ പ്രത്യയശാസ്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അന്വേഷിക്കുന്നവര്‍ക്ക് ചരിത്രത്തിലെ ചോരപുരണ്ട ഒരു മാര്‍ഗരേഖയാണ് ഈ ആത്മകഥ.

റുഡോൾഫ് ഹോസ്സിൻ്റെ ആത്മകഥ

വധശിക്ഷ നടപ്പിലാക്കപ്പെടുന്നതിന് നാലുദിവസം മുമ്പ് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ക്ക് അയച്ച കത്തില്‍ ഹോസ് ഇങ്ങനെയെഴുതി. ‘തേഡ് റീച്ചിന്റെ പദ്ധതിയുടെ ഭാഗഭാക്കായി, അത് നടപ്പിലാക്കിക്കൊണ്ടിരുന്നതിന്, ഓഷ്വിറ്റ്‌സ് കമാണ്ടന്റ് എന്ന നിലയില്‍ ഞാനുത്തരവാദിയാണ്. ഇങ്ങനെ ചെയ്യുക വഴി, മനുഷ്യരാശിക്കുമേല്‍ ഞാന്‍ അതിദാരുണമായ മുറിവുകള്‍ ഏല്പിച്ചിരിക്കുന്നു. പറഞ്ഞറിയിക്കുവാന്‍ ആവാത്തത്ര യാതനകള്‍ പോളിഷ് ജനതയ്ക്ക് ഞാന്‍ വരുത്തിവെച്ചിട്ടുണ്ട്. ഇവയ്‌ക്കൊക്കെയും ഞാനെന്റെ ജീവിതം കൊണ്ട് വിലകൊടുക്കുന്നു. എന്റെ കര്‍മങ്ങള്‍ക്ക് സര്‍വേശ്വരനായ ദൈവം എന്നോട് പൊറുക്കട്ടെ’ .

ന്യൂറംബര്‍ഗില്‍ പ്രതിക്കൂട്ടില്‍ നിറുത്തേണ്ട ഏറ്റവും വലിയ നാസി ഭീകരനായിരുന്നു ഹെന്റിച്ച് ഹിംലര്‍. അയാളെ ബ്രിട്ടീഷ് സൈന്യം പിടികൂടിയെങ്കിലും ന്യൂറംബര്‍ഗ് വിചാരണക്ക് മുന്‍പ് തടവില്‍ സൈനൈഡ് വിഴുങ്ങി അയാള്‍ ആത്മഹത്യ ചെയ്തു.

ഹിറ്റ്‌ലറുടെ പ്രധാന കൂട്ടാളികളിലൊരാളായിരുന്നു ഹെന്റിച്ച് ഹിംലര്‍. ജൂതന്മാരെ കൂട്ടക്കൊല ചെയ്യാന്‍ ഹിറ്റ്‌ലറും മറ്റു നാസി നേതാക്കന്മാരും ചേര്‍ന്ന് തയ്യാറാക്കിയ ‘ഫൈനല്‍ സൊല്യൂഷന്‍’ എന്ന പദ്ധതിയുടെ ആവിഷ്‌കരണത്തിലും നടത്തിപ്പിലും വലിയ പങ്കുവഹിച്ച ഹിംലര്‍ ഹിറ്റ്‌ലറുടെ ഏറ്റവും വിശ്വസ്തനായ നാസി തലവനായിരുന്നു.

ഹിറ്റ്‌ലറുടെ ഭരണകാലത്തെ പ്രത്യേക സേനാവിഭാഗമായ ‘എസ്. എസ്.’ രൂപീകരിക്കുന്നതിലും അതിനെ വളര്‍ത്തിയെടുക്കുന്നതിലും ഹിംലര്‍ പ്രധാന പങ്ക് വഹിച്ചു. തന്റെ ഉയര്‍ച്ചയ്ക്ക് തടസമാകുമെന്നു കരുതിയ മറ്റു നാസി നേതാക്കന്മാരെ തന്ത്രങ്ങള്‍ ഉപയോഗിച്ച് അയാള്‍ ഒതുക്കി. 1944 ആയപ്പോഴേക്കും ഹിംലര്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് പദവി വരെയെത്തി.

ന്യൂറംബര്‍ഗ് വിധിയാല്‍ ഏറ്റവുമധികം കാലം ശിക്ഷയനുഭവിച്ച നാസി നേതാവായിരുന്നു റുഡോള്‍ഫ് ഹെസ്സ്. ഒരു കാലത്ത് ഹിറ്റ്‌ലറുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്ന നാസി നേതാവാണ് റുഡോള്‍ഫ് ഹെസ്സ്. ന്യൂറംബര്‍ഗ് വിചാരണയില്‍ ജീവിതപര്യന്തം ഏകാന്ത തടവാണ് ഹെസ്സിനു വിധിച്ച ശിക്ഷ. ബെര്‍ലിനിലെ സ്പാന്‍ഡോ ജയിലില്‍ കനത്ത കാവലില്‍ നാല്‍പ്പതുവര്‍ഷത്തോളം ഒറ്റയ്ക്ക് കഴിയേണ്ടി വന്നു റുഡോള്‍ഫ് ഹെസ്സിന്. ഒടുവില്‍ 1987 ഓഗസ്റ്റ് 17 ന് തന്റെ 93-മത്തെ വയസില്‍ ആ നാസി നേതാവ് ഒരു വൈദ്യുതവയര്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തു.

ഫ്യൂറർ അഡോൾഫ് ഹിറ്റ്ലർ, ഡെപ്യൂട്ടി യായ റുഡോൾഫ് ഹെസ്സ്

റുഡോള്‍ഫ് ഹിറ്റ്‌ലറുടെ ഡെപ്യൂട്ടി എന്ന് ഒരു കാലത്ത് അറിയപ്പെട്ട ഹെസ്സ് എല്ലാ നാസി നേതാക്കളില്‍ നിന്നും വ്യത്യസ്തനായിരുന്നു. നാസി ക്രൂരതയോട് മുഖം തിരിച്ച അയാള്‍, റുഡോള്‍ഫ് ‘യെസ്’ എന്ന പേരിലാണ് നാസി ഉന്നത വൃത്തങ്ങളില്‍ അറിയപ്പെട്ടത്. കാരണം ഹിറ്റ്‌ലര്‍ എന്ത് പറഞ്ഞു അത് ചെയ്യുക എന്നതായിരുന്നു അയാളുടെ ജീവിതം തന്നെ.

നാസികളുടെ ബൈബിള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിറ്റ്‌ലര്‍ എഴുതിയ ‘മെയിന്‍ കാഫ്’ ലെ പ്രധാന ആശയങ്ങളെല്ലാം ഹെസ്സിന്റെ സംഭാവനയാണ്. വിഫലമായ മ്യൂണിച്ച് വിപ്ലവത്തിനു ശ്രമിച്ച് പരാജയപ്പെട്ട് ഹിറ്റ്‌ലറും ഹെസ്സും ഒരുമിച്ചായിരുന്നു തടവിലായത്. തടവില്‍ കിടക്കുമ്പോഴാണു മെയ്ന്‍ കാംഫിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഹെസ്സ് എഴുതിത്തീര്‍ത്തത്. മറ്റുള്ളവര്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ എത്രയോ വിശാലമായിരുന്നു ഹെസ്സിന്റെ പ്രവര്‍ത്തനമേഖല.

എല്ലാ വര്‍ഷവും ഈ പുസ്തകം വിറ്റുകിട്ടുന്ന ഭീമമായ റോയല്‍റ്റി സംഖ്യയില്‍ നിന്നും ഹിറ്റ്‌ലര്‍ അയ്യായിരം പൗണ്ട് ഓരോ വര്‍ഷവും റൂഡോള്‍ഫ് ഹെസ്സിനു നല്‍കി വന്നു.

നാസികളുടെ പ്രതാപകാലം കൊടുമ്പിരിക്കൊണ്ട കാലത്ത് അഞ്ച് ഉന്നത നാസികള്‍ക്ക് ഹിറ്റ്‌ലര്‍ ബഹുമതിയായ് സ്വര്‍ണ്ണമാലകള്‍ സമ്മാനിച്ചപ്പോള്‍ ആദ്യം അത് ലഭിച്ചത് റുഡോള്‍ഫ് ഹെസ്സിനായിരുന്നു. ഹെര്‍മാന്‍ ഗോറിംങ്ങ്, ജോസഫ് ഗീബല്‍സ്, ഹെന്റിച്ച് ഹിംലര്‍, ജൂലിയസ് സ്റ്റെച്ചര്‍ എന്നിവരായിരുന്നു ഹിറ്റ്ലറില്‍ നിന്നും സ്വര്‍ണ്ണ മാലക്ക് അര്‍ഹരായ മറ്റ് നാസി നേതാക്കള്‍’.

1941-ല്‍ റൂഡോള്‍ഫ് ഹെസ്സ് ഒറ്റ സംഭവത്തിലുടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്കുശേഷം അടുത്ത പിന്‍ഗാമി ഔദ്യോഗികമായി, ഹെസ്സ് ആയിരുന്നെങ്കിലും അതൊക്കെ മറന്ന് അയാള്‍ വളരെ രഹസ്യമായി ഒരു ചെറുവിമാനത്തില്‍ ഒറ്റക്ക് വടക്കന്‍ സമുദ്രം കടന്ന് സ്‌കോട്ട്‌ലണ്ടില്‍ എത്തി. ജര്‍മനിയുടെ ശത്രുവായ ബ്രിട്ടനിലെ ചര്‍ച്ചില്‍ അടക്കമുള്ളവരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി രണ്ടാം ലോക മഹായുദ്ധം നിര്‍ത്തി വയ്പ്പ്പിക്കാനും ഒരു സമാധാന സന്ധി അംഗീകരിപ്പിക്കാനുമാണ് താന്‍ ബ്രിട്ടനിലേക്ക് പറന്നതെന്നായിരുന്നു അയാളുടെ ഭാഷ്യം. യഥാര്‍ത്ഥത്തില്‍ ഹിറ്റ്‌ലറുടെ അംഗീകാരത്തോടു കൂടിയുള്ള ഒരു പദ്ധതി ആയിരുന്നോ അത് എന്നത് ദൂരുഹമായ ചോദ്യമായി അവശേഷിച്ചു. തന്റെ ഈ പറക്കലിനെ ഒരു നയതന്ത്ര ദൗത്യമായാണ് ഹെസ്സ് വിശേഷിപ്പിച്ചത്. എന്നാല്‍ സംഭവം ഹിറ്റ്‌ലറേയും, ചര്‍ച്ചിലിനേയും സ്റ്റാലിനേയും ഒരു പോലെ രോഷാകുലരാക്കി.

ജര്‍മനിയില്‍ തുടക്കത്തില്‍ പ്രകടിപ്പിച്ച അസ്വാസഥ്യങ്ങളെല്ലാം കെട്ടടങ്ങി, മാനസികനില വീണ്ടെടുത്ത ഹിറ്റ്‌ലര്‍, ഹെസ്സ് സംഭവത്തിനു പുതിയ വ്യാഖ്യാനം നല്‍കാന്‍ വ്യഗ്രതകാട്ടി. തന്റെ ഡപ്യൂട്ടി വര്‍ഷങ്ങളായി മനസ്സിന്റെ താളം തെറ്റിയ അവസ്ഥയിലായിരുന്നെന്നും അതിന്റെ പാരമ്യത്തിലെ വിഭ്രാന്തി നിറഞ്ഞ ഒരു പ്രകടനമായിരുന്നു ബ്രിട്ടനിലേക്ക് ഹെസ്സ് വിമാനം പറപ്പിച്ച സംഭവമെന്ന് ഹിറ്റ്‌ലര്‍ വ്യാഖ്യാനിച്ചു.

സമാധാനം സ്ഥാപിക്കാന്‍ ചര്‍ച്ചിലിനോടും ബ്രിട്ടനിലെ മറ്റ് ഉന്നതരായ നേതാക്കളോടും ചര്‍ച്ച നടത്താന്‍ ബ്രിട്ടനിലക്ക് പറന്ന നാസികളുടെ നേതൃത്വത്തിലെ രണ്ടാമനെ ബ്രിട്ടിഷുകാര്‍ ലണ്ടന്‍ ടവറില്‍ തടവിലാക്കിയെന്നതായിരുന്നു ഇതിലെ വിരോധാഭാസം. അതായിരുന്നു ഹെസ്സിന് സംഭവിച്ച ദുരന്തവും അയാളുടെ ദുര്‍വിധിയും. പിന്നീട് മനസിന്റെ താളം തെറ്റിയ ഒരാളായി, തടവുകാരനായി ജീവിതകാലം മുഴുവന്‍ ഹെസ്സിനെ ലോകം കണക്കാക്കി.

ലോകമഹായുദ്ധത്തിലെ സഖ്യകക്ഷികളായിരുന്ന നാലു രാഷ്ട്രങ്ങള്‍ സംയുക്തമായി ഏര്‍പ്പെടുത്തിയ കനത്ത കാവലില്‍ ബെര്‍ലിനിലെ സ്പാന്‍ഡോ ജയിലിലെ തടവു മുറിയില്‍ എകനായി 93 വയസ്സില്‍ സ്വയം ജീവനൊടുക്കും വരെ 600 തടവുകാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ആ കോട്ടയില്‍ കഴിഞ്ഞു. ഒന്നും രണ്ടുമല്ല, നാല്‍പ്പത് വര്‍ഷം! ഹെസ്സിന് പരോള്‍ അനുവദിക്കാനോ എന്തെങ്കിലും ഇളവ് നല്‍കാനോ ഉള്ള എല്ലാ നീക്കങ്ങള്‍ക്കും റഷ്യ കനത്ത എതിര്‍പ്പു പ്രകടിപ്പിച്ചു. റഷ്യക്ക് കണക്കറ്റ ആള്‍നാശം വരുത്തിവച്ചതിനു പിന്നിലെ പ്രധാനശക്തി ഹെസ്സ് ആയിരുന്നെന്ന് റഷ്യ ഉറച്ച് വിശ്വസിച്ചിരുന്നു. ഹിറ്റ്‌ലറുടെ വലം കൈ ആയി പ്രവര്‍ത്തിച്ച് ഈ മനുഷ്യന് റഷ്യ ഒരിക്കലും മാപ്പുകൊടുത്തില്ല.

റഷ്യൻ തടവുകാരനെ ശവക്കുഴിക്കടുത്ത് വെടി വെച്ച് കൊല്ലുന്ന നാസി ഓഫീസർ.

ന്യൂറംബര്‍ഗ് വിചാരണയുടെ ഒരു പ്രത്യേകത ഫോട്ടോകള്‍ എടുക്കുന്നതിന് കര്‍ശനമായ വിലക്കുകളുണ്ടായിരുന്നു എന്നതാണ്. അതിനാല്‍ പല പത്രസ്ഥാപനങ്ങളും ചിത്രകാരന്മാരേയും കാര്‍ട്ടൂണിസറ്റുകളേയും ന്യൂറംബര്‍ഗിലേക്ക് അയച്ചു. ലോക പ്രശസ്തനായ ബ്രിട്ടീഷ് കാര്‍ടൂണിസ്റ്റ് ഡേവിഡ് ലോ ന്യൂറംബര്‍ഗ് വിചാരണയിലെ കാഴ്ചകളെ അടിസ്ഥാനമാക്കി വരച്ച കാര്‍ട്ടൂണുകള്‍ ചിന്നീട് ന്യൂ റംബര്‍ഗ് സ്‌കെച്ച് ബുക്ക് എന്ന പേരില്‍ ഒന്നിലധികം ഭാഗങ്ങളുള്ള പുസ്തകമായി പ്രസിദ്ധീകരിക്കുകയുണ്ടായി. ശിക്ഷിക്കപ്പെട്ട നാസി നേതാക്കളായ റിബ്ബന്‍ ട്രോപ്, ഫ്രാങ്ക്, ജോഡല്‍ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങള്‍ ഡേവിഡ് ലോ വരയ്ക്കുകയുണ്ടായി.

റഷ്യൻ ആർട്ടിസ്റ്റ് നിക്കോളോയ് ഷുക്കോവിൻ്റെ വര

സോവിയറ്റ് എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ ബോറിസ് നിക്കോളോയെവിച്ച് പോള്‍വോയ് ന്യൂറംബര്‍ഗ് വിചാരണയെക്കുറിച്ച് എഴുതിയ The Final Reckoning എന്ന ന്യൂറന്‍ ബര്‍ഗ് ഡയറിക്കുറിപ്പുകള്‍ ഏറെ പ്രശസ്തമായി. സോവിയറ്റ് ചിത്രകാരനായ നിക്കോളായ് ഷുക്കോവ് വരച്ച വിചാരണയുടെ ചിത്രങ്ങളില്‍ നാസി ഭീകരന്മാരെ മനോഹരമായി ഷുക്കോവ് ആവിഷ്‌ക്കരിച്ചു. ഷുക്കോവിന്റെ ആ സ്‌കെച്ചുകള്‍
ഏറെ പ്രശംസ നേടി.

ന്യൂറംബര്‍ഗ് വിചാരണ വിഷയമാക്കി ശ്രദ്ധേയമായ ചില ചലചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബര്‍ഗ് (1961), ന്യൂറംബര്‍ഗ് (2000)
ജെയിംസ് വാന്‍ഡര്‍ബില്‍റ്റ് രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച് 2025 ഒക്ടോബറില്‍ പുറത്തിറങ്ങിയ ‘ന്യൂറംബര്‍ഗ്’ ആണ് ഈ വിഷയത്തിലെ ഏറ്റവും പുതിയ ചലചിത്രം. നാസി ആന്‍ഡ് ദി സൈക്യാട്രിസ്റ്റ് എന്ന 2013-ല്‍ ജാക്ക് എല്‍-ഹായ് എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ഏറ്റവും പ്രസിദ്ധമായ ന്യൂറൻ ബർഗ് പുസ്തകങ്ങളിലൊന്ന്

1945 ല്‍ ന്യൂറംബര്‍ഗ് ജയിലിലെ മുഖ്യ മനോരോഗ വിദഗ്ദ്ധനായിരുന്ന ഡഗ്ലസ് എം. കെല്ലിയുടെ നാസി തടവുകാരുമായുള്ള അനുഭവങ്ങളാണ് ഈ പുസ്തകം. ന്യൂറംബര്‍ഗിലെ തടവുകാരനായ ഹെര്‍മന്‍ ഗോറിങ്ങ് കേന്ദ്രകഥാപാത്രമായ ഈ ചിത്രം വ്യാപകമായി നിരൂപകപ്രശംസ നേടി കഴിഞ്ഞു. പ്രശസ്ത നടന്‍ റസ്സല്‍ ക്രോവാണ് ഹെര്‍മ്മന്‍ ഗോറിങ്ങായി അഭിനയിക്കുന്നത്.

നടൻ റസൽ ക്രോ . ഹെർമൻ ഗോറിംങ്ങായി- പുതിയ സിനിമയായ ന്യൂറൻ ബർഗ് ൽ (2025

മഹായുദ്ധത്തില്‍ വിജയം നേടിയവര്‍ക്ക് പരാജിതരെ മരണത്തിലേക്കോ തടവറയിലേക്കോ പറഞ്ഞയക്കാനുള്ള ഒരു നാടകം മാത്രമായി ന്യൂറംബര്‍ഗിലെ വിചാരണയെ കാണുന്നവരുണ്ട്.

നൂറംബര്‍ഗ് വിചാരണയില്‍ അവശേഷിക്കുന്ന ഒരു ചരിത്രസത്യം ഇതാണ്. വിചാരണ നേരിട്ടവരെ ഓര്‍ത്ത് കരഞ്ഞവരേക്കാള്‍ കൂടുതല്‍ ഈ ലോകത്തുള്ളത് ആ ന്യായ വിധിയില്‍ ആഹ്ലാദിച്ചവരാണ്!

Content Summary: Nuremberg Trials. International criminal trials against Nazi Germany leaders

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

×