ഹമാസിൻ്റെ തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ട് ഇസ്രായേൽ പ്രതിരോധ സേന ഇന്ന് രാവിലെ സ്വീകരിച്ച ബന്ദികളിൽ ചിലരുടെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം.
മോചിപ്പിക്കപ്പെട്ടതിന് ശേഷം ആലോൺ ഓഹെൽ എന്ന തടവുകാരൻ ഗാസ മുനമ്പിൽ വെച്ച് ഇസ്രായേലി സൈനികരെ കണ്ടുമുട്ടുന്നതും, ഇരട്ട സഹോദരങ്ങളായ ഗാലി ബെർമാനും സിവി ബെർമാനും ആലിംഗനം ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജനിച്ച ജർമ്മൻ-ഇസ്രായേലി പൗരന്മാരും ഇരട്ടകളുമായ സിവി ബെർമാനും ഗാലി ബെർമാനും സ്വഭാവത്തിലും താൽപ്പര്യങ്ങളിലും വ്യത്യാസമുണ്ടായിരുന്നെങ്കിലും അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ചായിരുന്നു. 2023 ഒക്ടോബർ 7ന് ഭീകരർ 37 താമസക്കാരിൽ 11 പേരെ കൊലപ്പെടുത്തുകയും ഏഴുപേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്ത ക്ഫാർ ആസായിലെ താമസസ്ഥലത്തുനിന്നാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്.
തെക്കൻ ഇസ്രായേലിൽ ഭീകരർ അഴിഞ്ഞാടുകയാണെന്ന് അറിഞ്ഞിട്ടും, തനിച്ചായിരുന്ന സുഹൃത്തും അയൽവാസിയുമായ എമിലി ദമാരിക്ക് (കഴിഞ്ഞ വെടിനിർത്തൽ-ബന്ദി കരാറിൽ മോചിപ്പിക്കപ്പെട്ടയാൾ) ഒപ്പം ചേരാനായി, ഗാലി തൻ്റെ സുരക്ഷിത മുറിയിൽ നിന്ന് പുറത്തിറങ്ങി. ദമാരിയോടൊപ്പമുള്ള ഒരു ചിത്രം അമ്മയ്ക്ക് അയച്ചതിന് പിന്നാലെ ഇരുവരെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു.
സഹോദരനെ തട്ടിക്കൊണ്ടുപോയതിന് തൊട്ടുപിന്നാലെ, ഭീകരർ സിവി ബെർമാൻ്റെ വീടിന് തീയിട്ടു. ഇതോടെ, സുരക്ഷിത മുറിയിൽ നിന്ന് രക്ഷപ്പെടാൻ നിർബന്ധിതനായ സിവി, തന്നെ തട്ടിക്കൊണ്ടുപോയവരുടെ കൈകളിലേക്ക് വീഴുകയായിരുന്നു.
ആ ദിവസം ക്ഫാർ ആസായിലെ 60ൽ അധികം താമസക്കാരെ ഭീകരർ കൊലപ്പെടുത്തി. ഗാലി ബെർമാനെയും സിവി ബെർമാനെയും കുറിച്ച് എന്തെങ്കിലും ഒരു വിവരം ലഭിക്കാൻ കുടുംബം കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കൂട്ടക്കൊലയ്ക്ക് ശേഷം ഒരാഴ്ച കഴിഞ്ഞാണ് ഇരുവരെയും ജീവനോടെ ഗാസയിലേക്ക് കൊണ്ടുപോയെന്ന് അവർക്ക് അറിയാൻ കഴിഞ്ഞത്. തട്ടിക്കൊണ്ടുപോയി ഒരു മാസം കഴിഞ്ഞപ്പോൾ, തൻ്റെ സഹോദരങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന ആശ്വാസം പങ്കുവെച്ചുകൊണ്ട് അവരുടെ മൂത്ത സഹോദരൻ ദി ഗാർഡിയനോട് സംസാരിച്ചിരുന്നു.
ഫെബ്രുവരിയിൽ ഇരുവരും ജീവനോടെ ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നുവെങ്കിലും തടവിൽ വെച്ച് സിവിയും ഗാലിയും വേർപിരിഞ്ഞതായാണ് അതിജീവിച്ചവരുടെ മൊഴികൾ സൂചിപ്പിക്കുന്നത്.
ലൈറ്റിംഗ് ടെക്നീഷ്യൻമാരായാണ് ഇരുവരും ജോലി ചെയ്തിരുന്നത്. പാർക്കിൻസൺസ് രോഗവും ഡിമെൻഷ്യയും ബാധിച്ച പിതാവിൻ്റെ പരിചരണം മുൻനിർത്തിയാണ് അവർ ഷിഫ്റ്റുകൾ ക്രമീകരിച്ചിരുന്നത്.
content summary: After 738 days apart, twins Gali and Civi reunite with an emotional embrace in the Gaza Strip following release