പ്രായം 85നോട് അടുത്തെങ്കിലും സ്ക്രീനിൽ ഇപ്പോഴും നിറസാന്നിധ്യമായി തുടരുകയാണ് അമിതാഭ് ബച്ചൻ. അടുത്തിടെയാണ് അദ്ദേഹം തന്റെ ഏറെ പ്രശംസ നേടിയ ടെലിവിഷൻ ഗെയിം ഷോയായ കോൻ ബനേഗ ക്രോർപതി (കെബിസി) യുടെ പതിനേഴാം പതിപ്പ് ആരംഭിച്ചത്. ഇതോടെ നമ്മുടെ മിനി സ്‌ക്രീനുകളിലേക്ക് ഗംഭീരമായ തിരിച്ചുവരവാണ് അമിതാഭ് ബച്ചൻ നടത്തിയിരിക്കുന്നത്. ഒന്നിലധികം തലമുറകളിലായി വലിയൊരു ആരാധകവൃന്ദമുള്ള ബച്ചനെ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭരായ നടന്മാരിൽ ഒരാളായി നിസ്സംശയമായും വിശേഷിപ്പിക്കാം.
മനസ്സുകൊണ്ട് ചെറുപ്പമായി തുടരാൻ ആഗ്രഹിച്ചാലും വാർദ്ധക്യം ഒടുവിൽ അമിത് ബച്ചനെ പിടികൂടിയതായി തോന്നുന്നു. ട്രൗസർ ഇടുന്നത് പോലുള്ള ലളിതമായ ജോലികൾ പോലും ചെയ്യാൻ തനിക്ക് ഇപ്പോൾ ബുദ്ധിമുട്ട് നേരിടുന്നതായി അദ്ദേഹം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. തന്റെ ഔദ്യോഗിക വസതിയായ ജൽസയിലുടനീളം ഹാൻഡിൽബാറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സൂപ്പർ സ്റ്റാർ വെളിപ്പെടുത്തി.
പതിവുപോലെ തന്റെ ഔദ്യോഗിക വസതിയിൽ നിന്ന് തന്റെ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു. വർഷങ്ങളായി തുടരുന്ന തന്റെ ഈ ശീലത്തെക്കുറിച്ച് വികാരധീനനായി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ശാരീരികശേഷി കുറഞ്ഞുവരുന്നതായി ഈ കുറിപ്പിൽ അമിതാഭ് ബച്ചൻ കുറിച്ചിട്ടുണ്ട്. തന്നെ ഒരു നോക്ക് കാണാൻ വേണ്ടി മാത്രമാണ് ഇത്രയും ആരാധകരെല്ലാം തന്റെ വീടിന് പുറത്ത് തടിച്ചുകൂടിയതെന്ന് വിശ്വസിക്കാൻ ഇപ്പോഴും മടിയാണെന്നും, അവരെ യഥാർത്ഥത്തിൽ കാണുമ്പോൾ മാത്രമേ അത് യഥാർത്ഥമായി തോന്നൂവെന്നും അമിതാഭ് ബച്ചൻ കുറിച്ചു. തന്റെ ആരാധകരെ കാണാനായി പടികൾക്ക് മുകളിൽ വലിഞ്ഞു കയറുമ്പോളുണ്ടാവുന്ന ബുദ്ധിമുട്ടുകൾ അവരെ കാണുന്നതോടെ ഇല്ലാതാവുന്നതായും അമിതാഭ് ബച്ചൻ വ്യക്തമാക്കുന്നു. മരുന്നുകളാണ് തന്റെ ഒരു ദിവസത്തെ ദിനചര്യകളെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം പങ്കുവെച്ചു. ജിമ്മിലെ വ്യായാമങ്ങൾ, നടത്തം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
മുൻപും പ്രായമാവുന്നതിന്റെ ആശങ്കകൾ പങ്കുവച്ചുകൊണ്ട് അമിതാഭ് ബച്ചൻ രംഗത്തു വന്നിരുന്നു. പ്രായം കൂടുന്നതനുസരിച്ച്, വരികള്‍ (ഡയലോഗ്) ഓര്‍മ്മിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാവുക. മറിച്ച് മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്ന, ആവശ്യപ്പെടുന്ന ഉള്ളടക്കം നല്‍കാന്‍ പ്രായത്തിന്‍റേതായ ഒരുപാട് വെല്ലുവിളികളെ അതിജീവിക്കേണ്ടതായുണ്ട്. പല തെറ്റുകളും വരുത്തിയല്ലോ എന്ന തിരിച്ചറിവാണ് തിരികെ വീട്ടിലെത്തുമ്പോള്‍ ഉണ്ടാവുന്നത്. അതിനെ എങ്ങനെ പരിഹരിക്കാമെന്നും ചിന്തിക്കും. പ്രായം കൂടുതന്നതിനനുസരിച്ച് സിനിമയിൽ തനിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് അമിതാഭ് ബച്ചന്റെ വാക്കുകളാണിത്. അമിതാഭ് ബച്ചൻ നൽകിയ വിരമിക്കൽ സൂചനയായാണ് ആരാധകർ ഇതിനെ വിലയിരുത്തിയത്.
content summary: Amitabh Bachchan says handlebars have been installed throughout Jalsa as he deals with aging-related issues