UPDATES

ജയരാജൻ – ജാവദേക്കർ കൂടിക്കാഴ്ച്ച; വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ടതോ ?

ഇതാദ്യമായല്ല ഇ പി ജയരാജന് നേരെ വിവാദം ഉയർന്നുവരുന്നത്

                       

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വിഷയം വിവാദമാകുന്നു. ഇപി ജയരാജൻ ഇന്നലെ നടത്തിയ തുറന്നു പറച്ചിലോടെ സിപിഎം നേതൃത്വത്തത്തെ തന്നെ ഒന്നാകെ ഉലച്ചിരിക്കുകയാണ്. ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പിനിടയിലാണ് ഇ പി ജയരാജനും, ബിജെപിയുടെ മുതിർന്ന നേതാവുമായ പ്രകാശ് ജാവദേക്കറുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾ പുറത്തുവരുന്നത്.EP Jayarajan

ഇതാദ്യമായല്ല ഇ പി ജയരാജന് നേരെ വിവാദം ഉയർന്നുവരുന്നത്. മുമ്പ് ബന്ധുനിയമന വിവാദം ഉയർന്നപ്പോൾ കേന്ദ്ര നേതാക്കൾ ഇടപെട്ടാണ് ഇപി ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത്. സാന്റിയാഗോ മാർട്ടിന്, ദേശാഭിമാനിക്ക് രണ്ട് കോടി രൂപ നൽകിയത് വലിയ വിവാദമായിരുന്നു. ഒരുകാലത്ത് കേരളത്തിലെ ലോട്ടറി മേഖലയെ അടക്കിവാണിട്ടുണ്ട് മാർട്ടിൻ. അന്നൊക്കെ കേരളത്തിലെ പത്രങ്ങളുടെ തലക്കെട്ടായിരുന്നു പലപ്പോഴും മാർട്ടിൻ. അന്ന് ഇ പി ജയരാജന് ജനറൽ മാനേജർ സ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു. ജയരാജന്റെ എടുത്തുചാട്ടമാണ് പല വിവാദങ്ങൾക്കും വഴി വെച്ചിരുന്നതെന്ന് പാർട്ടി പ്രവർത്തകർ തന്നെ വിമർശിച്ചിരുന്നു. കണ്ണൂരുണ്ടായ ചെത്തുകല്ല് വിവാദവും ഇതിന് സമാനമായിരുന്നു. വീട് ഉണ്ടാക്കുന്നതിനായി ചെങ്കല്ല് അന്ന് ചെത്തിയായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ചെങ്കല്ല് ചെത്തുന്നതിനു പകരം മെഷീനുകൾ ഉപയോഗിച്ച് മുറിക്കുന്നതിന്‌ സിഐടിയുവിൽ നിന്നടക്കം വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്. ആ സമയത്താണ് ഇപി ജയരാജൻ വീട് നിർമ്മിക്കുന്നത്. വീട് നിർമ്മാണത്തിന് മെഷീൻ ഉപയോഗിച്ച് വെട്ടുകല്ല് മുറിച്ചതിന് ഇപി വലിയ വിമർശനമാണ് നേരിട്ടത്. ഇത്തരത്തിലുള്ള ജാഗ്രതകുറവുകൾ പലപ്പോഴും ഇപിയെ വെട്ടിലാക്കിയിരുന്നു.

വൈദേഹം റിസോർട്ടുമായി നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റ്‌സ് കമ്പനി ഏറ്റെടുക്കുന്നത് കഴിഞ്ഞ വർഷമാണ്. കഴിഞ്ഞ ദിവസം ഇപിയും ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായാണോ എന്നും പല കോണുകളിൽ നിന്ന് ചോദ്യം ഉയർന്നുവരുന്നുണ്ട്. ഇപി നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരം വിവാദങ്ങൾ ഇടതു കോട്ടയായ കണ്ണൂരിലെ തെരെഞ്ഞെടുപ്പിൽ വലിയ പ്രത്യഘാതങ്ങൾ ഉണ്ടാക്കിയേക്കില്ല. എന്നാൽ കേരളം മൊത്തമായി വിശകലനം ചെയ്യുകയാണെങ്കിൽ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും പറയുന്നുണ്ട്. പ്രത്യേകിച്ച് മുഖ്യമന്ത്രി കൂടി തള്ളിപറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ. പുതിയ വിവാദത്തിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ കൂടിയാലോചനക്ക് ശേഷമായിരിക്കും ജയരാജനെതിരെ നടപടി ഉണ്ടാവുക. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പരസ്യമായി തള്ളിപ്പറഞ്ഞതോടെ ജയരാജൻ മുന്നണി കൺവീനറായി ഇനി എത്രനാൾ എന്ന ചോദ്യവുമുയരുന്നുണ്ട്. തെരെഞ്ഞെടുപ്പ് അങ്കം തീരുന്നതോടെ പാർട്ടി നേരിടേണ്ടിവരുന്ന ഗുരുതര പ്രശ്നമായിരിക്കും ഇത്. സിപിഎമ്മുമായ ഇടച്ചിലിലായിരുന്ന കാലത്ത് ബിജെപി, ഇപിയെ പ്രലോഭിപ്പിച്ചതായും ആളുകൾ പറഞ്ഞിരുന്നു. അന്ന് മുഖ്യമന്ത്രി ഇടപെട്ടിരുന്നതായും പറയുന്നു. ദല്ലാൾ നന്ദകുമാറുമായുള്ള ഇപിയുടെ സൗഹൃദത്തെ മുഖ്യമന്ത്രി അന്നും വിമർശിച്ചിരുന്നു.

English Summary: EP Jayarajan and Javadekar meeting resone is unclear

Share on

മറ്റുവാര്‍ത്തകള്‍