ഉത്തര്‍പ്രദേശിലെ മുസാഫര്‍ബാദില്‍, അധ്യാപികയുടെ ക്രൂരതയ്ക്ക് വിധേയനായ എട്ടു വയസുകാരന്റെ കുടുംബം എന്തുകൊണ്ട് പരാതിയുമായി മുന്നോട്ടു പോകുന്നിതില്ലെന്ന ചോദ്യത്തിന് (ഇന്ത്യയില്‍ എങ്ങനെയാണ് ഒരു സാധാരണ പൗരന് നീതി നിഷേധിക്കപ്പെടുന്നത്?)
കൃത്യമായ ഉത്തരമാണ് മധ്യപ്രദേശിലെ സാഗറില്‍ നിന്നുള്ളത്.
അവിടെ ഒരു ദളിത് ബാലനെ നൂറിലേറെ വരുന്ന ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരിക്കുന്നു. അവന്റെ സഹോദരിയും ക്രൂരമായി ആക്രമിക്കപ്പെട്ടു. മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ ആ അക്രമിക്കൂട്ടം നഗ്നയാക്കി.
ഇതിനെല്ലാം കാരണം, കൊല്ലപ്പെട്ട ബാലന്റെ സഹോദരി 2019-ല്‍ താന്‍ നേരിട്ട ലൈംഗികാതിക്രമത്തിനെതിരേ ഒരു പരാതി നല്‍കിയതായിരുന്നു.
സഹോദരിയുടെ പരാതി പിന്‍വലിക്കാന്‍ 18 കാരനുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ആള്‍ക്കൂട്ട മര്‍ദ്ദനം. തങ്ങള്‍ പറഞ്ഞത് അനുസരിക്കാതിരുന്നതിന് ഒടുവില്‍ അവര്‍ ആ ദളിത് കൗമാരക്കാരനെ കൊന്നുകളഞ്ഞു.
വ്യാഴാഴ്ച്ച നടന്ന സംഭവമാണിത്. അക്രമികള്‍ ഇരകളായ ദളിതരുടെ വീടും തകര്‍ത്തു. ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പൊലീസിന് പറയാനുള്ളത്. നൂറോളം പേര്‍ ഉള്‍പ്പെട്ട അക്രമത്തില്‍, ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് വെറും എട്ടു പേരെയാണ് പിടികൂടിയിട്ടുള്ളത്.
2019-ല്‍ തന്നോട് ലൈംഗികാതിക്രമം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത നാലു പേര്‍ക്കെതിരെയാണ് ദളിത് പെണ്‍കുട്ടി പരാതി നല്‍കിയത്. പ്രതികളെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസ് ഇപ്പോള്‍ കോടതിയിലാണ്.
ജാമ്യത്തിലുള്ള, കേസിലെ പ്രതികള്‍ സംഘമായി പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിയെയും അമ്മയെയും അവര്‍ ഭീഷണിപ്പെടുത്തി. അക്രമികളുടെ ഭീഷണിക്കു മുന്നില്‍ അമ്മയും മകളും വഴങ്ങിയില്ല. തുടര്‍ന്ന്, അക്രമികള്‍ വീട്ടില്‍ നിന്നും പോയെങ്കിലും, ബസ് സ്റ്റാന്‍ഡില്‍ വച്ച് ആ ദളിത് കുടുംബത്തിലെ 18 കാരനെ അവര്‍ കണ്ടു. അവര്‍ ആ കൗമാരക്കാരനെ, സഹോദരിയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമൊക്കെ ചെയ്തു. വഴങ്ങാതെ വന്നതോടെയാണ് വടികളും മറ്റും ഉപയോഗിച്ച് അവരവനെ ക്രൂരമായി മര്‍ദ്ദിച്ചു. ഈ വിവരം അറിഞ്ഞാണ് സഹോദരിയും അമ്മയും സ്ഥലത്തേക്ക് ഓടിയെത്തുന്നത്.
കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ മാധ്യമങ്ങളോട് പറയുന്നത്, ”കേസ് പിന്‍വലിക്കാനുള്ള ഭീഷണിക്ക് തന്റെ സഹോദരന്‍ വഴങ്ങാതിരുന്നതോടെയാണ് അവനെ പിടിച്ചുവച്ച് ജീവന്‍ പോകുന്നതുവരെ മര്‍ദ്ദിച്ചത്. കൊലയാളികള്‍ ഉന്നത ജാതിക്കാരാണ്. അവരാണ് എന്റെ സഹോദരിയോടും ലൈംഗികാതിക്രമം കാണിച്ചത്. കേസ് പിന്‍വലിക്കാന്‍ ഗ്രാമത്തലവന്‍ ഉള്‍പ്പെടെയാണ് ഞങ്ങളുടെ വീട്ടിലെത്തിയത്’.
ആ ദളിത് ബാലനെ തല്ലിക്കൊന്നശേഷം അവിടെ നിന്നും കടന്നു കളയാനൊന്നുമല്ല അക്രമിക്കൂട്ടം തയ്യാറായത്. അവര്‍, അവിടെ നിന്നും നേരെ പോയത് ആ ദളിത് ഭവനത്തിലേക്കായിരുന്നു. മേല്‍ക്കൂരയിലെ ഷീറ്റും ഒരു ഭാഗത്തെ ചുവരുകളും തകര്‍ത്തു കളയുക മാത്രമല്ല, ആ സാധു കുടുംബത്തില്‍ കയറി മോഷണവും നടത്തിയാണ് അവര്‍ പിന്‍വാങ്ങിയത്. പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരമാണിത്.
‘ അവര്‍ അവനെ ഒരുപാട് തല്ലി. അവന്‍ താങ്ങാന്‍ കഴിയാത്തവിധം. എന്നെയവര്‍ വിവസ്ത്രയാക്കി. പൊലീസ് വന്നശേഷം അവര്‍ എനിക്കൊരു ടൗവ്വല്‍ തന്നു. ഒരു സാരി കിട്ടുന്നതുവരെ അതുമാത്രം പുതച്ച് എനിക്ക് നില്‍ക്കേണ്ടി വന്നു.’-കൊല്ലപ്പെട്ട കൗമാരക്കാരന്റെ അമ്മ, താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പറയുന്നു.
‘അവര്‍ ഞങ്ങളുടെ വീട് നശിപ്പിച്ചു, എല്ലാം കൊള്ളയടിച്ചു. വീട്ടിലുണ്ടായിരുന്ന ഒന്നും അവര്‍ ബാക്കി വച്ചിട്ടില്ല. മേല്‍ക്കൂരയെല്ലാം തകര്‍ത്തു’ കണ്ണീരോടെ ആ അമ്മ അവരുടെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കുന്നു.
‘എന്റെ മറ്റു രണ്ടു മക്കളെ അവര്‍ അടുത്തുള്ള വീടുകളിലൊക്കെ അന്വേഷിച്ചിരുന്നു’- ആ കുട്ടികള്‍ അക്രിമകളുടെ കൈയില്‍പ്പെടാതിരുന്നതിന്റെ ആശ്വാസത്തോടെ അമ്മ കൂട്ടിച്ചേര്‍ക്കുന്നു.
‘ അവര്‍ കുട്ടികളെ തിരക്കി ഞങ്ങളുടെ വീട്ടിലുമെത്തിയിരുന്നു. ഫ്രിഡ്ജ് തുറന്നുപോലും അവര്‍ പരതി. എന്റെ ഭര്‍ത്താവിനെയും മക്കളെയും ഭീഷണിപ്പെടുത്തി. മക്കളെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് ഭയന്നു’.
ഇരകള്‍ താമസിക്കുന്ന ഗ്രാമത്തില്‍, സംഘര്‍ഷ സാധ്യത പരിഗണിച്ച് വലിയ സംഘം പൊലീസിനെ വിന്നസ്യിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കൗമരാക്കാരന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം ആദ്യം വിസമ്മതിച്ചിരുന്നു. കുറ്റക്കാരെയെല്ലാം ഉടന്‍ പിടികൂടുമെന്നും തക്ക ശിക്ഷ നല്‍കുമെന്നും ജില്ല കളക്ടര്‍ ഉറപ്പ് കൊടുത്തതോടെയാണ് അന്ത്യകര്‍മങ്ങള്‍ക്ക് കുടുംബം തയ്യാറായത്.
ഈ വര്‍ഷമവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ഈ സംഭവം രാഷ്ട്രീയമായി ഏറ്റെടുത്തിട്ടുണ്ട്. കോണ്‍ഗ്രസും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ഭരണകക്ഷിയായ ബിജെപിക്കെതിരേ രംഗത്തു വന്നു. ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെയുള്ള അടിച്ചമര്‍ത്തല്‍ മധ്യപ്രദേശില്‍ തുടരുകയാണെന്നാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ കുറ്റപ്പെടുത്തിയത്. രാജ്യത്ത് ഏറ്റവുമധി ദളിത് പീഡനം നടക്കുന്നത് മധ്യപ്രദേശിലാണെന്നും, ബിജെപി ഭരണകൂടം ദളിത് പീഡനങ്ങളുടെ പരീക്ഷണശാലയാക്കി മധ്യപ്രദേശിനെ മാറ്റിയെന്നും ഖാര്‍ഗെ വിമര്‍ശനം ഉന്നയിച്ചു.
കുറ്റവാളികള്‍ക്ക് ബിജെപി ബന്ധമുണ്ടെന്നായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് ആരോപിച്ചത്. ഇരയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കോണ്‍ഗ്രസ് എല്ലാത്തിലുമെന്നപോലെ ഈ വിഷയത്തിലും രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപിയുടെ പ്രതിഷേധം. കുറ്റവാളികളാരും തന്നെ രക്ഷപ്പെടില്ലെന്നും ബിജെപി പറയുന്നുണ്ട്.