UPDATES

സന്ദേശം എന്തു സന്ദേശമാണ് നല്‍കുന്നത്?

കുടുംബം എന്ന എസ്റ്റാബ്ലിഷ്മെന്റിലേക്ക് ചുരുങ്ങിപ്പോകൂ എന്നുള്ള സാരോപദേശം ജനാധിപത്യ വിരുദ്ധമാണ്

                       

സന്ദേശം കണ്ട് ജോലിക്കു പോയ സതീശന്‍. ഒരു കോണ്‍ഗ്രസ് പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ വേദിയിലിരുത്തി സന്ദേശം എന്ന സിനിമ കണ്ട് താന്‍ നന്നായ കഥ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സിനിമ കണ്ട പിറ്റേദിവസം തൊട്ട് പ്രാക്ടീസിനു പോകാന്‍ തുടങ്ങിയെന്നും, പിന്നീടുള്ള അഞ്ചെട്ടു കൊല്ലം അഡ്വക്കേറ്റായി ജോലി നോക്കിയെന്നുമാണ് സിനിമയുടെ സ്വാധീനമായി സതീശന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോഴും ഉത്തരം കിട്ടാത്തൊരു ചോദ്യമാണ്, കോണ്‍ഗ്രസുകാര്‍ എന്തുകൊണ്ടാണ് സന്ദേശം ഇത്തരത്തില്‍ മഹത്വവത്കരിക്കുന്നത്? അതൊരു അരാഷ്ട്രീയ സിനിമയാണെന്നും സമൂഹത്തിന് ആപത്തായ ചിന്താഗതി പങ്കുവയ്ക്കുന്നൊരു പ്രമേയമാണെന്നും വി.ഡി സതീശനെ പോലൊരു രാഷ്ട്രീയ നേതാവിന് പോലും തോന്നാത്തത്?

സന്ദേശം സിനിമ എന്തു സന്ദേശമാണ് തരുന്നതെന്നതില്‍ തനിക്ക് സംശയമുണ്ടെന്ന് ഒരിക്കല്‍ ശ്യാം പുഷ്‌കരന്‍ ചോദിച്ചിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയം ആവശ്യമില്ലെന്നു പറഞ്ഞുവച്ച് കൊണ്ട് അവസാനിക്കുന്ന സിനിമയോട് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ താത്പര്യമുള്ള ഒരാളെന്ന നിലയില്‍ തനിക്ക് വിയോജിപ്പുണ്ടെന്നായിരുന്നു ശ്യാം പറഞ്ഞത്. അതിന്റെ പേരില്‍ ശ്യാമിനെതിരെയുണ്ടായ ആക്ഷേപങ്ങള്‍ പ്രധാനമായും കോണ്‍ഗ്രസുകാരില്‍ നിന്നായിരുന്നു. അന്തം കമ്മി വിളി മുതല്‍ ശ്യാമിലെ എഴുത്തുകാരനെതിരേ തീര്‍ത്തും പരിഹാസ്യമായ രീതിയിലുള്ള അവേഹളനങ്ങള്‍ വരെ നടത്തി.

സന്ദേശം എന്തു സന്ദേശമാണ് തരുന്നതെന്ന് ശ്യാമിന്റെ മാത്രമല്ല, രാഷ്ട്രീയബോധമുള്ള ഏത് മലയാളിയുടെയും ചോദ്യമാണ്.

സന്ദേശം മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ രാഷ്ട്രീയ ആക്ഷേപഹാസ്യമാണെന്നും കാല്‍നൂറ്റാണ്ടിനിപ്പുറവും ആ സിനിമ പ്രസക്തമാണെന്നുമൊക്കെ പറയുന്നവര്‍ സമൂഹത്തോട് ഉത്തരവാദിത്തബോധമില്ലാത്ത മനുഷ്യരാണ്.

കുടുംബം എന്ന എസ്റ്റാബ്ലിഷ്മെന്റിലേക്ക് ചുരുങ്ങിപ്പോകൂ എന്നുള്ള സാരോപദേശം ജനാധിപത്യ വിരുദ്ധമാണ്. താന്‍ താനിലേക്ക് ഒതുങ്ങുന്ന മനുഷ്യന്‍ സൃഷ്ടിക്കുന്നത് അപകടരമായ സമൂഹത്തെയാണ്. അവനവനെ നന്നാക്കാന്‍ വീടകങ്ങള്‍ക്കേ കഴിയൂ എന്ന പ്രസ്താവന സഹവര്‍ത്തിത്വത്തിനെതിരാണ്. രാഷ്ട്രീയം നശീകരണായുധമാണെന്നും ആ തെറ്റു തിരുത്താതെ ഒരുവന് ജീവിത പുരോഗതി ഉണ്ടാകില്ലെന്നുമുള്ള മുന്നറിയിപ്പ് സ്വതന്ത്ര ചിന്തകളെ ദ്രവിപ്പിച്ചുകളയലാണ്.

സന്ദേശത്തെ വിമര്‍ശിക്കുന്നവരെല്ലാം കമ്യൂണിസ്റ്റുകളല്ല. രാഷ്ട്രീയബോധമുള്ള ആരുമാകാം. താന്‍ അനുഭവിച്ചറിഞ്ഞതിനെയാണ് ശ്രീനിവാസന്‍ തോലുരിക്കുന്നതെങ്കില്‍ കമ്യൂണിസം എന്നത് ശ്രീനിവാസനിലൂടെ മാത്രം പറയേണ്ടതും മനസിലാക്കേണ്ടതുമല്ല. ശ്രീനിവാസന്‍ ഒരിക്കലുമൊരു കമ്യൂണിസ്റ്റുകാരനുമായിരുന്നില്ല(അയാള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്). തന്റെ കണ്ണിലെ കാഴ്ച്ചകള്‍ മാത്രമാണ് സത്യമെന്നു കരുതുന്നവനും കുരുടനും തമ്മില്‍ വ്യത്യാസമില്ല. പ്രേക്ഷകനെ ബുദ്ധിമുട്ടിച്ച ശ്രീനിവാസന്‍ സിനിമകളില്ലേ, എന്നിരിക്കിലും ശ്രീനിവാസനിലെ എഴുത്തുകാരനെ അദ്ദേഹത്തിന്റെ മോശം സിനിമകളുടെ പേരില്‍ മാത്രമാണോ വിലയിരുത്തുന്നത്. എന്തെങ്കിലുമൊക്കെ പറയാനും എഴുതാനും ചര്‍ച്ച ചെയ്യാനുമൊക്കെ ബാക്കി വയ്ക്കുന്ന സിനിമകളെയാണ് കലാരൂപമെന്നു പറയാന്‍ കഴിയുക, ഉത്സപ്പറമ്പില്‍ പോയി കണ്ണുമഞ്ഞളിച്ചവനെപ്പോലെ തിയേറ്റര്‍ വിട്ടു പോരാന്‍ ഇടയാക്കുന്നവയെയല്ല. ആ അര്‍ത്ഥത്തില്‍ സന്ദേശവും ഒരു നല്ല സിനിമയാണ്. രണ്ടു രണ്ടര പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. സന്ദേശം ഏറ്റവുമധികം ചര്‍ച്ചയായിരിക്കുന്നത്, അതിറങ്ങിയ കാലത്ത് തൊട്ട്, അതിലെ അരാഷ്ട്രീയതയെ കുറിച്ച് തന്നെയാണ്.

കോട്ടപ്പള്ളിയില്‍ നിന്നും കെ ആര്‍ പ്രഭാകരനെയും കെആര്‍പിയില്‍ നിന്നും കെ ആര്‍ പ്രകാശനെയും തിരിച്ചെടുക്കുന്ന രാഘവന്‍ നായര്‍ യഥാര്‍ത്ഥത്തില്‍ ഹീറോ ആണോ? അല്ല. തന്റെ മക്കളെ ഉത്തമന്മാരാക്കിയെടുത്തെന്ന് ആ അച്ഛന് തോന്നുന്നുവെങ്കില്‍, നടന്നിരിക്കുന്നത് അങ്ങനെയല്ല. ഉത്തമരായി മാറിയ പ്രകാശനും പ്രഭാകരനും അവിടന്നങ്ങോട്ട് ഒരു സമൂഹജീവിയില്‍ നിന്നും ചുരങ്ങിപ്പോവുകയാണ്. സമരം ചെയ്യുന്നവനും കൊടിപിടിക്കുന്നവനും അശ്ലീലമായി തോന്നുന്ന മുതലാളിത്വമനോഭാവക്കാരാവുകയാണവര്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പുറത്താക്കി സിസിടിവി കാമറകള്‍ സ്ഥാപിക്കുന്ന കച്ചവടതന്ത്രത്തിന് ഇരുത്തിയഞ്ചു വര്‍ഷം മുന്നേ പിന്തുണ കൊടുത്തവരാണ് പ്രഭാകരനും പ്രകാശനും അവരെ അങ്ങനെയാക്കിയ രാഘവേട്ടനും, രാഘവേട്ടനെ സൃഷ്ടിച്ച ശ്രീനിവാസനും. എന്താണ് കാരണമെന്നു തിരക്കാതെ, ‘ എന്തെങ്കിലും കാരണമില്ലാതെ’ എന്ന ഉറപ്പിലേക്ക് എത്തുന്ന പ്രഭാകരനും പ്രകാശനും തന്നെയാണ് ഇന്നീ നാട്ടില്‍ നടക്കുന്ന ഏതൊരു സമരത്തേയും പ്രതിഷേധത്തേയും അന്ധമായി എതിര്‍ക്കുന്നതും.

നല്ലവരായി മാറിയ പ്രകാശനെയും പ്രഭാകരനെയും അവരെ നന്നാക്കിയ രാഘവന്‍ നായരെയും, രാഘവന്‍ നായരുടെ കണ്ണിലെ മാന്യനായ ഉദയഭാനുവിനെയും പോലുള്ളവരാണ് ഈ നാട്ടില്‍ വേണ്ടതെന്ന സന്ദേശമാണ് സന്ദേശം സിനിമ നല്‍കുന്നതെങ്കില്‍ അതുകേട്ട് കോള്‍മയിര്‍ കൊള്ളാന്‍ എല്ലാവര്‍ക്കും കഴിയില്ല. കൊടി പിടിക്കാനും മുദ്രാവാക്യം വിളിക്കാനും സമരം ചെയ്യാനും മനുഷ്യരുള്ളൊരു സമൂഹമാണ് ഇവിടെ നിലനില്‍ക്കേണ്ടത്. അങ്ങനെയൊരു സന്ദേശം നല്‍കാത്ത സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ സിനിമയെ രാഷ്ട്രീയവാദിയും ജനാധിപത്യവാദിയുമായ ഒരാള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍