UPDATES

പ്രതികളുടെ രാഷ്ട്രീയ സ്വാധീനം വെല്ലുവിളി-സിദ്ധാര്‍ത്ഥിന്റെ പിതാവ്

നിഷേധിക്കപ്പെട്ടത് ജീവിക്കാനുള്ള അവകാശം

                       

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട 18 പേർ പോലീസ് പിടിയിലായിയിരുന്നു. സിബിഐ ഏറ്റെടുത്ത കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിന്റെ ഇടയിലാണ് കേസിലെ പ്രതികൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.  പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപെട്ട് സിദ്ധാർത്ഥിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.Death of Siddharth

തെളിവുകള്‍ നശിപ്പിക്കപ്പെടാനും,സാക്ഷികളെ സ്വാധീനിക്കാനും പ്രതികൾ ശ്രമിക്കുമോ എന്ന ആശങ്കയുടെ പുറത്താണ് ഹർജി സമർപ്പിച്ചതെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് അഴിമുഖത്തോട്‌ പറയുന്നു. കേസിൽ ഒന്നിലധികം പ്രതികൾക്കെതിരെ സാക്ഷി പറഞ്ഞിരിക്കുന്നത് വയനാടിന് അകത്തും പുറത്തുമുള്ള വിദ്യാർത്ഥികളാണ്. പ്രതികളാൽ ഇവർ സ്വാധീനക്കപ്പെടുമെന്ന ആശങ്ക കുടുംബം പങ്കുവക്കുന്നുണ്ട്. കൂടാതെ രാഷ്ട്രീയ സ്വാധീനം ചെലുത്താനുള്ള സാധ്യതകളും കുടുംബം കാണുന്നുണ്ട്. ഇതോടെയാണ് കേസുമായി ബന്ധപ്പെട്ട എട്ട് പ്രതികളുടെ ജാമ്യാപേക്ഷക്കെതിരെ സിദ്ധാർഥന്റെ അമ്മ ഷീബ ഉപഹർജിയുമായി കോടതിയെ സമീപിച്ചത്. ” പ്രതികൾ 10-ാം തീയതി ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിക്കുന്നുണ്ടന്ന് ഞാൻ അറിഞ്ഞിരുന്നു. പിന്നീട് ഇത്  14 ലേക്ക് മാറ്റുകയായിരുന്നു. സിബിഐ അന്വേഷണം പോലും പൂർത്തിയാകാത്ത ഘട്ടത്തിൽ പ്രതികളെ തുറന്ന് വിട്ടാൽ സമൂഹത്തിന് നൽകുന്ന സന്ദേശം കൂടി തെറ്റായിരിക്കും.

ഈ ഒരു കാലയളവിൽ മാത്രം ജയിലിൽ കഴിഞ്ഞാൽ മതി, അതുകഴിഞ്ഞാൽ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ കുറ്റവാളികളിൽ ഉണ്ടാകും. അതുകൊണ്ട് തന്നെ കോടതിയിൽ നിന്ന് ജാമ്യം അനുവദിക്കില്ലെന്ന പ്രതീക്ഷയുണ്ട്. സിബിഐ അന്തിമ റിപ്പോർട്ട് നൽകുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എല്ലാ മനുഷ്യർക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട്, ആ അവകാശം നിഷേധിയ്ക്കപ്പെടുന്ന സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന ആവശ്യം കൂടി ഇതിന് പിന്നിലുണ്ട്.” സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശിന്റെ വാക്കുകൾ.

സിദ്ധാർത്ഥിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുകയാണ്. സിബിഐ ഏറ്റെടുത്തിട്ടും കേസ് മുന്നോട്ടുപോകുന്നില്ലെന്ന് പരാതി സിദ്ധാർത്ഥിന്റെ കുടുംബം ആദ്യ ഘട്ടത്തിൽ ആരോപിച്ചിരുന്നു. എന്നാൽ നിലവിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണ് സിബിഐ. അന്വേഷണത്തിൽ തൃപ്‌തരാണെന്ന് കുടുംബവും പറയുന്നു. മരണകാരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്നുറപ്പിക്കാൻ പോസ്റ്റ് മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവ ഡൽഹി എയിംസിലേക്ക് അയച്ച് വിദഗ്ധോപദേശം തേടിയിരുന്നു. കേസിലെ പ്രാഥമിക കുറ്റപത്രം സിബിഐ നേരത്തെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു.

സിദ്ധാർഥൻ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസിലെ പ്രതികളുടെ ജാമ്യഹർജി കോടതി വെള്ളിയാഴ്ചയാണ് പരി​ഗണിക്കുന്നത്. പ്രതികളായ അരുൺ കേലോത്ത്, എൻ ആസിഫ് ഖാൻ, എ അൽത്താഫ്, റെയ്ഹാൻ ബിനോയ്, എസ്ഡി ആകാശ്, എസ് അഭിഷേക്, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി നഫീസ് തുടങ്ങിയവരുടെ ജാമ്യഹർജിയാണ് കോടതി പരിഗണിക്കുന്നത്. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഈ വർഷം ഫെബ്രുവരി 18-നാണ് ഫെബ്രുവരി 18-നാണ് കോളേജിന്റെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥനെ കണ്ടെത്തുന്നത്. 16 -ാം തീയതി മുതൽ സഹപാഠികൾ അടക്കമുള്ളവർ നിരന്തരമായി മർദ്ദിച്ചിരുന്നതായി കോളേജിലെ ആന്റി റാഗിങ്ങ് കമ്മിറ്റി പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സിദ്ധാർഥ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

English summary; Siddharth mother opposed the bail application of the accused in the High Court

Share on

മറ്റുവാര്‍ത്തകള്‍