മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികൾ അവസാനിക്കുന്നില്ല. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു യുവതി കൂടി രംഗത്തെത്തി. ലൈംഗിക ഉദ്ദേശത്തോടെ പലതവണ രാഹുൽ മാങ്കൂട്ടത്തിൽ സമീപിച്ചുവെന്നാണ് കേരളത്തിന് പുറത്തുള്ള യുവതിയുടെ വെളിപ്പെടുത്തൽ. ആദ്യം വിവാഹഭ്യർത്ഥന നടത്തിയ രാഹുൽ പിന്നീട് പിൻമാറിയതായും യുവതി വെളിപ്പെടുത്തി. നിരന്തരം ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചെന്നും ലൈംഗിക ബന്ധത്തിന് പിന്നാലെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞെന്നും യുവതി പറഞ്ഞു.
സമ്മർദ്ദം ചെലുത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി ഉയർത്തിയെന്നും പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഐ ഡോണ്ട് കെയർ, ഹൂ കെയേഴ്സ് എന്നായിരുന്നു മറുപടി നൽകിയതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
‘2023 ലാണ് രാഹുൽ മാങ്കൂട്ടത്തിൽ എനിക്ക് മെസേജ് അയക്കുന്നത്. ആദ്യം ഇൻസ്റ്റഗ്രാം വഴിയാണ് മെസേജ് അയച്ചത്. പിന്നീട് എന്റെ നമ്പർ വാങ്ങുകയും ടെലഗ്രാമിലൂടെ മെസേജ് അയക്കാനും തുടങ്ങി. ഒരു സമയക്രമം പാലിച്ചായിരുന്നു മെസേജ് അയച്ചിരുന്നത്. തുടക്കത്തിൽ എനിക്ക് താൽപര്യമില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് എന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും വീട്ടിൽ വന്ന് സംസാരിക്കാമെന്ന് അറിയിക്കുകയുമായിരുന്നു. ആദ്യം നമ്മൾ തമ്മിൽ എല്ലാം ശരിയായി എന്ന ഉറപ്പ് കിട്ടിയാൽ മാത്രമേ വീട്ടിൽ വന്ന് സംസാരിക്കാൻ കഴിയുകയുള്ളൂവെന്നും ആദ്യം പരസ്പരം കാണാമെന്ന് പറയുകയും ചെയ്തു. പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ എന്നെ സമീപിക്കുകയായിരുന്നു. എന്നാൽ അതിന് ശേഷം എന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും എന്നെ അതിന് നിർബന്ധിക്കരുതെന്നും പറഞ്ഞു. ഇനിയും തന്നെ നിർബന്ധിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും അറിയിച്ചു. അടുത്ത സമയത്തും രാഹുൽ എന്നെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. കാണാൻ വരട്ടെയെന്നും കോണ്ടം കൊണ്ടുവരട്ടെയെന്നും ചോദിച്ചു. പുറത്തുപറയുമെന്ന് പറഞ്ഞപ്പോൾ എല്ലാവരോടും പറയുന്ന പോലെ തന്നെ ഐ ഡോണ്ട് കെയർ, ഹൂ കെയേഴ്സ് എന്നായിരുന്നു മറുപടി നൽകിയത്. ആദ്യം പുറത്തുപറയരുതെന്ന് പറഞ്ഞിരുന്ന അയാൾ പിന്നീട് പുറത്ത് പറഞ്ഞോളൂ എനിക്കൊരു പ്രശ്നവുമില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നോട് ആദ്യം ബന്ധപ്പെടുമ്പോൾ രാഹുൽ ആരുമല്ലായിരുന്നു. പിന്നീടാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്റാകുന്നതും പാലക്കാട് എംഎൽഎ ആകുന്നതും. എല്ലാ കാലത്തും എല്ലാം മൂടിവെയ്ക്കാൻ കഴിയില്ലല്ലോ. പത്തു പേരെങ്കിലും ഇത് വിശ്വസിക്കുമെന്ന് കരുതിയത് കൊണ്ടാാണ് പുറത്തുപറയുന്നത്’, യുവതി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അധികാരം കിട്ടിയതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിയുടെ സ്വരമുയർത്തുകയും പരാതി പറയുന്ന സ്ത്രീകളെ അവഗണിക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറിയതെന്ന് വ്യക്തമാക്കുന്നതാണ് പൂതിയ വെളിപ്പെടുത്തൽ. ഐ ഡോണ്ട് കെയര്‍, ഹൂ കെയേര്‍സ് എന്നീ ആറ്റിറ്റ്യൂഡിലേക്ക് രാഹുൽ എത്തിയതും അധികാര ദുര്‍വിനിയോഗത്തിലൂടെയാണ്. പ്രവര്‍ത്തകനായിരുന്ന കാലത്ത് തന്റെ തെറ്റുകൾ ആരോടും പറയരുതെന്ന് അപേക്ഷിച്ചിരുന്ന രാഹുൽ പിന്നീട് എന്ത് പറഞ്ഞാലും തന്നെ ആരും ചോദ്യം ചെയ്യില്ലെന്ന തരത്തിലേക്ക് വരികയായിരുന്നു.
Content Summary: raped on promise of marriage; new allegation against rahul mamkoottathil
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.