ബലാത്സംഗ കേസില്‍ സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍. ഞായറാഴ്ച്ച രാവിലെ ആഗ്രയിലെ ഒരു ഹോട്ടലില്‍ നിന്നും ഡല്‍ഹി പൊലീസ് ആണ് ചൈതന്യാനന്ദയെ അറസ്റ്റ് ചെയ്തത്.
ചൈതന്യാനന്ദ സരസ്വതി ചാന്‍സലറും ഡയറക്ടറുമായ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളായ 17 സ്ത്രീകളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കുറ്റം. ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നവരും പൂര്‍വ വിദ്യാര്‍ത്ഥികളുമായ പെണ്‍കുട്ടികളാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരകളായത്. അവരില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായിരുന്നു.
നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി ചൈതന്യാനന്ദയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. 20 കോടി രൂപയുടെ വഞ്ചന, ഫണ്ട് ദുരുപയോഗം എന്നീ കേസുകളിലാണ് വെള്ളിയാഴ്ച്ച ചൈതന്യാനന്ദയ്ക്ക് ജാമ്യം നിഷേധിക്കപ്പെട്ടത്.
ചൈതന്യാനന്ദ സ്ഥാപിച്ച ട്രസ്റ്റിന്റെ പേരിലുള്ള 18-ലധികം അക്കൗണ്ടുകളും 28 സ്ഥിര നിക്ഷേപങ്ങളും, ഏകദേശം 8 കോടി രൂപ പൊലീസ് മരവിപ്പിച്ചിരുന്നു.
ഈ കേസുകള്‍ കൂടാതെയാണ് ചൈതന്യാന്ദയ്‌ക്കെതിരേ സ്ത്രീ പീഡനങ്ങളുടെ പേരില്‍ വേറെ രണ്ടു കേസുകള്‍ കൂടിയുള്ളത്.
2016ല്‍ സ്ഥാപനത്തിലെ ഒരു സ്ത്രീയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2009-ലും സമാനമായ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തു. 2016-ലെ കേസില്‍, പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തില്ല. ആ കേസ് വിചാരണ ഘട്ടത്തിലാണ്.
സ്ത്രീകള്‍ ചൈതന്യാനന്ദയ്‌ക്കെതിരേ പരാതി നല്‍കുന്നതിന് മുമ്പേ തന്നെ അയാള്‍ക്കെതിരേ(ജൂലൈ 25 ന്) സാമ്പത്തിക തട്ടിപ്പ്, ഫണ്ട് ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തി മറ്റൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അത് സ്ഥാപനം നടത്തുന്ന മതസംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. ചൈതന്യാനന്ദയുമായുള്ള ബന്ധം തങ്ങള്‍ വിച്ഛേദിച്ചുവെന്നും അദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയതായും പിന്നീട് സ്ഥാപനാധികാരികള്‍ പ്രസ്താവന ഇറക്കിയിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു അഡ്മിനിസ്‌ട്രേറ്റര്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന ബലാത്സംഗ കഥകള്‍ പുറത്തു വരുന്നത്. ഈ പരാതികള്‍ വരുന്ന സമയത്ത് ചൈതന്യാനന്ദ ലണ്ടനിലായിരുന്നു.
ഓഗസ്റ്റ് 4 നാണ്, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇഡബ്ല്യുഎസ് സ്‌കോളര്‍ഷിപ്പിന് കീഴില്‍ (ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍) പഠിക്കുന്ന വനിതാ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതായി സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാര്‍ത്ഥസാരഥിക്കെതിരെ പരാതി ലഭിച്ചതെന്നാണ് ഡല്‍ഹി പൊലീസ് ഡിസിപി ഗോയല്‍ മാധ്യമങ്ങളെ അറിയിച്ചത്. തുടര്‍ന്ന് പരാതിക്കാരുടെ മൊഴി പട്യാല ഹൗസ് കോടതി മുമ്പാതെ രേഖപ്പെടുത്തി.
ലണ്ടനില്‍ നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയ ചൈതന്യാനന്ദ സെപ്റ്റംബര്‍ 6 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇതിനിടയില്‍ അയാള്‍ ഇരകളുടെ പേരുകള്‍ പരസ്യമാക്കിയത് കോടതിയുടെ ശാസനയ്ക്ക് കാരണമായി. അതോടെ അയാള്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചിരുന്നു.
Content Summary; Sexually harassing 17 students, Delhi police arrest Swami Chaitanyananda Saraswati
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.