July 14, 2026 |
Share on

ഗോവിന്ദ സ്വാമി എങ്ങനെ ജയില്‍ ചാടി? ചോദ്യങ്ങളും സംശയങ്ങളും

സെല്ലിലെ കമ്പികള്‍ മുറിച്ചു, ഇലക്ട്രിക് ഫെന്‍സിംഗില്‍ വടം കുരുക്കി, ഏഴര മീറ്റര്‍ ഉയരമുള്ള മതില്‍ ചാടി?

അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലില്‍ ആയിരുന്നു കൊടുംകുറ്റവാളിയായി കണക്കാക്കുന്ന ഗോവിന്ദ സ്വാമിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഈ സെല്ലിലെ കമ്പികള്‍ മുറിച്ചാണ് ഗോവിന്ദ സ്വാമി പുറത്തു കടന്നത്. അതിനുശേഷം ജയിലിന്റെ വമ്പന്‍ ചുറ്റുമതില്‍ ചാടിയാണോ രക്ഷപ്പെട്ടതെന്ന കാര്യത്തിലാണ് സംശയം നില്‍ക്കുന്നത്. ഗോവിന്ദ സ്വാമി ഒറ്റക്കൈയ്യനാണ്. അങ്ങനെയുള്ളൊരാള്‍ക്ക് ഏഴര മീറ്റര്‍ ഉയരമുള്ള മതില്‍ എങ്ങനെ ചാടിക്കടക്കാനാകും എന്ന ചോദ്യമാണ് പലരും ഉയര്‍ത്തിയിരിക്കുന്നത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.10 നാണ് പ്രതി ജയില്‍ ചാടിയതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

അരമുള്ള ആയുധം ഉപയോഗിച്ചായിരിക്കും ജയില്‍ കമ്പി മുറിച്ചതെന്നാണ് കരുതുന്നത്. ജയിലിന്റെ ചുറ്റുമതില്‍ കടക്കാനായി തുണി കൂട്ടിക്കെട്ടി ഫെന്‍സിങ്ങില്‍ കൊളുത്തി കയറുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജയില്‍ വളപ്പില്‍ ഉണ്ടായിരുന്ന വീപ്പകളും രക്ഷപ്പെടാന്‍ ഉപയോഗിച്ചതായി കരുതുന്നു. മതിലിന് മുകളില്‍ ഇലക്ട്രിക് ഫെന്‍സിങ് നിര്‍മിച്ചിട്ടുണ്ട്. ഇതെങ്ങനെ മറികടന്നുവെന്ന ചോദ്യം ബാക്കിയുണ്ട്. രക്ഷപ്പെടുന്ന സമയം ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിച്ചിരുന്നില്ല എന്ന സംശയവും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

സിസിടിവികള്‍ പരിശോധിക്കുന്നുണ്ടെങ്കിലും ഗോവിന്ദ സ്വാമി രക്ഷപ്പെടുന്നതിന്റെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് വിവരം. മാധ്യമങ്ങള്‍ പറയുന്ന മറ്റൊരു സംശയം, ജയില്‍ ഡിജിപി ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഡിജിപിയുടെ സന്ദര്‍ശനം പ്രമാണിച്ച് ജയില്‍ ജീവനക്കാരുടെയെല്ലാം ശ്രദ്ധ അതിലേക്ക തിരിഞ്ഞതാണോ ഗോവിന്ദ സ്വാമി മുതലെടുത്തതെന്നാണ്.

എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണിയോടെയാണ് തടവുകാരെയെല്ലാം സെല്ലിന് അകത്ത് കയറ്റുന്നത്. ഈ സമയം ഗോവിന്ദ സ്വാമി ഉണ്ടായിരുന്നോ ഇല്ലായിരുന്നോ എന്ന കാര്യത്തിലും സംശയം ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് ഗോവിന്ദ സ്വാമി സെല്ലില്‍ ഇല്ലെന്ന കാര്യം മനസിലാകുന്നത്. ഉടന്‍ തന്നെ എല്ലായിടവും പരിശോധിച്ചു. ജയിലില്‍ വളപ്പില്‍ എവിടെയെങ്കിലും അയാള്‍ ഒളിച്ചിരിക്കുന്നുണ്ടാകും എന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ വിശദമായ പരിശോധന നടത്തിയിട്ടും ആള്‍ അവിടെയില്ലെന്ന് മനസിലായതോടെയാണ് ജയില്‍ ചാടിയിരിക്കുന്നു എന്ന് ഉറപ്പിക്കുന്നത്.

2011 ല്‍ സൗമ്യ എന്ന 22 കാരിയെ പാസഞ്ചര്‍ ട്രെയിനിലെ വനിത കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും തള്ളി താഴെയിട്ട ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അഞ്ച് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞശേഷമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച് സൗമ്യ മരണത്തിന് കീഴടങ്ങുന്നത്. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ പരിഗണിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കണ്ട് തൃശൂരിലെ അതിവേഗ കോടതി ഗോവിന്ദ സ്വാമിക്ക് വധശിക്ഷ വിധിച്ചു. സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചു. പക്ഷേ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി. കൊലപാതകം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്നായിരുന്നു കോടതി പറഞ്ഞത്. ഒറ്റക്കൈയനായ ഒരാള്‍ ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിടുമോ എന്ന ചോദ്യത്തിന് പ്രോസിക്യൂഷനും വ്യക്തമായ മറുപടിയില്ലാതിരുന്നു. How did Govind Swami escape from jail? Questions and doubts

Content Summary; How did Govindachamy escape from kannur central prison? Questions and doubts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×