June 07, 2026 |

‘വിദ്യാര്‍ത്ഥികളെ കളിയാക്കുകയാണ് റാം സാറിന്റെ ഹോബി; എന്നെ സ്റ്റുപ്പിഡ്, ഫൂള്‍ എന്നൊക്കെയാണ് വിളിച്ചിരുന്നത്’

സസ്‌പെന്‍ഡ് ചെയ്ത് ഒരുമാസത്തിന് ശേഷം വീണ്ടും തിരിച്ചുവരും

”റാം സാറിന്റെ പ്രധാന വിനോദം എന്നത് ഓരോന്ന് പറഞ്ഞ് കുട്ടികളെ കളിയാക്കുകയാണ്. എന്നെ സ്റ്റുപ്പിഡ്, ഫൂള്‍ എന്നൊക്കെയാണ് വിളിച്ചിരുന്നത്. പേടി കാരണം ഞാന്‍ സാറിനോട് നേരിട്ട് സംസാരിച്ചിട്ട് പോലുമില്ല. എന്നാലും ഓരോന്നും പറഞ്ഞ് കളിയാക്കുമായിരുന്നു” കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ പേര് വെളിപ്പെടുത്താന്‍ ഭയക്കുന്ന രണ്ടാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി അഴിമുഖത്തോട് പറഞ്ഞു.

ദന്തല്‍ അനാട്ടമി ഓറല്‍ പത്തോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ എച്ച്ഒഡിയാണ് ഡോക്ടര്‍ എംകെ റാം. ഇതൊരു പ്രൊഫഷണല്‍ കോളേജാണ്. പ്രൊഫഷണല്‍ ഡിഗ്രി എടുക്കാന്‍ പോകുന്ന കുട്ടികളാണ് ഞങ്ങള്‍. ഇവരെ പോലെ ഡോക്‌ടേഴ്‌സ് ആകാനാണ് ഞങ്ങളും പഠിക്കുന്നത്. ഈ കോളേജില്‍ വന്നപ്പോള്‍ തന്നെ സീനിയേഴ്‌സ് ഇവിടുത്തെ സ്റ്റാഫിനെ കുറിച്ച് കുറേ കാര്യങ്ങള്‍ പറഞ്ഞിരുന്നു. നിങ്ങള്‍ സ്റ്റാഫിനോട് സംസാരിക്കാന്‍ പാടില്ല, അവര്‍ ഒട്ടും ഫ്രണ്ട്‌ലി അല്ലെന്നൊക്കെ. അതുകൊണ്ട് തന്നെ പിന്നീട് സ്റ്റാഫിനോട് ഡൗട്ട് ചോദിക്കാന്‍ പോലും ഞങ്ങള്‍ക്ക് പേടിയായിരുന്നു. അങ്ങനെയിരിക്കെയാണ് റാം സാറിനെ കാണുന്നത് തന്നെ.

റാം സാറിനെതിരായ ആരോപണങ്ങളും ഇതിനോടകം പലരും പറഞ്ഞ് കേട്ടിരുന്നു. ”സാര്‍ ഒരു പ്രത്യേക ക്യാരക്ടര്‍ ആണ്. നിങ്ങളുടെ ഭാവി തന്നെ അദ്ദേഹത്തിന്റെ കൈകളിലാണ്. അതിനനുസരിച്ച് നിന്നില്ലെങ്കില്‍ ഈ കോളേജില്‍ നിങ്ങള്‍ക്ക് തുടരാന്‍ കഴിയില്ല” എന്നായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരുന്നത്.

”എന്റെ ഫ്രണ്ടിനെ ക്യാന്‍സറസ് പേഷ്യന്റ്, വൈറ്റ് കോക്രോച്ച് എന്നൊക്കെ വിളിച്ച് പരിഹസിക്കുക പതിവായിരുന്നു. ആദ്യമൊക്കെ, എന്താണ് ഒരധ്യാപകന്‍ ഇങ്ങനെയൊക്കെ വിളിക്കുന്നത് എന്ന് ഓര്‍ത്തിരുന്നു. പിന്നീട് ഞാന്‍ ഇതിനോടൊക്കെ അഡ്ജസ്റ്റ് ആയി പോകുകയായിരുന്നു. കാരണം എനിക്ക് ഒരു പ്രശ്‌നമുണ്ടാക്കാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ട് തന്നെ സാര്‍ എന്ത് പറഞ്ഞാലും ഒരു പൊട്ടിയെ പോലെ ഞാന്‍ എല്ലാം കേട്ടുകൊണ്ട് നില്‍ക്കുകയായിരുന്നു” വിദ്യാര്‍ത്ഥി പറയുന്നു.

സാറിനെതിരെ എന്റെ ബാച്ചിലുള്ളവര്‍ തന്നെ പരാതി നല്‍കിയിട്ടുണ്ട്. ഒരുവര്‍ഷം മുമ്പായിരുന്നു പരാതി നല്‍കിയിരുന്നത്. അത്രയും സഹിക്കാന്‍ പറ്റാത്തത് കൊണ്ടായിരുന്നു ഞങ്ങള്‍ പരാതി നല്‍കിയിരുന്നത്. പക്ഷേ, പല തവണ എന്റെ ബാച്ചിലുള്ളവരും ജൂനിയേഴ്‌സും സീനിയേഴ്‌സുമൊക്കെ ഇദ്ദേഹത്തിനെതിരെ കംപ്ലയിന്റ് നല്‍കിയിട്ടുണ്ട്. അന്നൊക്കെ പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നത് നിങ്ങള്‍ പേടിക്കണ്ടെന്നും നിങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ തന്നെ വേണ്ട നടപടികള്‍ എടുക്കാമെന്നായിരുന്നു. ഇദ്ദേഹത്തെ പല തവണ സസ്‌പെന്‍ഡും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു മാസത്തിന് ശേഷം വീണ്ടും തിരിച്ചുവരും. നിങ്ങള്‍ എനിക്കെതിരെ എന്തൊക്കെ ചെയ്താലും കംപ്ലയിന്റ് കൊടുത്താലും എനിക്ക് ഒന്നുമില്ല. ഈ കോളേജ് ഉള്ളിടത്തോളം കാലം ഞാന്‍ ഇവിടെത്തന്നെ ഉണ്ടാകും എന്നായിരുന്നു സാറിന്റെ മറുപടി. പിന്നെ ഞങ്ങള്‍ ആരെ വിശ്വസിച്ചാ കംപ്ലയിന്റ് കൊടുക്കുക. എന്ത് കാണിച്ചാലും മാനേജ്‌മെന്റ് ഇറക്കിവിടില്ലെന്ന വിശ്വാസമാണ് അയാളുടെ ധിക്കാരപരമായ മനോഭാവത്തിന് കാരണം. എന്നാലിപ്പോള്‍ മാനേജ്‌മെന്റ് പറയുന്നത് കുട്ടികള്‍ ആരും റാം സാറിനെതിരെ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ്.

ഈ കോളേജ് തുടങ്ങിയ സമയം മുതല്‍ റാം എന്ന സാര്‍ ഇവിടെ ഉണ്ടായിരുന്നതാണ്. അതുകൊണ്ട് തന്നെ അന്ന് മുതല്‍ ഈ അടുത്ത് വരെ ഇവിടെ ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ അരുണ്‍ നാരായണന്, റാം സാര്‍ ഒരു വലംകൈ ആയിരുന്നു. റാം സാര്‍ അറിയാതെ ഈ കോളേജില്‍ ഒന്നും നടക്കില്ല. സാര്‍ പറയുന്നതിനനുസരിച്ചായിരുന്നു കാര്യങ്ങള്‍ നടന്നിരുന്നത്.

നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വളരെ ചെറിയ പിഴവുകള്‍ പോലും വലുതാക്കി കാണിച്ച് വല്ലാതെ പരിഹസിക്കുന്ന സ്വഭാവമായിരുന്നു റാം സാറിന്. അത്തരത്തില്‍ ഞങ്ങളുടെ ക്ലാസിലെ പല കുട്ടികളോടും സംസാരിക്കുന്നത് ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. സാറിന് ഇഷ്ടപ്പെടാത്ത എന്തെങ്കിലും കുട്ടികള്‍ പറഞ്ഞാല്‍ See you after six months എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതായത് ഇത്തവണ നീ പരീക്ഷ എഴുതണ്ട, ആറ് മാസം കഴിഞ്ഞ് എഴുതിക്കോ എന്നായിരുന്നു സാര്‍ അതിലൂടെ ഉദ്ദേശിക്കുന്നത്. ആ രീതിയിലായിരുന്നു സാറിന്റെ സംസാരം.

ഈ കോളേജിലെ 80 ശതമാനം അധ്യാപകരും ഞങ്ങളെ കുട്ടികളായല്ല കണ്ടിരുന്നത്. നമുക്ക് ഒരു രോഗം വന്നാല്‍ പോലും അവരത് പരിഗണിക്കില്ല. നമ്മള്‍ ചുമ്മാ കറങ്ങി നടക്കാനായി പറയുന്നു എന്നായിരുന്നു ഇവര്‍ വാദം. കാല്‍ ഒടിഞ്ഞിരുന്ന കുട്ടികള്‍ പോലും അവര്‍ക്ക് പറ്റുന്ന ദിവസങ്ങളിലൊക്കെ വന്നിട്ട് ചിലപ്പോള്‍ സര്‍ജറിയുടെ ഭാഗമായൊക്കെ അവധി എടുക്കുമ്പോഴും റാം സാര്‍ പറയുന്നത് ആറ് മാസം കഴിഞ്ഞ് പരീക്ഷയെഴുതാമെന്നായിരുന്നു. പരീക്ഷ പാസാകണമെന്ന ചിന്തയുള്ളത് കൊണ്ടാണ് ഈ കുട്ടികള്‍ പലപ്പോഴും വേദന പോലും സഹിച്ച് ക്ലാസില്‍ എത്തിയിരുന്നത്. എന്നാലും അതിനെയൊക്കെ ആക്ടിങ്ങായിട്ടാണ് റാം സാര്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ടിരുന്നത്. എത്രയൊക്കെ നന്നായി വര്‍ക് ചെയ്ത് പെര്‍ഫെക്ട് ആക്കി ഞങ്ങള്‍ കാണിച്ചാലും ഈ 80 ശതമാനം അധ്യാപകരും അത് പോര, നന്നായിട്ടില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെടുകയാണ് പതിവ്. അതേസമയം, ഇവിടുത്തെ 20 ശതമാനം അധ്യാപകര്‍ മാത്രമാണ് ഞങ്ങള്‍ കുട്ടികളാണെന്ന പരിഗണന തന്ന് ഞങ്ങളുടെ മെന്റല്‍ ഹെല്‍ത്തിനെ പരിഗണിച്ചിരുന്നത്.

ഒരു സ്റ്റാഫ് ഇല്ലാതിരിക്കെ മറ്റൊരു സ്റ്റാഫിനെ നമ്മുടെ വര്‍ക്കുകള്‍ കാണിച്ചാല്‍ പിറ്റേ തവണ സബ്മിറ്റ് ചെയ്യുന്ന വര്‍കുകളൊക്കെ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് അത്രയും നാളത്തെ അധ്വാനം തന്നെ ഈ അധ്യാപകര്‍ ക്യാന്‍സല്‍ ചെയ്ത് കളയും. ഓരോ വര്‍കും മാസങ്ങള്‍ എടുത്താണ് ഞങ്ങള്‍ പൂര്‍ത്തിയാക്കുക. അതാണ് ഇവരുടെ ഈഗോ മൂലം ഒറ്റ ദിവസം കൊണ്ട് ഇല്ലാതായി പോകുന്നത്.

എന്നാല്‍, ഇപ്പോള്‍ ആരോപണവിധേയയായ സംഗീത മിസിന്റെ പേര് ഇങ്ങനെ വന്നു എന്നത് ഞങ്ങള്‍ കുട്ടികളെ അത്ഭുതപ്പെടുത്തുന്നതാണ്. കുട്ടികളെ അത്രയും അധികം സപ്പോര്‍ട്ട് ചെയ്യുന്ന ഒരു അധ്യാപികയാണ് സംഗീത നമ്പ്യാര്‍. ഓറല്‍ പത്തോളജിയില്‍, കുട്ടികള്‍ക്ക് കുറച്ചെങ്കിലും അപ്രോച്ച് ചെയ്യാന്‍ സാധിക്കുന്ന അധ്യാപികയാണ് അവര്‍. മുമ്പ് പറഞ്ഞ ആ 20 ശതമാനം അധ്യാപകരില്‍ പെടുന്ന ആളാണ് സംഗീത മിസ്.

ഓറല്‍ പത്തോളജിയില്‍ 60 വൈവേ ഉണ്ട്. അത് എക്‌സാമിന് മുമ്പ് തീര്‍ക്കേണ്ടതുമാണ്. ബാക്കി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും അധ്യാപകരെല്ലാം കൃത്യം മൂന്ന് മണി നോക്കിയിരിക്കും വീട്ടില്‍ പോകാന്‍. എന്നാല്‍ സംഗീത മിസാകട്ടെ ഞങ്ങള്‍ കുട്ടികളുടെ നന്മയ്ക്കായി വൈവേ തീര്‍ത്ത് എക്‌സാം എഴുതണമെന്ന ആഗ്രഹത്താല്‍, ആ കോളേജ് മുഴുവന്‍ അടച്ചാലും അഞ്ച് മണിവരെ അവിടെ ഇരിക്കും. അത്രയും നല്ല ഒരു അധ്യാപിക എങ്ങനെയാണ് കേസില്‍ ഉള്‍പ്പെട്ടതെന്ന് മനസ്സിലാകുന്നില്ല.

മരിച്ച നിധിന്‍ പറഞ്ഞത് സംഗീത മിസ് അവിടെ നോക്കി നിന്നു എന്നാണ്. അവിടെ അതിനെ സാധിക്കൂ. കാരണം അവര്‍ക്ക് തിരിച്ച് ഒന്നും പറയാനുള്ള ഹോള്‍ഡ് ഇല്ല. അവിടെ സുപ്രീം എന്നത് റാം സാറാണ്. അദ്ദേഹത്തിനെതിരെ സംസാരിക്കാനോ, അദ്ദേഹത്തിന് മുന്നില്‍ ഒരു സജക്ഷന്‍ വെക്കാനോ ആര്‍ക്കും അധികാരമില്ല. സാര്‍ എന്ത് പറയുന്നോ, അതിനനുസരിച്ച് മൂവ് ചെയ്യാനേ ബാക്കിയുള്ളവര്‍ക്ക് കഴിയുമായിരുന്നുള്ളൂ.

പുതിയ പ്രിന്‍സിപ്പലായി വിനോദ് മോണി ചുമതലയേറ്റിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. സാറിനെതിരെ പല പരാതികളും ഇപ്പോള്‍ ഉയരുന്നുണ്ട്. പക്ഷേ ഇത്രയും കാലം സ്റ്റാഫ് പറയുന്നത് മാത്രമനുസരിച്ച് മൂവ് ചെയ്യുന്ന കോളേജായിരുന്നു ഇത്. എന്നാല്‍ പുതിയ പ്രിന്‍സിപ്പല്‍ വന്നതിന് ശേഷമാണ് ഞങ്ങള്‍ കുട്ടികളുടെ വോയ്‌സിന് കുറച്ചെങ്കിലും വില കിട്ടിത്തുടങ്ങിയത്.

പുതിയ പ്രിന്‍സിപ്പല്‍ വരുന്നതിന് മുമ്പ് കുട്ടികളോടുള്ള വ്യക്തിപരായ വിദ്വേഷം തീര്‍ത്തിരുന്നത് ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും പ്രാക്ടിക്കല്‍ എക്‌സാമും നോക്കിയായിരുന്നു. ഈ മൂന്ന് മാസത്തിനിടയ്ക്ക് ഫൈനല്‍ ഇയര്‍ കുട്ടികളുടെ പരീക്ഷ നടക്കവേ, ഒരു ഡിപ്പാര്‍ട്ട്‌മെന്റിലെ എച്ച്ഒഡി രണ്ട് മൂന്ന് കുട്ടികളെ എക്‌സാം എഴുതിപ്പിക്കില്ലെന്ന് പറഞ്ഞ് വാശിപിടിച്ചു. എന്നാല്‍ ഈ പുതിയ പ്രിന്‍സിപ്പലിന്റെ ഒറ്റയൊരാളുടെ വാക്കിനാല്‍ ആ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചു. എന്നാലും പ്രാക്ടിക്കല്‍ പരീക്ഷയില്‍ അവരെ തോല്‍പിച്ചതായാണ് അറിയുന്നത്.

ഇതിനെല്ലാം പുറമെ, ഇന്‍സ്ട്രുമെന്റ്‌സ്, ബുക്‌സ് എല്ലാം ഇന്‍ക്ലൂഡ് ആയിട്ടാണ് ഫീസ് വാങ്ങുന്നതെന്നും പിന്നീട് പൈസ മുടക്കേണ്ട എന്നുമായിരുന്നു മാനേജ്‌മെന്റ് ആദ്യം ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ഞങ്ങള്‍ കൈയില്‍ നിന്ന് ക്യാഷ് വീണ്ടും മുടക്കി ഇന്‍സ്ട്രുമെന്റും ബുക്ക്‌സും വാങ്ങുന്ന സാഹചര്യമാണ്. ഇതിനൊക്കെയായി ഞങ്ങള്‍ നല്‍കിയ പൈസ എവിടെ പോയി എന്നത് യാതൊരു അറിവുമില്ല. എന്നാല്‍ മാനേജ്‌മെന്റ് ഇപ്പോള്‍ പറയുന്നത് ഞങ്ങള്‍ അങ്ങനെ ക്യാഷ് വാങ്ങിയിട്ടില്ലെന്നാണ്. ഒത്തിരി പൈസയാണ് ഇവര്‍ ഇങ്ങനെ മുക്കുന്നതെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.

Content Summary: Anjarakandy medical college Nithin Raj death; student reveals toxic culture and harassment allegations against Dr. MK Ram

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×