July 14, 2026 |
Share on

ബെര്‍ലിന്‍ ചലച്ചിത്രമേള: രാഷ്ട്രീയം പറയരുതെന്ന് ജൂറി, അംഗീകരിക്കില്ലെന്ന് അരുന്ധതി റോയ്

തന്റെ രാഷ്ട്രീയ നിലപാട് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ നിന്നും അരുന്ധതി റോയ് പിന്മാറിയിരിക്കുന്നത്

ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ നിന്നും പിന്‍മാറി അരുന്ധതി റോയ്. ചലച്ചിത്ര പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള (ബെര്‍ലിനാലെ) ജൂറി അധ്യക്ഷന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം. ഗാസയിലെ സംഘര്‍ഷങ്ങളെക്കുറിച്ചും സിനിമയുടെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ജൂറി അധ്യക്ഷനും ജര്‍മ്മന്‍ സംവിധായകനുമായ വിം വെന്‍ഡേഴ്സ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

സിനിമകള്‍ക്ക് ലോകത്തെ മാറ്റാന്‍ കഴിയുമെങ്കിലും അത് രാഷ്ട്രീയപരമായ രീതിയിലല്ല എന്നായിരുന്നു വെന്‍ഡേഴ്സിന്റെ നിലപാട്. ചലച്ചിത്ര പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കണമെന്നും, രാഷ്ട്രീയ പ്രമേയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന സിനിമകള്‍ നിര്‍മ്മിക്കുന്നത് കലയെ രാഷ്ട്രീയത്തിന് കീഴിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മള്‍ രാഷ്ട്രീയത്തിന് ഒരു ബദലാണ്, രാഷ്ട്രീയത്തിന്റെ വിപരീതമാണ്. നമ്മള്‍ ചെയ്യേണ്ടത് ജനങ്ങളുടെ ജോലിയാണ്, അല്ലാതെ രാഷ്ട്രീയക്കാരുടെ ജോലിയല്ല,’ എന്ന വെന്‍ഡേഴ്സിന്റെ വാക്കുകള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയത് ഭയാനകമാണെന്ന് അരുന്ധതി റോയ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

തന്റെ 1989-ലെ പ്രശസ്തമായ ‘ഇന്‍ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വണ്‍സ്’ എന്ന സിനിമയുടെ പുനരുദ്ധരിച്ച പതിപ്പിന്റെ പ്രദര്‍ശനത്തിനായാണ് മേളയില്‍ പങ്കെടുക്കാന്‍ അരുന്ധതി റോയി തീരുമാനിച്ചിരുന്നത്. അതില്‍ നിന്നാണ് ഇപ്പോള്‍ അവരുടെ നാടകീയമായ പിന്മാറ്റം. കല രാഷ്ട്രീയമാകരുത് എന്ന് പറയുന്നത് കേള്‍ക്കുന്നത് തന്നെ അമ്പരപ്പിക്കുന്നതാണെന്നാണ് ബുക്കര്‍ പ്രൈസ് ജേതാവായ അരുന്ധതി റോയ് പറഞ്ഞത്. ‘നമ്മുടെ കണ്‍മുന്നില്‍ ഒരു മാനവികതയ്ക്കെതിരായ കുറ്റകൃത്യം നടക്കുമ്പോള്‍ അതിനെക്കുറിച്ചുള്ള സംവാദങ്ങളെ തടയാന്‍ മാത്രമേ ഇത്തരം നിലപാടുകള്‍ സഹായിക്കൂ. എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും അത് തടയാന്‍ തങ്ങളുടെ ശക്തിയത്രയും ഉപയോഗിക്കേണ്ട സമയമാണിത്,’ അവര്‍ വ്യക്തമാക്കി.

പലസ്തീന്‍ വിഷയത്തില്‍ ജര്‍മ്മന്‍ സര്‍ക്കാരും അവിടുത്തെ സാംസ്‌കാരിക സ്ഥാപനങ്ങളും സ്വീകരിക്കുന്ന നിലപാടുകളില്‍ താന്‍ അസ്വസ്ഥയാണെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നും ഇതിന് അമേരിക്കയുടെയും ജര്‍മ്മനിയുടെയും പിന്തുണയുണ്ടെന്നും അവര്‍ ആരോപിച്ചു. ലോകത്തെ മികച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഇത് തുറന്നു പറയാന്‍ കഴിയില്ലെങ്കില്‍ ചരിത്രം അവരെ വിചാരണ ചെയ്യുമെന്നും അവര്‍ തുറന്നടിച്ചു.

മേളയ്ക്ക് ഫണ്ട് നല്‍കുന്ന ജര്‍മന്‍ സര്‍ക്കാര്‍ ഇസ്രയേലിന് നല്‍കുന്ന പിന്തുണയെക്കുറിച്ച് ജൂറി അംഗങ്ങളോട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ജൂറി അംഗവും ഓസ്‌കര്‍ ജേതാവുമായ ‘ദ സോണ്‍ ഓഫ് ഇന്ററസ്റ്റ്’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇവാ പുഷ്ചിന്‍സ്‌ക ഈ ചോദ്യത്തെ ‘സങ്കീര്‍ണ്ണവും അല്‍പ്പം അനീതിയുമാണ്’ എന്ന് വിശേഷിപ്പിച്ചു. കാഴ്ചക്കാരെ ചിന്തിപ്പിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ഇസ്രയേലിനെയോ പലസ്തീനെയോ പിന്തുണയ്ക്കുന്ന അവരുടെ തീരുമാനങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നും അവര്‍ പറഞ്ഞു. മറ്റ് പല യുദ്ധങ്ങളിലും വംശഹത്യ നടക്കുന്നുണ്ടെങ്കിലും അവയെക്കുറിച്ചൊന്നും ആരും സംസാരിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

38 വര്‍ഷം മുമ്പ് താന്‍ എഴുതിയ ലളിതമായ ഒരു സിനിമ ബെര്‍ലിനാലെയിലെ ക്ലാസിക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷമുണ്ടായിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തില്‍ മേളയുമായി സഹകരിക്കാന്‍ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് അരുന്ധതി റോയ് മടങ്ങിയത്. താന്‍ എഴുതിയ ആദ്യ ഓര്‍മ്മക്കുറിപ്പായ ‘മദര്‍ മേരി കംസ് ടു മി’ വിമന്‍സ് പ്രൈസ് ഫോര്‍ നോണ്‍ ഫിക്ഷന്റെ ലോങ്ങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഈ ആഴ്ചയില്‍ തന്നെയാണ് അരുന്ധതി റോയ് തന്റെ രാഷ്ട്രീയ നിലപാട് വീണ്ടും ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നത്.

Content Summary; Arundhati Roy has withdrawn from the Berlin film festival over chief jurist’s ‘stay out of politics’ comment

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×