July 04, 2026 |
Share on

‘ആദ്യ അവസരത്തില്‍തന്നെ ജനകീയ കോടതിയില്‍ നിങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കും; ബെര്‍ലിന്‍ അന്നേ പ്രവചിച്ചു

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ‘ഏകാധിപതികള്‍ അര്‍ഹിക്കുന്നത്’ എന്ന പുസ്തകത്തില്‍ നിന്ന്‌

നീണ്ട 66 വര്‍ഷം ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, 1939 മുതല്‍ 2005 മാര്‍ച്ച് 2 വരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായിരുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രമുഖനുമായിരുന്നു. സി.പി.എമ്മില്‍ നടക്കുന്ന പ്രത്യയശാസ്ത്ര സമരത്തില്‍ വി.എസ്.അച്യുതാന്ദന്റെ നിലപാടിനോടൊപ്പം സജീവമായപ്പോള്‍, പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നാരോപിച്ച് 2005-ല്‍ സി.പി.എമ്മില്‍ നിന്ന് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ പുറത്താക്കി.

കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇം.എം.എസ്സിന്റെയും അമരാവതി സത്യാഗ്രഹകാലത്ത് എ.കെ.ജി യുടെയും സെക്രട്ടറിയായ കുഞ്ഞനന്തന്‍ നായര്‍ പിന്നീട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധിയായി 1962-ല്‍ ബര്‍ലിനില്‍ എത്തി. 1964 -ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം. 1965-മുതല്‍ 1992 വരെ ബ്ലിറ്റ്‌സ് വാരികയുടെ യൂറോപ്യന്‍ ലേഖകനും പിന്നീട് യൂറോപ്യന്‍ ബ്യൂറോ ചീഫായി. വിവാദമായ രണ്ട് പുസ്തകം അദേഹമെഴുതി. ‘പൊളിച്ചെഴുത്ത്’ എന്ന ആത്മകഥയും(2005) രണ്ടാം ഭാഗമായ ‘ ഒളിക്യാമറകള്‍ പറയാത്തത്'(2012).

ഒളിക്യാമറകള്‍ പറയാത്തത്’ എന്ന തന്റെ പുസ്തകത്തിലെ പിണറായിക്കെതിരായ വിമര്‍ശനങ്ങള്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പിന്നീട് പിന്‍വലിച്ചിരുന്നു.
‘പാര്‍ട്ടിയില്‍ നിന്നുകൊണ്ട് യാത്രയാവണം എന്നാണ് ആഗ്രഹം. കുറ്റബോധം ഉണ്ട്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കി തന്നിരുന്നു. അതിലുള്ള നന്ദി അറിയിക്കണം. തനിക്ക് തെറ്റു പറ്റിയ കാര്യം പിണറായിയെ അറിയിക്കണം,’ ഒരു ചാനലിനോട് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. 2022 ഓഗസ്റ്റ് 8 ന് 95ാം വയസ്സില്‍ പിണായിയെ കാണണം എന്ന ആഗ്രഹം നടക്കാതെ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. ക്ഷമ പറഞ്ഞു പരാമര്‍ശങ്ങള്‍ പിന്‍വലിച്ചെങ്കിലും അവ തെറ്റാണെന്ന് വ്യക്തമായി പറയാതെയാണ് അദ്ദേഹം വിടവാങ്ങിയത്. അതാണ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എന്ന യഥാര്‍ത്ഥ പത്ര പ്രവര്‍ത്തകന്റെ നേര്.

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എഴുതിയ ‘എകാധിപതികള്‍ അര്‍ഹിക്കുന്നത്.'(2012) എന്ന പുസ്തകത്തിലെ പ്രസക്തമായ ഒരു ലേഖനം അഴിമുഖം പുന:പ്രസിദ്ധീകരിക്കുന്നു.

വിപ്ലവം തോറ്റു, പിണറായി ജയിച്ചു.

കേരളത്തിലെ കമ്യൂണിസ്റ്റ് കോര്‍പ്പറേറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറായി പിണറായി വിജയന്‍ ഒരിക്കല്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മിന്നല്‍ പിണറായിയുടെ അഞ്ചാം ഊഴം. ധാര്‍ഷ്ട്യവും അഹങ്കാരവും തുടിക്കുന്ന മുഖഭാവത്തോടുകൂടി വരുന്ന വാക്കുകളോടെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പനെയും ‘ദി ഹിന്ദു പത്രത്തിന്റെ കേരളത്തിന്റെയാകെ ചുമതലക്കാരനായ ബ്യൂറോ ചീഫും പൊതുസമൂഹം വിലമതിക്കുന്ന പത്രപ്രവര്‍ത്തകനുമായ സി. ഗൗരിദാസന്‍ നായരെയും ആക്ഷേപിച്ചുകൊണ്ടായിരുന്നു പിണറായിയുടെ അഞ്ചാം ഊഴത്തിന്റെ അരങ്ങേറ്റം തന്നെ. 1938 ലെ മ്യൂണിക്ക് കരാര്‍ (മ്യൂണിക് ട്രീറ്റി) ഒപ്പിട്ടശേഷം ചെക്കോസ്ലോവാക്യയിലേക്ക് മാര്‍ച്ച് ചെയ്യുന്ന ഹിറ്റ്‌ലറുടെ ഒരു വിഖ്യാത ചിത്രവുമായി സാമ്യമുള്ളതായിരുന്നു 2012 ഫെബ്രുവരി പത്തിന് സായാഹ്നത്തില്‍ തിരുവനന്തപുരം
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റഡിയത്തിലെ പൊതുസമ്മേളന വേദിയില്‍
പ്രത്യക്ഷപ്പെട്ട പിണറായി വിജയന്റെ ശരീര ഭാഷ. എന്നെ തടുക്കാന്‍ ഇനി ആരുണ്ട് എന്ന ഭാവം. പാര്‍ട്ടിയെന്നാല്‍ പിണറായിയാണ് എന്ന് കഴിഞ്ഞ കേരള മാര്‍ച്ചില്‍ ഇ.പി ജയരാജന്‍ പറഞ്ഞത് എത്ര ശരിയാണ്! ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്ന് അടിയന്തരാവസ്ഥയില്‍ കേട്ട മുദ്രാവാക്യങ്ങള്‍ വീണ്ടും കാതില്‍ മുഴങ്ങുന്നതുപോലെ.

സി.പി.എമ്മില്‍ ഏഴു വര്‍ഷത്തോളമായി അടിയന്തരാവസ്ഥയാണല്ലോ. പ്രത്യയശാസ്ത്രത്തില്‍ ഗോര്‍ബച്ചേവും രാഷ്ടീയത്തില്‍ ക്രൂഷ്ചേവും സംഘടനയില്‍ സ്റ്റാലിനും ഒന്നിക്കുന്ന ഒരേ ഉടലുള്ള കമ്മ്യൂണിസ്റ്റ് ത്രിമൂര്‍ത്തിയായി ഏകശിലയില്‍ പിണറായി വിജയനെ മൂലധന ശക്തികള്‍ വാര്‍ത്തെടുത്തിരിക്കുന്നു.

കോര്‍പ്പറേറ്റ് മുതലാളിമാരുടെ സ്വന്തം വിജയന്, അഞ്ചാംവട്ടവും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം വന്‍ കള്ളപ്പണ സ്രാവുകളുടെ അഭിനന്ദന സന്ദേശങ്ങള്‍ വിദേശത്തുനിന്നും സ്വദേശത്തു നിന്നും മൊബൈല്‍ ഫോണ്‍ വഴിയും ഇ.മെയില്‍ വഴിയും പ്രവഹിച്ചു.

വമ്പന്‍മാരെക്കൊണ്ട് ഇത്തരത്തില്‍ അഭിനന്ദന സന്ദേശങ്ങള്‍ അയക്കാന്‍ കൊട്ടാര വിദൂഷകര്‍ പലരെയും വിളിച്ച് ഏര്‍പ്പാട് ചെയ്തു എന്നാണ് അറിഞ്ഞത്. സ്റ്റാലിന്റെ മരണശേഷം ക്രൂഷ്ചേവ് 11 വര്‍ഷവും ഗോര്‍ബച്ചേവ് ആറു വര്‍ഷവും പാര്‍ട്ടിയെ ഭരിച്ചുവെങ്കില്‍ കേരളത്തിലെ ഗോര്‍ബച്ചേവിന് 2015 വരെ അവസരം ലഭിക്കും. ഇങ്ങനെയൊരു ഭരണ തുടര്‍ച്ച ഇന്ത്യയില്‍ ഒരു പാര്‍ട്ടി സെക്രട്ടറിക്കും ലഭിച്ചിരുന്നില്ല.

ഇനി പാര്‍ട്ടിയില്‍നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട. ലോക്കല്‍ മുതല്‍
സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങളില്‍ പങ്കെടുത്ത പ്രതിനിധികളെല്ലാം പിണറായി അരിപ്പയില്‍ അരിച്ച് ശുദ്ധി വരുത്തിയവരായിരുന്നു. എല്ലാവരും തിരുവായ്ക്ക് എതിര്‍വാ പറയാത്തവര്‍, സംസ്ഥാന സമ്മേളനത്തിലെത്തിയ 98 ശതമാനം പേരും ഇത്തരക്കാര്‍. അവശേഷിക്കുന്ന രണ്ട് ശതമാനത്തിലൊരാളായിരുന്നു. വയനാട് ജില്ലാകമ്മിറ്റിയംഗം കൂടിയായ പി.കൃഷ്ണപ്രസാദ് സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ കേന്ദ്രകമ്മിറ്റിയംഗം കൂടിയായ വി.എസ് അച്യുതാനന്ദനെതിരെ കുറ്റാരോപണം നടത്തിയത് സംഘടനാരീതിക്ക് നിരക്കാത്തതാണെന്നും പാര്‍ട്ടി വലതുപക്ഷവല്‍ക്കരിക്കുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പി.കൃഷ്ണപ്രസാദ് പറഞ്ഞു. ജില്ലയില്‍ നിന്നുള്ള പ്രതിനി ധികളുമായി ചര്‍ച്ചചെയ്ത് ധാരണയാക്കിയശേഷം എഴുതി തയ്യാറാക്കിയ പ്രസംഗം കൃഷ്ണപ്രസാദ് വായിക്കുകയായിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെ, കൃഷ്ണപ്രസാദിനെ പിണറായി വിട്ടില്ല. കൃഷ്ണ പ്രസാദ് ആര്‍ക്കു വേണ്ടിയാണ് ഈ പറയുന്നത് എന്ന് എനിക്കറിയാം എന്ന മുഖവുരയോടെയാണ് പിണറായി മറുപടി പറഞ്ഞത്. വയനാട് ജില്ല എന്നാല്‍ ഒരു താലൂക്കിന്റെയത്രപോലും വലിപ്പമില്ലാത്ത സ്ഥലമാണെന്നും കൃഷ്ണപ്രസാദിനെ പിണറായി പഠിപ്പിച്ചു. ചുരുക്കത്തില്‍ കൃഷ്ണ പ്രസാദിന്റെ രാഷ്ട്രീയ വളര്‍ച്ചയും തല്‍ക്കാലം പ്രതിസന്ധിയിലായി.

എ.കെ.ജി സെന്ററില്‍നിന്ന് പ്രതിനിധികള്‍ പൊതുസമ്മേളനം നടക്കുന്ന ‘ബാലാനന്ദന്‍ നഗറി’ലേക്ക് പോകുമ്പോള്‍, ബാലാനന്ദന്റെ സഹധര്‍മ്മിണി സരോജിനി ബാലാനന്ദന്‍ സാരിത്തലപ്പുകൊണ്ട് കണ്ണീര് തുടച്ചും മൂക്ക് പിഴിഞ്ഞുംകൊണ്ടാണ് എ.കെ.ജി സെന്ററില്‍ നിന്ന് ഇറങ്ങി വന്നത്. അനാരോഗ്യം ആരോപിച്ച് സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതാണ് കാരണം. മാത്രമല്ല, പൊതുസമ്മേളനം നടക്കുന്ന സ്ഥലത്തെ പരാമര്‍ശിക്കുമ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം എന്നല്ലാ
തെ ബാലാനന്ദന്‍ നഗര്‍ എന്ന വാക്ക് ഒരിക്കല്‍പ്പോലും പിണറായി
ഉപയോഗിച്ചുമില്ല. എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കുന്നതിനെ ബാലാനന്ദന്‍ എതിര്‍ക്കുകയും ഈ കരാറിലെ ക്രമക്കേടുകളെക്കുറിച്ച് പാര്‍ട്ടി കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പകയാണ് സരോജിനി ബാലാനന്ദനോട് കാട്ടിയത് എന്ന് പകല്‍പോലെ വ്യക്തം.

സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പനെതിരെ നടത്തിയ അധിക്ഷേപത്തിന് അദ്ദേഹം മാന്യമായ ഭാഷയില്‍ മറുപടി നല്‍കി. മുന്നണിയിലെ ഘടകക്ഷികളും പാര്‍ട്ടിയിലെ പ്രവര്‍ത്തകരുമെല്ലാം തന്റെ ഭൃത്യന്‍മാരാണെന്ന ധാരണയാണ് പിണറായിയെ നയിക്കുന്നത്. മുമ്പ് ഇന്ദിരാഗാന്ധിക്കും ഇപ്പോള്‍ എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതക്കും മാത്രമേ ഇങ്ങനെ തോന്നിയിട്ടുള്ളൂ. ജനതാദള്‍ നേതാവ് എം.പി വീരേന്ദ്രകുമാറിനോട് ഇത്തരത്തില്‍ പെരുമാറിയതുകൊണ്ടാണ് സോഷ്യലിസ്റ്റ് ജനത എന്ന കക്ഷിയെ ഇടതുമുന്നണിക്ക് നഷ്ടമായത്. പൊതു പ്രവര്‍ത്തന രംഗത്തെ പാരമ്പര്യം നോക്കിയാല്‍ പിണറായി വിജയന്‍ ഇവരുടെയൊന്നും ഏഴയലത്ത് നില്‍ക്കാന്‍ യോഗ്യനല്ല. അടിയന്തരാവസ്ഥയില്‍ അടി കിട്ടിയതിന്റെ പലിശകൊണ്ടാണ് പിണറായി വിജയന്‍ ഇപ്പോഴും പിടിച്ച് നില്‍ക്കുന്നത്.

എം.സ്വരാജിനെപ്പോലുള്ള അന്തകവിത്തുകളെയാണ് പിണറായി വിജയന്‍ പ്രോത്സാഹിപ്പിക്കുന്നത്. വി.എസ് അച്യുതാനന്ദന് പാര്‍ട്ടിയില്‍ വധശിക്ഷ (കാപിറ്റല്‍ പണിഷ്‌മെന്റ് ) നല്‍കണമെന്ന് മലപ്പുറത്തുനിന്നെത്തിയ ഈ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞത് കേട്ട് പിണറായിയും കിങ്കരന്‍മാരും കോരിത്തരിച്ചു പോയിട്ടുണ്ടാകും. സര്‍ സി.പി യുടെ പട്ടാളത്തിന്റെ യന്ത്രത്തോക്കുകളെ വെല്ലുവിളിച്ച് വി.എസ് അച്യുതാനന്ദനും പി.കെ ചന്ദ്രാനന്ദനും, സി.കെ ചന്ദ്രപ്പന്റെ അച്ഛന്‍ കുമാരപ്പണിക്കരും മറ്റും പോരാടുമ്പോള്‍ എം.സ്വരാജ് എന്ന മഹാന്റെ മാതാപിതാക്കള്‍ പോലും ജനിച്ചു കാണില്ല. തന്റെ രാഷ്ട്രീയ യജമാനനെ സുഖിപ്പിക്കാന്‍ യുവ നേതാക്കള്‍ കാണിക്കുന്ന സാഹസം! കേരള നിയമസഭയില്‍ നടന്ന കൈയേറ്റവുമായി ബന്ധപ്പെട്ട് ചില യു.ഡി.എഫ് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കവെ പൊട്ടിക്കരഞ്ഞതു കാരണം
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തില്ലെന്നും പകരം തനിക്ക് ചാന്‍സ് കിട്ടുമെന്നുമാണത്രെ ഈ വിദ്വാന്‍ പ്രതീക്ഷിച്ചത്. യജമാനനെ സുഖിപ്പിക്കുന്നത് കുറഞ്ഞുപോയതുകൊണ്ട് ഈ അവസരം നഷ്ടമാക്കേണ്ട എന്ന് ഈ യുവനേതാവ് കരുതിയിട്ടുണ്ടാവും.

ഏഴ് പതിറ്റാണ്ടിലേറെ ത്യാഗനിര്‍ഭരമായ വിപ്ലവ പ്രവര്‍ത്തനം നടത്തി, ലക്ഷക്കണക്കായ ജനങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി,ജനഹൃദയങ്ങളില്‍ ജീവിക്കുന്ന വി.എസ് അച്യുതാനന്ദനെ തൂക്കിലേറ്റാന്‍മാത്രം നിങ്ങളൊരുക്കുന്ന കൊലക്കയറിന് കരുത്തില്ല ചെറുക്കാ…. കരുതിയിരിക്കുക-കിട്ടുന്ന ആദ്യ അവസരത്തില്‍തന്നെ ജനങ്ങള്‍ ജനകീയ കോടതിയില്‍ നിങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കും.

കഴിവുകൊണ്ടും പാരമ്പര്യംകൊണ്ടും സര്‍വ്വരാലും മാനിക്കപ്പെടുന്ന പത്ര പ്രവര്‍ത്തകരില്‍ ഒരാളാണ് സി. ഗൗരിദാസന്‍ നായര്‍. സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമായ 2012 ഫെബ്രുവരി എന്ന് ദി.ഹിന്ദു പത്രം ഒന്നാം പേജില്‍ ഗൗരിദാസന്‍നായരുടെ ബൈലൈനോടെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ്, സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് ശേഷം ആദ്യം നടത്തിയ പത്രസമ്മേളനത്തില്‍ പിണറായി അദ്ദേഹത്തിനെതിരെ തിരിയാനുള്ള കാരണം. സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ വി.എസ്സിനെതിരായ പരാമര്‍ശങ്ങള്‍ പി.ബി.ഇടപെട്ട് മരവിപ്പിച്ചുവെന്ന വാര്‍ത്തയാണ് പിണറായിയെ
പ്രകോപിപ്പിച്ചത്. സംഘടനാ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മേല്‍കമ്മിറ്റി ഇടപെടല്‍ മരവിപ്പിക്കുന്ന നടപടി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അപൂര്‍വ്വമാണ്. എന്നാല്‍ ഈ ജാള്യത മറച്ചുവെക്കാന്‍ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്നാണ് പിണറായി പറയുന്നത്. റിപ്പോര്‍ട്ടില്‍ ചില സ്ഥലത്ത് അര്‍ധ വിരാമവും പൂര്‍ണവിരാമവും ഇടുകയും ചിലയിടത്തേത് ഒഴിവാക്കുകയും ചെയ്തു എന്ന തരത്തിലാണ് പിണറായി ഇതിനു നല്‍കുന്ന വ്യാഖ്യാനം. ഒരു കാര്യത്തെക്കുറിച്ച് പല ഭാഷയില്‍ പറയാമല്ലോ, പകുതി തുറന്ന വാതിലിന് പകുതി അടച്ച വാതില്‍ എന്നും പറയാം.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരു നേതാവും പിണറായി ഉപയോഗിച്ച രീതിയിലുള്ള അന്തസ്സില്ലാത്തതും പ്രകോപന പരവുമായ ഭാഷ മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റുരാഷ്ടീയ നേതാക്കള്‍ക്കുമെതിരെ ഉപയോഗിച്ചിട്ടില്ല. തിരുവനന്തപുരത്ത് നടന്ന മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ വി.എസ്.അച്യുതാനന്ദനെ സംഘടനാ മര്യാദ പഠിപ്പിക്കാനും പിണറായി ഒരുമ്പെട്ടു. പ്രതിനിധിസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പൊതുസമ്മേളനത്തില്‍ മറുപടി പറയുന്നത് സംഘടനാ രീതിയല്ല എന്ന കാര്യം അറിയാത്ത ആളല്ല വി.എസ് എന്നും നിങ്ങള്‍ അദ്ദേഹത്തെ കുഴപ്പത്തില്‍ ചാടിക്കരുതെന്നുമാണ് പിണറായി ഒരു മുന്നറിയിപ്പിന്റെ സ്വരത്തില്‍ പറഞ്ഞത്.

എനിക്ക് വധശിക്ഷ വിധിക്കാനൊന്നും നിങ്ങള്‍ വളര്‍ന്നിട്ടില്ല എന്ന്
പിണറായി പക്ഷത്തിന് നല്‍കിയ മറുപടി തന്നെയാണ് പൊതുസമ്മേളനത്തില്‍ വി.എസ് ഉപയോഗിച്ച വാക്കുകള്‍. വി.എസ്സിന്റെ മറുപടി കേട്ട് പതിനായിരങ്ങള്‍ ആരവം മുഴക്കിയത് അവര്‍ക്ക് കാര്യം മനസ്സിലായതു കൊണ്ടുതന്നെയാണ്. എല്ലാവര്‍ക്കും മനസ്സിലായ കാര്യം ഇനിയും മനസ്സിലാവാത്ത രണ്ടു പേരേയുള്ളൂ. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും
.

കേന്ദ്ര കമ്മിറ്റിയംഗമായ ഒരു മുതിര്‍ന്ന നേതാവിനെതിരെ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ അടിസ്ഥാനരഹിതമായ കുറ്റാരോപണങ്ങള്‍ നടത്താന്‍ പാടില്ലെന്ന് അറിയാത്ത പിണറായി വിജയനാണ് വി.എസ്സിനെ സംഘടനാ ചട്ടം പഠിപ്പിക്കുന്നത്! സംഘടനാ ദി പ്പോര്‍ട്ടില്‍ മാത്രമല്ല, ചര്‍ച്ചയില്‍ പോലും ആരോപണ സ്വഭാവമുള്ള പരാമര്‍ശങ്ങള്‍ നടത്തരുതെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ തത്വം. ഇനി ഏതെങ്കിലും പ്രതിനിധികള്‍ അത്തരം ആരോപണങ്ങള്‍ നടത്തിയാല്‍ത്തന്നെ അതിനെ തടയേണ്ട ആളാണ് സംസ്ഥാന സെക്രട്ടറി.

അമിതാധികാര മോഹവും അഹന്തയും കണക്കില്ലാത്ത സമ്പത്തും ആള്‍ബലവുമുണ്ടായാല്‍ ഒരാള്‍ എങ്ങനെ സമനില മറന്ന് പ്രവര്‍ത്തിക്കും എന്നതിന്റെ യഥാര്‍ത്ഥ ഉദാഹരണമാണ് പിണറായി വിജയന്‍. യാതൊരു ജനപിന്തുണയുമില്ലെങ്കിലും അധികാരത്തിന്റെ ബലത്തില്‍ കുറച്ചുകാലം ഏകാധിപതികള്‍ വാഴും എന്നതാണ് ചരിത്ര അനുഭവം. അധികാരം നഷ്ടപ്പെട്ടാല്‍ ഇവരുടെയെല്ലാം പതനം വളരെ ദയനീയവും. അതുപോലെ പാര്‍ട്ടി അണികളുടെയും ജനങ്ങളുടെയും പിന്തുണയില്ലെങ്കിലും പിണറായി കുറച്ചുകാലംകൂടി പാര്‍ട്ടിയുടെ ഏകാധിപതിയായി തുടരുകതന്നെ ചെയ്യും.

ലേഖനം, കടപ്പാട്: ആല്‍ഫാ വണ്‍ പബ്ലിഷേഴ്‌സ്.

Content Summary: Berlin Kunjananthan Nair’s book Ekaadhipathikal Arhikkunnathu. Criticism against Pinarayi Vijayan. CPIM. Communist Party

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×