July 16, 2026 |
Avatar
അമർനാഥ്‌
Share on

മര്‍ലിന്‍ മണ്‍റോ:  ഹോളിവുഡ് കീഴടക്കിയ മാദകസൗന്ദര്യം, ജെ.എഫ്.കെ യുടെ കാമുകി

സ്വപ്ന സുന്ദരി, ദുരന്തത്തില്‍ അവസാനിച്ച ജീവിതം

ഹോളിവുഡിലെ എക്കാലത്തേയും സെക്‌സ് സിബലായി പ്രതിഷ്ഠ നേടിയ ചലച്ചിത്ര താരമാണ് മര്‍ലിന്‍ മണ്‍റോ. തന്റെ ജീവിത കാലത്തും അതിന് ശേഷവും മര്‍ലിന്‍ മണ്‍റോ പ്രേക്ഷകഹൃദയങ്ങളില്‍ ഇപ്പോഴും ഒരു സെലിബ്രിറ്റി ഐക്കണാണ്.

എതിരില്ലാത്ത താരപദവി നേടി അകാലത്തില്‍ പൊലിഞ്ഞ മര്‍ലിന്‍ മണ്‍റോയുടെ ഓര്‍മ്മ ദിവസമാണ് ഇന്ന്.

”എല്ലാ നിയമങ്ങളും പാലിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും എവിടെയും എത്തില്ലായിരുന്നു.’
മര്‍ലിന്‍ മണ്‍റോ

മര്‍ലിന്‍ മണ്‍റോ

വിട പറഞ്ഞ് ആറ് പതിറ്റാണ്ടിന് ശേഷവും ലോകവ്യാപകമായി തന്നെ സൃഷ്ടിപരമായ ഭാവനകളില്‍ മര്‍ലിന്‍ മണ്‍റോ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, സിനിമ, ടെലിവിഷന്‍, പുസ്തകങ്ങള്‍, സംഗീതം, കല എന്നിവയ്ക്ക് അനന്തമായ പ്രചോദനം നല്‍കുന്ന ഒരു ഐക്കണായി മര്‍ലിന്‍ മണ്‍റോ എന്ന ഹോളിവുഡ് ഐക്കണ്‍ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടി.

ഇരുണ്ട, വളഞ്ഞ പുരികങ്ങള്‍, ചുവന്ന ചുണ്ടുകള്‍, എതൊരാളിലും ‘ആസക്തിയുണര്‍ത്തുന്ന ആരാധനയും വശ്യമായ, മാദകത്വവും – സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായി മര്‍ലിന്‍ മണ്‍റോ ജ്വലിച്ചു നിന്നു. ആകര്‍ഷകമായ മേക്കപ്പ്, കൂടാതെ ഇറുകിയതോ സുതാര്യവുമായ വസ്ത്രങ്ങള്‍ ധരിച്ച അവരുടെ ട്രേഡ്മാര്‍ക്കായ സ്‌റ്റൈല്‍, സ്വര്‍ണ്ണം പോലെ തിളങ്ങുന്ന മുടിയും മെര്‍ലിന് ഒരു സെക്‌സ് ബോംബ് പരിവേഷം നല്‍കി.

അവര്‍ അസാധാരണമായ ബുദ്ധിശക്തിയും കഴിവുമുള്ള ഒരു നടിയായിരുന്നു. അവരുടെ സ്വാഭാവിക ആകര്‍ഷണീയതയും അഭിനയ ശേഷിയും, മികവും കാരണം 50 കളിലെ താരമായി അവര്‍ പതിയെ ഹോളിവുഡ് കീഴടക്കിയതില്‍ അത്ഭുതമില്ല. മര്‍ലിന്‍ മണ്‍റോയുടെ സവിശേഷമായ ശ്വാസോച്ഛ്വാസത്തോടെയുള്ള സംസാരശബ്ദം, കുട്ടിക്കാലത്തെ വിക്കിനെ മറികടക്കാന്‍ ഉപയോഗിച്ച ഒരു മാര്‍ഗമായി അവര്‍ മാറ്റിയെടുത്തു. ഒരു സ്പീച്ച് തെറാപ്പിസ്റ്റ് അവരെ ആ ശൈലി സ്വീകരിക്കാന്‍ പരിശീലിപ്പിച്ചു. പിന്നീട് ഒരു നടിയും ഗായികയും എന്ന നിലയില്‍ അത് അവരുടെ ശ്രദ്ധേയമായ സ്വഭാവങ്ങളിലൊന്നായി മാറി.

ചലച്ചിത്രങ്ങളില്‍ ശ്രദ്ധേയമാകും മുന്‍പ്, 1949 ല്‍ മര്‍ലിന്‍ മണ്‍റോ ഒരു കലണ്ടര്‍ ചിത്രത്തിന് വേണ്ടി നഗ്‌നയായി പോസ് ചെയ്തിരുന്നു. പിന്നീട് പ്രശസ്തിയിലേക്ക് ഉയര്‍ന്ന നാളുകളില്‍ ഈ പഴയ സംഭവം ചലച്ചിത്ര പത്രക്കാര്‍ പൊക്കിയെടുത്തു വാര്‍ത്തയാക്കി. ആ സംഭവം ശരിയല്ലെന്നും നിഷേധിക്കണമെന്നും അപ്പോള്‍ കരാറിലുള്ള ചലചിത്ര നിര്‍മ്മാണ കമ്പനി മര്‍ലിനോടാവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. അവര്‍ പത്രക്കാരോട് സംസാരിച്ചു. തന്റെ വീട്ടുവാടക കൊടുക്കാന്‍ അന്ന് പണത്തിന് വേണ്ടി ചെയ്ത ഒരു മോഡലിംഗ് ജോലി മാത്രമായിരുന്നു അതെന്ന് അവര്‍ പറഞ്ഞു. അന്ന് കലണ്ടര്‍ ഷൂട്ടിംഗ് സന്ദര്‍ഭത്തിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മര്‍ലിന്‍ പറഞ്ഞ മറുപടി ടൈം വാരിക എഴുതി ‘Asked if she really had nothing on in the photo, Marilyn, her blue eyes wide, purred; ‘I had the radio on’.

a calendar advertisement

1949 ലെ കലണ്ടർ പരസ്യത്തിലെ മർലിൻ

പടം പുറത്ത് വന്ന എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും, മര്‍ലിന്‍ അഭിനയിച്ച The Seventh Year Itch ‘(1955) എക്കാലത്തേയും ഒരു മികച്ച രംഗമുള്ള ഒരു സിനിമയായി ഓര്‍മിക്കപ്പെടുന്നു. ആ ചിത്രത്തില്‍ ന്യൂയോര്‍ക്കിലെ ലെക്‌സിംഗ്ടണ്‍ അവന്യൂവില്‍ വെച്ച് ഒരു സബ്വേ ഗേറ്റില്‍ നിന്നുള്ള കാറ്റ് അവിടം കടന്നു പോകുന്ന മര്‍ലിന്‍ മണ്‍റോയുടെ വസ്ത്രം മുകളിലേക്ക് പറത്തുമ്പോള്‍, തന്റെ വെളുത്ത വസ്ത്രം കൈ കൊണ്ട് താഴ്ത്തിപ്പിടിച്ച്, ചിരിക്കുന്ന മര്‍ലിന്‍ മണ്‍റോയുടെ ആ രംഗം, ലോകമെമ്പാടുള്ള, പ്രേക്ഷരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന, ഇക്കിളിപ്പെടുത്തിയ ഒരു അനശ്വര ചിത്രമായി മാറി. കലാകാരന്മാര്‍ ഏറ്റെടുത്ത ആ മര്‍ലിന്‍ മണ്‍റോ രംഗം തലമുറകളായി ഇന്നും ഫോട്ടോഗ്രാഫര്‍മാരും ചലച്ചിത്ര സംവിധായകരും ഫോട്ടോ സിനിമാ ദൃശ്യമാധ്യമങ്ങളിലൂടെ പുനസൃഷ്ടിക്കുന്നു. പല പ്രശസ്ത നടിമാരും മോഡലുകളും അനുകരിച്ച ഈ രംഗം ഇന്ത്യന്‍ സിനിമയില്‍ ബോളിവുഡില്‍ നടി പൂജാ ബേദി തൊട്ട് കോളിവുഡില്‍ രംഭ വരെ അഭിനയിച്ചു. ഹോളിവുഡില്‍ മര്‍ലിനുമായി രൂപസാദൃശ്യമുള്ള ഒന്നിലധികം നടിമാര്‍ ഓരോ കാലത്തായി ഈ രംഗം അവതരിപ്പിച്ച് ശ്രദ്ധനേടിയെങ്കിലും യഥാര്‍ത്ഥ മെര്‍ലിന്റെ ഗ്ലാമറിനടുത്തെത്താന്‍ ആര്‍ക്കും സാധിച്ചില്ല.

”ദി സെവന്‍ത്ത് ഇയര്‍ ഈച്ച്’ എന്ന സിനിമയുടെ സെറ്റില്‍ ആ രംഗം പകര്‍ത്താന്‍ മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും, അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ വിനോഗ്രാന്‍ഡ് പകര്‍ത്തിയ ചിത്രം ഇപ്പോഴും ക്ലാസിക്കായി വേറിട്ട് നില്‍ക്കുന്നു. മൂന്ന് പതിറ്റാണ്ടുകളായി ന്യൂയോര്‍ക്ക് നഗരത്തിലെ തെരുവുകളുടെ എല്ലാ സൂക്ഷ്മതകളും പകര്‍ത്തിയ ഫോട്ടോ ഗ്രാഫറായിരുന്നു വിനോഗ്രാന്‍ഡ്. അദ്ദേഹത്തിന്റെ എക്കാലത്തെയും ന്യൂയോര്‍ക്ക് നഗരചിത്രമായി ഈ മര്‍ലിന്‍ സ്റ്റില്‍ ഫോട്ടോ അറിയപ്പെട്ടു. ലെക്‌സിംഗ്ടണ്‍ അവന്യൂവിലെ സബ്വേ ഗ്രേറ്റിന് മുകളില്‍, ‘ദി സെവന്‍ ഇയര്‍ ഇച്ച് ന്റെ സംവിധായകന്‍ ബില്ലി വൈല്‍ഡര്‍ ചിത്രീകരിച്ച വെളുത്ത വസ്ത്രമണിഞ്ഞ മര്‍ലിന്‍ മണ്‍റോവിന്റെ ആ രംഗം പിന്നീട് ഹോളിവുഡും കടന്ന് പരസ്യ ലോക അടക്കം വന്‍ തരംഗമാവുകയായിരുന്നു.

Marilyn Monroe

മർലിൻ മൺറോ, മോണ്ട് ഗോമറി ക്ലിഫ്റ്റിനോടും (ഇടത്) ക്ലർക്ക് ഗേബിളിനോടൊപ്പം – ചിത്രം The Misfits (1961)

മർലിൻ മൺറോ , മോണ്ട് ഗോമറി ക്ലിഫ്റ്റിനോടും(ഇടത്) ക്ലർക്ക് ഗേബിളിനോടൊപ്പം – ചിത്രം The Misfits (1961)

ലോകമെമ്പാടും പോപ്പ് സംസ്‌കാരത്തിന്റെ അനശ്വരമായ ഐക്കണായി ഇന്നും മര്‍ലിന്‍ മണ്‍റോയുടെ ഏറ്റവും പ്രശസ്തമായ ഫോട്ടോഗ്രാഫായി അത് തുടരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മയക്കിയ, ആ ഫോട്ടോ സ്റ്റില്‍ ഇന്നും ഏറ്റവും അധികം ആകര്‍ഷിക്കപ്പെടുന്ന, ചലച്ചിത്ര ചരിത്രത്തിലെ ഒരു ഇതിഹാസമായി കണക്കാക്കപ്പെടുന്നു.

മര്‍ലിന്‍ മണ്‍റോയെന്ന സെലിബ്രിറ്റിയെ തന്റെ പ്രതിഭയിലൂടെ വ്യത്യസ്തമായ ഐക്കണ്‍ തരംഗമാക്കിയ കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു കലാകാരനായിരുന്നു അമേരിക്കന്‍ വാണിജ്യ ജനകീയ കലയുടെ പ്രചാരകനായ ആന്‍ഡി വാര്‍ഹോള്‍. കലാപരമായ സാങ്കേതിക വിദ്യയായ സില്‍ക്ക് സ്‌ക്രീന്‍ പ്രിന്റിംഗിലൂടെ വാര്‍ഹോള്‍ ‘മെര്‍ലിന്‍ ഡിപ്റ്റിച്ച്’ എന്ന ചിത്ര പരമ്പരയിലൂടെ മര്‍ലിന്‍ മണ്‍റോയുടെ മുഖത്തിന്റെ 25 ചിത്രങ്ങള്‍ വരച്ചു. ബ്ലാക്ക് ആന്റ് വൈറ്റിലും പിന്നീട് കടും നിറങ്ങളിലും അച്ചടിച്ചു. പ്രശസ്തമായ കാംബെല്ലിന്റെ സൂപ്പ് ക്യാനുകളിലും കൊക്കക്കോള കുപ്പികളിലും മര്‍ലിന്‍ മണ്‍റോയുടെ ഈ പുതിയ ശൈലിയിലുള്ള ഛായാചിത്രം പ്രതൃക്ഷപ്പെട്ടതോടെ ഉല്‍പ്പന്നങ്ങള്‍ ചൂടോടെ വിറ്റുപോയി എന്ന് മാത്രമല്ല, ഈ മര്‍ലിന്‍ ചിത്രം ആഗോള പ്രശസ്തി നേടുകയും ചെയ്തു.

രണ്ടാം മഹാലോക യുദ്ധാനന്തര അമേരിക്കയുടെ ഉപഭോക്തൃ സംസ്‌കാരത്തിലേക്ക് ആഴ്ന്നിറങ്ങിയ ചില മികച്ച പരസ്യങ്ങളുടെ ശില്‍പ്പിയായ ആന്‍ഡി വാര്‍ഹോളിന്റെ ഏറ്റവും മികച്ച കലാ സൃഷ്ടികളൊന്നായി ഈ മര്‍ലിന്‍ ചിത്രം കണക്കാക്കപ്പെടുന്നു.

സറിയലിസ്റ്റ് ചിത്രകാരനായ സാല്‍വഡോര്‍ ഡാലിയായിരുന്നു മെര്‍ലിന്‍ മണ്‍റോയുടെ വശ്യമായ മുഖസൗന്ദര്യം വ്യത്യസ്തമായി ചിത്രകലയില്‍ സന്നിവേശിപ്പിച്ച് മറ്റൊരു ക്ലാസിക്ക് ചിത്രം സൃഷ്ടിച്ചത്. സറിയലിസ്റ്റ് കലയില്‍ പ്രസിദ്ധനായ ചിത്രകാരന്‍ സാല്‍വഡോര്‍ ഡാലി, ഫോട്ടോഗ്രാഫര്‍ ഫിലിപ്പ് ഹാല്‍സ്മാനുമായി ചേര്‍ന്ന് ഒരു അതുല്യമായ കലാസൃഷ്ടി നിര്‍മ്മിച്ചു.

Marilyn Monroe at Kennedy's 45th birthday party

കെന്നഡിയുടെ 45ാം ജന്മദിനാഘോഷത്തിൽ മർലിൻ മൺറോ

ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ പ്രതീകമായ മാവോ സെത്തൂങ്ങും ഹോളിവുഡ് രതിബിംബമായ മെര്‍ലിന്‍ മണ്‍റോയും ഒരുമിക്കുന്ന സറിയലിസ്റ്റ് കലയുടെ മുഖമുദ്രയായ ഒരു അസാധാരണ ഛായാചിത്രമായിരുന്നു അത്. സാംസ്‌കാരിക സംഘര്‍ഷത്തിന്റെയും അപ്രതീക്ഷത പര്യവേക്ഷണം ചെയ്യുന്ന ഈ ചിത്രം 1971-ഡിസംബറില്‍ വോഗ് മാസികയുടെ ഫ്രഞ്ച് പതിപ്പിന്റെ കവറില്‍ പ്രതൃക്ഷപ്പെട്ടു. ചിത്രം വളരെ ഖ്യാതി നേടിയെങ്കിലും ആധുനിക ചൈനയുടെ ഏറ്റവും ആദരണിയനായ നേതാവ് ചെയര്‍മാന്‍ മാവോയെ ഒരു കാപ്പിറ്റിലിസ്റ്റ് കലാകാരന്‍ സ്ത്രീവല്‍ക്കരിച്ചതിനെതിരെ ചൈനയില്‍ നിന്ന് എതിര്‍ ശബ്ദങ്ങളുയര്‍ന്നില്ല എന്നതും ശ്രദ്ധേയമായി.

മര്‍ലിന്‍ മണ്‍റോയുടെ 23 സിനിമകളും 200 മില്യണ്‍ ഡോളറിലധികം വരുമാനം നേടി, അവരുടെ പ്രശസ്തി ഹോളിവുഡിലെ മറ്റേതൊരു ആണ്‍ – പെണ്‍ താരത്തേക്കാള്‍ മറികടന്നു. സ്‌ക്രീനിലും പുറത്തും പ്രദര്‍ശിപ്പിച്ച അസാധ്യ ഗ്ലാമറുള്ള, മോഹിപ്പിക്കുന്ന സുന്ദരിയുമായ മര്‍ലിന്‍ മണ്‍റോ പിന്നീട് പില്‍ക്കാല വര്‍ഷങ്ങളില്‍ ഹോളിവുഡിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഗോസിപ്പുകളില്‍ രക്ഷപ്പെടാന്‍ കഴിയാത്ത സങ്കീര്‍ണവും അരക്ഷിതവുമായ ഒരു ജീവിതത്തിലേക്ക് വീണുപോയി
മാനസിക വ്യഥകള്‍ അവരെ തുടര്‍ച്ചയായി അലട്ടി. ആ തകര്‍ച്ചയുടെ അവസാനം ഏറെ താമസിയാതെ അകാല മൃത്യുവിന് ഇരയാവുകയും ചെയ്തു.

American photographer Winogrand.

അമേരിക്കൻ ഫോട്ടോഗ്രാഫർ വിനോഗ്രാൻഡ്

നോര്‍മ ജീന്‍ മോര്‍ട്ടെന്‍സണ്‍ എന്ന (പിന്നീട് നോര്‍മ ജീന്‍ ബേക്കര്‍ എന്ന പേര് സ്വീകരിച്ചു) എന്ന പേരില്‍ അമേരിക്കയിലെ ലോസ് എയ്ജലസില്‍ ജനിച്ച മര്‍ലിന്‍ മണ്‍റോ അമ്മയുടെ മാനസികരോഗം മൂലം കുറച്ചുകാലം ഒരു അനാഥാലയത്തിലും പിന്നീട് ദത്തെടുത്ത വളര്‍ത്തിയ മാതാപിതാക്കളുടെ സംരക്ഷണയിലുമാണ് വളര്‍ന്നത്. 1942-ല്‍ അവര്‍ ജോലി ചെയ്ത വിമാന ഫാക്ടറിയിലെ ഒരു സഹപ്രവര്‍ത്തകനെ വിവാഹം കഴിച്ചു, പക്ഷേ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അവര്‍ വിവാഹമോചനം നേടി , അക്കാലത്ത് കലണ്ടറിനും മാസികകള്‍ക്കും മോഡലിംഗ് ചെയ്ത് ശ്രദ്ധ നേടിയതോടെ, മര്‍ലിന്‍ മണ്‍റോ എന്ന പേരില്‍ തന്റെ പുതിയ പേരില്‍ ടൊന്‍ന്റിയത്ത് സെഞ്ച്വറി, കൊളംബിയ എന്നീ നിര്‍മ്മാണ കമ്പനികളുടെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. 1952-ല്‍ മര്‍ലിന് ആദ്യമായി Don’t Bother To Knock ‘എന്ന ചലച്ചിത്രത്തില്‍ നായികാവേഷം ലഭിച്ചു. 1953-ല്‍ Niagara യില്‍ അതിഭാവുകത്വം നിറഞ്ഞ പ്രധാനവേഷം ലഭിച്ചു. ഈ ചലച്ചിത്രം മര്‍ലിന്റെ വശ്യതയെ കേന്ദ്രീകരിച്ച ചിത്രമായിരുന്നു. ‘Dumb Blonde’ , Gentlemen Prefers Blonde (1953), How To Marry A millionaire (1953), ) എന്നീ ചലച്ചിത്രങ്ങള്‍ മര്‍ലിനെ ഹോളിവുഡിലെ അനിഷേധ്യ താരപദവിയിലേക്കുയര്‍ത്തി.

മര്‍ലിന്‍ മണ്‍റോയുടെ അവസാന ചിത്രം The Misfits (1961) പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു കിങ് ഓഫ് ഹോളിവുഡ് എന്നറിയപ്പെട്ട വിഖ്യാത നടന്‍ ക്ലര്‍ക്ക് ഗേബിള്‍ ആയിരുന്നു നായകന്‍. ഇരുവരുടെയും പൂര്‍ത്തിയായ അവസാന ചിത്രമായ അതിന്റെ തിരക്കഥ എഴുതിയത് മര്‍ലിന്‍ മണ്‍റോയുടെ അപ്പോഴത്തെയും മൂന്നാമത്തെയും ഭര്‍ത്താവ് പ്രശസ്ത എഴുത്തുകാരന്‍ ആര്‍തര്‍ മില്ലറും. പക്ഷേ, ചിത്രം പൂര്‍ത്തിയാകും മുന്‍പേ അവര്‍ വിവാഹമോചനം നേടി. പടത്തിന്റെ പേര് ശരി വെയ്ക്കുന്ന പോലെയാണ് ആ പടത്തിന്റെ സെറ്റില്‍ ചില കാര്യങ്ങള്‍ നടന്നത്. ഷൂട്ടിംഗിനിടെ ക്ലര്‍ക്ക് ഗേബിള്‍ മര്‍ലിന്റെ അസ്വാഭാവിക പെരുമാറ്റത്തെ ചൊല്ലി അസ്വസ്ഥനാവുകയും അവരുമായി കലഹിക്കുകയും ചെയ്തു. ആര്‍തര്‍ മില്ലറുമായുള്ള വിവാഹബന്ധം അപ്പോള്‍ തകര്‍ച്ചയുടെ വക്കിലെത്തിയതിനാല്‍ സമ്മര്‍ദം മൂലം മര്‍ലിന്‍ നിരന്തരമായി മദ്യപിച്ചതിനാല്‍ ഷൂട്ടിംഗിനിടയില്‍ പ്രശ്‌നങ്ങള്‍ ഉല്‍ഭവിച്ചു. ഷൂട്ടിംഗ് വേളയില്‍ ഈ പ്രശ്‌നങ്ങള്‍ ഹൃദ്രോഗ ബാധിതനായ ക്ലര്‍ക്ക് ഗാബിളിന്റെ മരണം ത്വരിതപ്പെടുത്തിയതായി പറയപ്പെടുന്നു. 1960 നവംബറില്‍ ക്ലര്‍ക്ക് ഗേബിള്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം 1961 ഫെബ്രുവരിയില്‍ The Misfits പുറത്ത് വന്നു. ഒരു വര്‍ഷത്തിന് ശേഷം മര്‍ലിന്‍ മണ്‍റോയും 1962 ഓഗസ്റ്റ് 4 ന് തന്റെ 36-ാം വയസില്‍ ജീവനൊടുക്കി.

Marilyn Monroe - John Kennedy

മർലിൻ മൺറോ – ജോൺ കെന്നഡി

16-ാം വയസ്സില്‍ വിവാഹം കഴിച്ച അവരുടെ ആദ്യ ഭര്‍ത്താവ് ജെയിംസ് ഡൗഹെര്‍ട്ടിയായിരുന്നു. അവരുടെ രണ്ടാമത്തെ ഭര്‍ത്താവ് പ്രശസ്ത ബേസ്‌ബോള്‍ താരം ജോ ഡിമാജിയോ ആയിരുന്നു. അവര്‍ ഒരു വര്‍ഷത്തിനുശേഷം 1955-ല്‍ വേര്‍പിരിഞ്ഞു. എന്നാല്‍ മര്‍ലിന്റെ ഏറ്റവും പ്രശസ്തമായ വിവാഹ ബന്ധം നാടകകൃത്തായ ആര്‍തര്‍ മില്ലറുമായുള്ളതായിരുന്നു. ബുദ്ധിജീവിയും സാഹിത്യകാരനുമായ ആര്‍തര്‍ മില്ലറും ഹോളിവുഡിലെ ഏറ്റവും ഗ്ലാമറസ് സിനിമാതാരം മര്‍ലിന്‍ മണ്‍റോ അദ്ദേഹത്തിന്റെ ഭാര്യ – അവരെ ഒരു വിചിത്ര ദമ്പതികളായിട്ടാണ് ലോകം കണ്ടത്. പക്ഷേ, അത് മര്‍ലിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രണയങ്ങളിലൊന്നായിരുന്നു. ആ ബന്ധം 1961 വരെ, ആറ് വര്‍ഷം നീണ്ടുനിന്നു.

കെന്നഡി വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഗവണ്‍മെന്റ് കുറച്ച് നാള്‍ മുന്‍പ് പുറത്തുവിട്ട രഹസ്യരേഖകളില്‍ ഏറ്റവും ആകാംക്ഷയോടെ ചരിത്രകാരന്മാരും മാധ്യമങ്ങളും ഉറ്റുനോക്കുന്ന ഒന്നാണ് ഹോളിവുഡിലെ മാദക സുന്ദരി നടി മര്‍ലിന്‍ മണ്‍റോയും കെന്നഡി സഹോദരന്മാരും തമ്മിലുള്ള ഏറെ ജനശ്രദ്ധ നേടിയ സംഭവങ്ങളുടെ രേഖകള്‍. ഇനിയും പൂര്‍ണ്ണമായി പ്രകാശിതമാവാത്ത രേഖകളില്‍ ഹോളിവുഡിന്റെ ഉറക്കം കെടുത്തിയ സെക്‌സ് ബോംബായിരുന്ന മര്‍ലിന്‍ മണ്‍റോവുമായുള്ള പ്രസിഡന്റ് ജോണ്‍ കെന്നഡിയുടെ പ്രണയനാടകങ്ങളാകും, പുറത്ത് വന്നാല്‍ ഇനി, ഈ രഹസ്യരേഖകളില്‍ ഏറ്റവും പ്രചാരം നേടാന്‍ പോകുന്നത്.

അറുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1962 മെയ് 19 ന് അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ 45-ാം ജന്മദിനാഘോഷത്തില്‍, ഹോളിവുഡ് താരം മര്‍ലിന്‍ മണ്‍റോ നടത്തിയ ‘ഹാപ്പി ബര്‍ത്ത്‌ഡേ’ എന്ന ആവേശകരമായ ഗാനാലാപന പ്രകടനമാണ് മര്‍ലിന്‍ മണ്‍റോയും അമേരിക്കന്‍ പ്രസിഡന്റായ ജോണ്‍ കെന്നഡിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികളുടെ ആരംഭം.

അതിനുശേഷം ഒരു സിനിമാ പ്രവര്‍ത്തകനായ ആര്‍തര്‍ ക്രിമിന്റെ വീട്ടില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ എടുത്ത ഒരു അപൂര്‍വ ഫോട്ടോ മാത്രമാണ് കെന്നഡിയും മര്‍ലിന്‍മണ്‍റോയും തമ്മിലുള്ള അറിയപ്പെടുന്ന ഏക ചിത്രം എന്ന് പറയപ്പെടുന്നു. ഈ ഫോട്ടോ എടുത്ത വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫര്‍ സെസില്‍ സ്റ്റൗട്ടണ്‍, നാല്‍പ്പത്തിയെട്ട് വര്‍ഷം അത് രഹസ്യമായി വെച്ച ശേഷമാണ് 2010 ല്‍ അത് ആദ്യമായി പുറത്തുവിട്ടത്.

Marilyn with Arthur Miller

മൂന്നാം ഭർത്താവായ ആർതർ മില്ലറോടൊപ്പം മർലിൻ

മര്‍ലിന്‍ മണ്‍റോയ്ക്ക് സംഭവിച്ചത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നാണ്, ‘മര്‍ലിന്‍ മണ്‍റോയുടെ 50-ാം ചരമവാര്‍ഷികത്തില്‍ 2012-ല്‍ അവരുടെ ജീവചരിത്രകാരന്‍ ജെയിംസ് സ്പാഡ പീപ്പിള്‍ മാഗസിനോട് പറഞ്ഞു. മര്‍ലിന്‍ മണ്‍റോയുടെ മരണത്തിന് കെന്നഡി കുടുംബം ഉത്തരവാദികളാണെന്നതിന് തെളിവില്ലെന്ന് സ്പാഡ വിശ്വസിച്ചെങ്കിലും, കെന്നഡി സഹോദരന്മാരുമായി മെര്‍ലിന്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് വളരെ വ്യക്തമായിരുന്നു’ അദ്ദേഹം പറഞ്ഞു.

നടന്‍ പീറ്റര്‍ ലോഫോര്‍ഡ് 1954 ല്‍ മര്‍ലിന്‍ മണ്‍റോയെ കെന്നഡിക്ക് പരിചയപ്പെടുത്തി. എന്നിരുന്നാലും, കുറച്ചു നാളത്തെ ബന്ധത്തിന് ശേഷം ജോണ്‍ കെന്നഡിക്ക് അവളെ മടുത്തപ്പോള്‍, അയാള്‍ അവളെ തന്റെ സഹോദരനായ ബോബിക്ക് കൈമാറി. 1962 ലാണ് ഇത് സംഭവിച്ചതെന്ന് സ്പാഡ പറയുന്നു.

മര്‍ലിന്‍ മണ്‍റോയുടെ രണ്ടാമത്തെ ഭര്‍ത്താവും ബേസ്‌ബോള്‍ ഇതിഹാസവുമായ ജോ ഡിമാജിയോ, മര്‍ലിന്‍ മണ്‍റോയുടെ മരണത്തിന് കാരണക്കാര്‍ കെന്നഡിമാരാണെന്ന് കുറ്റപ്പെടുത്തിയെന്ന് 2017 ല്‍ പുറത്ത് വന്ന ജോണ്‍ പോസിറ്റാനോയ്ക്കൊപ്പം ഡോ. റോക്ക് പോസിറ്റാനോ എഴുതിയ ‘ ഡിന്നര്‍ വിത്ത് ഡിമാജിയോ: മെമ്മറീസ് ഓഫ് ആന്‍ അമേരിക്കന്‍ ഹീറോ’ എന്ന ഡിമാജിയോയുടെ ജീവചരിത്രത്തില്‍ പറയുന്നു. ‘കെന്നഡിമാരുടെ സംഘം സ്ത്രീകളുടെ കൊലയാളികളായിരുന്നു, അവര്‍ എപ്പോഴും അതില്‍ നിന്ന് രക്ഷപ്പെട്ടു,’ ഡിമാജിയോ പറഞ്ഞു, ‘നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞാലും അവര്‍ അതില്‍ നിന്ന് രക്ഷപ്പെടും.’ പുസ്തകത്തില്‍ പറയുന്നു.

‘എന്റെ പാവം മര്‍ലിനോട് അവര്‍ അങ്ങനെ ചെയ്തു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു.’ മര്‍ലിന്റെ മുന്‍ ഭര്‍ത്താവ് കൂടിയായ ബേസ്‌ബോള്‍ താരം കൂട്ടിച്ചേര്‍ത്തു. ദി ലാസ്റ്റ് ഡേയ്സ് ഓഫ് മെര്‍ലിന്‍ മണ്‍റോയുടെ രചയിതാവായ ഡൊണാള്‍ഡ് വൂള്‍ഫിന്റെ അഭിപ്രായത്തില്‍ മര്‍ലിന്‍ മണ്‍റോയുടെ മരണം അന്വേഷിച്ച പോലീസ് സ്‌ക്വാഡ്, മര്‍ലിന്‍ മണ്‍റോയുടെ പി. ആര്‍. ഒ പാറ്റ് ന്യൂകോംബിനെയോ, കെന്നഡി കുടുംബത്തിലെ അംഗങ്ങളേയോ കേസന്വേഷണത്തില്‍ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല..

‘ഫോറന്‍സിക് ജോലിയും പോലീസ് അന്വേഷണങ്ങളും നിരാശാജനകമാംവിധം പിഴവുള്ളതായിരുന്നു’ എന്ന് മര്‍ലിന്‍ മണ്‍റോയുടെ മറ്റൊരു ജീവചരിത്രകാരന്‍ ആന്റണി സമ്മേഴ്സ് പറയുന്നു.

Marilyn paintings
ആൻഡി വാറോൾ തൻ്റെ മർലിൻ ചിത്രങ്ങളുടെ മുന്നിൽ (1962)

കഴിഞ്ഞ നവംബറില്‍ 90 വയസ്സുള്ള ഓസ്‌കാര്‍ ജേതാവ്, ”ഷേര്‍ലി മക്ലെയ്ന്‍ തന്റെ പുതിയ പുസ്തകത്തില്‍ നിരവധി അപകീര്‍ത്തികരമായ കെന്നഡി – മര്‍ലിന്‍ കഥകള്‍ പങ്കുവയ്ക്കുന്നു.
തന്റെ പുതിയ പുസ്തകമായ ‘ദി വാള്‍ ഓഫ് ലൈഫ്: പിക്‌ചേഴ്‌സ് ആന്‍ഡ് സ്റ്റോറീസ് ഫ്രം ദിസ് മാര്‍വലസ് ലൈഫ് ടൈം’ എന്ന തന്റെ പുസ്തകത്തില്‍ ”ഷേര്‍ലി മക്ലെയ്ന്‍ അപകീര്‍ത്തികരമായ അവകാശവാദം ഉന്നയിച്ചതാണ് കെന്നഡിമാരെ കുറിച്ചുള്ള ഏറ്റവും പുതിയ അപവാദം.

1962 മെയ് 19-ന് മര്‍ലിന്‍ മണ്‍റോ ‘ഹാപ്പി ബര്‍ത്ത്‌ഡേ, മിസ്റ്റര്‍ പ്രസിഡന്റ്’ ഗാനം ആലപിച്ച രാത്രിയിലെ ആ പരിപാടിയില്‍ മക്ലെയ്ന്‍ പങ്കെടുത്തിരുന്നു, അതിനുശേഷം നടന്ന പാര്‍ട്ടിയില്‍ താന്‍ പങ്കെടുത്തതായും അവിടെ പ്രസിഡന്റ് കെന്നഡി മണ്‍റോയെ അകത്തുകയറ്റി. പിന്നീട് അദ്ദേഹം കിടപ്പുമുറിയില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടതായും പറയുന്നു. ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം, അന്ന് യുഎസ് അറ്റോര്‍ണി ജനറലായിരുന്ന റോബര്‍ട്ട് എഫ്. കെന്നഡി ഉടന്‍ തന്നെ മുറിയില്‍ പ്രവേശിച്ചുവെന്നും, അത് തന്റെ സഹോദരന് തൊട്ടുപിന്നാലെ താരവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടിയാണെന്നും മക്ലെയ്ന്‍ അവകാശപ്പെടുന്നു. അന്ന് വൈകുന്നേരം കെന്നഡി സഹോദരന്മാര്‍ക്കൊപ്പം നടി ശാരീരികമായി ബന്ധപ്പെട്ടതായി മക്ലെയ്ന്‍ തന്റെ പുസ്തകത്തില്‍ എഴുതുന്നു.

മര്‍ലിന്‍ ന്യൂയോര്‍ക്കിലെ ‘ഹാപ്പി ബര്‍ത്ത്‌ഡേ’ പ്രകടനത്തിന് 30 മിനിറ്റ് മുമ്പ്, തന്റെ ഡ്രസ്സിംഗ് റൂമില്‍ വെച്ച് റോബര്‍ട്ട് കെന്നഡിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് കോളമിസ്റ്റായ മൗറീന്‍ കല്ലഹാന്‍ തന്റെ പുസ്തകമായ ‘ആസ്‌ക് നോട്ട്: ദി കെന്നഡിസ് ആന്‍ഡ് ദി വിമന്‍ ദേ ഡിസ്‌ട്രോയ്ഡ്’ ല്‍ അവകാശപ്പെടുന്നു.

‘അവര്‍ 15 മിനിറ്റ് ഒറ്റയ്ക്ക് ഒരുമിച്ച് ചെലവഴിച്ചു,’ കാലഹന്‍ തന്റെ പുസ്തകത്തില്‍ എഴുതുന്നു.’ മദ്യപിച്ചാണ് ഹോളിവുഡ് താരം വേദിയില്‍ എത്തിയതെന്ന് അവര്‍ ആരോപിച്ചു, അവളുടെ വസ്ത്രം വളരെ ഇറുകിയതായിരുന്നു, അവള്‍ക്ക് ശരിക്ക് നടക്കാന്‍ പോലും സാധിച്ചില്ല.’

marilyn monroe suicide news

മൂന്ന് മാസങ്ങള്‍ക്ക് ശേഷം 1962 ഓഗസ്റ്റ് 5 ന്, ലോസ് ഏഞ്ചല്‍സിലെ തന്റെ വീട്ടില്‍ സെഡറ്റീവ് മരുന്നായ ബാര്‍ബിറ്റിയൂറേറ്റുകളുടെ അമിത അളവ് അകത്ത് ചെന്നതു മൂലം 36 വയസ്സു മാത്രം പ്രായമുള്ള മര്‍ലിന്‍ മണ്‍റോ മൃതിയടഞ്ഞു… അവരുടെ മരണം ആത്മഹത്യയായിരിക്കാമെന്ന് അധികാരികളും, പോലീസും, ലോകവും വിധിയെഴുതി. എങ്കിലും മരണത്തില്‍ ദുരൂഹത നിലനിറുത്തിയാണ് താരം ജീവനൊടുക്കിയത്.

പിന്നീട് ഹോളിവുഡിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലെ ആറാമത്തെ ഏറ്റവും മികച്ച വനിതാ സിനിമാ ഇതിഹാസമായി അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മര്‍ലിന്‍ മണ്‍റോവിനെ തെരഞ്ഞെടുത്തു. മര്‍ലിന്‍ മണ്‍റോ മരിച്ച് അടുത്ത വര്‍ഷം നവംബറില്‍ പ്രസിഡന്റ് കെന്നഡിയും വധിക്കപ്പെട്ടു. പക്ഷേ, താരത്തിന്റെ കെന്നഡികളുമായുള്ള ബന്ധത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ ഇപ്പോഴും പ്രചരിക്കുന്നു.

60 കളുടെ തുടക്കത്തില്‍, മരണത്തിനു മുമ്പുതന്നെ, ഒരു അമേരിക്കന്‍ പ്രസിഡന്റിനും മുന്‍പ് ഇല്ലാത്ത വിധത്തില്‍ കെന്നഡി അധികാരത്തിന്റെയും ഗ്ലാമറിന്റെയും പ്രതീകമായിരുന്നു. കെന്നഡിയും ഭാര്യ ജാക്കിയും സമ്പന്നരും സാമൂഹികവാദികളുമായ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, കെന്നഡി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പ്രസിഡന്റായി.

book

കെന്നഡിയുടെ ഇമേജ് തകർത്ത പുസ്തകം

43 വയസ്സുള്ളപ്പോള്‍, അമേരിക്കയിലെ ആദ്യത്തെ കത്തോലിക്കാ പ്രസിഡന്റായി. ഇത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിനെ കൂടുതല്‍ ചരിത്രപരമാക്കുകയും അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനം വ്യത്യസ്തമായിരിക്കുമെന്ന ധാരണയ്ക്ക് ഊര്‍ജം നല്‍കുകയും ചെയ്തു. വൈറ്റ് ഹൗസിലെ ഈ ദമ്പതികളുടെ ആദ്യ നാളുകള്‍ പുതിയൊരു ഗ്ലാമര്‍ ലോകത്തെ പ്രതിഫലിപ്പിച്ചു. കെന്നഡി കുടുംബം ‘സ്വകാര്യ ജെറ്റുകള്‍ വഴി നിരവധി യാത്രകള്‍ നടത്തി. രാജകുടുംബാംഗങ്ങളെയും സെലിബ്രിറ്റി അതിഥികളെയും പ്രശംസിക്കുന്ന ആഡംബര പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്തു. ഫ്രാങ്ക് സിനാട്ര പോലുള്ള പ്രശസ്തര്‍ ഈ അതിഥികളില്‍ ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് കെന്നഡി ദമ്പതികളുടെ യുവത്വവും ഫാഷനും രസകരവുമായ പ്രതിച്ഛായ ഉയര്‍ത്തി. ലോകത്തിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റികളായി കെന്നഡിയും ജാക്വിലിനും ഉയര്‍ന്നു.

കെന്നഡിയുടെ ഭരണത്തിന്റെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ ഈ മിത്ത് മറച്ചുവച്ചു. ഉദാഹരണത്തിന്, 1960-ല്‍ വൈസ് പ്രസിഡന്റ് നിക്സണെതിരായ കെന്നഡിയുടെ തിരഞ്ഞെടുപ്പ് വിജയം പ്രസിഡന്റ് ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ ഒന്നായിരുന്നു. അന്തിമഫലം കാണിക്കുന്നത് കെന്നഡി 34,227,096 ജനകീയ വോട്ടുകള്‍ നേടി വിജയിച്ചു എന്നാണ്. അതേസമയം, റിച്ചാര്‍ഡ് നിക്സണിന് 34,107,646 വോട്ടുകള്‍ ലഭിച്ചു. ഇത് സൂചിപ്പിക്കുന്നത് 1961-ല്‍, ജോണ്‍ കെന്നഡി ഒരു പ്രായം കുറഞ്ഞ സെലിബ്രിറ്റി പ്രസിഡന്റ് എന്ന ആശയം, പ്രചരണം സൂചിപ്പിക്കുന്നത് പോലെ അത്രയും ജനപ്രിയമായിരുന്നില്ല എന്നാണ്.

വൈറ്റ് ഹൗസില്‍ ലൈംഗികാപവാദങ്ങളുടെ കേളികൊട്ടുയരുന്നത് പുതിയ സംഭവമൊന്നുമല്ല. 1933 ല്‍ ഫ്രാങ്കളിന്‍ റൂസ്വെല്‍റ്റ് മുതല്‍ 1998 ലെ വാര്‍ത്തകളില്‍ നിറഞ്ഞ മൊണിക്കാ ലെവന്‍സ്‌കി – പ്രസിഡന്റ് ക്ലിന്റണ്‍ ബന്ധം വരെ അമേരിക്കക്കാര്‍ കണ്ടതും കേട്ടതുമാണ്. കുറഞ്ഞത് ഒമ്പത് അമേരിക്കന്‍ പ്രസിഡന്റുമാരെങ്കിലും ലൈംഗികാപവാദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.

Mao-Marilyn portrait

സാൽവദോ റാലിയുടെ മാവോ- മർലിൻ ഛായചിത്രം – വോഗ് മാസിക (1971)

കെന്നഡി രഹസ്യരേഖകള്‍ പൂര്‍ണമായി പുറത്ത് വരുന്നതോടെ ഹോളിവുഡ് ഐക്കണ്‍ മെര്‍ലിന്‍ മണ്‍റോയുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും, ഈ ത്രികോണ പ്രണയത്തെ കൂടുതല്‍ വിവാദമാക്കിയ, അദ്ദേഹത്തിന്റെ സഹോദരന്‍ വഹിച്ച പങ്കിനെക്കുറിച്ചും രഹസ്യരേഖകളില്‍ പറയുന്ന പുതിയ അറിവുകളും ചികയാന്‍ ആകാംക്ഷയോടെ അമേരിക്കന്‍ സമൂഹം കാത്തിരിക്കുന്നു. പഴയ സിനിമാ രംഗത്തിലെ, ന്യൂയോര്‍ക്കിലെ സബ് വേയില്‍ കാറ്റത്ത് വസ്ത്രം പറന്ന മെര്‍ലിന്‍ മണ്‍റോയെ കണ്ടപ്പോള്‍ അനുഭവിച്ച ഇക്കിളിപ്പെടുത്തുന്ന നെഞ്ചിടിപ്പോടെ! Today is Marilyn Monroe’s memorial day 

Content Summary: Today is Marilyn Monroe’s memorial day

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×