അറുപത്തിയേഴ് വര്‍ഷം മുന്‍പ്, 1957 ഏപ്രില്‍ 7 ന് ഐക്യ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി ഇ.എം.എസ് സത്യപ്രതിജ്ഞ ചെയ്യുന്ന നേരത്ത് അദ്ദേഹത്തിന്റെ കയ്യിലെ റിസ്റ്റ് വാച്ച് നിന്ന് പോയി. ഉടനെ അവിടെയുണ്ടായിരുന്ന പത്രപ്രവര്‍ത്തകനായ പവനന്‍ ഊരി കൊടുത്ത ഹിന്ദുസ്ഥാന്‍ വാച്ച് കെട്ടിയാണ് ഇ.എം.എസ്. അന്ന് സത്യപ്രതിജ്ഞ ചെയ്തത്. ‘അന്ന് സ്തംഭിച്ചത് ഇ.എം.എസിന്റെ വാച്ചല്ല ചരിത്രമാണ്’ എന്നാണ് സത്യപ്രതിജ്ഞയെ കുറിച്ച് പിറ്റേന്ന് പത്രത്തില്‍ പവനന്‍ എഴുതിയത്.
സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങുന്ന കേരളത്തിന്റെ ആദ്യത്തെ നിയുക്ത മുഖ്യമന്ത്രിയുടെ ഇത്തരം കാര്യങ്ങളന്വേഷിക്കാന്‍ അന്ന് ഉദ്യോഗസ്ഥരോ മറ്റ് സംവിധാനമോ ഇല്ല. ഇ.എം.എസ് ആകട്ടെ, ഇതൊന്നും ഗൗനിച്ചതേയില്ല. തന്റെ ലളിത ജീവിതത്തില്‍ ഇത്തരം കുറവുകളൊന്നും അദ്ദേഹത്തിന് പ്രാധാന്യമുള്ളതല്ല. അല്ലെങ്കില്‍ അവയൊന്നും അദ്ദേഹത്തിനെ സ്പര്‍ശിച്ചതേയില്ല. ഇന്നാണെങ്കില്‍ ഇത് പത്രങ്ങളില്‍ വേലികെട്ടിയ മുന്‍ പേജ് വാര്‍ത്തയാണ്. ഡിജിറ്റല്‍ മീഡിയ ഏറ്റെടുത്ത് ആഘോഷിച്ചിരിക്കും.

പതിനായിരങ്ങള്‍ മുടക്കി സര്‍ക്കാര്‍ ചിലവില്‍ മന്ത്രിമാര്‍ കണ്ണടകള്‍ വാങ്ങുന്ന വാര്‍ത്തയൊക്കെ സാധാരണമായ ഈ കാലത്ത് ആദ്യത്തെ മുഖ്യമന്ത്രിയുടെ കേടായ വാച്ചിന്റെ കഥ ഓര്‍ത്തിരിക്കേണ്ടതാണ്.
‘ഇ.എം.എസ്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താകുന്നു?’ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1991 ല്‍ ഒരു പ്രധാന മലയാള ദിനപത്രത്തിന്റെ മുന്‍പേജ് തലക്കെട്ടായിരുന്നു.
പുറത്താകല്‍ ശരിയോ? അത് വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ച് ആചാര്യന്‍ വിട പറയുന്നു. പാര്‍ട്ടിക്ക് അകത്തും പുറത്തും തര്‍ക്കം മുറുകി. പിന്നീട് ഒന്നരക്കൊല്ലം കഴിഞ്ഞാണ് മദ്രാസ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വെച്ച് ഇ.എം.എസ് സ്ഥാനമൊഴിഞ്ഞത്. വികാരപരമായ യാത്രയയപ്പൊന്നും ഇ.എം.എസിനില്ല. എങ്കിലും പിന്‍ഗാമിക്ക് അധികാരം കൈമാറും മുന്‍പ് ചില വാചകങ്ങള്‍ എല്ലാവരും പ്രതീക്ഷിച്ചു. മാധ്യമങ്ങള്‍ക്ക് അടര്‍ത്തിയെടുക്കാന്‍ ഒന്നും ഇല്ലാതെ അത് അവസാനിച്ചു.
പാര്‍ട്ടിയുടെ നയങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച വിശകലനത്തിന് ശേഷം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
”ഞാന്‍ പോളിറ്റ് ബ്യൂറോ മെമ്പറാണ്. ആരോഗ്യം കുറയുന്നതനുസരിച്ച് ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടിയിലെ സ്ഥാനം ഒഴിയുന്നത്”.
കേരളത്തിലെ ഒരു വലിയ പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവ് സ്ഥാനമൊഴിയുമ്പോഴുണ്ടാകുന്ന കോലാഹലങ്ങളൊന്നും ഇത് സൃഷ്ടിച്ചില്ല. ഇ.എം.എസിന്റെ കനപ്പെട്ട അഭിമുഖങ്ങളൊന്നും പാര്‍ട്ടി പത്രത്തില്‍ പോലും ഉണ്ടായില്ല. തന്നെ കേന്ദ്രീകരിച്ചുള്ള വാര്‍ത്താ സംരംഭങ്ങളെ ഇ.എം.എസ് എന്നും നിരാകരിച്ചിരുന്നു. തന്റെ അഭിപ്രായങ്ങളെ പിന്‍താങ്ങാനോ, പ്രചരിപ്പിക്കാനോ ഒരു അനുചരവൃന്ദവും അദ്ദേഹത്തിനില്ലായിരുന്നു.

പാര്‍ട്ടിയിലും, അനുഭാവികള്‍ക്കും ഇ.എം.എസ് വിഗ്രഹമായിരിക്കാം, ആചാര്യനായിരിക്കാം പക്ഷേ, സ്വയം ഒരിക്കലും വ്യക്തി പൂജയ്ക്ക് നിന്ന് കൊടുക്കാനോ, വിഗ്രഹമാകാനോ ഒരിക്കലും തുനിഞ്ഞില്ല. നിസംഗതയോടെ, ശരിയാണെങ്കിലും, തെറ്റാണെങ്കിലും പാര്‍ട്ടി പറയുന്ന ലൈനില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നു. ചിലപ്പോള്‍ തിരുത്തി പറയുന്നു. ശരിയെന്നു സമ്മതിപ്പിച്ചു കൊണ്ട് ഇ.എം.എസ് പറഞ്ഞ തെറ്റിന്റെ ശരികള്‍ ഒന്നുകൂടി വ്യക്തമായി ഉറപ്പിക്കുന്നു. പാര്‍ട്ടി അത് ഏറ്റെടുക്കുന്നു. കേരളം കാതോര്‍ത്തിരിക്കുമ്പോള്‍ ഇ.എം.എസ് ചിരിച്ചു കൊണ്ട് പറയുന്നു
”ഞാനന്നേ പറഞ്ഞില്ലേ. പാര്‍ട്ടിയാണ് പ്രധാനം. പാര്‍ട്ടി തീരുമാനം വിശ്വസ്തയോടെ നടപ്പിലാക്കുക. ബാക്കിയൊക്കെ പിന്നെ”.
50 കൊല്ലം മുന്‍പ് പവനന്‍ എഴുതി’ പാര്‍ട്ടി സെക്രട്ടറി സി.എച്ച് കണാരന്‍ ഇ.എം.എസി നോട് ഇങ്ങനെ പറയുന്നു എന്നിരിക്കട്ടെ ”ഇ.എം.എസ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും സഖാവ് ഒഴിഞ്ഞു നില്‍ക്കുന്നതായിരിക്കും പാര്‍ട്ടിക്ക് ഗുണമെന്നാണ് സ്റ്റേറ്റ് കമ്മറ്റിയുടെ അഭിപ്രായം”
ഉടനെ അദ്ദേഹം പറയും ”സ്റ്റേറ്റ് കമ്മറ്റി അങ്ങനെ തിരുമാനിച്ചോ, ശരി രാജിക്കത്ത് ഞാനിപ്പോള്‍ എഴുതി തരാം. ആര്യയോട് ഇപ്പോള്‍ പറയണ്ട. ഞാന്‍ തന്നെ പിന്നീട് പറഞ്ഞോളാം” അത്ര ലാഘവമെ ഈ കാര്യത്തിന് അദ്ദേഹം നല്‍കുകയുള്ളൂ. വ്യക്തിപരമായി ഇതില്‍ ഒരു നഷ്ടവും അദ്ദേഹം അശേഷം പ്രകടിപ്പിക്കില്ല. തന്റെ വലിപ്പവും സ്ഥാനവും അല്ല. പാര്‍ട്ടിക്കാണ് പരിഗണയും മുന്‍ഗണനയും.

1957 ല്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യം ഡല്‍ഹിയിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും മലയാളികളും സംഘങ്ങളായി എത്തി. മുറിക്കൈ ബുഷ് ഷര്‍ട്ടും മുണ്ടും ധരിച്ച മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങി വന്നു കയ്യില്‍ ഒരു കൊച്ചു സഞ്ചി മാത്രം. മുഖ്യമന്ത്രി പരിവേഷത്തിന്റെ യാതൊരു ആര്‍ഭാടവുമില്ല, പരിവാരങ്ങളുമില്ല. നേരെ കാറില്‍ കയറി കേരളാ മുഖ്യമന്ത്രി താമസസ്ഥലമായ കൊച്ചിന്‍ ഹൗസിലേക്ക് പോയി.
ഇ.എം.എസിന്റെ പത്രസമ്മേളനങ്ങള്‍ പ്രത്യേകിച്ചും ആദ്യ കാലങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചുള്ളത് ഏറെ പ്രസിദ്ധമായിരുന്നു. ചോദ്യങ്ങള്‍ക്ക് ക്രുദ്ധനാവുകയോ, ചോദ്യകര്‍ത്താവിനെ ആക്ഷേപിക്കുകയോ ഇല്ല. കടക്ക് പുറത്ത് ശൈലിയില്ലേയില്ല. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി. 1957 ല്‍ മുഖ്യമന്ത്രിയായപ്പോഴുള്ള ഡല്‍ഹിയിലെ ആദ്യ പത്രസമ്മേളനം കൊച്ചിന്‍ ഹൗസിലെ (ഇന്നത്തെ കേരള ഹൗസ്) ഡൈനിങ്ങ് ഹാളില്‍ വെച്ചായിരുന്നു. അതിലാണ് പിന്നീട് പ്രശസ്തമായ ഇ.എം.എസിന്റെ ഉത്തരം കേട്ടത്.
അന്ന് ഒരു അമേരിക്കന്‍ പത്ര പ്രതിനിധി തന്റെ റിപ്പോര്‍ട്ടിന് പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍ ഒരു ചോദ്യം ചോദിച്ചു: ”താങ്കള്‍ക്ക് എപ്പോഴും വിക്കുമോ?”
ഇ.എം.എസിന്റെ മറുപടി:
”ഇല്ല സംസാരിക്കുമ്പോള്‍ മാത്രം.”
അവിടെയുള്ള എല്ലാവരും ചിരിച്ചു.

ഇ.എം.എസിന് സംസാരിക്കുമ്പോള്‍ മാത്രമേ വിക്കലുള്ളൂ, കൂടെയുള്ളവര്‍ക്ക് ചിന്തിക്കുമ്പോഴും വിക്കലാണെന്ന പ്രയോഗമൊക്കെ ഇതിന്റെ ചുവടുപിടിച്ച് വന്നതാണ്. പത്രക്കാരുടെ ചില ബാലിശമായ ചോദ്യങ്ങളെ ലളിതമായ മറുപടിയാല്‍ നേരിട്ടു. അതിങ്ങനെ:
”നിങ്ങളുടെ ബുദ്ധി വൈഭവത്തില്‍ എനിക്ക് ബഹുമാനമുണ്ട്” തീര്‍ന്നു. കോപമോ ചീത്തവിളിയോ ആക്ഷേപിക്കലോ ഇല്ല.
മലയാളി പത്രപ്രവര്‍ത്തകനായ നരേന്ദ്രന്റെ സ്‌കൂട്ടറിനു പിന്നില്‍ ഇരുന്ന് താമസ സ്ഥലത്തേക്ക് പോകുന്ന ഇ.എം.എസിനെ കുറിച്ച് ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകന്‍
വി.കെ. മാധവന്‍ കുട്ടി ഒരിക്കല്‍ എഴുതിയിരുന്നു.
90 കളിലെ സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയെ കുറിച്ച് ഒരു ദിനപത്രം ചര്‍ച്ച നടത്താന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം ക്ഷണിച്ചത് ഇ.എം.എസിനെയായിരുന്നു. പറ്റില്ല. എന്നായിരുന്നു ആദ്യ പ്രതികരണം. ‘പാര്‍ട്ടി സോവ്യറ്റ് സംഭവങ്ങള്‍ ചര്‍ച്ച ചെയ്തില്ല’ എന്നതായിരുന്നു കാരണം.

കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് കോട്ടകള്‍ നിലം പൊത്തുകയായിരുന്ന ആ സംഭവങ്ങളില്‍ തന്റെ വ്യാഖ്യാനം എന്തായിരിക്കുമെന്ന് ലോകം ഉറ്റു നോക്കുകയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. പാര്‍ട്ടിയുടെ നിലപാട് രൂപീകരിക്കാതെ അദേഹം പുറത്ത് ഒരു ചര്‍ച്ചയ്ക്ക് തയ്യാറായില്ല. ലോകശ്രദ്ധ നേടുന്നതായിട്ടും ഒരു നീതികരണത്തിന് പെട്ടെന്ന് അദ്ദേഹം തയ്യാറായില്ല. അത്രമാത്രം ജാഗ്രത പാര്‍ട്ടി കാര്യങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയിരുന്നു.
ഒടുവില്‍ ചില ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറഞ്ഞു. സോവ്യറ്റ് യൂണിയനില്‍ പാര്‍ട്ടി തകര്‍ന്നതു കൊണ്ട് ഇന്ത്യയില്‍ തകരും എന്ന ധാരണ തെറ്റാണ് എന്നും, ഇന്ത്യന്‍ മണ്ണില്‍ വേരൂന്നിയത് കമ്യൂണിസമാണ്. ഇവിടെ അത് നിലനില്‍ക്കും. ആ നിഗമനം ശരിയായി എന്ന് തെളിയിച്ചു. തന്റെ വീക്ഷണങ്ങള്‍ വ്യക്തമായി പറയുകയും എഴുതുകയും ചെയ്യുന്ന ഇ.എം.എസ് തന്റെ അഭിപ്രായങ്ങള്‍ക്ക് പിന്‍തുണയായി മറ്റ് എഴുത്തുകാരുടെ സഹായം ഒരിക്കലും തേടിയിരുന്നില്ല.
തന്നെ തേടി വന്ന പുരസ്‌കാരങ്ങളും സ്വീകരിക്കാന്‍ ഇ.എം.എസ്. തയ്യാറായിരുന്നില്ല. ലോകത്തിലെ ഏറ്റവും പ്രശസ്തനായ കമ്യൂണിസ്റ്റുകാരനായ ഇ.എം.എസിന് 1977 ല്‍ ജര്‍മ്മന്‍ ജനാധിപത്യ റിപ്പബ്ലിക്ക് തങ്ങളുടെ ഏറ്റവും ഉന്നത പുരസ്‌കാരമായ ‘ഓഡര്‍ ഓഫ് കാറല്‍ മാര്‍ക്‌സ്’ പദവി കൊടുക്കാന്‍ തീരുമാനിച്ച് GDR ലെ ഇന്ത്യന്‍ സ്ഥാനപതിയായ ഡോ. ബീദര്‍ മാന്‍ വഴി രഹസ്യമായി ഇ.എം.എസിന്റെ സമ്മതം തേടി. കേട്ടപാടെ അത് അദ്ദേഹം നിരസിച്ചു.

ആദ്യം സി.പി.എം.നെ GDR ഒരു സഹോദര പാര്‍ട്ടിയായി അംഗീകരിക്കട്ടെ. എന്നിട്ട് നോക്കാം പുരസ്‌ക്കാരമൊക്കെ എന്നായിരുന്നു ഇ.എം.എസ് ന്റെ നിലപാട്. (1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി GDR അംഗീകരിച്ചത് സി.പി.ഐ യെ ആയിരുന്നു.) പതിനഞ്ച് വര്‍ഷത്തിന് ശേഷം 1992 ല്‍ നരസിംഹറാവു സര്‍ക്കാര്‍ ഇന്ത്യയിലെ ഉന്നത പുരസ്‌ക്കാരമായ പത്മവിഭൂഷണ്‍ രണ്ട് ഉന്നത നേതാക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഒരാള്‍ ഇ.എം.എസ് ആയിരുന്നു. മറ്റേയാള്‍ ബി.ജെ.പിയുടെ എ.ബി.വാജ്‌പേയും. ഇ.എം.എസ് അത് നിരസിച്ചു. വാജ്പേയ് അത് സ്വീകരിക്കുകയും ചെയ്തു. യാദൃശ്ചികതയാകാം ആറ് വര്‍ഷം കഴിഞ്ഞ് ഇ.എം.എസ് അന്തരിച്ച മാര്‍ച്ച് 19 നായിരുന്നു വാജ്പേയ് പ്രധാനമന്ത്രിയായി രണ്ടാമത് അധികാരമേറ്റത്
കേരള രാഷ്ട്രീയത്തിലെ സംവാദങ്ങളില്‍ ഇ.എം.എസിന്റെ പ്രധാന പ്രതിയോഗിയായിരുന്ന യശഃശരീരനായ പി. പരമേശ്വരനെ ആര്‍.എസ്.എസ്സിന്റെ സൈദ്ധാന്തികനായി ലേഖനത്തിലൂടെ, ആദ്യം വിശേഷിപ്പിച്ചത് ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. പല വിഷയങ്ങളിലും അവര്‍ തമ്മില്‍ ലേഖനങ്ങളിലൂടെ ഏറ്റുമുട്ടി. ഭാരതീയ വിചാര കേന്ദ്രത്തിന്റെ വക്താവായി പി. പരമേശ്വരന്‍ മറുപടി പറയുമ്പോള്‍ മറുപടി ലേഖനത്തില്‍ ആര്‍.എസ്.എസിന്റെ താത്വികാചാര്യന്‍, സൈദ്ധാന്തികന്‍ എന്നാണ് ഇ.എം.എസ് അദ്ദേഹത്തിനെ പരാമര്‍ശിക്കുക, ഭാരതീയവിചാര കേന്ദ്രം എന്ന വിശേഷണം ബുദ്ധിപൂര്‍വ്വം, ഒരിക്കലും ഇ.എം.എസ്സ് ഉപയോഗിക്കില്ല! ഇ.എം.എസ്സുമായി നിരന്തരം കത്തിടപാടുകള്‍ നടത്തിയിരുന്ന ഒരേ ഒരു ആര്‍.എസ്.എസ് കാരനും
പി. പരമേശ്വരനാകും.
‘താങ്കള്‍ താങ്കളുടെ നിലപാടുകളിലും, ഞാന്‍ എന്റെ നിലപാടിലും ഉറച്ച് നില്‍ക്കുന്നതിനാല്‍ ഇനി ഈ വിഷയത്തില്‍ സംവദിക്കേണ്ടതില്ല!’ എന്ന നിലയില്‍ ഒടുവില്‍ ഇ.എം.എസ് വാദം അവസാനിപ്പിക്കും. അക്കാര്യത്തില്‍ ഇ.എം.എസ്സ് പുലര്‍ത്തിയിരുന്ന സമചിത്തത മറ്റു പലര്‍ക്കില്ലാത്തതായിരുന്നു.’ ഇ.എം.എസിന്റെ പ്രതിപക്ഷ ബഹുമാനത്തെ കുറിച്ച് പരമേശ്വരന്‍ ചരമക്കുറിപ്പില്‍ എഴുതി.

ഒരിക്കല്‍ സി.പി.എം ന്റെ പോഷക സംഘടനയായ ബാലസംഘത്തിന്റെ വേനലവധിക്കുള്ള ക്യാമ്പിന്റെ സമാപന ചടങ്ങില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞു. കുട്ടികളോടുള്ള സ്വാഭാവിക വാത്സല്യമൊന്നും പ്രകടിപ്പിക്കാതെയായിരുന്നു അത്. ‘കുട്ടികള്‍ക്കൊപ്പം സല്ലപിക്കുന്ന ഇ.എം.എസ്’ നല്ലൊരു വാര്‍ത്താ ചിത്രം ‘ഇ.എം.എസും കുട്ടികളും’ പത്രത്തില്‍ പ്രതീക്ഷിച്ചവര്‍ക്കൊക്കെ നിരാശയായി. അദ്ദേഹത്തിനത് ഒരു പാര്‍ട്ടി പരിപാടി മാത്രം. വ്യക്തിപരമായി പത്രത്തില്‍ പടമൊന്നും വരുത്താന്‍ ഒരു ശ്രമവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല.
ഒരു സഹപ്രവര്‍ത്തകന്‍ കമ്യൂണിസ്റ്റുകാരന് പ്രേമിക്കാമോ എന്ന് ഇ.എം.എസിനോട് ചോദിച്ച ഒരു കഥയുണ്ട്. ‘കമ്യൂണിസത്തിന് വേണ്ടിയാണെങ്കില്‍ ആവാം’ എന്നായിരുന്നു മറുപടി. പത്രക്കാരുമായുള്ള നിരന്ത സമ്പര്‍ക്കുമുണ്ടെങ്കിലും എപ്പോഴെങ്കിലും ഏതെങ്കിലും വിധത്തില്‍ അവരെ സ്വാധീനിക്കാനോ തന്റെ ആശയങ്ങള്‍ക്ക് പിന്‍തുണ നേടാനോ ശ്രമിച്ചില്ല. എന്നാല്‍ തന്റെ ഉന്നം ഏതാണെന്ന് അവരെ ധരിപ്പിക്കാന്‍ ചാണക്യസൂത്രം പ്രയോഗിക്കും. അത്തരമൊരു സംഭവം ഈയടുത്ത് അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. അരവിന്ദാക്ഷന്‍ ഒരിക്കല്‍ എഴുതി.
1967 ല്‍ ഒരു ദിവസം കോഴിക്കോട്ട് വെച്ച് രാവിലെ ഇ.എം.എസ് നമ്പൂതിരിപ്പാട് അരവിന്ദാക്ഷനെ വിളിച്ചു. ഒന്ന് കാണണം ഇ.എം.എസ് എന്ന് പറഞ്ഞതനുസരിച്ചാണ് അന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകനായ അരവിന്ദാക്ഷന്‍ അതിരാവിലെ താമസസ്ഥലത്ത് വന്നത്. 1967 ല്‍ രൂപീകരിച്ച സപ്തകക്ഷി മുന്നണിയുടെ സീറ്റ് വിഭജനം സംബന്ധിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിലപാടായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ഇ.എം.എസിന്റെ വാക്കുകള്‍ മുറിഞ്ഞ് മുറിഞ്ഞു തെറിച്ച് വീണപ്പോള്‍ കേട്ടപ്പോഴേ അരവിന്ദാക്ഷന് കാര്യം മനസ്സിലായി. സംശയം തീര്‍ക്കാന്‍ ചോദിച്ചു.

‘അപ്പോള്‍ മലബാറില്‍ സി.പി.ഐക്ക് സീറ്റില്ലെന്നാണോ?
കണ്ണില്‍ കുസൃതിയും ചുണ്ടില്‍ ചിരിയുമായി വീണ്ടും ഒരു വിക്ക്.’ ഹത് നിങ്ങള് പറയണം. ഞാന്‍ പറഞ്ഞില്ല.’
ആലോചിക്കുമ്പോള്‍ ഒരിക്കലും വിക്കാത്ത, അളന്ന് തൂക്കിയുള്ള ആ ഇ.എം.എസ് ഭാഷ്യത്തിന് വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ചങ്ങാത്തത്തിലായ സി.പി.ഐയെ ഒന്ന് താഴ്ത്തിക്കെട്ടണം. അത് പുതിയ സൗഹൃദത്തിന് പോറലേല്‍ക്കാതെ വേണം. അതിന് ഒരു പത്രക്കാരനെ വേണം. അതും ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനെ കൊണ്ട് തന്നെ വേണം സാധിക്കാന്‍. എന്നാലെ വാര്‍ത്ത കേരളത്തിന് പുറത്തെത്തി, ഡല്‍ഹിയില്‍ സി.പി.ഐ തറവാടായ അജയ് ഭവനിലുള്ളവരെ ചൊടിപ്പിക്കൂ. അതാണ് അരവിന്ദാക്ഷന് മാത്രം നല്‍കിയ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത.
തിരുവനന്തപുരത്ത് നിന്ന് ബോംബെ വഴി വിമാനത്തില്‍ ഡല്‍ഹിക്ക് പോയ ഇ.എം.എസ് ഒരിക്കല്‍ ബോംബെയില്‍ കുടുങ്ങി. കനത്ത മൂടല്‍ മഞ്ഞ് കാരണം ഡല്‍ഹിയിലേക്കുള്ള വിമാനങ്ങള്‍ ദദ്ദാക്കിയതായിരുന്നു കാരണം. ഇ.എം.എസ് അസ്വസ്ഥനായി. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സമയമാണ്. കൂടെയുണ്ടായിരുന്ന, ഇ.എം.എസിന് ഏറ്റവും അടുപ്പമുള്ള പത്രപ്രവര്‍ത്തകനായ ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ബോംബെയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ‘ലീല’ യില്‍ പോകാമെന്നും ഒരു ഫോണ്‍ വിളിച്ചാല്‍ തന്റെ സുഹൃത്തായ കൃഷ്ണന്‍ നായര്‍ കാറയ്ക്കുമെന്നും പറഞ്ഞു. ‘അയ്യയ്യോ വേണ്ട! എന്നായിരുന്നു ഇ.എം.എസിന്റെ മറുപടി.’

കോര്‍പ്പറേറ്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. പാര്‍ട്ടി ചാനല്‍ ആരംഭിക്കാന്‍ ആദ്യം നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ അത് നടത്താന്‍ പ്രയാസമാണെന്നും മൂലധനം സ്വരൂപിക്കാന്‍ ഒരുപാട് വീട്ടുവീഴ്ച വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതിനാല്‍ അത് അന്ന് നടന്നില്ല. കോര്‍പ്പറേറ്റ് സംസ്‌ക്കാരത്തിന്റെ അരികിലൂടെ പോകാന്‍ ഒരിക്കലും അദ്ദേഹം തയ്യാറായില്ല.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും കൂടുതല്‍ എഴുതിയ വ്യക്തിയാണ് ഇ.എം.എസ്. ലഘുരേഖകള്‍ തൊട്ട് ചെറുകഥ വരെ അദ്ദേഹം എഴുതി. ഇംഗ്ലീഷില്‍ എഴുതിയ പുസ്തകം 15. മലയാളത്തില്‍ 70 എണ്ണം. നൂറുകണക്കിന് പുസ്തക അവതാരികകള്‍.
1931 ല്‍ ‘ജവഹര്‍ ലാല്‍ നെഹ്‌റു’ ആദ്യ കൃതി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1988. അവസാന കൃതി (1998). ഇ.എം.എസ് എഴുതിയത് എല്ലാം സമാഹരിച്ചാല്‍ അത് 100 വോള്യം കവിയും. ഒരു വോള്യത്തിന് ശരാശരി 400 പേജ് വരും.
കോളമിസ്റ്റായി Frontline വാരികയിലും Peoples Democracy യിലും എഴുതി. ഇതിനൊന്നും ഒറ്റ പൈസ പ്രതിഫലം പറ്റാതെ, അവയെല്ലാം എ.കെ.ജി. പഠന ഗവേഷണത്തിന് നല്‍കി. ഇതൊക്കെ അദ്ദേഹത്തിന്റെ സാധാരണ രീതികളില്‍ പെടുന്നതാണ്. 30 വര്‍ഷം മുന്‍പ് ദേശാഭിമാനിയില്‍ ‘മതമൗലികത രണ്ട് തരം’ എന്ന ലേഖനത്തില്‍ ഗാന്ധിജിയെ മതമൗലിക വാദിയെന്ന് വിശേഷിപ്പിച്ചത് വന്‍ വിവാദമായി. സമാന ആശയം Frontline ലെ കോളത്തിലും എഴുതിയതോടെ ദേശീയ പത്രങ്ങളില്‍ വാര്‍ത്തയായി. ഇ.എം.എസ് ഗാന്ധിജിയെ അപമാനിച്ചു എന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ഒടുവില്‍ വിവാദ ലേഖനം പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് വായിച്ച് വിലയിരുത്തി. ‘ഈ നിലപാട് തെറ്റാണ്’
ചരിത്രത്തിലാദ്യമായി പാര്‍ട്ടി ഇ.എം.എസിന്റെ വാദവും നിലപാട് തള്ളിപ്പറഞ്ഞു. ഇ.എം.എസ് തെറ്റ് അംഗീകരിക്കുകയും സ്വയം വിമര്‍ശനം നടത്തുകയും ചെയ്തു.
കോടതിയലക്ഷ്യത്തിന് ഹൈക്കോടതി ശിക്ഷിച്ച കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് ഇ.എം.എസ്. 1968 ല്‍ ഭൂനിയമങ്ങള്‍ അടിക്കടി റദ്ദാക്കിയ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് കൊണ്ട് ഇ.എം.എസ് ഇറക്കിയ പ്രസ്താവനയാണ് കോടതി അലക്ഷ്യത്തിന് കേസായി ഹൈക്കോടതിയിലെത്തിയത്. ഇന്ത്യയുടെ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ ജുഡീഷ്യറിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനായി മനഃപൂര്‍വം ചെയ്തതയിരുന്നു ആ പ്രസ്താവന. വിമര്‍ശിക്കുന്നു എന്നതുകൊണ്ട് ജുഡീഷ്യറിയുടെ പവിത്രതക്കൊന്നും സംഭവിക്കില്ലെന്ന് ഇ.എം.എസ് വിശ്വസിച്ചു.
കൊച്ചിയില്‍ ഹൈക്കോടതിയില്‍ ഇ.എം.എസിന് വേണ്ടി ഹാജരായത് മറ്റൊരു ചരിത്ര പുരുഷന്‍ – മുന്‍ പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണ മേനോന്‍. കേസ് ഇ.എം.എസ് തോറ്റു. ചീഫ് ജസ്റ്റീസ് പി.ടി.രാമന്‍ നായര്‍, ജസ്റ്റീസ് ടി.എസ്. കൃഷ്ണമൂര്‍ത്തി അയ്യര്‍, ജസ്റ്റിസ് കെ.കെ മാത്യു എന്നിവരായിരുന്നു വിധി പ്രസ്താവിച്ചത്. ജഡ്ജിമാര്‍ ആദ്യത്തെ രണ്ടുപേര്‍ ഇ.എം.എസിനെ ശിക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ കെ.കെ. മാത്യു വിയോജിച്ചു. ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങള്‍ കോടതി ശ്രദ്ധിക്കേണ്ടതാണ് എന്നായിരുന്നു കെ.കെ. മാത്യുവിന്റെ നിലപാട്. എങ്കിലും ഭൂരിപക്ഷ അഭിപ്രായം കണക്കാക്കി കോടതി ആയിരം രൂപ പിഴ ശിക്ഷ വിധിച്ചു.
ഇ.എം.എസ് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി പിഴ ശിക്ഷ കുറയ്ക്കുക മാത്രം ചെയ്തു. 1000 എന്നത് 50 രൂപയാക്കി കുറച്ചു.
ഇ.എം.എസ് അത് അടച്ചു. അതിലെ സുപ്രീം കോടതിയുടെ ഒരു വാചകം രസകരമായിരുന്നു. ‘നമ്പൂതിരിപ്പാടിന് മാര്‍ക്‌സിസം ലെനിനിസത്തെ കുറിച്ച് അറിയാമായിരുന്നെങ്കില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.’
ഈ വിധിക്കെതിരെ വീണ്ടും ഇ.എം.എസ് പ്രസ്താവന എഴുതി പ്രസിദ്ധീകരിച്ചു. പക്ഷേ ഇതില്‍ കോടതി ഇടപെട്ടില്ല.

കോടതികളെ ആരോഗ്യപരമായി വിമര്‍ശിക്കാമെന്ന് സ്ഥാപിച്ച രാഷ്ട്രീയക്കാരനാണ് ഇ.എം.എസ്. സ്റ്റേറ്റിന്റെ എല്ലാ ശാഖകള്‍ക്കും വിമര്‍ശനമാകാമെന്ന ധാരണ അതിനു ശേഷമാണ് നിലവില്‍ വന്നത്.
ഒ.വി. വിജയന്‍ എഴുതി: ‘കേരളത്തിന്റെ ധാര്‍ഷ്ട്യത്തിന് കേരളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.’
ഒരു കാലത്തെ പ്രസംഗ വേദികളില്‍ യുവ നേതാക്കള്‍ ആവേശം മൂത്ത് തട്ടിവിടുന്ന ‘ഒരു സ്ഥിരം ചോദ്യം – ‘ഞാന്‍ ഇ.എം.എസിനോട് ചോദിക്കുകയാണ് ?’
ചോദ്യങ്ങള്‍ക്ക് ശാന്തതയോടെ, ലാഘവത്തോടെയുള്ള, മറുപടി. ‘ആദ്യം പറഞ്ഞതിന്റെ നിഷേധമല്ല ഇത്. ആദ്യം പറഞ്ഞതിലെ തെറ്റു തിരുത്തി പുഷ്ടിപ്പെടുത്തലാണ്’. എത്രയോ വേദികളില്‍ കേട്ട, ഇ.എം.എസിന്റെ വാക്കുകള്‍!
Content Summary: Today observes the 28th death anniversary of E.M.S., the inaugural Chief Minister of Kerala