June 13, 2026 |
Share on

കോൺഗ്രസ് നേതൃത്വം കൈയ്യൊഴിയുന്നു; രാഹുൽ രാജിയിലേയ്ക്ക്

അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാനം രാജിവച്ചേക്കും. സോഷ്യല്‍ മീഡിയയിലൂടെയക്കമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്നും സൂചന.

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.

പാര്‍ട്ടിയിലെ വനിതാ നേതാക്കളും രാഹുലിനെതിരെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനനേതൃത്വത്തോട് ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടെയാണ് രാഹുലിനെതിരെ സംഘടനാതലത്തില്‍ നടപടിയെടുക്കാനുള്ള വഴിതുറന്നത്. അദ്ധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാനുളള തീരുമാനമെടുക്കേണ്ടത് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്.

രാഹുലിനെതിരെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ നടത്താനിരുന്ന വാർത്തസമ്മേളനം മാറ്റിവെച്ചതായാണ് വിവരം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വിവാദങ്ങളിൽ പ്രതികരിച്ചിട്ടില്ല.

തെറ്റുകാരനെങ്കില്‍ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ രാഹുലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ചീത്തപേരുണ്ടാക്കും എന്നാണ് വിലയിരുത്തല്‍. അതേ സമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാംഗമായി തുടരുമെന്നാണ് വിവരം.

അതേസമയം, യുവനേതാവില്‍ നിന്ന് ദുരനുഭവം ഉണ്ടായിയെന്ന് തുറന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ വച്ചാണ് റിനിക്കെതിരെ അധിക്ഷേപ കമന്റുകളും , പോസ്റ്റുകളും പ്രചരിപ്പിക്കുന്നത്.

മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. ‘രാഹുല്‍ മാങ്കൂട്ടം-അനുഭവം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്‌കരന്റെ വെളിപ്പെടുത്തൽ.

ശ്രീലങ്കൻ യാത്രയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ചോദിച്ച് രാഹുൽ തനിക്ക് ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചതായി ഹണി വെളിപ്പെടുത്തി. തന്റെ ഒരു ഫോട്ടോയ്ക്ക് ഹൃദയ ചിഹ്നം അയച്ചാണ് രാഹുൽ സംഭാഷണം ആരംഭിച്ചത്. എന്നാൽ, ചാറ്റ് തുടരാനുള്ള രാഹുലിന്റെ ശ്രമം മനസ്സിലാക്കിയതോടെ താൻ മറുപടി നൽകുന്നത് നിർത്തി.

പിന്നീട് താനുമായി നടത്തിയ ചാറ്റിലെ വിവരങ്ങൾ രാഹുൽ യൂത്ത് കോൺഗ്രസ് സുഹൃത്തുക്കളോട് വളച്ചൊടിച്ച് അവതരിപ്പിച്ചെന്നും, താനാണ് അങ്ങോട്ട് ചെന്ന് സംസാരിച്ചതെന്ന് പ്രചരിപ്പിച്ചെന്നും ഹണി ആരോപിച്ചു. രാഹുൽ ഒരു ‘രാഷ്ട്രീയ മാലിന്യ’മാണെന്ന് തന്നെ ബോധ്യപ്പെടുത്തിയത് അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും അവർ കൂട്ടിച്ചേർത്തു.

content summary: Rahul Mamkootathil might resign from Youth Congress president

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×