സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ‘മാതൃഭൂമി’ക്ക് അനുവദിച്ച അഭിമുഖം വിവാദമായതിന് ശേഷം അടിയന്തരാവസ്ഥയ്ക്ക് ശേഷം വിവിധ പാര്‍ട്ടികള്‍ കൈക്കൊണ്ട രാഷ്ട്രീയ നിലപാടുകള്‍ ചര്‍ച്ചയാവുകയാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയെ തോല്‍പ്പിക്കാനുള്ള സി.പി.ഐ.എം അടക്കമുള്ള പാര്‍ട്ടികളുടെ സഖ്യത്തില്‍ ആര്‍.എസ്.എസ് അടക്കമുള്ളവര്‍ ഉണ്ടായിരുന്നുവെന്ന എം.വി.ഗോവിന്ദന്റെ പരാമര്‍ശമായിരുന്നു വിവാദമായത്. എന്നാല്‍ ജനതാപാര്‍ട്ടിയുമായാണ് തങ്ങള്‍ക്ക് സഖ്യമുണ്ടായിരുന്നത് എന്നും ആര്‍.എസ്.എസ് അക്കാലത്തും പില്‍ക്കാലത്തും സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ എതിരാളികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീട് വിശദീകരിച്ചു. ആ വിശദീകരണത്തിനിടെ പ്രമുഖ മാധ്യമപ്രവര്‍ത്തക നീരജ ചൗധരി എഴുതിയ ‘ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ്’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. രാജീവ് ഗാന്ധി ആര്‍.എസ്.എസ് മേധാവി ബാലാസഹേബ് ദേവറസുമായി ബന്ധം സ്ഥാപിച്ചതിനെ കുറിച്ചും ആ പുസ്തകം ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് ഇന്ദിരാഗാന്ധിക്ക് വലിയ തിരിച്ചടിയിരുന്നുവെന്നും അതേ തുടര്‍ന്ന് രാഷ്ട്രീയമവസാനിപ്പിക്കാന്‍ അവര്‍ ആലോചിച്ചിരുന്നതായും നീരജ ചൗധരി പുസ്തകത്തില്‍ പറയുന്നു. ഇക്കാര്യം പിന്നീട് ഇന്ദിരയുടെ രാജിക്ക് ശേഷം പ്രധാനമന്ത്രിയായി മൊറാര്‍ജി ദേശായിയോടും അവര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ താമസിച്ച് ശേഷിക്കുന്ന കാലം സ്വന്തം ജീവിതത്തെ കുറിച്ച് പുസ്തകമെഴുതുക എന്നതായിരുന്നു ഇന്ദിരയുടെ പദ്ധതി. അടിയന്തരാവസ്ഥയിലെ പല ക്രൂരതകളുടേയും കാരണക്കാരനായി എതിരാളികള്‍ കണ്ടിരുന്ന മകന്‍ സഞ്ജയ് ഗാന്ധിയുടെ സുരക്ഷ മാത്രമായിരുന്നു അവര്‍ക്ക് പ്രധാനം. ഇക്കാര്യത്തില്‍ മൊറാര്‍ജി ദേശായിയുടെ ഉറപ്പ് വാങ്ങാനും ഇന്ദിര ഗാന്ധി മറന്നില്ല. രാജീവ് ഗാന്ധി സോണിയ ഗാന്ധിക്കും മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഇറ്റലിക്ക് പോയേക്കുമെന്ന് അന്ന് ഇന്ദിര ഗാന്ധിയുടെ അടുപ്പക്കാര്‍ വരെ വിശ്വസിച്ചിരുന്നു. ‘സഞ്ജയിനെ അവര്‍ ഉപദ്രവിക്കും, ജയിലിടും’ എന്നായിരുന്നു പരിചയക്കാരോട് ഇന്ദിരാഗാന്ധി ആവര്‍ത്തിച്ചിരുന്നത് എന്നും നീരജ ചൗധരി ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ മൊറാര്‍ജി സര്‍ക്കാര്‍ ഇന്ദിരയ്ക്കും സഞജയ് ഗാന്ധിക്കുമെതിരെ അടിയന്തിരാവസ്ഥക്കാലത്തെ ക്രൂരതകളെ കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചതോടെയാണ് ഇന്ദിരഗാന്ധി നിലപാടുകള്‍ മാറ്റിയത്. പിതാവ് ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്ന് പകര്‍ന്ന് കിട്ടിയ സോഷ്യലിസ്റ്റ് ആഭിമുഖ്യം അറുപതുകളുടെ അവസാനമായപ്പോഴേയ്ക്കും ഇന്ദിര ഗാന്ധിക്ക് നഷ്ടപ്പെട്ടിരുന്നു. 1971-ല്‍ ഹിന്ദുമതവും ദേശീയതയുമാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നൊരു അഭിമുഖത്തില്‍ ഇന്ദിര ഗാന്ധി പറഞ്ഞു. അപ്പോഴേയ്ക്കും പല ആള്‍ദൈവങ്ങളുടേയും ഉപദേശങ്ങള്‍ക്കും ഇന്ദിര ഗാന്ധി വശംവദയായി. പ്രിയപ്പെട്ട മകന്‍ സഞ്ജയ് ഗാന്ധിയാകട്ടെ കടുത്ത സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു.
ഇതോടെയാണ് തന്റെ രാഷ്ട്രീയത്തെ ഹിന്ദുവത്കരിക്കാന്‍ ഇന്ദിര ഗാന്ധി തീരുമാനിച്ചത് എന്ന് നീരജ ചൗധരി ചൂണ്ടിക്കാണിക്കുന്നു. 1977-ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യാതിരുന്നതും കാരണമായി. സഞ്ജയ് ഗാന്ധിയുടെ ബലപ്രയോഗത്തിലുള്ള വന്ധ്യംകരിക്കല്‍ യജ്ഞം പാവപ്പെട്ട മനുഷ്യരെ ഭയപ്പെടുത്തുകയും അകല്‍ച്ചയിലാക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ചും മുസ്ലീം സമുദായത്തെ. അതേസമയം ആര്‍.എസ്.എസ് ആകട്ടെ അടിയന്തരാവസ്ഥകാലത്ത് തന്നെ ഇന്ദിര ഗാന്ധിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. ആര്‍.എസ്.എസ്.മേധാവി ബാലാസഹേബ് ദേവ്ദര്‍സ് പല തവണ ഇന്ദിരയ്ക്ക് കത്തുകള്‍ അയച്ചിരുന്നു. ചില ആര്‍.എസ്.എസ് നേതാക്കള്‍ സഞ്ജയ് ഗാന്ധിയുമായും ബന്ധപ്പെട്ടു.
ആര്‍.എസ്.എസ് അതിന് മുമ്പും ഇന്ദിര ഗാന്ധിയെ പിന്തുണച്ചിട്ടുണ്ട്. ബംഗ്ലാദേശ് യുദ്ധവിജയത്ത് ശേഷം അക്കാലത്ത് ആര്‍.എസ്.എസ് മേധാവിയായിരുന്നു എം.എസ് ഗോള്‍വാള്‍ക്കര്‍ തന്നെ ഇന്ദിര ഗാന്ധിയെ പ്രകീര്‍ത്തിച്ചു. 1974-ല്‍ ആണവോര്‍ജ്ജ പരീക്ഷണവും ആര്‍.എസ്.എസിന് ഇന്ദിര ഗന്ധിയോട് അടുപ്പമുണ്ടാക്കിയ കാര്യമാണ്. 1980-ല്‍ ഇന്ദിര ഗാന്ധി ഭരണത്തില്‍ തിരിച്ച് വന്നത് ആര്‍.എസ്.എസ് പിന്തുണയോടെയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ ബാലിയെ ഉദ്ധരിച്ച് കൊണ്ട് നീരജ എഴുതുന്നു. അവരുടെ പിന്തുണ ഇല്ലെങ്കില്‍ 353 സീറ്റുകള്‍ നേടാന്‍ കഴിയില്ലായിരുന്നു. ഇന്ദിരയുടേയും രാജീവ് ഗാന്ധിയുടേയും വിശ്വസ്തനായിരുന്നു അനില്‍ ബാലി. സഞ്ജയ് ഗാന്ധിയുടെ മരണശേഷം തന്റെ പിന്‍ഗാമിയായി രാജീവ് ഗാന്ധിയെ ജ്ഞാനസ്നാനം ചെയ്യിക്കുമ്പോള്‍ തന്നെ ഹിന്ദു സംഘടനകളുടെ പിന്തുണ ഇന്ദിര ഗാന്ധി ഉറപ്പാക്കിയിരുന്നുവെന്നും പൂസ്തകം വിശദീകരിക്കുന്നു.
അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരയോട് പിണങ്ങി കോണ്‍ഗ്രസ് വിട്ട കരണ്‍ സിങ്ങിനെ കോണ്‍ഗ്രസിന്റെ ഹിന്ദു മുഖമായി ഉപയോഗിക്കാനായിരുന്നു ആര്‍.എസ്.എസിന്റെ താത്പര്യം. കശ്മീര്‍ രാജകുടുംബാംഗവും വൈഷണോദേവി ട്രസ്റ്റിന്റെ തലവനുമായിരുന്ന കരണ്‍ സിങ്ങുമായി അതുകൊണ്ട് ഇന്ദിര ഗാന്ധി ഒത്തു തീര്‍പ്പിലെത്തി. 1981-ല്‍ ഇന്ദിര ഗാന്ധിയുടേയും വിശ്വഹിന്ദുപരിഷദിന്റെയും സംയുക്ത താത്പര്യത്തില്‍ കരണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ വിരാട് ഹിന്ദു സമാജ് നിലവില്‍ വന്നു. ഹിന്ദു ഐക്യമെന്ന പേരില്‍ കരണ്‍ സിങ്ങ് സമ്മേളനങ്ങള്‍ നടത്തിയതിന് ഇന്ദിര ഗാന്ധിയുടെ പിന്തുണ ഇല്ല എന്നൊക്കെ പറഞ്ഞിരുന്നുവെങ്കിലും തന്ത്രപരമായ പിന്തുണ ഉണ്ടായിരുന്നുവെന്ന് പുസ്തകം അടിവരയിടുന്നു. 1983-ല്‍ വിശ്വഹിന്ദു പരിഷദ് നടത്തിയ ഏകാത്മതാ യാത്രയ്ക്കും ഇന്ദിര ഗാന്ധിയുടെ പിന്തുണ ഉണ്ടായിരുന്നു. അതിനെല്ലാം ഉപരി 1984 ഏപ്രില്‍ 7,8 തീയതികളില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും പ്രധാന സമ്മേളന സ്ഥലമായ വിജ്ഞാന്‍ ഭവനില്‍ വി.എച്ച്.പിയുടെ മതസമ്മേളനം നടത്താന്‍ ഇന്ദിരാഗാന്ധി അനുമതി നല്‍കി. ഈ യോഗത്തിലാണ് വിശ്വഹിന്ദു പരിഷദ് അയോധ്യയിലെ രാമജന്മഭൂമി, വാരണാസിയിലെ (ഗ്യാന്‍വാപി) കാശി വിശ്വനാഥ ക്ഷേത്രം, മഥുരയിലെ കൃഷ്ണ ജന്മസ്ഥാന്‍ എന്നിങ്ങനെയുള്ള മൂന്ന് അവകാശവാദങ്ങള്‍ക്കായുള്ള പ്രക്ഷോഭം പ്രഖ്യാപിക്കുന്നത്.
ഇന്ദിര ഗാന്ധി ഹിന്ദുപക്ഷ നേതാവ് എന്ന നില കൈവരിച്ചത് അങ്ങനെയാണ്. ഈ ബന്ധങ്ങളൊക്കെ ഉള്ള കാലത്തും ഇന്ദിര ഗാന്ധിയെ സഞ്ജയ് ഗാന്ധിയോ നേരിട്ട് ആര്‍.എസ്.എസ് നേതാക്കളെ കണ്ടിട്ടില്ല. എന്നാല്‍ 1982 മുതല്‍ രാജീവ് ഗാന്ധിയെ ആര്‍.എസ്.എസ് നേതൃത്വവുമായി ബന്ധപ്പെട്ടാന്‍ ഇന്ദിര ഗാന്ധി നിയോഗിച്ചു. ആര്‍.എസ്.എസ് മേധാവി ബാലസഹേബ് ദേവ്റസിന്റെ സഹോദരന്‍ ഭാവുറാവുദേവ്റസായിരുന്നു രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ടിരുന്നത്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന കാലത്ത് 1982-നും ’84-നും ഇടയില്‍ മൂന്ന് തവണ ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടന്നിട്ടുണ്ട്. ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനായിരുന്ന കപില്‍ മോഹന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. നാലാമത്തെ കൂടിക്കാഴ്ച നടന്നത് രാജീവ് ഗാന്ധിയുടെ വസതിയായ 10, ജനപഥില്‍ വച്ച് തന്നെയായിരുന്നു. ‘ഹൈന്ദവത രാജീവിന്റെ ഭരണത്തില്‍ കീഴില്‍ സുരക്ഷിതമായിരിക്കും’ എന്ന് ഭാവുറാവു കൂടെ കൂടെ പറയുമായിരുന്നുവെന്ന് അനില്‍ ബാലിയെ നീരജ ഉദ്ധരിക്കുന്നു. രാജീവ് ഗാന്ധി ഭാവുറാവുവിന്റെ കാല്‍ തൊട്ട് വണങ്ങുമായിരുന്നുവെന്ന് കോണ്‍ഗ്രസ് എം.പിയായ ബന്‍വാരിലാല്‍ പുരോഹിത് പറഞ്ഞതും പുസ്തകത്തിലുണ്ട്.
ഇന്ദിര ഗാന്ധിയുടെ കൊലപാതകശേഷം നടന്ന 1984-ലെ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിന്റെ പിന്തുണ രാജീവ് ഗാന്ധിക്കും കോണ്‍ഗ്രസിനും ഉണ്ടായിരുന്നു. ആര്‍.എസ്.എസ് നേതാവായ നാനാജി ദേശ്മുഖ് പരസ്യമായി തന്നെയാണ് കൈ ചിഹ്നത്തില്‍ വോട്ട് ചെയ്യണം ജാതിയുടെ അടിസ്ഥാനത്തില്‍ ആകരുത് എന്ന് പറഞ്ഞത്. ഭാവുറാവുവുമായുള്ള കൂടിക്കാഴ്ചകള്‍ പ്രധാനമന്ത്രിയായ ശേഷം രാജീവ് ഗാന്ധി ഒഴിവാക്കി. എന്നാല്‍ രാജീവ് ഗാന്ധിയോട് ഇക്കാലത്ത് ആര്‍.എസ്.എസ് രാമായണം പരമ്പരം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള തടസം നീക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അക്കാലത്തെ വാര്‍ത്താ പ്രക്ഷേപണ മന്ത്രിയായിരുന്ന എച്ച്.കെ.എല്‍ ഭഗത്ത് ഇത് ബി.ജെ.പി-വി.എച്ച്.പി-ആര്‍.എസ്.എസ് സംഘം രാമജന്മഭൂമി കലാപത്തിന് ഉപയോഗിക്കും എന്ന് മുന്നറിയിപ്പ് നല്‍കി. ഇതറിഞ്ഞ ഭാവുറാവു വീണ്ടും രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട് ‘രാമായണം ഇന്ത്യയിലല്ലാതെ ന്യൂയോര്‍ക്കിലാണോ സംപ്രേക്ഷണം ചെയ്യേണ്ടത്’ എന്ന് ചോദിക്കുകയും രാജീവ് ഗാന്ധി അനുവദിക്കുകയും ചെയ്തു. ബാബ്രിപള്ളി പൊളിക്കുന്നതിനുള്ള രാമജന്മഭൂമി കലാപത്തിന് വലിയ ഇന്ധനമായി അത് മാറി. 1986-ല്‍ ബാബ്രി പള്ളിയുടെ ഒരു ഭാഗം ഹൈന്ദവ ആരാധനക്കായി തുറന്ന് നല്‍കാനുള്ള രാജീവ് ഗാന്ധിയുടെ തീരുമാനത്തേയും സ്വാധീനിച്ചത് ഭാവുറാവു ആണെന്ന് പുസ്തകം പറയുന്നു. ‘ആ പൂട്ടുകള്‍ തുറന്ന് നല്‍കി ഹിന്ദുക്കളുടെ നേതാവാകൂ’- ഭാവുറാവു രാജീവിനോട് ആവശ്യപ്പെട്ടു. പള്ളിയുടെ പൂട്ട് തുറന്ന് ഹിന്ദുക്കള്‍ക്ക് ആരാധന അനുവദിച്ചശേഷവും ഭാവുറാവു, രാജീവ് ഗാന്ധിക്ക് കത്തയച്ചായി അനില്‍ ബാലി പറയുന്നു. ”ചരിത്രപരമായ ഒരു നടപടിയാണ് അങ്ങ് കൈക്കൊണ്ടത്. ഹിന്ദു ഹൃദയസാമ്രാട്ടായി അങ്ങ് ഭരണം തുടരുക’ എന്നായിരുന്നുവത്രേ ആ കത്തിന്റെ ഉള്ളടക്കം.
ഇന്ദിര ഗാന്ധി മുതല്‍ മന്‍മോഹന്‍സിങ്ങ് വരെയുള്ള പ്രധാനമന്ത്രിമാരുടെ ഭരണകാലത്തേയും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളേയും അണിയറ രഹസ്യങ്ങളേയും വിശദീകരിക്കുന്ന പുസ്തകമാണ് നീരജ ചൗധരിയുടെ ‘ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ്’. ‘How Prime Ministers Decide’. Neerja Chowdhary’s books describes the RSS connection continued by Indira Gandhi and Rajiv Gandhi
Content Summary; How Prime Ministers Decide’. Neerja Chowdhary’s books describes the RSS connection continued by Indira Gandhi and Rajiv Gandhi
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.