ഭരണതുടര്‍ച്ചയുടെ ആവേശം നിലനില്‍ക്കുമ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന അധികാരത്തര്‍ക്കം വരും നാളുകളില്‍ പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് സൂചന. വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടെങ്കിലും പോരാട്ടം പ്രധാനമായും വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മിലാണ്. ഹൈക്കമാന്‍ഡ് ആരുടെ പേര് പ്രഖ്യാപിച്ചാലും കേരളത്തിലെ കോണ്‍ഗ്രസ് ഭരണത്തിന്റെ വരുംവര്‍ഷങ്ങള്‍ അതിരൂക്ഷമായ വിഭാഗീയതയുടെയും ആഭ്യന്തര കലഹങ്ങളുടെയും വേദിയാകാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
സംഘടനാ തലത്തിലും എം.എല്‍.എമാര്‍ക്കിടയിലുമുള്ള ശക്തമായ സ്വാധീനമാണ് കെ.സി. വേണുഗോപാലിന്റെ പ്രധാന കരുത്ത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനായ കെ.സിക്ക് ഡല്‍ഹിയില്‍ നിന്നുള്ള പിന്തുണ ഉറപ്പാണ്. പാര്‍ട്ടി സംവിധാനത്തെയും ജനപ്രതിനിധികളെയും തന്റെ പക്ഷത്ത് നിര്‍ത്താന്‍ കെ.സിക്ക് സാധിക്കുമ്പോഴും, മറുവശത്ത് വി.ഡി. സതീശന്‍ പോരാടുന്നത് സ്വന്തം ജനപ്രീതിയും പ്രതിച്ഛായയും ഉയര്‍ത്തിക്കാട്ടിയാണ്. കേരളത്തില്‍ ഓരോ ദിവസവും നടക്കുന്ന പ്രതിഷേധങ്ങളും വികാരപ്രകടനങ്ങളും തനിക്കൊപ്പമാണെന്നും സാധാരണക്കാരായ ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും സതീശന്‍ ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തുന്നു. കൂടാതെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണയും വലതുപക്ഷത്തെ അനുകൂലിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ സഹകരണവും സതീശന് വലിയ മേല്‍ക്കൈ നല്‍കുന്നുണ്ട്.
എന്നാല്‍, ഈ അധികാര വടംവലിക്ക് ഹൈക്കമാന്‍ഡ് ഒരു പരിഹാരം കണ്ടെത്തിയാലും അത് താല്‍ക്കാലികം മാത്രമായിരിക്കുമെന്ന ആശങ്ക ശക്തമാണ്. കെ.സി. വേണുഗോപാലിനെയാണ് മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നതെങ്കില്‍, സതീശന്‍ വിഭാഗം അദ്ദേഹത്തെ സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കുമോ എന്നത് വലിയ ചോദ്യചിഹ്നമാണ്. വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് ഇടപെട്ട് സമാധാനിപ്പിച്ചേക്കാമെങ്കിലും താഴെത്തട്ടിലുള്ള അദ്ദേഹത്തിന്റെ അനുയായികള്‍ കെ.സിക്കെതിരെ നിരന്തരമായ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്.
നേരേമറിച്ച് സതീശനാണ് മുഖ്യമന്ത്രിയാകുന്നതെങ്കില്‍ സ്ഥിതി ഇതിലും സങ്കീര്‍ണ്ണമാകാനാണ് സാധ്യത. ഭരണകക്ഷി എം.എല്‍.എമാരിലും പാര്‍ട്ടി നേതൃത്വത്തിലും ഭൂരിഭാഗവും കെ.സിയുടെ വിശ്വസ്തരായതിനാല്‍ ഭരണത്തിന്റെ ഓരോ ഘട്ടത്തിലും സതീശന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ താല്പര്യപ്രകാരമാണ് സതീശന്‍ മുഖ്യമന്ത്രിയായതെന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കെ.സി വിഭാഗം സതീശനെ പ്രതിരോധത്തിലാക്കിയേക്കാം. കൂടാതെ, മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയെ തഴഞ്ഞതിലുള്ള അമര്‍ഷം ഐ ഗ്രൂപ്പിനുള്ളില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാധ്യമങ്ങള്‍ നടത്തിയ രീതിയിലുള്ള കടുത്ത ആക്രമണം സതീശനെതിരെ ഉണ്ടാകാന്‍ സാധ്യതയില്ലെങ്കിലും, പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ഭരണത്തെ തളര്‍ത്തും. മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ ഒരു വശത്തും പാര്‍ട്ടി സംവിധാനത്തെ നിയന്ത്രിക്കുന്ന എതിര്‍വിഭാഗം മറുവശത്തുമായി നില്‍ക്കുമ്പോള്‍ അഞ്ച് വര്‍ഷത്തെ ഭരണം സ്വസ്ഥമായിരിക്കില്ലെന്ന് ഉറപ്പാണ്. ചുരുക്കത്തില്‍, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും ഐക്യത്തോടെയുള്ള ഒരു ഭരണത്തിന് പകരം ഗ്രൂപ്പ് വൈരത്തിന്റെയും പരസ്പരമുള്ള കാലുവാരലുകളുടെയും കാലമായിരിക്കും കേരളം കാണാന്‍ പോകുന്നത്.
Content Summary: Internal power struggle between V.D. Satheesan and K.C. Venugopal for CM post. Spark a new wave of factionalism within the Congress.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.