ഡൽഹി അതീവ ഗുരുതരമായ വായുമലിനീകരണത്തിലൂടെ കടന്നുപോകുന്നതായി റിപ്പോർട്ടുകൾ. ഡിസംബർ പകുതിയോടെ ഡൽഹിയിലെ വായുഗുണനിലവാര സൂചിക അതിഭീകരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ഡൽഹിയും പരിസരപ്രദേശങ്ങളും വിഷാംശം നിറഞ്ഞ മൂടൽ മഞ്ഞാൽ മൂടപ്പെട്ടിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ഡിസംബർ 13, 14,15 തീയതികളിലെ ഡൽഹിയിലെ വായുഗുണനിലവാര സൂചികയിൽ അതിശക്തമായ രീതിയിൽ വായുമലിനീകരണമുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷത്തെ ശൈത്യകാലത്തെ ഏറ്റവും മോശമായ വായുനിലവാരമാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.
വായു മലിനീകരണം കുട്ടികളെ ബാധിക്കുന്നത് എങ്ങനെ?
മുതിർന്നവരേക്കാൾ വേഗത്തിൽ ശ്വസിക്കുന്നവരാണ് കുട്ടികൾ എന്നതിനാൽ, വായുവിലെ വിഷാംശങ്ങൾ അവരുടെ ശരീരത്തിൽ എളുപ്പത്തിൽ എത്തുന്നു. ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സൂക്ഷ്മമായ കണികകളായ PM 2.5, നൈട്രജൻ ഡയോക്സൈഡ് , ഓസോൺ തുടങ്ങിയവ കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാണ്. പല ആരോഗ്യപ്രശ്നങ്ങളിലേക്കും ഇത് നയിക്കുകയും ചെയ്യുന്നു. വായുനിലവാര സൂചിക (AQI) 300ന് മുകളിൽ എത്തുമ്പോൾ, വായുവിലെ സൂക്ഷ്മകണങ്ങൾ കുട്ടികളുടെ ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് എത്തുന്നു.
കുട്ടികളുടെ ശ്വാസകോശം പൂർണ്ണമായി വികസിച്ചിട്ടില്ലാത്തതിനാൽ, മലിനീകരണം അതിന്റെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തുന്നുവെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്നുണ്ടാകുന്ന അസ്വസ്ഥതകൾക്ക് പുറമെ നീർക്കെട്ടിനും ശ്വാസകോശത്തിലെ ഘടനാപരമായ മാറ്റങ്ങൾക്കും ഇത് കാരണമാകാം. മുതിർന്നവരുടെ ശ്വാസകോശത്തിനുള്ള അത്രയും പ്രതിരോധശേഷി കുട്ടികൾക്കില്ലാത്തത് പ്രശ്നം ഗുരുതരമാക്കുന്നു.
ശ്വസനനാളികളിൽ നീർക്കെട്ടുണ്ടാകുന്നത് അമിതമായി കഫം ഉൽപ്പാദിപ്പിക്കപ്പെടാൻ കാരണമാകുന്നു. ഇത് നിർത്താതെയുള്ള ചുമ, ശ്വാസംമുട്ടൽ എന്നിവയിലേക്ക് നയിക്കുന്നു. തുടർന്ന് രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും, ഇൻഹേലറുകളുടെയോ മറ്റ് വൈദ്യസഹായത്തിന്റെയോ ആവശ്യം വരികയും ചെയ്യുന്നു. ഒരു ദിവസം വായുമലിനീകരണം കൂടിയാൽ പോലും കുട്ടികളിൽ ബ്രോങ്കൈറ്റിസ്, ന്യൂമോണിയ എന്നിവ വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എട്ടു വയസ്സുവരെയാണ് കുട്ടികളിൽ ശ്വാസകോശത്തിലെ വായു അറകൾ വർദ്ധിക്കുന്നത്. 20 വയസ്സുവരെ ശ്വാസകോശത്തിന്റെ പ്രവർത്തനം വികസിച്ചുകൊണ്ടിരിക്കും. മലിനമായ വായു ശ്വസിക്കുന്നത് ശ്വാസകോശ കലകളിൽ തഴമ്പുകൾ ഉണ്ടാക്കാൻ കാരണമാകുന്നു. മലിനീകരണമുള്ള നഗരങ്ങളിൽ വളരുന്ന കുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോഴേക്കും ശ്വാസകോശത്തിന്റെ ശേഷിയിൽ 10-20% കുറവ് രേഖപ്പെടുത്തുന്നതായി പഠനങ്ങൾ പറയുന്നു. ഇത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ശ്വാസംമുട്ടലിന് കാരണമായേക്കാമെന്നും പഠനങ്ങളിൽ പറയുന്നു.
വായുമലിനീകരണം അണുബാധയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. വായുവിലെ വിഷാംശങ്ങൾ ശ്വാസകോശത്തിന്റെ സ്വാഭാവിക പ്രതിരോധ പാളികളെ നശിപ്പിക്കുന്നു. ശ്വസനനാളികളിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്ന സീലിയറി ചലനങ്ങളെ PM2.5 തടസ്സപ്പെടുത്തുന്നു. ഇത് വൈറസുകൾക്കും ബാക്ടീരിയകൾക്കും ശ്വാസകോശത്തിൽ എളുപ്പത്തിൽ പിടിമുറുക്കാൻ അവസരമൊരുക്കുന്നു. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഇത് കടുത്ത ന്യൂമോണിയയ്ക്ക് കാരണമാകുന്നു.ഗർഭാവസ്ഥയിൽ തന്നെ അമ്മ ശ്വസിക്കുന്ന വിഷവായു പ്ലാസെന്റ വഴി ശിശുക്കളിലേക്ക് എത്തുകയും അവരുടെ ശ്വാസകോശ വികാസത്തെ ബാധിക്കുകയും ചെയ്യുന്നു.
Content Summary: Delhi chokes on toxic air; Children face severe health problems